എപ്പോഴും ക്ഷീണം, തലകറക്കം; ഗര്‍ഭിണികളിലെ അനീമിയ ഗുരുതര പ്രശ്‌നം

Anemia During Pregnancy: മാറ്റങ്ങളുടെ കാലമാണ് ഗർഭകാലം. എന്നാൽ ഈ മാറ്റങ്ങൾ ഓരോ ഗർഭിണികൾക്കും വ്യത്യസ്തമാണ്. അതിൽ വളരെ സാധാരണയായി പല ഗർഭിണികൾക്കും കണ്ടു വരുന്ന ഒരു ഗർഭകാല പ്രശ്‌നമാണ് അനീമിയ അഥവാ വിളർച്ച. ഗർഭകാലത്തു വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ് വിളർച്ച. പ്രത്യേകിച്ച് ഗർഭത്തിന്റെ അവസാന ഘട്ടത്തിൽ. കാരണം അമ്മയ്ക്കും കുഞ്ഞിനും ഗുരുതര പ്രശ്‍നങ്ങൾ അനീമിയ കാരണം ഉണ്ടാകാം.

അനീമിയ ആർക്കും ഉണ്ടാകാം. നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ കുറവ് ഉണ്ടാകുന്നതിനെയാണ് അനീമിയ അഥവാ വിളർച്ച എന്ന് പറയുന്നത്. ശരീരകോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ജോലി ചെയ്യുന്നവരാണ് ചുവന്ന രക്താണുക്കൾ. അതുകൊണ്ട് തന്നെ ഇവയുടെ അഭാവം നമുക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. 400 ലധികം വ്യത്യസ്ത തരത്തിലുള്ള വിളർച്ച ഉണ്ട്. അവയ്ക്കുള്ള കാരണങ്ങളും വ്യത്യസ്‍തമാണ്. എന്നാൽ ഗർഭിണികളിൽ കാണുന്ന വിളർച്ച വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്.

Anemia During Pregnancy

ഗർഭകാലത്ത് ഒരു സ്ത്രീക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭസ്ഥ ശിശുവിന്റെ വികാസത്തിന് സ്ത്രീ ശരീരത്തിന് അധിക രക്തം ആവശ്യമാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, ഗർഭകാലത്ത് വിളർച്ച അനുഭവപ്പെടാം. ഇത് മാസം തികയാതെയുള്ള പ്രസവം, ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കുക , അമ്മയ്ക്ക് അപകടം എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ അനീമിയ കണ്ടുപിടിച്ചു കൃത്യസമയത്തു അതിനുള്ള പരിഹാരങ്ങൾ കാണേണ്ടതാണ്. ഗർഭിണികളിലെ അനീമിയയുടെ ലക്ഷണങ്ങളും അവ തടയുന്ന വിധവും ചുവടെ കൊടുക്കുന്നു.

ഗർഭകാല അനീമിയയുടെ കാരണങ്ങൾ

ഗർഭാവസ്ഥയിൽ മൊത്തത്തിലുള്ള രക്തത്തിന്റെ അളവ് വർദ്ധിക്കുന്നുണ്ടെങ്കിലും, പ്ലാസ്മയുടെ അളവ് ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിക്കുന്നതിനേക്കാൾ വർദ്ധിക്കുന്നു. ഇത് രക്തപരിശോധനയിൽ ചുവന്ന രക്താണുക്കളുടെ അളവ് കുറവായി രേഖപ്പെടുത്തുന്നു. ശരീരത്തിലെ ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയുടെ മറ്റൊരു കാരണം. ഇത് ഹീമോഗ്ലോബിന്റെ ഉത്പാദനം കുറയുന്നതിന് ഇടയാക്കുന്നു.

എന്നിരുന്നാലും, കുഞ്ഞിന് ശരിയായ പോഷണം ലഭ്യമാക്കാൻ ശരീരം കൂടുതൽ പരിശ്രമിക്കുകയും രക്തത്തിന്റെ അളവ് 45 ശതമാനത്തോളം വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനെ ഫിസിയോളജിക്കൽ അനീമിയ എന്ന് പറയുന്നു. കുഞ്ഞു ജനിക്കുന്ന കാലഘട്ടത്തിൽ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ അനീമിയയാണ് ഇത്, ഇത് ഒരു രോഗാവസ്ഥയല്ല.

ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന വിളർച്ചയുടെ മറ്റ് രണ്ട് കാരണങ്ങൾ ഫോളേറ്റ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവാണ്. ഗർഭിണികൾക്ക് ഏറെ ആവശ്യമുള്ള ഫോളിക് ആസിഡ് വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്, കുഞ്ഞിന്റെ തലച്ചോറിലെ പ്രശ്‍നങ്ങൾ ,നാഡി പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ ഇത് അത്യാവശ്യമാണ്. അതിനാൽ ഫോളിക് ആസിഡിന്റെ അഭാവം ഗർഭിണികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ തന്നെ വിറ്റാമിൻ ബി 12 ശരീരത്തിൽ ചുവന്ന രക്താണുക്കൾ ഉണ്ടാക്കാൻ സഹായിക്കുന്ന വിറ്റാമിനാണ്. മത്സ്യം,മാംസം,മുട്ട,ചിക്കൻ എന്നിവയിലെല്ലാം ഇത് അടങ്ങിയിരിക്കുന്നു.

ഗർഭകാല അനീമിയയുടെ ലക്ഷണങ്ങൾ

പ്രാരംഭലക്ഷണങ്ങളിലൂടെ അനീമിയ കണ്ടെത്താനായാൽ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. ഇത് ഗർഭകാല സങ്കീർണ്ണതകൾ കുറയ്ക്കുകയും ചെയ്യും. താഴെപ്പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ വേണ്ട മുൻകരുതലുകൾ എടുക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയും വേണം. ഗർഭകാല അനീമിയയുടെ ലക്ഷണങ്ങൾ ഇവയാണ്.

* എല്ലായ്‌പ്പോഴും ക്ഷീണവും ബലഹീനതയും
* തലകറക്കം
* ക്ഷീണം
* ക്രമരഹിതമായ ഹൃദയമിടിപ്പ്
* നെഞ്ച് വേദന
* തലവേദന
* വിളറിയ ചുണ്ടുകൾ, നഖങ്ങൾ, ത്വക്ക്
* ശ്വാസം മുട്ടൽ

ഗർഭകാല അനീമിയ ഗുരുതരമാക്കുന്ന ഘടകങ്ങൾ

ഗർഭകാലത്ത് അനീമിയ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഗർഭകാല അനീമിയ ഗുരുതരമാക്കുന്ന ചില ഘടകങ്ങൾ ചുവടെ കൊടുക്കുന്നു.
* അടുപ്പിച്ചുള്ള ഗർഭധാരണം
* ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നത്
* ഒരേ സമയം ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിക്കുക
* തുടർച്ചയായ മോർണിംഗ് സിക്നെസ്
* നേരത്തെ അനീമിയ ഉണ്ടായിരിക്കുക
* ഗര്ഭിണിയാകുന്നതിനു മുൻപുള്ള ആർത്തവത്തിൽ ധാരാളം രക്തം പോകുക

ഗർഭകാല അനീമിയ തടയാനുള്ള വഴികൾ

*ഭക്ഷണത്തിൽ വിറ്റാമിൻ,അവശ്യ പോഷകങ്ങൾ എന്നിവ ഉൾപ്പെടുത്തുക. കൂടാതെ ഫോളിക് ആസിഡ്,അയൺ എന്നിവയും ചേർക്കുക.
*ഇരുമ്പിന്റെ അഭാവം മൂലമാണ് നിങ്ങൾക്ക് അനീമിയ ഉണ്ടായിരിക്കുന്നതെങ്കിൽ ഡോക്ടറെ സമീപിക്കുക. ഡോക്ടർ നിങ്ങൾക്ക് വേണ്ട അയൺ സപ്ലിമെന്റുകളും വിറ്റാമിനുകളും നിർദ്ദേശിക്കുന്നതാണ്.
*പോഷകസമൃദ്ധമായ ഭക്ഷണം,മത്സ്യം,മാംസം,ചുവന്ന മാംസം,ബീൻസ്,നട്സ്,വിത്തുകൾ,ഇലക്കറികൾ, ധാന്യങ്ങൾ,മുട്ട,പഴവർഗങ്ങൾ ,പഴം,മെലൺ എന്നിവയെല്ലാം ഇരുമ്പിന്റെ സ്രോതസ്സുകളാണ്.ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

Story first published: Sunday, June 2, 2024, 21:45 [IST]
X
Desktop Bottom Promotion