For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളിലെ ദന്ത പരിചരണം

|

കുഞ്ഞിപ്പല്ല് കാട്ടി കുട്ടികൾ ചിരിക്കുന്നത് കാണാനെന്ത് ഭം​ഗിയാണ്. അതോടൊപ്പം പല്ലില്ലാത്ത മോണ കാണിച്ചുള്ള ചിരി കാണുന്നത്, പല്ലില്ലാ മോണയിൽ നിന്ന് പല്ലുകൾ വരുമ്പോൾ എങ്ങനെയാണ്‌ അതു സംരക്ഷിക്കേണ്ടത്, എപ്പോഴാണ് കുഞ്ഞുങ്ങളെ ദന്ത ഡോക്ടറെ കാണിക്കേണ്ടത് എന്നതെല്ലാം നമ്മളെ കുഴക്കുന്ന ചോദ്യങ്ങളാണ്. കുഞ്ഞിപ്പല്ല് കാണുന്നത് സന്തോഷമാണ് എന്നാൽ ഈ സന്തോഷത്തിനിടെ കുഞ്ഞുങ്ങള്‍ ശാരീരിക വിഷമതകളിലൂടെ കടന്നുപോകുന്നതിനും നാം സാക്ഷിയാകേണ്ടി വരും. പല്ലുമുളയ്‌ക്കുന്നത്‌ ഇത്തരമൊരു സാഹചര്യമാണ്‌.

aw3

ശരീരത്തിലേക്കുള്ള കവാടം എന്നാണ് വായ് വിശേഷിപ്പിക്കപ്പെടുന്നത്. ആരോഗ്യമുള്ള വായിൽ ഉറച്ച പല്ലുകളും ദൃഢമായ മോണകളുമുണ്ടാകും. പല്ലിന്റെ വളർച്ച ഗർഭസ്ഥ ശിശുവിൽനിന്ന് തുടങ്ങുന്നു. മുഖസൌന്ദര്യത്തിൽ ഏറ്റവും വലിയ മുതൽക്കൂട്ടായ പല്ലുകളാണ് മനോഹരമായ പുഞ്ചിരിയിലൂടെ ഒരു വ്യക്തിയെ ആകർഷണീയനാക്കുന്നത്. ഒപ്പം ആഹാരപദാർഥങ്ങൾ ചവച്ചരയ്ക്കുന്നതിലും ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിലും പല്ലുകൾ വഹിക്കുന്ന പങ്ക് നിസ്തുലം തന്നെ. വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ കൂടുതലും പല്ലിനെ ബാധിക്കുന്നവയാണ്. കുട്ടികളിൽ സർവസാധാരണമായി കണ്ടുവരുന്ന രോഗങ്ങളാണ് പല്ലുദ്രവിക്കലും മോണരോഗങ്ങളും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ജനിക്കുമ്പോഴുണ്ടാകുന്ന പല്ലുകള്‍

ജനിക്കുമ്പോഴുണ്ടാകുന്ന പല്ലുകള്‍

കുട്ടികളുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘട്ടമാണ്‌ പല്ല്‌ വരാന്‍ തുടങ്ങുന്നതും പല്ലുകള്‍ കൊഴിഞ്ഞ്‌ പുതിയവ പൊടിയ്‌ക്കുന്നതും. ഈ സമയത്ത്‌ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന വേദന അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിന്‌ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

കുഞ്ഞുങ്ങളിൽ പല്ല് മുളക്കുന്ന പല ഘട്ടങ്ങൾ

ആറു മാസം മുതലാണ്‌ പാല്‍ പല്ല് (primary teeth) മുളയ്ക്കാന്‍ തുടങ്ങുക . ആറു വയസ്സ് മുതല്‍ സാധാരണ പല്ലുകളും (permanent tooth) വരാന്‍ തുടങ്ങുന്നു.കുഞ്ഞുങ്ങളുടെ ഓരോ പാല്‍ പല്ലും ഇളകാന്‍ തുടങ്ങുന്നത് താഴ്ഭാഗത്തായി സ്ഥിരമായി വായിലുണ്ടാകേണ്ട പല്ലുകള്‍ (permanent tooth) വരാന്‍ തുടങ്ങുമ്പോഴാണ്. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോള്‍ത്തന്നെ പല്ലുകള്‍ കണ്ടുവരാറുണ്ട്. ഇവ നേറ്റല്‍ പല്ലുകള്‍ (natal teeth) എന്നറിയപ്പെടുന്നു. ചില കുഞ്ഞുങ്ങളില്‍ , ജനിച്ച് 30 ദിവസത്തിനകം പല്ലുകള്‍ മുളച്ചുവരും. ഇവ നിയോനേറ്റല്‍ റ്റീത്ത് (neonatal teeth) എന്നറിയപ്പെടുന്നു.ചില അവസരങ്ങളില്‍ 6 മാസത്തിനുമുമ്പ് പല്ലുകള്‍ മുളച്ചു തുടങ്ങാറുണ്ട്. മറ്റു ചിലപ്പോള്‍ രണ്ടോ മൂന്നോ മാസംകൂടി താമസിച്ചു മാത്രമേ പല്ലുകള്‍ മുളച്ചു തുടങ്ങുകയുള്ളൂ. ഇത് അത്ര ഗൌരവമായി കണക്കാക്കേണ്ടതില്ല.ജനിക്കുമ്പോഴുണ്ടാകുന്ന പല്ലുകള്‍ മുലയൂട്ടുമ്പോള്‍ പ്രയാസമുണ്ടാക്കുന്നു എങ്കില്‍ ഇവ എടുത്തു കളയുന്നതില്‍ തെറ്റില്ല.പല്ല് മുളയ്ക്കുന്ന ഘട്ടത്തില്‍ കുഞ്ഞുങ്ങളില്‍ പനി, ഉറക്കമില്ലായ്മ ,വിശപ്പില്ലായ്മ , തുടര്‍ച്ചയായ കരച്ചില്‍ എന്നിവ കാണപ്പെടാറുണ്ട്. സ്ഥിരമായി വരുന്ന പല്ലുകളുടെ (permanent tooth) വലിപ്പം പാല്‍ പല്ലുകലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലുതാണെന്ന് തോന്നിക്കുമെങ്കിലും താടിയെല്ലുകളുടെ ക്രമാനുസൃതമായ വളര്ച്ചയ്ക്കൊപ്പം ഇത് അവരുടെ മുഖത്തിന്‌ ചേര്‍ന്നതായി മാറുന്നു.

ചെറിയ രൂപത്തിലുള്ള പാൽപ്പല്ലുകൾ

ചെറിയ രൂപത്തിലുള്ള പാൽപ്പല്ലുകൾ

പാല്‍ (primary teeth) പല്ലുകള്‍ എന്ന ഗണത്തില്‍ ഇരുപതു പല്ലുകളാണ് ഒരു കുഞ്ഞിനുണ്ടാവുക. ഘടനയിലും എണ്ണത്തിലും ഇത് സാധാരണ പല്ലുകളില്‍ നിന്നും വ്യത്യസ്തമാണ്.ലോകജനസംഖ്യയില്‍ 90 ശതമാനത്തിലധികം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ ഇക്കാര്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ മുന്നില്‍ നില്ക്കുന്നു.

ദ്രവരൂപത്തിലുള്ള ഭക്ഷണക്രമത്തിൽനിന്ന് കട്ടിയുള്ള ആഹാര രീതിയിലേക്കു മാറുന്നതിന് കുട്ടിയെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയാണ് ചെറിയ രൂപത്തിലുള്ള പാൽപ്പല്ലുകൾ രൂപപ്പെട്ടുവരുന്നത്. ഘട്ടം ഘട്ടമായി താടിയെല്ലിനുള്ളിൽ രൂപപ്പെടുന്ന സ്ഥിരം പല്ലുകൾ നേരായ രീതിയിൽ പൊടിച്ചുവരാൻ വഴികാട്ടിയായും പാൽപ്പല്ലുകൾ സഹായകമാകുന്നു. പാൽപ്പല്ലുകൾ ആഹാരം ചവച്ചരയ്ക്കുന്നതിനും സംസാരശേഷി വികസനത്തിനും സഹായിക്കുന്നു. കുട്ടികളുടെ സമഗ്ര വികസനത്തിൽ പാൽപ്പല്ലുകൾക്ക് പ്രധാന സ്ഥാനമാണുള്ളത്.

 കുഞ്ഞുങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പല്ലിന്റെ പ്രശ്നങ്ങൾ ; നഴ്സിങ് ബോട്ടിൽ സിൻഡ്രൊം

കുഞ്ഞുങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പല്ലിന്റെ പ്രശ്നങ്ങൾ ; നഴ്സിങ് ബോട്ടിൽ സിൻഡ്രൊം

പാൽപ്പല്ലുകളിൽ കണ്ടുവരുന്ന ഒരു തരം ദന്തക്ഷയമാണ് നഴ്സിങ് ദന്തക്ഷയം. ഇപ്പോൾ ഇത് ഏർലി ചൈൽഡ്ഹുഡ് കാരിസ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കുഞ്ഞുങ്ങളിലുണ്ടാകുന്ന പല്ലുകളുടെ കേടാണിത്. ഉറക്കത്തിൽ ഉമിനീർ ഉത്പാദനം കുറവായതിനാൽ രാത്രിയിൽ കുഞ്ഞു കുടിക്കുന്ന പാൽ, പഴച്ചാറുകൾ, മറ്റു മധുരപാനീയങ്ങൾ തുടങ്ങിയവ പാൽപ്പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുവാനുള്ള സാധ്യത കൂടുതലാണ്. വായിൽ സാധാരണയായി ധാരാളം രോഗാണുക്കൾ കണ്ടുവരാറുണ്ട്.

ചില രോഗാണുക്കൾ പല്ലിനുചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന പദാർഥങ്ങളുമായി പ്രവർത്തിച്ച് അമ്ലം അഥവാ ആസിഡ് ഉണ്ടാകുന്നു. ഇത് പല്ലിനെ ദ്രവിപ്പിക്കുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് പല്ല് മുളച്ചുവന്നപ്പോൾത്തന്നെ പൊടിഞ്ഞുപോയി എന്ന് ആവലാതിപ്പെടാറുള്ളത്. മുകളിലത്തെ മുൻവരി പല്ലുകളിലാണ് ദ്രവിക്കൽ തുടങ്ങുന്നത്. പിന്നീട് പല്ലിനു ചുറ്റും വ്യാപിക്കുകയും പല്ലുകൾ പൊടിഞ്ഞുപോവുകയും ചെയ്യുന്നു. കുട്ടിക്ക് പല്ലു തേക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും വേദന അനുഭവപ്പെടാം. ചില അവസരങ്ങളിൽ പല്ലുകൾ കുറ്റിപ്പല്ലുകളായി ബ്രൌൺ നിറത്തിൽ വേദനയില്ലാതെ വായിൽ നിലകൊള്ളുന്നു. എന്നാൽ ചില കുട്ടികളിൽ പഴുപ്പും വേദനയും നീരും അതോടനുബന്ധിച്ച് പനിയും വയറിളക്കവും ഉണ്ടാകുന്നു. ഇത് നഴ്സിങ് ബോട്ടിൽ സിൻഡ്രൊം എന്ന് അറിയപ്പെടുന്നു.

 പാൽപ്പല്ലുകൾ

പാൽപ്പല്ലുകൾ

കുട്ടികളിൽ പല്ലുകൾക്കുണ്ടാകുന്ന കേടുകൾ ആരംഭത്തിൽ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് കാണപ്പെടുന്നത്. പിന്നീട് പല്ലിനു വേദനയുണ്ടാകുമ്പോഴാണ് കുട്ടിയുടെ പല്ലിനു കേടുണ്ടായ വിവരം മുതിർന്നവർ അറിയുന്നത്. പൊഴിഞ്ഞുപോകുന്നവ എന്ന കാരണത്താൽ പാൽപ്പല്ലുകൾക്കുണ്ടാകുന്ന കേടുകൾക്ക് പലരും വലിയ ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ പാൽപ്പല്ലുകൾ അവശ്യം സംരക്ഷിക്കേണ്ടവയാണ് എന്നത് ഓർക്കേണ്ട വസ്തുതയാണ്.

കുഞ്ഞരിപ്പല്ലുകളുടെ ആരോഗ്യകാര്യത്തില്‍ രക്ഷിതാക്കള്‍ കുറച്ചപേർ സ്വീകരിക്കുന്ന ഉദാസീന നിലപാട് മാറ്റാൻ സമയമായിരിക്കുന്നു.

പല്ലു വരുന്നതിന് മുന്നോടിയായി കുഞ്ഞുങ്ങളിൽ വരുന്ന മാറ്റങ്ങൾ

പല്ലു വരുന്നതിന് മുന്നോടിയായി കുഞ്ഞുങ്ങളിൽ വരുന്ന മാറ്റങ്ങൾ

മിക്ക കുഞ്ഞുങ്ങളിലും കണ്ടു വരുന്ന ഒന്നാണ് പല്ല് മുളയ്ക്കുമ്പോൾ മോണ ചുവന്നു തടിക്കുകയും പനിയും വയറിളക്കവും ഉണ്ടാവുകയും വായിൽനിന്ന് ഉമിനീർ ധാരാളമായി ഒലിക്കുകയും ചെയ്യുന്നു. കുട്ടിക്ക് അസ്വസ്ഥതയും വിശപ്പില്ലായ്മ, കരച്ചിൽ, ഉറക്കമില്ലായ്മ മുതലായവയും കണ്ടുവരുന്നു. ഇതിനെ റ്റീത്തിങ് സിക്നസ്സ് (Teething sickness) എന്നു പറയുന്നു.

എന്ത് കഴിച്ചാലും വായ കഴുകിപ്പിക്കുക

എന്ത് കഴിച്ചാലും വായ കഴുകിപ്പിക്കുക

ആറുമാസം കൂടുമ്പോള്‍ ഒരു ദന്ത ചികിത്സകനെ കണ്ടുള്ള പരിശോധന , രോഗം വരാതെ നോക്കാന്‍ ഉപകരിക്കുന്നു. fluoride application പോലുള്ള മുന്കരുതല്‍ ചികിത്സകള്‍ പല്ലുകള്‍ മുളയ്ക്കുന്ന സമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി നിര്മിക്കപ്പെടുന്ന മരുന്നുകളും ഭക്ഷണ സാധനങ്ങളും അവരെ അതിലേക്കാകര്ഷികാന്‍ മധുരം കൂടുതല്‍ ഉള്ളവയായിരിക്കും.എന്ത് കഴിച്ചാലും വായ കഴുകിപ്പിക്കുക എന്ന ശ്രമകരമായ ജോലി കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. മധുരം പല്ലിനെ കേടുവരുത്തുന്ന ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു അതിനാൽ എത്ര പാടുപെട്ടാണെങ്കിലും വായ വൃത്തിയായി കഴുകാൻ ശീലിപ്പിക്കുക.

മുലയൂട്ടലിന് ശേഷം നഞ്ഞ കോട്ടണ്‍കൊണ്ടോ മൃദുലമായ തുണികൊണ്ടോ കുട്ടിയുടെ ചുണ്ടുകള്‍ തുടച്ച് വൃത്തിയാക്കുന്നത് രോഗാണുക്കളുടെ വളര്‍ച്ചയെ തടയുന്നു. അതോടൊപ്പം മോണയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പല്ല് മുളച്ചതിന് ശേഷം സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് ദന്തശുചീകരണം തുടങ്ങാവുന്നതാണ്. 3- 4 വയസായിക്കഴിഞ്ഞാല്‍ ദിവസേന രണ്ട് തവണ ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദന്തശുചീകരണം നടത്തുന്നത് കുഞ്ഞിന് ശീലമാക്കണം.

ല്ലുതേപ്പിക്കാന്‍ ശ്രദ്ധിക്കണം

ല്ലുതേപ്പിക്കാന്‍ ശ്രദ്ധിക്കണം

പാല്‍കുപ്പി വായില്‍ വച്ചു കൊടുത്തുകൊണ്ട് കുഞ്ഞിനെ ഉറക്കുന്നശീലം ഒഴിവാക്കുക. ഇത് മുകളിലെ മുന്‍നിരപ്പല്ലുകള്‍ കേടുവരുന്നതിന് കാരണമാകുന്നു. തെറ്റായ രീതിയിലുള്ള ബ്രഷിങ്ങ് ആണ്., bleeding gums പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാവുന്നത്.വായില്‍ പല്ല് മുളച്ചു വന്നു തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം.

രാവിലെയും രാത്രി കിടക്കുന്നതിനു മുന്പും പല്ലുതേപ്പിക്കാന്‍ ശ്രദ്ധിക്കണം.ബ്രഷിന്റെ നാരുകള്‍ വലിയുന്നത് വരെ മാത്രമേ ഉപയോഗിക്കാവു.രണ്ടു മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റുന്നതാണ് ഉത്തമം. ഇങ്ങനെ പലതരത്തിൽ കുഞ്ഞുങ്ങൾക്ക് വരാവുന്ന പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൃത്യമായ പരിചരണത്തിലൂടെ മാറ്റാവുന്നതാണ്.

Read more about: kids care കുഞ്ഞ്
English summary

teething-in-toddlers-what-are-its-symptoms

Teething symptoms and solutions in kids, Curious Behaviors ,
Story first published: Wednesday, July 25, 2018, 14:39 [IST]
X
Desktop Bottom Promotion