വൈകിട്ട് കഴിക്കാന്‍ എന്തുവേണമെന്ന് ചോദിച്ചാല്‍ കുട്ടികള്‍ക്ക് ഒന്നേ പറയാന്‍ ഉണ്ടാകുകയുള്ളൂ, കേക്ക്. കേക്ക് എത്ര കഴിച്ചാലും മതിവരാത്ത കുട്ടികളുണ്ട്. എന്നുകരുതി അവരുടെ ഇഷ്ടത്തിനനുസരിച്ച് കടയില്‍ നിന്ന് കേക്ക് വാങ്ങിക്കൊടുത്താല്‍ അത് അവരുടെ ആരോഗ്യത്തിന് ദോഷം ചെയ്യുകയും ചെയ്യും. അപ്പോള്‍പ്പിന്നെ എന്താണ് വഴി. കേക്ക് വീട്ടില്‍ തയ്യാറാക്കുക തന്നെ.

വീട്ടില്‍ സ്വന്തം ആവശ്യത്തിനും ചെറിയൊരു ബിസിനസ് എന്ന രീതിയിലും കേക്ക് ഉണ്ടാക്കുന്നവര്‍ ഇന്ന് ഏറെയാണ്. കോവിഡ് കാലത്ത് മിക്ക വീടുകളിലും കേക്ക് ഉണ്ടാക്കാന്‍ ശ്രമം നടന്നിരിക്കും. ഓവനൊന്നും ഇല്ലാതെ കുക്കറിലും ആവിയില്‍ വെച്ചും അടി കട്ടിയുള്ള പാത്രത്തിലും കേക്ക് ഉണ്ടാക്കി പുറത്ത് കൊടുക്കുന്നവര്‍. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടും പ്രിസര്‍വേറ്റീവുകളോ കളറുകളോ അധികമൊന്നും ഉപയോഗിക്കാത്തത് കൊണ്ടും കടയില്‍ നിന്നും വാങ്ങിക്കുന്ന കേക്കുകളേക്കാള്‍ നല്ലത് വീട്ടിലുണ്ടാക്കുന്ന കേക്കുകള്‍ തന്നെയാണ്.
പക്ഷേ വീട്ടില്‍ കേക്ക് ഉണ്ടാക്കണമെങ്കിലും അത്യാവശ്യം തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. കേക്ക് ഉണ്ടാക്കാനുള്ള അളവ് പാത്രം, ഓരോ കേക്കിന് അനുസരിച്ചുള്ള ചേരുവകള്‍, കേക്ക് അടുപ്പത്ത് വെച്ചുകഴിഞ്ഞാല്‍ അത് വെന്തോ എന്നറിയാന്‍ ഇടയ്ക്കിടെയുള്ള തുറന്നുനോക്കലുകള്‍ എന്നിവയെല്ലാം അല്‍പ്പം മനംമടുപ്പിക്കുന്ന സംഗതിയാണ്. ബേക്കിംഗില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് പക്ഷേ അതൊന്നും ഒരു കഷ്ടപ്പാടും അല്ല. എങ്കിലും കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ കേക്കിന്റെ അതേ രുചിയില്‍ അധികം കഷ്ടപ്പാടുകളൊന്നും ഇല്ലാതെ ഒരു കേക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റിയാലോ. അത്തരമൊരു കേക്കിന്റെ റെസിപ്പിയാണ് താഴെ.
പാന്‍കേക്ക്
പേരില്‍ ഒരു കേക്ക് ഉണ്ടെന്നുള്ളത് മാത്രമല്ല പാന്‍ കേക്കും കേക്കും തമ്മിലുള്ള ബന്ധം. രണ്ടിന്റെയും രുചിയും അടിസ്ഥാന ചേരുവകളും ഏതാണ്ട് ഒരുപോലെയാണ്. സാധാരണ കേക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പാന്‍കേക്ക് വളരെ എളുപ്പത്തില്‍, വേഗത്തില്‍ കുറഞ്ഞ ചേരുവകള്‍ കൊണ്ട് ദോശത്തട്ടിലോ നോണ്‍സ്റ്റിക്ക് പാനിലോ ഉണ്ടാക്കാമെന്നതാണ് ഇത് വീട്ടമ്മമാരുടെ ഇഷ്ട വിഭവമാകാനുള്ള കാരണം..
പാന്‍കേക്ക് ചേരുവകള്‍
*മൈദ- ഒരു കപ്പ്
*പഞ്ചസാര - മൂന്ന് ടേബിള്‍സ്പൂണ്‍ (കാല്‍കപ്പ്)
*പാല്‍ - ഒരു കപ്പ്
*വെണ്ണ ഉരുക്കിയത്- നാല് ടേബിള്‍സ്പൂണ്‍
*ബേക്കിംഗ് പൗഡര്‍ - ഒരു ടേബിള്‍സ്പൂണ്‍
(മുട്ട, വെണ്ണ, പാല്‍ എന്നിവ അന്തരീക്ഷ താപനിലയില്‍ ആയിരിക്കണം)
പാന്‍കേക്ക് തയ്യാറാക്കുന്ന വിധം
*ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക.
*അതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.
*ശേഷം പാല്‍, ഉരുക്കിയ വെണ്ണ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി
യോജിപ്പിക്കുക.
*അതിലേയ്ക്ക് മൈദയും ബേക്കിംഗ് പൗഡറും ചേര്‍ത്ത് സ്പൂണ്‍ കൊണ്ടോ
ഇളക്കി യോജിപ്പിക്കുക. (അങ്ങോട്ടും ഇങ്ങോട്ടും ഇളക്കാതെ, ഒരു ദിശയില്‍
ഇളക്കാന്‍ ശ്രമിക്കുക)
*മാവ് ദോശമാവിനേക്കാള്‍ അല്‍പ്പം കൂടി കട്ടിയില്‍ ഇരിക്കണം.
*കട്ടി കൂടുതല്‍ ആണെങ്കില്‍ പാല്‍ ഒഴിച്ച് മാവ് പാകത്തിലാക്കി
എടുക്കണം.
*ഇനി ദോശത്തട്ടോ നോണ്‍സ്റ്റിക്ക് പാനോ അടുപ്പില്‍ വെച്ച്
ചൂടാക്കുക.
*ഒരു ചെറിയ തവി മാവ് എടുത്ത് പാനില്‍ ഒഴിക്കുക, പരത്തേണ്ടതില്ല.
*ചെറുതീയില്‍ വേണം പാന്‍കേക്ക് തയ്യാറാക്കാന്‍.
*കേക്കില്‍ ചെറിയ സുഷിരങ്ങള്‍ വരും.
*കേക്കില്‍ മുഴുവന്‍ സുഷിരങ്ങള്‍ വന്നുകഴിഞ്ഞാല്‍ തിരിച്ചിടുക. മറുവശം
*ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തിലാവണം.
*രണ്ട് സെക്കന്‍ഡ് മറിച്ചിട്ട് വേവിച്ചുകഴിഞ്ഞാല്‍ പാന്‍കേക്ക്
തട്ടില്‍ നിന്നും എടുക്കാം.
*ഹെല്‍ത്തിയും ടേസ്റ്റിയും ആയ പാന്‍കേക്ക് തയ്യാര്‍.
വൈകുന്നേരത്തെ പലഹാരമായോ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് ആയോ പാന്‍കേക്ക് ഉപയോഗിക്കാം. കൂടെ ഒന്നും ഇല്ലാതെയും തേനോ ചോക്ലേറ്റ് സിറപ്പോ ഒഴിച്ചോ പാന്‍കേക്ക് കഴിക്കാം. പഴം ചേര്‍ത്തും കൊക്കോ പൗഡര്‍ ചേര്‍ത്തും വ്യത്യസ്ത ഫ്‌ളേവറുകളില്‍ പാന്‍കേക്ക് ഉണ്ടാക്കാവുന്നതാണ്.












