For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതു പുളുവല്ല, ചിക്കന്‍ പുളുസു !

By Lakshmi
|

പൊതുവേ ക്രിസ്മസിനും പുതുവര്‍ഷത്തിനും തീന്‍മേശകളില്‍ നിറയുക നോണ്‍ വെജ് വിഭവങ്ങളാണ്. ബീഫ്, മട്ടന്‍, ചിക്കന്‍ എന്നിവയാണ് ക്രിസ്മസ് വിരുന്നിലെ ഏറ്റവും ആകര്‍ഷകമായവ.മട്ടന്‍ സ്റ്റൂവും, അപ്പവും, ചിക്കന്‍ കുറുമയും ബീഫ് വിന്താലുവും തുടങ്ങി പല പതിവ് വിഭവങ്ങളുമുണ്ട്. ഇത്തവണത്തെ ക്രിസ്മസിന് വെറുതേ ഒരു പുതിയ വിഭവം പരീക്ഷിയ്ക്കൂ, അതൂ ഒരു ആന്ധ്ര സ്റ്റൈല്‍ കിടിലന്‍ ചിക്കന്‍ കറി.

ചിക്കന്‍ പുളുസുവെന്നാണ് വിഭവത്തിന്റെ പേര്, പേരില്‍ ഒരു പുളുവുണ്ടെങ്കിലും രുചിയില്‍ സംഗതി കിടിലമാണെന്നകാര്യത്തില്‍ മറിച്ചൊരു വര്‍ത്തമാനത്തിന് വകയില്ല. പുളുസുവെന്നാല്‍ ഗ്രേവി അഥവാ ചാറ് എന്നാണ് അര്‍ഥം. അതായത് ചാറുള്ള ചിക്കന്‍ എന്നുവച്ചാല്‍ ചിക്കന്‍ കറി.

ആവശ്യമുള്ള സാധനങ്ങള്‍

1 ചിക്കന്‍ 500 ഗ്രാം
2 നന്നായി വിളഞ്ഞ തേങ്ങ ചിരവിയത്- ഒരു അരമുറി
3 ഗ്രാമ്പൂ- 3
4 കറുവപട്ട- ചെറിയ രണ്ടു കഷണം
5 ഇഞ്ചി- ഒരു കഷണം
6 വെളുത്തുള്ളി പത്ത് അല്ലി
7 സവോള- രണ്ടെണ്ണം ഇടത്തരം വലിപ്പത്തിലുള്ളത്
8 തക്കാളി- 3എണ്ണം
9 മല്ലിപ്പൊടി - 1 സ്പൂണ്‍
10 മുളകുപൊടി -1 സ്പൂണ്‍
11 മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
12 കുരുമുളകു പൊടി - 1സ്പൂണ്‍
13 മല്ലിയില- അരകപ്പ്
14 കറിവേപ്പില- 1 കതിര്
15 ചെറുനാരങ്ങ- ഒരു പകുതി
16 ജീരകം- ഒരു നുള്ള്
18 വെളിച്ചെണ്ണ- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം
ചിക്കന്‍ ഇടത്തരം വലുപ്പത്തിലുള്ള കഷണങ്ങലാക്കുക. കഴുകി മാറ്റിവെയ്ക്കുക. അടിനല്ല കട്ടിയുള്ള പാത്രത്തില്‍ ഉപ്പ്, മഞ്ഞള്‍, ജീരകം എന്നിവയും ചിക്കനും ചേര്‍ത്ത് ചെറിയ തീയില്‍ വെയ്ക്കു, വെള്ളം ചേര്‍ക്കേണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പാത്രം അടച്ചുവെയ്ക്കണം.

കുറച്ചുകഴിയുമ്പോള്‍ ചിക്കന്‍ നന്നായി തിളച്ച് അതിലുള്ള വെള്ളം പുറത്തുവരും. അപ്പോള്‍ തീ കൂട്ടിയിട്ട് വെള്ളം വറ്റുന്നതുവരെ വേവിയ്ക്കുക. കരിഞ്ഞുപിടിക്കാതിരിക്കാന്‍ ഇടയ്‌ക്കൊന്ന് ഇളക്കുകയാവാം. ഇത് തയ്യാറാവുന്നതിനിടെ മസാല തയ്യാറാക്കാം.

തേങ്ങ, ഗ്രാമ്പൂ, പട്ട, ഇഞ്ചി, വെളുത്തുള്ളി, പകുതി സവോള, മല്ലിപ്പൊടി, മുളകുപൊടി, മല്ലിയില, ഒരു തക്കാളി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക, അരപ്പില്‍ കരുകരുപ്പില്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. മിക്‌സിയില്‍ അരച്ചെടുക്കുമ്പോള്‍ ആവശ്യമെങ്കില്‍ അല്‍പം വെള്ളംചേര്‍ക്കാം.

മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. അല്‍പം ജീരകവും കറിവേപ്പിലയും അരിഞ്ഞുവെച്ച സവോളയും ചേര്‍ത്ത് വഴറ്റുക. സവോള നല്ല ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ തക്കാളി കഷങ്ങളിട്ട് വീണ്ടും വഴറ്റുക, തക്കാളി നന്നായി മൃദുവാകുമ്പോള്‍ തയ്യാറാക്കിവച്ചിരിക്കുന്ന മസാല ചേര്‍ത്ത്് ഇളക്കുക. തീ ചെറുതാക്കിയിട്ട് ആവശ്യമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കുക.

ഇതിനൊപ്പം നേരത്തേ തയ്യാറാക്കിവച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളും ചേര്‍ക്കുക. അടച്ച് വീണ്ടും വേവാന്‍ വെയ്ക്കുക. എണ്ണ മുകളില്‍ കാണുന്നതുവരെ ചെറുതീയില്‍ തിളപ്പിക്കുക. എണ്ണ മുകളില്‍ വന്ന് കുമിളകള്‍ വരുമ്പോള്‍ ബാക്കി അരിഞ്ഞുവെച്ച മല്ലിയില, നാരങ്ങാ നീര്, കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. വീണ്ടും അഞ്ചുമിനിറ്റ് തിളയ്ക്കാന്‍ വിടുക. അധികം വെള്ളമില്ലാതെ ഗ്രേവി കൊഴുത്തുവരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക. ഇപ്പോള്‍ ചിക്കന്‍ പുളുസു തയ്യാര്‍.

മേമ്പൊടി
ആദ്യം ചിക്കന്‍ വേവിക്കുമ്പോഴാണ് ഉപ്പു ചേര്‍ക്കുന്നത്. മസാലയുമായി ചേരുമ്പോള്‍ ചിലപ്പോള്‍ ഉപ്പ് മതിയാകാതെ വരും. മസാലയിലേയ്ക്ക് ചിക്കന്‍ ചേര്‍ക്കുമ്പോള്‍ പാകം നോക്കി ഉപ്പ് ചേര്‍ക്കാം. ഗ്രാമ്പൂ പട്ട എന്നിവയ്‌ക്കൊപ്പം മസാലക്കൂട്ടത്തില്‍ നക്ഷത്രത്തിന്റെ ആകൃതിയില്‍ കിട്ടുന്ന വസ്തു ചേര്‍ത്താല്‍ രുചിവ്യത്യാസം തോന്നിയ്ക്കും. നാരങ്ങാ നീരിന് പകരം അല്‍പം തൈര് ഒഴിയ്ക്കുകയുമാകാം. അപ്പം, ചപ്പാത്തി എന്നിവയ്‌ക്കൊപ്പമെല്ലാം ചിക്കന്‍ പുളുസു യോജിയ്ക്കും.

English summary

Chicken Pulusu, Chicken Recipe, Crismas, Non Veg, Chicken, ചിക്കന്‍ പുളുസു, ക്രിസ്മസ്, നോണ്‍ വെജ്, ചിക്കന്‍,

Chicken Pulusu is a Andhra style chicken curry, it can be used with Dosa, chappathi and Appam. in Telugu Pulusu is gravy,
Story first published: Thursday, December 8, 2011, 16:26 [IST]
X
Desktop Bottom Promotion