Exclusive: കുറ്റവാളികളാകുന്ന കുട്ടികള്‍; മാതാപിതാക്കള്‍ക്ക് തെറ്റ് സംഭവിക്കുന്നത് എവിടെയാണ്?

Parenting and Behavioral Problems in Children: ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചാവിഷയം കുട്ടികളില്‍ വന്നിരിക്കുന്ന പെരുമാറ്റ പ്രശ്‌നങ്ങള്‍ ആണ്. പക്ഷേ ഇതൊരിക്കലും ഒരു ദിവസം കൊണ്ട് ഉണ്ടായ മാറ്റമല്ല എന്ന യാഥാര്‍ത്ഥ്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഇന്നത്തെ സാമൂഹിക, സാംസ്‌കാരിക സാഹചര്യത്തില്‍ കുട്ടികളെ വളര്‍ത്തുന്ന രീതി അഥവാ parenting എന്നതിന്റെ പ്രസക്തി ഒന്നുകൂടെ ഉയര്‍ന്നു വരികയാണ്.

child psychology
Photo Credit: AI Generated

മാതൃകാ രക്ഷിതാവ് ആകാന്‍ സാധിക്കുമോ

ഒരു ഐഡിയല്‍ രക്ഷിതാവ് ആകുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. എങ്കിലും കുട്ടികളോട് പെരുമാറേണ്ട രീതിയെ കുറിച്ചുള്ള നമ്മുടെ അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്ന പല പ്രശ്‌നങ്ങളുടെയും തീവ്രത കുറക്കയ്ക്കാന്‍ ഓരോ പ്രായത്തിലും കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും അവരോട് ഇടപെടേണ്ട രീതികളെ കുറിച്ചും മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്ഷകര്‍തൃത്വത്തില്‍ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില വിലപ്പെട്ട അറിവുകള്‍ ബോള്‍ഡ്‌സ്‌കൈ വായനക്കാരുമായി പങ്കുവെക്കുകയാണ് മൈസൂരിലെ ഗ്ലോബല്‍ റീഹാബിലറ്റേഷന്‍ സെന്ററിലെ റീഹാബിലറ്റേഷന്‍ സൈക്കോളജിസ്റ്റായ വിനിഷ പി.

Take a Poll

കുട്ടികള്‍ കുറ്റവാളികളാകാനുള്ള കാരണങ്ങള്‍

കുട്ടികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് അടുത്തകാലത്തായി മാത്രം തുടങ്ങിയ ഒന്നാണെന്ന രീതിയിലാണ് ചില ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നത്. എന്നാല്‍ കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ പണ്ടുകാലങ്ങളിലും നടന്നിട്ടുണ്ട്. പക്ഷേ ഇന്നത്തെ പോലെ അത്തരം വാര്‍ത്തകള്‍ അധികമായി പ്രചരിച്ചിരുന്നില്ല. പക്ഷേ സോഷ്യല്‍മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത്രയേറെ പ്രചാരത്തിലുള്ള ആധുനിക യുഗത്തില്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ വളരെ വേഗം എല്ലാവരിലേക്കും എത്തുന്നു എന്നുമാത്രം. കാലാനുസൃതമായ മാറ്റങ്ങള്‍ കുറ്റകൃത്യങ്ങളിലുണ്ടായിട്ടുണ്ട്. അമിതമായ ലഹരി ഉപയോഗം, സോഷ്യല്‍ മീഡിയയുടെ ഉപയോഗം, സമകാലീന ചലച്ചിത്രങ്ങള്‍ എന്നതൊക്കെയാണ് കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്നത് എന്ന് പറഞ്ഞ് പഴിചാരന്‍ എളുപ്പമാണ്. എന്നാല്‍ പാരന്റിംഗിലെ പിഴവുകളും കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റങ്ങളില്‍ വലിയൊരു പങ്കാളിയാണെന്ന വസ്തുതയ്ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നു. പുതിയ സാമൂഹിക സാഹചര്യത്തില്‍ ഒരു കുട്ടിയെ എങ്ങനെ വളര്‍ത്തണമെന്നത് നമ്മളില്‍ പലരും അറിയാതെ പോകുന്നു.

ഒരു കുട്ടിയുടെ ജനനം മുതല്‍ കൗമാരം വരെയുള്ള കാലഘട്ടത്തില്‍ അവരുടെ സ്വഭാവരൂപീകരണത്തില്‍ രക്ഷിതക്കള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മനഃശാസ്ത്രപരമായ പല ചര്‍ച്ചകളും ഈ വിഷയത്തില്‍ നടക്കുന്നുണ്ടെങ്കിലും രക്ഷകര്‍തൃത്വത്തെ സംബന്ധിച്ച് അടിസ്ഥാനപരമായ അറിവുകള്‍ പോലും പലപ്പോഴും എല്ലാവരിലേക്കും എത്താതെ പോകുന്നു.

കുട്ടിയുടെ ജനനം മുതല്‍ കൗമാരം വരെയുള്ള കാലയളവിലെ കുറിച്ചും ഈ പ്രായത്തില്‍ രക്ഷിതാക്കളുടെ സ്വാധീനത്തെ കുറിച്ചും ഓരോ പ്രായത്തിലും കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും വിശകലനം നടത്താം. പ്രശസ്ത മനസത്രജ്ഞന്‍ എറിക്ക് എറിക്സന്റെ stages of psychosocial development പഠനത്തിന്റെ ഭാഗമായി ചിലരെങ്കിലും പഠിച്ചിട്ടുണ്ടാകുമെങ്കിലും സ്വന്തം ജീവിതത്തില്‍ പ്രത്യേകിച്ച് രക്ഷകര്‍തൃത്വത്തില്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് അധികമാരും ചിന്തിച്ചിട്ടുണ്ടാകില്ല. കുട്ടികളിലെ മാനസിക വളര്‍ച്ചയുടെയും വികാസത്തിന്റെയും ഘട്ടങ്ങള്‍ മനസ്സിലാക്കാം.

സാമുഹിക മനോവികാസ ഘട്ടങ്ങള്‍

1. 0 വയസ് മുതല്‍ 1 വയസ് വരെയുള്ള കാലം.( വിശ്വാസം vs അവിശ്വാസം)

  • കുഞ്ഞിനോടുള്ള രക്ഷിതാക്കളുടെ സമീപനം അവരുടെ മനസ്സില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നു.
  • ഈ സമയത്ത് രക്ഷിതാക്കളില്‍ നിന്ന് കുട്ടികള്‍ക്ക്് സ്‌നേഹം ലഭിച്ചില്ലെങ്കില്‍ അവരില്‍ അവിശ്വാസം വളരാന്‍ അത് കാരണമാകും. അത് ഒരിക്കലും രക്ഷിതാക്കളോട് മാത്രമാകില്ല. അവര്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് ചുറ്റുമുള്ള ലോകത്തോട് ഉണ്ടാകേണ്ട വിശ്വാസം ഇക്കാരണത്താല്‍ നഷ്ടമാവുന്നു.
  • ഈ പ്രായത്തില്‍ കുട്ടി തന്റെ എല്ലാ ആവശ്യങ്ങളും അറിയിക്കുന്നത് കരച്ചിലൂടെ മാത്രമാകും. അതുകൊണ്ട് കുട്ടി കരയുന്ന സമയങ്ങളിലെല്ലാം അമ്മ അല്ലങ്കില്‍ ആരാണോ കുട്ടിയുടെ രക്ഷിതാവ് അവര്‍ ഉടന്‍ തന്നെ കുട്ടിക്ക് ശ്രദ്ധനല്‍കേണ്ടതുണ്ട്. കുട്ടി കുറച്ച് കരയട്ടെ, കുറച്ച് കഴിഞ്ഞ് പോയി നോക്കാം എന്ന് ചിന്തിക്കുന്നത് ഈ പ്രായത്തില്‍ തീര്‍ത്തും തെറ്റാണ്
  • കുട്ടി കരഞ്ഞാല്‍ ആശ്വാസമായി അമ്മയോ അടുപ്പമുള്ള മറ്റാരെങ്കിലുമോ ഉടനെ കുട്ടിയുടെ അടുത്ത് ഉണ്ടാകണം, ആശ്വാസവാക്കുകളും സ്പര്‍ശനവും അവരില്‍ കുഞ്ഞുപ്രായത്തില്‍ തന്നെ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.

വിശ്വാസം (Trust):

  • അമ്മയുടെയോ എപ്പോഴും കൂടെ നിന്ന് പരിചരിക്കുന്ന മറ്റൊരാളുടെയോ കരുതലും ആദരവും സ്‌നേഹപരിപാലനവും കുട്ടിയില്‍ വിശ്വാസം വളര്‍ത്തുന്നു.
  • ഭക്ഷണം, സ്നേഹം, സുരക്ഷ എന്നിവ സമയബന്ധിതമായും തുടര്‍ച്ചയായും ലഭിച്ചാല്‍, കുട്ടി ഈ ലോകം വിശ്വസിക്കാവുന്നതാണ് എന്ന് കരുതുന്നു.
  • കുട്ടിയില്‍ വിശ്വാസം വികസിച്ചാല്‍, ആ കുട്ടി ഭാവിയില്‍ ആത്മവിശ്വാസത്തോടെ പരസ്പരബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്ന വ്യക്തിയായി മാറും.

അവിശ്വാസം (Mistrust):

  • നേരെ മറിച്ച് കുട്ടിക്ക് മതിയായ സ്‌നേഹവും പരിപാലനവും പരിഗണനയും ലഭിച്ചില്ലെങ്കില്‍ അവരില്‍ അവിശ്വാസം വളരും.
  • മതിയായ ആഹാരവും സംരക്ഷണവും കിട്ടാതെ വരികയോ, കുറയുകയോ ചെയ്യുമ്പോള്‍ ലോകം അനിശ്ചിതവും ഭയപ്പെടുത്തുന്നതുമാണെന്ന തോന്നല്‍ ആ കുഞ്ഞില്‍ വളരും.
  • അവര്‍ക്ക് ഭാവിയില്‍, അന്യരെ വിശ്വാസിക്കാനോ അവരുമായി ബന്ധം സ്ഥാപിക്കാനോ ബുദ്ധിമുട്ടനുഭവപ്പെടും.

1 വയസ്സ് മുതല്‍ 3 വയസ്സുവരെയുള്ള കാലം( Autonomy Vs Shame and daubt)

  • ഈ പ്രായത്തില്‍ ആണ് കുട്ടികള്‍ സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.
  • അതിനു സമ്മതിക്കാതെ വരുമ്പോള്‍ അവരില്‍ സ്ഥായിയായി എന്തിനും ഏതിനും സംശയങ്ങളും നാണക്കേടും തോനുന്നു...ഈ ഘട്ടത്തില്‍, കുട്ടികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹം തോന്നുന്നു. അവര്‍ക്കു ആഹാരം കഴിക്കല്‍, വസ്ത്രം ധരിക്കല്‍, ചെറുതായി നടക്കല്‍, പുതിയ കാര്യങ്ങള്‍ പരീക്ഷിക്കല്‍ എന്നിവയില്‍ താല്‍പ്പര്യമുണ്ടാകും. മാതാപിതാക്കള്‍ ഇവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് കുട്ടിയുടെ ആത്മവിശ്വാസത്തെയും ഭാവിയെയും നിര്‍ണയിക്കുന്നു.
  • കുട്ടി ഒന്നു വീട്ടില്‍ പടികള്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും അയ്യോ...അരുത് എന്നാണ് സ്‌നേഹ സമ്പന്നനായ നമ്മള്‍ പറയുന്ന ആദ്യത്തെ വാക്. ഇങ്ങനെ പറയുന്ന ഓരോ നോ അല്ലെങ്കില്‍ അരുത് എന്നത് അവരില്‍ സ്വന്തമായി ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അവരുടെ മനസ്സിനുള്ളില്‍ അതിയായ അപ്രാപ്തി (shame and daubt )വളര്‍ന്നു വരികയും തുടന്നുള്ള ജീവിതത്തില്‍ ഉടനീളം അതു ബാധിക്കുകയും ചെയ്യുന്നു....അതിരുകള്‍ നിഷേധിക്കപ്പെട്ട അവരില്‍ ലജ്ജയും സംശയവും ഉണ്ടാകുന്നു. മാതാപിതാക്കള്‍ പിന്തുണയും പ്രോത്സാഹനവും നല്‍കിയാല്‍ കുട്ടികള്‍ക്ക് സ്വയം ആലോചിക്കാന്‍ കഴിയുന്ന വ്യക്തിത്വം വികസിക്കും.
  • 'ഞാന്‍ തന്നെ ചെയ്യാം' എന്ന മനോഭാവം ഇവര്‍ക്ക് ഉണ്ടാകും.
  • ഭാവിയില്‍ അവരെ ആശയക്കുഴപ്പമില്ലാത്ത, തീരുമാനം എടുക്കാന്‍ കഴിയുന്ന വ്യക്തികളാക്കും.
  • മാതാപിതാക്കളുടെ & പരിചരകരുടെ പങ്ക്:
  • കുട്ടികള്‍ക്ക് ചെറിയ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അവസരം നല്‍കുക (ഉദാ: ടോയ്സിനൊപ്പം കളിക്കല്‍, സ്വന്തം കൈകൊണ്ടു ഭക്ഷണം കഴിക്കാന്‍ ശ്രമിക്കല്‍).
  • പരാജയപ്പെട്ടാല്‍ കുറ്റം ചുമത്താതെ, ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
  • അധിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും ഭയപ്പെടുത്തല്‍ ഒഴിവാക്കുകയും വേണം.
  • കുട്ടികളുടെ ചെറിയ വിജയങ്ങളെ ആഘോഷിക്കുക.
  • ഈ ഘട്ടം വിജയകരമായി കടന്നാല്‍, കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകളില്‍ വിശ്വാസം ഉണ്ടായിരിക്കും. അല്ലാത്തപക്ഷം, അവര്‍ക്കു തങ്ങളുടെ കഴിവുകളില്‍ സംശയവും, തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഭയവും ഉണ്ടാകാം.

(തുടരും)

X
Desktop Bottom Promotion