മലബാര്‍ മുട്ടമാലക്കൊരു പ്രത്യേകതയുണ്ട്: ഈസി റെസിപ്പി നിങ്ങള്‍ക്കായി

Posted By:

മുട്ടമാല എന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും ഇത് എങ്ങനെ തയ്യാറാക്കും എന്നതിനെക്കുറിച്ച് പലര്‍ക്കും അത്ര വലിയ ധാരണയുണ്ടായിരിക്കണം എന്നില്ല. എന്നാല്‍ മലബാര്‍ ഭാഗത്തുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ മുട്ടമാല തയ്യാറാക്കാന്‍ സാധിക്കുന്നു. പലപ്പോഴും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തുള്ളവരുടെ സ്‌പെഷ്യല്‍ വിഭവമാണ് മുട്ടമാല എന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെ എളുപ്പത്തില്‍ മുട്ടയും പഞ്ചസാരയും മാത്രം ചേര്‍ത്ത് ആണ് ഈ വിഭവം തയ്യാറാക്കുന്നതും. മുട്ടമാലക്കൊരു വിദേശ ബന്ധവും ഉണ്ട് എന്നതാണ് സത്യം.

പലപ്പോഴും നോമ്പിന്റെ ഇടയിലാണ് മുട്ടമാലക്ക് കൂടുതല്‍ ആവശ്യക്കാരേറുന്നത്. റംസാന്‍ പലഹാരം എന്ന് നമുക്ക് മുട്ടമാലയെ പറയാവുന്നതാണ്. മുട്ട മാല അഥവാ മുട്ട സുര്‍ക്ക എന്നും ഇതിനെ പറയുന്നു. മലബാറിലെ വിവാഹ സല്‍ക്കാരങ്ങളില്‍ ഒരിക്കലും ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഒരു സ്‌പെഷ്യല്‍ വിഭവമാണ് മുട്ടമാല. പുത്യാപ്ല സ്‌പെഷ്യല്‍ എന്നും ചിലയിടങ്ങളില്‍ ഇതിനെ വിളിക്കുന്നുണ്ട്. എപ്രകാരം നമുക്ക് മുട്ടമാല തയ്യാറാക്കാം എന്ന് നോക്കാം.

muttamala recipe in malayalam

Image courtesy: Wikipedia

ആവശ്യമുള്ള ചേരുവകള്‍
മുട്ട- അഞ്ചെണ്ണം
പഞ്ചസാര- ഒരുകപ്പ്
വെള്ളം - രണ്ട് കപ്പ്
പാല്‍പ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുട്ടമാല തയ്യാറാക്കുന്നതിന് വേണ്ടി 5 മുട്ടയുടേയും മഞ്ഞയും വെള്ളയും വേര്‍തിരിച്ചെടുത്ത് ഓരോ പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം മുട്ടയുടെ മഞ്ഞ നല്ലതുപോലെ അടിച്ചെടുക്കുക. പിന്നീട് അത് മാറ്റി വെക്കണം. ശേഷം മുട്ടയുടെ വെള്ള എടുത്ത് അതിലേക്ക് മാറ്റി വെച്ചിരിക്കുന്ന പാല്‍പ്പൊടി ചേര്‍ത്ത് നല്ലതുപോലെ ഇളക്കി മാറ്റിവെക്കാം.

ശേഷം മുട്ടമാല തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാനിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക. പിന്നീട് അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. പഞ്ചസാര നല്ലതുപോലെ അലിഞ്ഞതിന് ശേഷം ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ മുട്ടയുടെ വെള്ള പതിയേ ചേര്‍ത്ത് നല്‍കുക. ഇത് ചേര്‍ക്കുമ്പോള്‍ തന്നെ പഞ്ചസാരയിലെ അഴുക്കെല്ലാം നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കുന്നു. പിന്നീട് പഞ്ചസാര സിറപ്പിലേക്ക് മുട്ടയുടെ മഞ്ഞ ഒഴിച്ച് കൊടുക്കണം.

എന്നാല്‍ മുട്ടയുടെ മഞ്ഞ ഒഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ഒരു ചെറിയ കുപ്പിയുടെ അടപ്പിലേക്ക് ചെറിയ തുളകള്‍ ഇട്ടതിന് ശേഷം ഈ കുപ്പിയിലേക്ക് മുട്ടയുടെ മഞ്ഞ ഒഴിക്കണം. ഇത് പതുക്കെ പഞ്ചസാര ലായനിയിലേക്ക് ചെറുചൂടോടെ ഒഴിച്ച് നല്‍കുക. ഇത് മാലപോലെ വീഴുമ്പോള്‍ തീ കൂട്ടി വെക്കണം. പതുക്കെ പൊങ്ങിവരുന്ന മുട്ടയുടെ മഞ്ഞ നമുക്ക് കോരിയെടുക്കാം. മുട്ടമാല തയ്യാര്‍.

muttamala preparations

Image courtesy: wikipedia

മുട്ടമാലയുടെ വിദേശ ബന്ധം
മുട്ടമാല പോര്‍ച്ചുഗലില്‍ നിന്നും വന്ന ഒരു വിഭവമാണെന്നും പറയുന്നുണ്ട്. പോര്‍ച്ചുഗലിലെ കോണ്‍വെന്റുകളില്‍, 14, 15 നൂറ്റാണ്ടുകളില്‍ വസ്ത്രങ്ങള്‍ നിറം വര്‍ദ്ധിപ്പിക്കാന്‍ മുട്ടയുടെ വെള്ള ഉപയോഗിച്ചിരുന്നു. എന്നാല്‍ അതില്‍ ബാക്കി വരുന്ന മുട്ടയുടെ മഞ്ഞ കൊണ്ട് ഫിയോസ് ഡി ഓവോസ് എന്ന രുചികരമായ പലഹാരവും ഉണ്ടാക്കിയിരുന്നു. വാസ്‌കോഡ ഗാമ ഇറങ്ങിയ കൊയിലാണ്ടി ഉള്‍പ്പെടെ വടക്കേ മലബാറിലെ വിവിധ തീരപ്രദേശങ്ങളിലും ധാരാളം പോര്‍ച്ചുഗീസുകാര്‍ ഈ കാലങ്ങളില്‍ താമസിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഇവിടങ്ങളില്‍ മുട്ടമാല എന്ന വിഭവം ഉണ്ടായത് എന്നാണ് പറയുന്നത്.

ഇത് കൂടാതെ മറ്റ് ചില രാജ്യങ്ങളിലും മുട്ട മാല പല പേരുകളില്‍ അറിയപ്പെട്ടിരുന്നു. സ്പെയിനില്‍ ഇതിനെ ഹ്യൂവോ ഹിലാഡോ (നൂല്‍മുട്ട) എന്നും ജപ്പാനില്‍ കീറാന്‍ സോമന്‍ (കോഴിയുടെ മുട്ട നൂഡില്‍) എന്നുമാണ് അറിയപ്പെട്ടിരുന്നു. എന്നാല്‍ കംബോഡിയയിലാകട്ടെ ഈ വിഭവത്തെ വാവി എന്നാണ് പറയുന്നത്. മലേഷ്യയില്‍ ഇത് ജല മാസ് (സ്വര്‍ണ്ണ വല) എന്നും ഇന്തോനേഷ്യയില്‍ ഫോയ് തോങ് എന്ന പേരിലും അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ മുട്ടമാല ഒരിക്കലും മലബാറിന്റെ മാത്രം വിഭവമല്ല. വിദേശിയാണെന്നത് കൂടി ഇനി കഴിക്കുമ്പോള്‍ ഓര്‍ത്തിരിക്കാം.

[ of 5 - Users]
Story first published: Tuesday, July 18, 2023, 18:47 [IST]
X
Desktop Bottom Promotion