കുഞ്ഞുവാവയ്ക്ക് മാമ്പഴം കൊടുക്കും മുൻപ് അല്‍പം ശ്രദ്ധ..

പഴങ്ങളുടെ രാജാവെന്നാണ് മാമ്പഴം അറിയപ്പെടുന്നത്. മൂത്ത് , പഴുത്ത് മാംസളമായ മാമ്പഴം പല പല പേരുകളിലും ആകൃതിയിലും ഉണ്ട്. വിറ്റാമിനുകൾ , ആവശ്യപോഷകങ്ങൾ എന്നിവയുടെ കലവറയായ മാമ്പഴം അനായാസേന ദഹിക്കുന്നതും അലർജികൾ ഫലപ്രദമായി ചെറുക്കുന്നതുമായ ഒന്നാണ്. സാധാരണയായി കുട്ടികൾക്ക് വളരെ ചെറിയ പ്രായം പ്രായം മുതൽക്കേ മാമ്പഴം നൽകി വരുന്നു. ഗുണങ്ങൾ ഏറെയുള്ള ഫലമാണെങ്കിലും കുട്ടികൾക്ക് കൊടുക്കുമ്പോൾ ഏത് പ്രായം മുതൽ കൊടുക്കാം, എത്ര അളവിൽ കൊടുക്കാം, എങ്ങനെയെല്ലാം കൊടുക്കാം തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

Mango For Babies Benefits

കുഞ്ഞുങ്ങൾക്ക് എപ്പോൾ മാമ്പഴം നൽകാം

പൂർണാരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജനിച്ച് ആറു മാസം മുതൽക്ക് മാമ്പഴം നൽകാവുന്നതാണ്. എന്നാൽ ഇതിനായി തെരഞ്ഞെടുക്കുന്ന മാമ്പഴം ശുദ്ധമാണെന്നും കീടനാശികളൊന്നും തളിക്കാത്തതാണെന്നും ഉറപ്പാക്കുക. തുടക്കത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രം മാമ്പഴം നൽകുക. കുഞ്ഞുവാവ പുതിയ രുചിയോട് ഇണങ്ങുന്നതിനു അനുസൃതമായി കൊടുക്കുന്ന മാമ്പഴത്തിന്റെ അളവ് കൂട്ടാം. തുടക്കത്തിൽ മാമ്പഴം അരച്ച് പ്യരി രൂപത്തിൽ നൽകാം.

അതുമല്ലെങ്കിൽ കുഞ്ഞുകഴിക്കുന്ന കുറുക്ക്, വാഴപ്പഴം അല്ലെങ്കിൽ ബീറ്റ്‌റൂട്ട് പ്യൂരി പോലുള്ള മറ്റു ഭക്ഷണങ്ങൾക്ക് ഒപ്പം ചേർത്ത് നൽകാം. കുഞ്ഞിന് പല്ല് വന്ന ശേഷം ചെറിയ കഷണങ്ങളായി മാമ്പഴം നൽകാവുന്നതാണ്. തൈര്, ചീസ് എന്നിവയ്‌ക്കൊപ്പം ചെറുതായി അരിഞ്ഞ മാമ്പഴം കുഞ്ഞുങ്ങൾ ആസ്വദിച്ചു കഴിക്കാറുണ്ട്.എന്നാൽ മാമ്പഴം അപൂര്വമായി ചില കുഞ്ഞുങ്ങളിൽ ശ്വാസതടസത്തിനു കാരണമാകാറുണ്ട്. അതിനാൽ നന്നായി നിരീക്ഷിച്ചു മാത്രം മാമ്പഴം സ്ഥിരമായി നൽകുക.

ആരോഗ്യകരമായ ഗുണങ്ങൾ

കുട്ടികളുടെ വളർച്ചയെയും ബുദ്ധിവികാസത്തെയും ത്വരിതപ്പെടുത്തുന്ന ഒന്നാണ് മാമ്പഴം, വിറ്റാമിൻ എ പോലെയുള്ള നിരവധി സുപ്രധാന പോഷകങ്ങളാൽ സമ്പുഷ്ടമായപഴമാണ് മാമ്പഴം. ഏറെ ഊർജം ആവശ്യമുള്ള കുഞ്ഞു പ്രായത്തിൽ മാമ്പഴം നൽകുന്നത് ഗുണം ചെയ്യും. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ (ബീറ്റാ കരോട്ടിൻ) ആരോഗ്യമുള്ള ചർമ്മം, മുടിയുടെ വളർച്ച , ശരിയായ കാഴ്ച ശക്തി എന്നിവക്ക് ഗുണകരമാണ്.നാരുകൾ ഏറെ അടങ്ങിയ മാമ്പഴം ദഹനത്തിന് സഹായിക്കുന്നു. 75 ഗ്രാം ഫ്രോസൺ മാമ്പഴത്തിൽ 1.2 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിലെ ഡയറ്ററി ഫൈബർ കുട്ടികളിലെ മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു.

വിറ്റാമിൻ എ, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ തുടങ്ങിയ നിരവധി ഫൈറ്റോകെമിക്കലുകളുടെ മികച്ച ഉറവിടമായ മാമ്പഴം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.മാത്രമല്ല, മാമ്പഴത്തിന് ചെറിയ അളവിൽ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി 6 എന്നിവ നൽകാൻ കഴിയും. വിവിധ ശാരീരിക പ്രവർത്തനങ്ങൾ നടത്താൻ കുഞ്ഞുങ്ങൾക്ക് ഈ പോഷകങ്ങൾ ആവശ്യമാണ്.

നല്ല മാമ്പഴം എങ്ങനെ തെരഞ്ഞെടുക്കാം?

കുഞ്ഞുങ്ങൾക്ക് നൽകുന്നതിനായി മാമ്പഴം തെരഞ്ഞെടുക്കുമ്പോൾ ജൈവ മാമ്പഴം വാങ്ങുന്നതിനായി ശ്രമിക്കുക. കൂടുതൽ ഭാരമുള്ളതും മാംസളമായതുമായ മാമ്പഴം തെരഞ്ഞെടുക്കുക. മാമ്പഴം കറുത്ത കുഴികളോ ചതവുകളോ മുറിവുകളോ ഇല്ലാത്തതാണെന്ന് ഉറപ്പാക്കുക. ഇത്തരം മാമ്പഴത്തിൽ കീടങ്ങൾ കയറിപ്പറ്റാനുള്ള സാധ്യത ഏറെയാണ്.

മാമ്പഴം കയ്യിൽ പിടിച്ച് മെല്ലെ അമർത്തുക. ഇതിലൂടെ പഴുപ്പ് എത്രത്തോളമുണ്ടെന്ന് മനസിലാക്കാം. മധുരമുള്ള മാമ്പഴത്തിനു സുഗന്ധവും ഉണ്ടാകുമെന്നാണ് പറയുന്നത്. അതിനാൽ ഗന്ധം നോക്കിയും നല്ല മാമ്പഴം തിരിച്ചറിയാം.തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം മാമ്പഴം റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.

അധികം പഴുക്കാത്ത മാമ്പഴമാണ്‌ കിട്ടുന്നതെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കാതെ അന്തരീക്ഷോഷ്മാവിൽ വച്ച് പഴുപ്പിക്കുക. നന്നായി പഴുത്ത മാമ്പഴം കഴിയുന്നതും വേഗം കഴിക്കുക.മുറിച്ച മാമ്പഴം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ വായു കടക്കാത്ത ഗ്ലാസ് പാത്രത്തിലോ BPA രഹിത പ്ലാസ്റ്റിക് പാത്രത്തിലോ മാത്രം സൂക്ഷിക്കുക. ആറ് മാസം വരെ ഫ്രീസറിൽ മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.

കുഞ്ഞുങ്ങൾക്ക് മാമ്പഴം നൽകാനുള്ള വഴികൾ

വളരെ മൃദുവായ പഴമായത് കൊണ്ട് തന്നെ സാധാരണയായി മാമ്പഴം ഉടച്ച്, പ്യൂരി രൂപത്തിലാണ് കുഞ്ഞുങ്ങൾക്ക് നൽകുക. മാമ്പഴ ജ്യൂസ് ഡോക്റ്ററുടെ നിർദേശപ്രകാരം നൽകാവുന്നതാണ്. ഉണങ്ങിയ മാമ്പഴം കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഒഴിവാക്കുക. ഇത് ശ്വാസംമുട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഉണങ്ങിയ മാങ്ങാ കഷണങ്ങൾ വെള്ളത്തിൽ കുതിർത്ത് വീണ്ടും ഹൈഡ്രേറ്റ് ചെയ്ത് പാചകം ചെയ്ത് നൽകാവുന്നതാണ്. തീരെ ചെറിയ കുഞ്ഞുങ്ങളെ സംബന്ധിച്ച് ഒന്നോ രണ്ടോ ടീസ്പൂൺ മാമ്പഴം അല്ലെങ്കിൽ മാഷ് ചെയ്ത് നൽകുക എന്നതാണ് ഉത്തമം. മാമ്പഴം കഴിച്ച ശേഷം ചൊറിച്ചിൽ , ചർമം വരളുക തുടങ്ങി ഏതെങ്കിലും രീതിയിലുള്ള പ്രയാസം അനുഭവപ്പെടുകയാണെങ്കിൽ ഡോക്റ്ററെ കാണണം.

Story first published: Tuesday, June 4, 2024, 23:30 [IST]
X
Desktop Bottom Promotion