For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴ....കള്ളുഷാപ്പ് സ്റ്റൈല്‍ കപ്പ, മീന്‍കറി

|

കള്ള് എല്ലാവര്‍ക്കു പിടിയ്ക്കില്ലെങ്കിലും കള്ളുഷാപ്പിലെ വിഭവങ്ങള്‍ സ്വാദേറിയവയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കാരണം തനി നാടനായിരിയ്ക്കും, കള്ളുഷാപ്പ് വിഭവങ്ങള്‍.

കപ്പ, മീന്‍കറി മലയാളികളുടെ ദൗര്‍ബല്യമാണെന്നു പറയാം,. മലയാളികള്‍ക്കു മാത്രമല്ല, രുചിച്ചാല്‍ പുറംനാട്ടുകാര്‍ക്കും.

പുറത്തു മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ കപ്പ ആവി പറക്കുന്ന മീന്‍ചാറില്‍ മുക്കിക്കഴിയ്ക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്. അതും കുടംപുളി ചേര്‍ത്തുണ്ടാക്കിയ മീന്‍കറി.

Tapioca Fish Curry

ഷാപ്പ് സ്റ്റൈല്‍ കപ്പ, മീന്‍കറി എങ്ങിനെ തയ്യാറാക്കാമെന്നു നോക്കൂ,

മീന്‍കറിയ്ക്ക് അല്‍പം മാംസളമായ നെയ്മീന്‍ പോലെയുള്ളവയാണ് നല്ലത്.

മീന്‍ കറി തയ്യാറാക്കുന്ന വിധം

മീന്‍-അരക്കിലോ
കുടംപുളി-5
ചെറിയുള്ളി-200 ഗ്രാം
ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഉണക്കമുളക്-5
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
കറിവേപ്പില
കടുക്
വെളിച്ചെണ്ണ

fish curry

മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി അല്‍പസമയം വയ്ക്കുക.

കുടംപുളിയും ഉണക്കമുളകും ചൂടുവെള്ളത്തിലിട്ടു വയ്ക്കുക.

ഉണക്കമുളകും അല്‍പം മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.

ചെറിയുള്ളി നല്ലപോലെ ഇടത്തരമായി ചതച്ചെടുക്കണം.

മണ്‍ചട്ടി ചൂടാകുമ്പോള്‍ പാകത്തിനു വെളിച്ചെണ്ണയൊഴിയ്ക്കുക. ഇതിലേയ്ക്കു കറിവേപ്പിലയിട്ടു വഴറ്റുക. പിന്നീട് ഇഞ്ചി-വെളുത്തുള്ളി എന്നിവയും ചേര്‍ത്തു വഴറ്റണം. ഇതിലേയ്ക്ക ചെറിയുള്ളി ചതച്ചതു ചേര്‍ത്തു മൂപ്പിയ്ക്കുക.

ഇതിലേയ്ക്ക് അരച്ചുവച്ച മസാല ചേര്‍ത്തു നല്ലപോലെ ഇളക്കുക. കുടംപുളി വെള്ളത്തോടെ ചേര്‍ത്തിളക്കുക. ഇത് അല്‍പം തിളച്ചു വരുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം.

ചെറിയ ചൂടില്‍ വെന്തു കറിയല്‍പം കുറുകുന്നതു വരെ വച്ചു വാങ്ങുക.

വെളിച്ചെണ്ണയില്‍ കറിവേപ്പില, കടുക് എന്നിവ താളിച്ചു ചേര്‍ക്കാം.

കപ്പ തയ്യാറാക്കൂ

കപ്പ-1 കിലോ
തേങ്ങ ചിരകിയത്-അരക്കപ്പ്
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
ചെറിയുള്ളി-10
പച്ചമുളക്-4
ചുവന്ന മുളക്-4
കറിവേപ്പില
വെളിച്ചെണ്ണ
കടുക്

Kappa

കപ്പ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നല്ലപോലെ വേവിയ്ക്കുക.

തേങ്ങ, പച്ചമുളക്, ചെറിയുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ ഒരുമിച്ച് അരച്ചെടുക്കുക.

വെന്ത കപ്പയിലേയ്ക്ക് ഈ കൂട്ടു ചേര്‍ത്തിളക്കി ഒരുവിധം ഉടയ്ക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ താളിച്ച് ഇതിലേയ്ക്കു കപ്പ ചേര്‍ത്തിളക്കുക.

English summary

Toddy Shop Style Tapioca Fish Curry Recipe

Try This Toddy Shop Style Tapioca Fish Curry Recipe.
Story first published: Tuesday, June 21, 2016, 12:00 [IST]
X
Desktop Bottom Promotion