നമ്മളറിയാത്ത എത്രയോ രുചിക്കൂട്ടുകള്‍ ഈ ലോകത്തുണ്ടല്ലേ. നമ്മുടെ തൊട്ടടുത്തുള്ള നാടുകളില്‍ പോലും അത്തരം രുചിക്കൂട്ടുകള്‍ ഉണ്ടാകും. പച്ചക്കറി മാത്രം കഴിക്കുന്ന ബ്രാഹ്മണര്‍ക്കിടയില്‍ നിരവധി തനത് രുചിക്കൂട്ടുകള്‍ ഉണ്ട്. നാരങ്ങ ഉണക്കിയത്, പലതരം അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, മാങ്ങ ഉണക്കിയത് എന്നിങ്ങനെ അവരുടേതായ അനവധി രുചിക്കൂട്ടുകള്‍ ഉണ്ട്. അതിലൊരു വ്യത്യസ്ത കൂട്ടാണ് ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്.

വേപ്പിലക്കട്ടി
പേരില്‍ പോലും വ്യത്യസ്തതയുള്ള ഈ വിഭവം ഒരു തരം ചമ്മന്തിയാണ്. എന്നാല്‍ സാധാരണ ചമ്മന്തിയില്‍ നിന്നും ഏറെ വ്യത്യസ്തമായ ഈ ചമ്മന്തി തയ്യാറാക്കുന്നത് ഇലകള്‍ ഉപയോഗിച്ചാണ്. പ്രധാനമായും നാരകത്തിന്റെയും കറിവേപ്പിലയുടെയും ഇലയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ നമുക്കധികം പരിചയമില്ലാത്ത രുചിക്കൂട്ട് നല്കുന്ന രുചി അസാധ്യമാണ്. തൈരും വേപ്പിലക്കട്ടിയും മാത്രമുണ്ടെങ്കില്‍ ഒരു പറ ചോറ് ഉണ്ണാം എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ല. എങ്ങനെയാണ് വേപ്പിലക്കട്ടി തയ്യാറാക്കുന്നത് എന്ന് നോക്കാം.
ചേരുവകള്‍
*നാരകത്തിന്റെ ഇല
*കറിവേപ്പില
*ഉഴുന്ന് പരിപ്പ്
*വറ്റല്‍മുളക്
*കായം
*പുളി
*ഉപ്പ്
തയ്യാറാക്കുന്ന വിധം
*നാരകത്തിന്റെ ഇല (വടുകപ്പുളി നാരകത്തിന്റെയും ചെറുനാരകത്തിന്റെയും
ഇല എടുക്കാം) നടുവിലെ നാര് കളഞ്ഞ് എടുക്കുക.
*കറിവേപ്പിലയും നാരകത്തിന്റെ ഇലയും ഒരു ചീനച്ചട്ടിയില്‍
വാട്ടിയെടുക്കുക.
*ഇനി വറ്റല്‍മുളകും ഉഴുന്നുപരിപ്പും നല്ലവണ്ണം മൂപ്പിച്ചെടുക്കുക.
എണ്ണ വേണമെന്ന് നിര്‍ബന്ധമില്ല.
*അതിലേക്ക് കായം കൂടി ചേര്‍ത്ത് വറുത്തെടുക്കുക.
*ഇനി ഉപ്പും പുളിയും ചേര്‍ത്ത് മിക്സിയുടെ ജാറിലോ കല്ലിലോ ഈ കൂട്ട്
അരച്ചെടുക്കുക.
*ഉരുളകളാക്കി ആറുമാസം വരെ ഇത് സൂക്ഷിക്കാം.













