For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ സ്‌പെഷ്യല്‍ മലബാര്‍ ഫിഷ് ബിരിയാണി

ഈ റംസാന്‍ ഉഷാറാക്കാന്‍ മലബാര്‍ സ്റ്റൈയിലില്‍ നല്ല നാടന്‍ ഫിഷ് ബിരിയാണി ആയാലോ

|

നോമ്പിന്റെ പുണ്യം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഒരു പുണ്യമാസം മുഴുവന്‍ നോമ്പെടുത്ത് റംസാന്‍ ദിവസമായാല്‍ ജാതിമതഭേദമന്യേ പരസ്പരം സ്‌നേഹിച്ചും ഭക്ഷണം കൊടുത്തും റംസാന്‍ ആഘോഷിക്കുന്നു. വ്യത്യസ്ത വിഭവങ്ങള്‍ തന്നെയാണ് റംസാന്‍ ദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഓരോ വര്‍ഷവും വ്യത്യസ്തമായ വിഭവങ്ങള്‍ തീന്‍മേശയില്‍ തയ്യാറാക്കാനാണ് എല്ലാ വീട്ടമ്മമാരും ശ്രമിക്കുന്നത്. ഈ റംസാന് ഫിഷ് ബിരിയാണി തയ്യാറാക്കാം. എങ്ങനെ സ്വാദിഷ്ഠമായി വ്യത്യസ്തമായി ഫിഷ് ബിരിയാണി തയ്യാറാക്കാം എന്ന് നോക്കാം.

Recipe of malabar fish biriyani

ആവശ്യമുള്ള സാധനങ്ങള്‍

ബിരിയാണി അരി- ഒരു കിലോ
നെയ്യ്-100 ഗ്രാം
ആവോലി- അരക്കിലോ
സവാള- നാലെണ്ണം
തക്കാളി- നാലെണ്ണം
വെളുത്തുള്ളി- ഒന്ന്
ഇഞ്ചി- മൂന്ന് കഷ്ണം
പച്ചമുളക്- ആറെണ്ണം
കറിവേപ്പില- നാല് തണ്ട്
മുളക് പൊടി
മഞ്ഞള്‍പ്പൊടി
കുരുമുളക് പൊടി
ബിരിയാണി മസാല
നാരങ്ങ നീര്
തൈര്
കശുവണ്ടി
ഉണക്കമുന്തിരി
സണ്‍ഫഌര്‍ ഓയില്‍
മല്ലിയില
പുതിനയില
ഗ്രാമ്പൂ
ഏലക്ക
കറുവപ്പട്ട
സവാള കനം കുറച്ച് നെയ്യില്‍ വഴറ്റിയത്

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകിയെടുക്കുക. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവില്‍ വേണം കുക്കറില്‍ അരി വെക്കാന്‍. കുക്കറില്‍ നെയ്യും ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും വെള്ളവും ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവയും ചേര്‍ക്കണം. വെള്ളം തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് അരി ഇട്ട് മൂടി വെക്കുക. വിസില്‍ വരുന്നതിനു മുന്‍പ് തീ അണക്കാന്‍ ശ്രമിക്കണം. അല്‍പസമയം കഴിഞ്ഞതിനു ശേഷം മാത്രം കുക്കറിന്റെ മൂടി തുറക്കാം.

മീന്‍ ചെറിയ കഷ്ണങ്ങളാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ മുളക് പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് പതിനഞ്ച് മിനിട്ട് വെക്കാം. അല്‍പസമയത്തിനു ശേഷം പകുതി വേവില്‍ മീന്‍ വറുത്ത് കോരാം.

വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചെടുക്കാം. ഒരു പാനില്‍ എണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് പിന്നീട് സവാള ചേര്‍ത്ത് വഴറ്റാം. സവാള ചേര്‍ത്ത് കഴിഞ്ഞ് അഞ്ച് മിനിട്ടിനു ശേഷം തക്കാളി ചേര്‍ക്കാം.

പിന്നീട് ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, കാല്‍ ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് ഇവയെല്ലാം കൂടി വഴറ്റിയെടുക്കാം.

പിന്നീട് വറുത്തു കോരി വെച്ച മീന്‍ ഈ ചട്ടിയിലേക്ക് ചേര്‍ക്കാം. താഴെ നിന്നും മസാല മീനിന്റെ മുകളില്‍ കോരിയിടാം. ശേഷം ഇതിനു മുകളിലേക്ക് അല്‍പം നാരങ്ങയുടെ നീരും അല്‍പം പുതിന, മല്ലിയില എന്നിവയും ചേര്‍ത്ത് അടച്ച് വെയ്ക്കാം.

ഇതിനു മുകളില്‍ വേവിച്ച് വെച്ച ചോറ് നിരത്തിയിടാം. അതിനു മുകളിലായി കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും വറുത്തെടുത്തത് നിരത്തിയിടാം. ശേഷം അല്‍പം പുതിന, മല്ലിയില എന്നിവയും നിരത്തിയിടാം. വീണ്ടും ഇതിന് മുകളിലായി അല്‍പം കൂടി ചോറ് നിരത്തിയിടാം. ശേഷം അല്‍പം ഗരം മസാലപ്പൊടി, സവാള എന്നിവയും കൂടി നെയ്യില്‍ വറുത്ത് ഇടുക. പിന്നീട് 10 മിനിട്ട് ചെറിയ തീയ്യില്‍ വേവിക്കാം. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വിളമ്പാവുന്നതാണ്.

English summary

Recipe of malabar fish biriyani

This classic Malabar Fish Biryani can be devoured at all times. Enjoy the delicious taste of this ever-charming dish.
Story first published: Friday, June 9, 2017, 16:16 [IST]
X
Desktop Bottom Promotion