For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്ക് പോകുന്ന ഗർഭിണികൾ ശ്രദ്ധിക്കേണ്ടവ

|

ഗർഭകാലം ബുദ്ധിമുട്ട് നിറഞ്ഞ ഒരു സമയമാണ്. മനോഹരം, സുന്ദരം എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും ഗർഭകാലം വെല്ലുവിളികളുടെ സമയം തന്നെയാണ്. ശരീരത്തിൽ വരുന്ന വിവിധ മാറ്റങ്ങളോട് പൊരുത്തപ്പെടണം. അസ്വസ്ഥതകളെ നേരിടണം. ഇതിനൊക്കെ പുറമെയാണ് ജോലിക്ക് പോകുന്ന ബുദ്ധിമുട്ടുകൾ.

eg

ജോലിക്ക് പോകുന്ന ഗർഭിണികൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെ എന്നു നോക്കാം. ഗർഭത്തോടനുബന്ധിച്ച് ഉണ്ടാകുന്ന മനംപുരട്ടൽ, ഛർദ്ദി, തലവേദന, മാനസികമായി വരുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവയെ നേരിടണം. ഇവ ജോലിക്ക് തടസ്സമാകാതെ ശ്രദ്ധിക്കണം. ശാരീരിക അദ്ധ്വാനമുള്ള ജോലി ചെയ്യുന്ന ഗർഭിണിക്കും ഒാഫീസിൽ ജോലി ചെയ്യുന്ന ഗർഭിണിക്കും ഇതൊക്കെ നേരിടാതെ വയ്യ. ഇത്തരം ബുദ്ധിമുട്ടുകൾ ഗർഭകാലത്ത് എപ്പോൾ വേണമെങ്കിലും വരാം. അതുകൊണ്ട് അവയെ നേരിടാൻ സജ്ജമായിരിക്കുകയേ വഴിയുള്ളൂ.

ഭക്ഷണം കഴിക്കണം

ഭക്ഷണം കഴിക്കണം

• ഇടക്കിടെ ഭക്ഷണം കഴിക്കണം. എപ്പോഴും വിശന്നു മരിക്കാൻ പോകുന്ന പോലെ തോന്നും കാരണം രണ്ടു പേർക്കാണ് ശരീരം ഭക്ഷണം സ്വീകരിക്കുന്നത്. അമ്മക്കും കുഞ്ഞിനും. അതുകൊണ്ടു ലഘുഭക്ഷണങ്ങൾ ധാരാളം കയ്യിൽ കരുതണം. പഴങ്ങൾ, ഡ്രൈഫ്രൂട്ട്സ്, സലാഡ്, മധുരപലഹാരങ്ങൾ എന്നിങ്ങനെ. ഗർഭിണിക്കിഷ്ടപ്പെട്ട സാധനങ്ങൾ കരുതുന്നതാണ് നല്ലത്. മനംപുരട്ടൽ എന്തായാലും ഉണ്ടാകും. അതുകൊണ്ട് ഇഷ്ടമില്ലാത്ത ഗന്ധങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ശ്രദ്ധിക്കണം.

• വെള്ളം ധാരാളം കുടിക്കണം. വീട്ടിൽ നിന്നും വെള്ളം കൊണ്ടുവരുന്നതാണ് നല്ലത്. ഫിൽറ്റർ ചെയ്ത ശുദ്ധജലം കുടിക്കുക. പാക്കറ്റിലും ബോട്ടിലിലും കിട്ടുന്ന പഴച്ചാർ ഒഴിവാക്കണം. അവ കലോറി മൂല്യം കൂടിയതാണ്. കൂടാതെ അവ ചിലപ്പോഴൊക്കെ മനംപുരട്ടൽ ഉണ്ടാക്കും. സോഡ, കാപ്പി, ചായ എന്നിവയൊക്കെ കർശനമായി നിയന്ത്രിക്കുക. കഫീൻ ഈയവസ്ഥയിൽ ശരീരത്തിനു നല്ലതല്ല.

ഒറ്റയിരിപ്പിനു ജോലി ചെയ്യരുത്

ഒറ്റയിരിപ്പിനു ജോലി ചെയ്യരുത്

ഇടക്കിടെ ബ്രേക്ക് എടുക്കണം. ഒരുപാട് മണിക്കൂറുകൾ ഒറ്റയിരിപ്പിനു ജോലി ചെയ്യരുത്. ഇടക്കിടെ അഞ്ചോ പത്തോ മിനിറ്റ് ചുറ്റി നടക്കണം. അത് ശരീരത്തിനും മനസ്സിനും ഉണർവ് പകരുകയും ദിവസം മുഴുവൻ നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്ക് ശരീരത്തെ സജ്ജമാക്കുകയും ചെയ്യുന്നു.

• തുറന്നു സംസാരിക്കുക. ഗർഭകാലത്ത് ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും. എത്രയൊക്കെ തയ്യാറെടുത്താലും പലപ്പോഴും എന്തു ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥ ഉടലെടുത്തേക്കാം. ഇതേ അവസ്ഥയിൽ കൂടി കടന്നു പോയിട്ടുള്ള സഹപ്രവർത്തകരോടും കൂട്ടുകാരോടും തുറന്നു സംസാരിക്കുക. സ്വന്തം ഭയാശങ്കകളെ കുറിച്ച് പറയുക. സഹപ്രവർത്തകർ പലപ്പോഴും വിലമതിക്കാനാവാത്ത വൈകാരിക പിൻതുണ തരും.

• വ്യായാമം ചെയ്യണം. തിരക്കു പിടിച്ച ജീവിത ക്രമത്തിൽ പലപ്പോഴും വ്യായാമം ചെയ്യാൻ വിട്ടു പോകും. പക്ഷെ വ്യായാമം അത്യാവശ്യമാണെന്നു ഒാർക്കണം. ദിവസവും രാവിലെയും വൈകിട്ടും നടക്കാൻ പോവുക. ലളിതമായ യോഗാസനങ്ങളും മറ്റ് വ്യായാമമുറകളും ചെയ്യാം. ഡോക്ടറുടെ അനുവാദത്തോടെ ഗർഭിണികൾക്കായി നടത്തുന്ന വ്യായാമ ക്ലാസ്സിൽ ചേരുന്നത് നല്ലതാണ്.

ഭർത്താവിനെ ജോലികൾ ഏൽപ്പിക്കാം

ഭർത്താവിനെ ജോലികൾ ഏൽപ്പിക്കാം

• മരുന്ന് കഴിക്കാൻ മറക്കരുത്. ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള വൈറ്റമിൻ, അയേൺ മരുന്നുകൾ, മറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അവയും കൃത്യസമയത്തിനു കഴിക്കണം. അവ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മറന്നു പോകും എന്നു സംശയം തോന്നിയാൽ മൊബൈലിൽ അലാറം വെക്കുക.

• സഹായം മടിയില്ലാതെ സ്വീകരിക്കുക. എല്ലാ ജോലികളും ഒറ്റക്ക് ചെയ്ത് സൂപ്പർ വുമൺ ആകണമെന്നില്ല. ഭർത്താവിനെ ജോലികൾ ഏൽപ്പിക്കാം. ഒാഫീസിൽ സഹപ്രവർത്തകരുടെ സഹായം തേടാം. ഒാഫീസിലേക്ക് പോകാൻ സഹപ്രവർത്തകരുടെ സഹായം തേടുന്നതിൽ തെറ്റില്ല. വീട്ടിൽ ജോലിക്കാരിയെ നിർത്താം. ഷോപ്പിങിനു പോകുമ്പോൾ സുഹൃത്തുക്കളെ ആരെയെങ്കിലും കൂടെ കൂട്ടാം. ഗർഭിണിയായ ഒരു സ്ത്രീയെ സഹായിക്കാൻ പൊതുവിൽ സമൂഹം താൽപ്പര്യം കാണിക്കുമെന്ന് മനസ്സിലാക്കി ആ സഹായം സ്വീകരിക്കുക

ടൈംടേബിൾ തയ്യാറാക്കുക

ടൈംടേബിൾ തയ്യാറാക്കുക

• പ്രസവാവധിയെപ്പറ്റി മുൻകൂർ ധാരണ വേണം. ഒാഫീസിലെ പേഴ്സണൽ ഡിപ്പാർട്ടുമെന്റുമായി ഇക്കാര്യം സംസാരിക്കുക. ഒാഫീസിൽ ഒരു ഗർഭിണിക്ക് അല്ലെങ്കിൽ മുലയൂട്ടുന്ന ഒരു അമ്മക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ഉണ്ടെന്നു ചോദിച്ചു മനസ്സിലാക്കുക. പ്രസവാവധി നീട്ടി എടുേക്കണ്ടി വന്നാൽ എന്തു ചെയ്യണമെന്നു നേരത്തെ ആലോചിക്കുകയും അതുമായി ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും വേണം.

• ഒരു ടൈംടേബിൾ തയ്യാറാക്കുക. ദിവസവും ചെയ്യേണ്ട കാര്യങ്ങൾ എന്തെന്നു തീരുമാനിച്ച് ടൈംടേബിൾ തയ്യാറാക്കുക. അത് കാര്യങ്ങൾ മറക്കാതിരിക്കാനും എല്ലാം ഉൾപ്പെടുത്താനും സഹായിക്കും. ആരോഗ്യകരമായ ജീവിതക്രമത്തിനു ഇത് അത്യാവശ്യമാണ്.

• ഗർഭകാലത്തുള്ള പരിശോധനകൾ മുടങ്ങാതെ ചെയ്യണം. അവ കുഞ്ഞിന്റെ വളർച്ചയെപ്പറ്റി വ്യക്തമായ ധാരണയുണ്ടാക്കും. എന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടെങ്കിൽ അതറിയാൻ ഗർഭകാലത്തെ പരിശോധനയിൽ കഴിയും. ഡോക്ടർ കാണാൻ പറയുന്ന ദിവസങ്ങളിൽ കൃത്യമായി ഹാജരായി പരിശോധനക്ക് വിധേയയാവുക.

 ഇനി ഗർഭകാലത്ത് എന്തൊക്കെ ചെയ്യരുത് എന്നു നോക്കാം.

ഇനി ഗർഭകാലത്ത് എന്തൊക്കെ ചെയ്യരുത് എന്നു നോക്കാം.

• സമ്മർദ്ദം ഒഴിവാക്കുക. ജോലിയിലും വീട്ടിലും ഇതു വേണം. കാര്യങ്ങൾ കൃത്യസമയത്ത് കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കുക. എല്ലാ ജോലികളും ഏറ്റെടുക്കണമെന്നില്ല. പക്ഷെ ഏറ്റെടുത്തവ ഭംഗിയായി സമ്മർദ്ദമില്ലാതെ ചെയ്ത് തീർക്കാൻ ശ്രദ്ധിക്കുക. ശരീരത്തിനും മനസ്സിനും അഹിതമായ ഒരന്തരീക്ഷം സൃഷ്ടിക്കാതിരിക്കുക.

• ഗർഭിണിയാണെന്ന ഒാർമ്മ ഏപ്പോഴും ഉണ്ടാകണം. ഭാരമുള്ള വസ്തുക്കൾ എടുക്കരുത്. ജോലി സ്ഥലത്ത് വല്ലാതെ ഒാടി നടക്കരുത്. ബുദ്ധിമുട്ട് തോന്നിയില്ലെങ്കിൽ പോലും ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക.മെല്ലെ നടക്കാൻ ശീലിക്കുക. പടികളിറങ്ങുമ്പോഴും എസ്കലേറ്റർ ഉപയോഗിക്കുമ്പോഴും നല്ല ശ്രദ്ധ വേണം. ഒരു ചെറിയ അപകടം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഒാർമ്മ വേണം.

• ഒാഫീസിൽ എപ്പോഴും ഒരേ ഇരിപ്പ് ഇരിക്കരുത്. ഇടക്കിടെ ഇരിപ്പിന്റെ രീതി മാറ്റണം. കംപ്യൂട്ടറിൽ മണിക്കൂറുകൾ ജോലി ചെയ്യുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം. നീണ്ട നേരം പ്രകാശമാനമായ വെളിച്ചത്തിൽ ഇരിക്കുന്നത് അമ്മക്കും കുഞ്ഞിനും നന്നല്ല. ഒാരോ അരമണിക്കൂറിലും കൈയും കാലും നീട്ടി നിവർക്കുക. നടു നിവർത്തുക. ഒന്നോ രണ്ടോ ചാലു നടക്കുക. സഹപ്രവർത്തകരോട് ഫോണിൽ സംസാരിക്കാതെ അങ്ങോട്ടു പോയി കാര്യം പറയുക.

• അനാരോഗ്യകരമായ ശീലങ്ങൾ ഉപേക്ഷിക്കുക. മദ്യം കഴിക്കരുത്. പുകവലിക്കരുത്. കോഫി ഒഴിവാക്കുക. ഇപ്പോൾ മിക്കവാറും എല്ലാ ഒാഫീസുകളിലും മെഷീൻ കോഫി ലഭ്യമാണ്. അതൊഴിവാക്കുക. ശുദ്ധജലമാണ് എപ്പോഴും നല്ലത്. ആരോഗ്യകരമായവ മാത്രം ശീലിക്കുക

• സൗകര്യപ്രദമായി വസ്ത്രം ധരിക്കുക. വല്ലാതെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്. ശരീരത്തിലുണ്ടവുന്ന മാറ്റങ്ങളെ ബഹുമാനിക്കുക

• മടമ്പുയർന്ന ചെരുപ്പുകൾ ധരിക്കരുത്. അവ ഉപയോഗിക്കാൻ നല്ല തഴക്കവും ബാലൻസും വേണം. വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഗർഭകാലത്ത് മടമ്പുയർന്ന ചെരുപ്പുകൾ കർശനമായി ഉപയോഗിക്കരുത്. ഏറ്റവും സൗകര്യപ്രദമായ ചെരുപ്പുകൾ ധരിക്കുക.

• രാത്രി നേരത്തെ ഉറങ്ങണം. ഉറക്കം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിനു അത്യാവശ്യമാണ്. രാത്രി വൈകിയുള്ള പാർട്ടികൾ ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത പാർട്ടികളിൽ നിന്നും നേരത്തെയിറങ്ങുക. മദ്യം കഴിക്കാതിരിക്കുക. ആൾക്കൂട്ടവും ബഹളവും നന്നല്ല.

English summary

when-working-during-pregnancy

Pregnancy is a difficult time. Even it is told as beautifull period, it is challenging
Story first published: Monday, June 25, 2018, 7:15 [IST]
X
Desktop Bottom Promotion