'പ്രസവാനന്തര വിഷാദം, ഒറ്റപ്പെടുത്താതെ, ചേര്‍ത്ത് പിടിക്കണം ഈ അമ്മമാരെ', മുഹമ്മദ് ബിലാല്‍

ഇന്നത്തെ കാലത്ത് ഏറ്റവും അധികം കേട്ടുകേള്‍വിയുള്ള വാക്കുകളില്‍ ഒന്നാണ് പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നത്. പലപ്പോഴും ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവാതെ ഉഴലുന്ന ധാരാളം അമ്മമാരേയും ബന്ധുക്കളേയും നാം കണ്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് പ്രസവാനന്തര വിഷാദം, എന്താണ് ഇതിന് പിന്നിലെ കാരണം എന്തൊക്കെയാണ് അറിയേണ്ടത്, ഈ സമയം എന്താണ് നമ്മള്‍ ചെയ്യേണ്ടത്?

ഇതിനെക്കുറിച്ചെല്ലാം വായനക്കാരോട് വിശദമായി പങ്കു വെക്കുകയാണ് സൈക്കോളജിസ്റ്റ് മുഹമ്മദ് ബിലാല്‍ ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ഇത്തരം ഒരു അവസ്ഥയിലൂടെ കടന്ന് പോവുന്നത്. ചിലര്‍ അത് തുറന്ന് പറയുമ്പോള്‍ ചിലര്‍ അതിനെ മറികടക്കാനുള്ള പരിശ്രമത്തിലായിരിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Postpartum Depression And Mental Health
Photo Credit: Wise Generated

പ്രസവാനന്തര വിഷാദം സാധാരണ വിഷാദ രോഗങ്ങളില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാണ്?
ദൈനംദിന ജീവിതത്തില്‍ ഒരു സ്ത്രീക്കുണ്ടാവുന്ന സങ്കടങ്ങളും സമ്മര്‍ദ്ദവും എന്നതിലുപരി അതില്‍ നിന്നെല്ലാം വളരെയധികം വ്യത്യസ്തമായ ഒന്നാണ് പ്രസവാനന്തര വിഷാദം. ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചറിയപ്പെടേണ്ടതും കൂടുതല്‍ പിന്തുണ നല്‍കേണ്ടതുമായ ഒരു മാനസികാരോഗ്യപരമായ ഗുരുതരമായ ഒരു കാര്യം തന്നെയാണ് പ്രസവാനന്തര വിഷാദം. സാധാരണ വിഷാദരോഗങ്ങളില്‍ നിന്നുണ്ടാവുന്ന പല ലക്ഷണങ്ങളും ഈ അവസ്ഥയിലും ഉണ്ടാവുന്നുണ്ട്. മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡറുമായുള്ള ലക്ഷണങ്ങളില്‍ ചിലതെല്ലാം തന്നെ സമാനമായിരിക്കും. താല്‍പ്പര്യമില്ലായ്മ, തളര്‍ച്ച, മാനസികാരോഗ്യത്തിലെ വ്യത്യാസം, ഉറക്കമില്ലായ്മ, ഭക്ഷണത്തിനോട് താല്‍പ്പര്യമില്ലായ്മ എന്നിവയെല്ലാം ഇതില്‍ ശ്രദ്ധേയമാണ്. പ്രസവത്തിന് ശേഷം ആദ്യ ആഴ്ചയില്‍ തന്നെ നമുക്ക് ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ഈ അവസ്ഥ സംഭവിക്കുന്ന സമയവും ആവൃത്തിയും എല്ലാം വ്യത്യസ്തമായിരിക്കും എന്നതാണ് സത്യം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാത്രമാണോ ഇതിന് കാരണം, മാനസികാരോഗ്യം എത്രത്തോളം ഇതിന് കാരണമാകുന്നു?
ഹോര്‍മോണ്‍ മാത്രമല്ല ഇതിന് കാരണം. ഈസ്ട്രജന്‍, പ്രൊജസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രസവ സമയം സംഭവിക്കുന്നു. എന്നാല്‍ അതിനേക്കാളുപരി പല വിധത്തിലുള്ള ഘടകങ്ങളും സ്വാധീനിക്കപ്പെടുന്നു. മാത്രമല്ല പ്രസവാനന്തര വിഷാദം എന്ന അവസ്ഥയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്ത അവസ്ഥയും കാര്യങ്ങള്‍ വഷളാക്കുന്നു. അതായത് ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവയും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ജോലിയുടെ തിരക്കുകളും ഭര്‍ത്താവിന്റെ പിന്തുണയില്ലായ്മയും എല്ലാം ഇതിന് പിന്നിലെ കാരണം തന്നെയാണ്. അതുപോലുള്ള പല കാര്യങ്ങളും ഉദാഹരണത്തിന് സാമ്പത്തികമായുണ്ടാവുന്ന പ്രതിസന്ധികളും കൂടാതെ കുടുംബത്തിന്റെ പിന്തുണയില്ലാത്ത അവസ്ഥയും അപകടകരമായ അവസ്ഥയാണ്.

അമ്മയും കുഞ്ഞുമായുള്ള ബന്ധത്തെ ഇത് എത്രത്തോളം സ്വാധീനിക്കുന്നു?
പലപ്പോഴും വളരെ മോശമായി തന്നെയാണ് അമ്മയേയും കുഞ്ഞിനേയും ബാധിക്കുന്നത്. ഇത് പലപ്പോഴും വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് തന്നെയാണ് ഇതിന്റെ ഏറ്റവും സങ്കടകരമായ അവസ്ഥയും. ഇത്തരം അവസ്ഥയില്‍ ഉള്ള അമ്മയാണെങ്കില്‍ പലപ്പോഴും കുട്ടികളുടെ ആവശ്യങ്ങളെ അവഗണിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇത് മന:പ്പൂര്‍വ്വമല്ലെങ്കില്‍ പോലും അതിനെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. കുഞ്ഞും അമ്മയും തമ്മിലുള്ള അടുപ്പത്തെ ഇത് ബാധിക്കുന്നു. അത് മാത്രമല്ല ഇത് കുഞ്ഞിന്റെ വൈകാരിക മാറ്റങ്ങളേയും ഇത്തരം അവസ്ഥകള്‍ ബാധിക്കുന്നു. അമ്മയും കുഞ്ഞുമായുള്ള അടുപ്പത്തെ ഇത് പ്രതികൂലമായി ബാധിക്കും. പലപ്പോഴും കൃത്യമായ ചികിത്സയില്ലാത്ത അവസ്ഥയില്‍ ഇത് ഗുതുരരാവസ്ഥയുണ്ടാക്കുന്നു. സെന്‍സിറ്റീവ് ആയി മാറുന്ന പല കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വരുമ്പോള്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എങ്കിലും ഇത് അമ്മയുടേ സ്‌നേഹത്തിന്റെ കുറവാണ് എന്ന് പറയാന്‍ സാധിക്കുകയില്ല. ഇത് പ്രസവാനന്തരം അമ്മയിലുണ്ടാവുന്ന വിഷാദത്തിന്റെ ഫലമായി സംഭവിക്കുന്ന കാര്യങ്ങളാണ് എന്ന് മനസ്സിലാക്കി കൂടെ നില്‍ക്കുകയാണ് വേണ്ടത്.

ഒരു അമ്മയില്‍ തുടക്കത്തില്‍ തന്നെ പ്രകടമാവുന്ന പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?
ചില അമ്മമാര്‍ വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാക്കി തുടങ്ങും. ചിലരിലാകട്ടെ ആഴ്ചകളോ അല്ലെങ്കില്‍ മാസങ്ങളോളം സമയമെടുത്താണ് തിരിച്ചറിയാന്‍ സാധിക്കുന്നത്. പലപ്പോഴും നിലനില്‍ക്കുന്ന സങ്കടം നിങ്ങളെ കൂടുതല്‍ കരച്ചിലിലേക്കും അതി ഭീകരമായ വിഷമത്തിലേക്കും എത്തിക്കും. ചിലരില്‍ യാതൊരു വിധത്തിലുള്ള വൈകാരികതയും അനുഭവപ്പെടുകയില്ല. ഓരോ കാര്യത്തിനും പെട്ടെന്ന് പെട്ടെന്ന് സങ്കടവും ദേഷ്യവും വരുന്നു. ചെറിയ കാര്യം പോലും അവര്‍ക്ക് സഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുന്നു. അതിഭീകരമായ തളര്‍ച്ച എന്നിവയെല്ലാം സംഭവിക്കുന്നു. ഇത് കൂടെ നില്‍ക്കുന്നവര്‍ കൂടി അറിഞ്ഞിരിക്കണം എന്നതാണ് യാഥാര്‍ത്ഥ്യം. ആത്മഹത്യ ചിന്തകളും അപകടകരമായ ചിന്തകളും അമ്മയില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കും.

കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ഇതിനെ മറികടക്കാന്‍ സഹായിക്കുന്നു.
ഈ അവസ്ഥയില്‍ കുടുംബത്തിന്റെ പിന്തുണ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഇത് ലഭിക്കാത്ത അവസ്ഥയില്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. അതുപോലെ തന്നെ അമ്മയുടെ വീണ്ടെടുക്കലിന് വേണ്ടിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. കാലങ്ങളായി നിലനിന്നിരുന്ന ചട്ടക്കൂടില്‍ നിന്ന് പുറത്ത് വന്ന് അവരെ കേള്‍ക്കുന്നതിനും മുന്‍വിധിയില്ലാതേയും പെരുമാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

X
Desktop Bottom Promotion