മധുരം കിനിയുന്ന ഇലയട

Posted By:
Subscribe to Boldsky

അട നമ്മളെല്ലാവരും ധാരാളം കഴിച്ചിട്ടുണ്ടാവാം. കാരണം പല വിധത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഇലയട എന്നത് തന്നെ കാര്യം. അമ്മമാരാകട്ടെ അടുക്കളയില്‍ കയറി എന്തെങ്കിലും പരീക്ഷണം നടത്തിയാല്‍ ഉടന്‍ തന്നെ അച്ഛനും മക്കളും ഒരുമിച്ച് ചേര്‍ന്ന് അതിനെ കളിയാക്കാനായി മുന്നില്‍ വരും. എന്നാല്‍ കാലങ്ങളായി നമ്മുടെ തറവാട്ടില്‍ കാരണവരായി വിലസുന്ന പലഹാരമെന്ന നിലയ്ക്ക് അടയെ കളിയാക്കാന്‍ ആരും മിനക്കെടില്ല എന്നതാണ് സത്യം. ചക്ക വരട്ടിയും അവല്‍ വിളയിച്ചും എല്ലാം അട തയ്യാറാക്കാം.

ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലാണ് പണ്ട് അട നമ്മുടെ അടുക്കളയില്‍ പ്രത്യേക സ്ഥാനം പിടിയ്ക്കുന്നത്. അന്നെല്ലാം മറ്റു പലഹാരങ്ങളെ നോക്കി അട കുറച്ച് ഗമ കാണിയ്ക്കും. കാരണം അത്രയ്ക്കും പ്രാധാന്യത്തോടെയാണ് അട നമ്മള്‍ തയ്യാറാക്കുന്നത്. എന്നാല്‍ ഇന്ന് അല്‍പം വ്യത്യസ്തമായ അടയാണ് നമ്മള്‍ തയ്യാറാക്കുന്നത്. പുതിയ പരീക്ഷണം എന്ന് പറഞ്ഞ് അമ്പും വില്ലും എടുക്കാന്‍ വരട്ടെ, അടയാണ് അടിയല്ല...

recipe of ilayada

image courtesy

ആവശ്യമുള്ള സാധനങ്ങള്‍

ശര്‍ക്കര- അരക്കിലോ

തേങ്ങ ചിരകിയത്- 3 എണ്ണം

നേന്ത്രപ്പഴം- 4 എണ്ണം

ഏലയ്ക്കപ്പൊടി- 2 സ്പൂണ്‍

ചുക്കു പൊടി- ഒരു ടീസ്പൂണ്‍

അരിപ്പൊടി- അരക്കിലോ

നെയ്യ്- 2 സ്പൂണ്‍

വാഴയില- അട പൊതിയാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

ശര്‍ക്കര വെള്ളമൊഴിച്ച് ഉരുക്കിയെടുക്കുക. ഉരുക്കിയ ശര്‍ക്കര ഇഷ്ടമില്ലാത്തവര്‍ക്ക് ഇത് ചെറുതായി ചുരണ്ടിയെടുക്കാവുന്നതാണ്. ഇതിലേക്ക് തേങ്ങ ചിരകിയതും നേന്ത്രപ്പഴവും ചേര്‍ത്ത് മിക്‌സ് ചെയ്യുക. അല്‍പസമയത്തിനു ശേഷം ഇതിലേക്ക് ഏലക്ക്ാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്തിളക്കി വെയ്ക്കുക.

ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാം. വാഴയില ചെറുതായി കഷ്ണങ്ങളായി കീറിയെടുത്ത് വാട്ടിയെടുക്കുക. അരിപ്പൊടിയും നെയ്യും വെള്ളവും ഇഡ്ഡലിമാവിന്റെ പരുവത്തില്‍ കലക്കിയത് ഇലയില്‍ ഒഴിക്കുക.ഇലയില്‍ വെച്ചു തന്നെ ഇത് പരത്തിയെടുക്കുക. അതിലേക്ക് നമ്മള്‍ ആദ്യം ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന കൂട്ട് മുകളിലായി വിതറുക. പിന്നീട് ഇല പകുതിയ്ക്ക് വെച്ച് മടക്കി തുറന്ന് വെച്ചിരിയ്ക്കുന്ന ഭാഗവും ഇലയുടെ രണ്ടറ്റവും മടക്കുക.

തീര്‍ന്നില്ല പണി, ദീര്‍ഘനിശ്വാസത്തിന് സമയമായില്ല. എല്ലാ ഇലകളിലും ഇതുപോലെ അടപരത്തി മടക്കിയതിനു ശേഷം ഇഡ്ഡലി ചെമ്പിലോ കുക്കറിലോ വെച്ച് ആവിയില്‍ വേവിച്ചെടുക്കാം. തിക്കിത്തിരക്കി വെയ്ക്കാതെ അല്‍പം ഇടവിട്ട് വേണം വെയ്ക്കാന്‍. കുറച്ച് സമയം കഴിഞ്ഞ് നോക്കൂ നല്ല സ്വാദിഷ്ഠമായ ആവി പറക്കുന്ന ഇല അട തയ്യാര്‍.

English summary

recipe of ilayada

Take a look how to prepare Ilayada. Read to know how to make it.
Story first published: Tuesday, July 12, 2016, 16:54 [IST]