മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും വീട്ടില്‍ തയ്യാറാക്കി കഴിക്കാന്‍ പലര്‍ക്കും താല്‍പ്പര്യം കുറവായിരിക്കും. ഇനി വീട്ടില്‍ തന്നെ നമുക്ക് നല്ല സൂപ്പര്‍ പാല്‍കേക്ക് തയ്യാറാക്കാം. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇത്തരം മധുരപലഹാരങ്ങള്‍ തയ്യാറാക്കി കൊടുക്കാന്‍ ഇഷ്ടമുള്ള അമ്മമാരാണെങ്കില്‍ അതിന് വേണ്ടി അല്പം മിനക്കെടാവുന്നതാണ്. വീട്ടില്‍ തന്നെ സ്വാദിഷ്ടമായ കേക്ക് റെസിപ്പി തയ്യാറാക്കാവുന്നതാണ്. വീട്ടില്‍ പാല്‍പ്പൊടിയും മൈദയും ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തന്നെ പാല്‍കേക്ക് തയ്യാറാക്കാം.
ഈ പാല് കേക്ക് ഉണ്ടാക്കാന്‍ കുറച്ച് ലളിതമായ ചേരുവകള്‍ മാത്രം മതി. ഈ ചേരുവകള്‍ വീട്ടില്‍ തന്നെ ഉള്ളതിനാല്‍ അധികം കഷ്ടപ്പെടാതെ നിങ്ങള്‍ക്ക് സ്വാദിഷ്ടമായ പാല് കേക്ക് തയ്യാറാക്കാം. ഇത് എപ്രകാരം തയ്യാറാക്കണം, എന്തൊക്കെയാണ് ഇതില്‍ ചേരേണ്ട ചേരുവകള്‍ എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍
* പാല്‍പ്പൊടി - 1 കപ്പ്
* മൈദ - 1 1/2 കപ്പ്
* ബേക്കിംഗ് പൗഡര്‍ - 1/2 ടീസ്പൂണ്‍
* ഏലക്ക പൊടി - 1/4 ടീസ്പൂണ്‍
* ഉപ്പ് - 1 നുള്ള്
* നെയ്യ് - 2 ടേബിള്‍സ്പൂണ്‍
* ചൂട് പാല് - 1/2 കപ്പ്
* എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
പഞ്ചസാര പാനി തയ്യാറാക്കാന്‍
* പഞ്ചസാര - 1 1/2 കപ്പ്
* വെള്ളം - 1 1/2 കപ്പ്
* ഏലം - 2
* കുങ്കുമപ്പൂവ് - 1 നുള്ള്
തയ്യാറാക്കുന്ന വിധം
* ആദ്യം ഒരു പാത്രത്തില്‍ പാല്‍പ്പൊടി, മൈദ, ബേക്കിംഗ് പൗഡര്‍,
ഏലയ്ക്കാപ്പൊടി, ഉപ്പ്, നെയ്യ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്സ്
ചെയ്യുക
* ശേഷം ചെറുചൂടുള്ള പാല് ഒഴിച്ച് ഇത് മെല്ലെ കുഴച്ച് മാറ്റി
വെക്കണം
* വളരെ നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ചപ്പാത്തി പരുവത്തില്‍ വേണം ഇത്
മാറ്റി വെക്കുവാന്‍. ഇത് കുഴച്ച് കട്ടിയില്‍ ഉരുട്ടിയെടുക്കുക
* ശേഷം കത്തി ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ചെറിയ കഷ്ണങ്ങളാക്കി
മുറിക്കുക.
* പിന്നീട് ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് അതില്‍ വറുക്കാന്‍
ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നമ്മള് മുറിച്ച് വെച്ച
കഷ്ണങ്ങള്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്ത് എണ്ണ
വാര്‍ന്ന് പോവുന്നതിന് ശ്രദ്ധിക്കണം
*പിന്നീട് ഒരു പാത്രത്തില്‍ 1 1/2 കപ്പ് വെള്ളവും 1 1/2 കപ്പ്
പഞ്ചസാരയും ചേര്‍ത്ത് 2 ഏലക്ക പൊടിച്ച് കുങ്കുമപ്പൂ ചേര്‍ത്ത് പഞ്ചസാര
പാനി തയ്യാറാക്കുക
* അതിനുശേഷം, പഞ്ചസാര പാനിയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന
കേക്ക് ഇട്ടു കൊടുക്കുക. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ്
കഴിക്കാവുന്നതാണ്.













