Women's Day 2025: സംരംഭകര്‍ 2800 ലധികം, ചേര്‍ത്ത് നിര്‍ത്തുന്ന 'അഞ്ച് പെണ്ണുങ്ങള്‍'

Women's Day 2025: പല മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ ഒരുമിപ്പിക്കുക എന്നത് അല്‍പം പ്രയാസമേറിയ കാര്യം തന്നെയാണ്. പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെ വിചാരിക്കുന്നിടത്ത് കാര്യങ്ങള്‍ നില്‍ക്കണം എന്നില്ല. പല പ്രശ്‌നങ്ങളും ഇതിനുള്ളില്‍ തന്നെ സംഭവിക്കാം. എന്നാല്‍ ക്യുബിജി അല്ലെങ്കില്‍ Queens Business Global എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ വളരെ പെട്ടെന്നാണ് എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് വിജയപാതയിലെത്തിയത്. പല മേഖലകളിലുള്ള സ്ത്രീ സംരംഭകരെ ഒരുമിച്ച ഒരു കുടക്കീഴിലാക്കിയതിന് പിന്നില്‍ അഞ്ച് സ്ത്രീകളാണ് എന്നതാണ് ഈ ഗ്രൂപ്പിന്റെ വിജയം തന്നെ.

സന്ധ്യ, ബ്ലെസ്സി, ശില്‍പ, രേണു, വിദ്യ എന്നിങ്ങനെ അഞ്ച് പേര്‍ ഒരുമിച്ചപ്പോള്‍ കുറേയേറെ സ്ത്രീകള്‍ക്ക് ലഭിച്ചത് അവരുടെ ജീവിതവും ജീവിത മാര്‍ഗ്ഗവും തന്നെയാണ്. ഈ കാലത്ത് സ്വന്തം വരുമാനം സ്വന്തം സാധ്യതകള്‍, സ്വന്തം അവസരങ്ങള്‍ എന്നിങ്ങനെയുള്ള ചിന്തകള്‍ ഏറുമ്പോള്‍ അതല്ല താന്‍ രക്ഷപ്പെടുന്നെങ്കില്‍ കഷ്ടപ്പെടുന്ന ഒരാളെയെങ്കിലും രക്ഷിക്കാന്‍ സാധിക്കണം എന്ന ചിന്തയില്‍ നിന്ന് തന്നെയാണ് ക്വീന്‍സ് ബിസിനസ് ഗ്ലോബല്‍ എന്ന ഗ്രൂപ്പിന്റെ പിറവി. സന്ധ്യ, ശില്‍പ, വിദ്യമോഹന്‍, ബ്ലെസ്സി, രേണു ഇവരില്‍ നിന്ന് തന്നെ അറിയാം അവരുടെ സംരംഭത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും വിജയത്തെക്കുറിച്ചും.

Women s Day 2025 Queens Business Global QBG

ക്യുബിജിയിലേക്കുള്ള തുടക്കം
കൊടുങ്ങല്ലൂര്‍ സ്വദേശി സന്ധ്യ രാധാകൃഷ്ണനാണ് ക്യൂന്‍സ് ബിസിനസ് ഗ്ലോബല്‍ എന്ന കൂട്ടായ്മയുടെ തുടക്കക്കാരി. കൂടെ എന്തിനും ഏതിനും കട്ടയ്ക്ക് നില്‍ക്കുന്ന നാല് പേരിലേക്ക് കൂടി തന്റെ ആശയം പകര്‍ന്നപ്പോള്‍ അവിടെ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ് എന്ന പേരില്‍ തന്റെ എംബ്രോയ്ഡറി വര്‍ക്കിലൂടെയായിരുന്നു ബിസിനസ് രംഗത്തേക്ക് സന്ധ്യ ചുവടു വെച്ചത്. അതില്‍ നിന്ന് കിട്ടിയ ആത്മവിശ്വാസം തന്നെയാണ് സ്ത്രീകളെ അണിനിരത്തി ഇത്തരം ഒരു കൂട്ടായ്മക്ക് തുടക്കം കുറിക്കാന്‍ സന്ധ്യയെ പ്രേരിപ്പിച്ചതും. തനിക്ക് വരുന്ന വര്‍ക്കുകള്‍ വരെ മറ്റുള്ളവര്‍ക്ക് വീതിച്ച് കൊടുക്കുന്ന പതിവുണ്ടായിരുന്നതിനാല്‍ അതില്‍ നിന്നും രൂപം കൊണ്ട ക്യുബിജി എന്ന ആശയം പ്രാവര്‍ത്തികമാകാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന് സന്ധ്യപറയുന്നു.

ആശങ്കകള്‍ നിരവധി
ഗ്രൂപ്പ് തുടങ്ങിയത് മുതല്‍ നിരവധി ആശങ്കകള്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ ഒരുമിച്ച് ഒരു കുടക്കീഴില്‍ ഒത്തൊരുമിച്ച് മുന്നോട്ട് പോവുക എന്നത് അല്‍പം പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാല്‍ തനിക്ക് അത്രയ്ക്ക് വിശ്വാസവും അടുപ്പവും ഉള്ള നാല് പേര് കൂടി സന്ധ്യക്കൊപ്പം ചേര്‍ന്നപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഒരുമിച്ച് ചേര്‍ന്ന് നിരവധി തീരുമാനങ്ങള്‍ എടുക്കാറുണ്ട്. അതിലെല്ലാം സ്വന്തം അഭിപ്രായങ്ങളും ഇവര്‍ പങ്കു വെക്കുന്നു. അതിന്‍ നല്ലതിനെ സ്വീകരിച്ച് മോശമെന്നതിനെ ഒഴിവാക്കി മുന്നോട്ട് പോവുന്നത് തന്നെയാണ് ഈ ഗ്രൂപ്പിന്റെ വിജയത്തിന് പിന്നില്‍ എന്ന് അമരക്കാരില്‍ ഒരാളായ ബഹ്‌റൈനില്‍ സ്ഥിരതാമസമായ സംരംഭക ബ്ലെസ്സിന രാജേഷ് പറയുന്നു.

QBG-1

ജോലികള്‍/ ബിസിനസ് പലവിധം
എല്ലാ തരത്തിലുള്ള ജോലികളും ചെയ്യുന്നവരുണ്ട്. സ്റ്റിച്ചിംങ്, വസ്ത്രങ്ങള്‍, ബിസിനസ്, ഭക്ഷണം, അച്ചാറുകള്‍, സിവി, ആഭരണങ്ങള്‍, മറ്റ് ആക്‌സസറീസ്, വക്കീലന്മാര്‍, കൗണ്‍സിലിംഗ് എന്നു വേണ്ട ഇതില്‍ ഇല്ലാത്തതായി ഒന്നുമില്ല. സ്ത്രീശാക്തീകരണം എന്നതിന്റെ ഉത്തമ ഉദാഹണമാണ് ഈ കൂട്ടായ്മ എന്നതില്‍ സംശയം വേണ്ട. സ്ത്രീ സംരംഭകരെ യാതൊരു മടിയും കൂടാതെ സ്വാഗതം ചെയ്യുന്ന ബിസിനസ് കൂട്ടായ്മ തന്നെയാണ് ക്യുബിജി എന്ന് കുപ്പീസ് എന്ന ബ്രാന്‍ഡിന്റെ സംരഭകയായ ശില്‍പ സുനിലും തന്റെ നയം വ്യക്തമാക്കുന്നു. കൊവിഡ് കാലം മുതലിങ്ങോട്ട് സ്വന്തമായി വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യവുമായി നിരവധി സ്ത്രീകള്‍ ഈ ഗ്രൂപ്പില്‍ അങ്ങോളമിങ്ങോളമുണ്ട്. പതിനായിരക്കണക്കിന് ഉപഭോക്താക്കളും ഉണ്ടെന്നതാണ് ഈ ഗ്രൂപ്പിനെ വിജയിപ്പിച്ച് നിര്‍ത്തുന്നതും.

എല്ലാവരും ഒരുപോലെ
എല്ലാ സംരംഭകരേയും ഒരുപോലെയാണ് ഈ ഗ്രൂപ്പ് മുന്നോട്ട് കൊണ്ട് പോവുന്നത്. അവിടെ വലിപ്പച്ചെറുപ്പമൊന്നും തന്നെ ഇല്ല. മാത്രമല്ല അത്രയും സംരംഭകര്‍ക്കായി സാധ്യതകളുടെ ഒരു വലിയ ലോകം തന്നെയാണ് ഈ അഞ്ച് പേരുടെ കൂട്ടായ്മ തുറന്നിട്ടുകൊടുക്കുന്നതും. ഗ്രൂപ്പിലെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. അവിടെ വലിപ്പച്ചെറുപ്പമില്ല. മാത്രമല്ല സോഷ്യല്‍ മീഡിയ ഇല്ലാത്ത സംരംഭകരെങ്കില്‍ അവരെ സഹായിക്കുന്നതിനും ഇവര്‍ മുന്നിലുണ്ട്. അവരുടെ ഇത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയും അവര്‍ക്കായി വഴികള്‍ തുറന്ന് കൊടുക്കുകയും ചെയ്യുമെന്ന് സംരഭത്തിന് നേതൃത്വം കൊടുക്കുന്ന ദുബായില്‍ റെസ്യൂമേ മേക്കോവര്‍ ആയ രേണുഷേണായ് പറയുന്നു. സോഷ്യല്‍ മീഡിയ പരമാവധി ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മയായതിനാല്‍ ധൈര്യമായി നിങ്ങള്‍ക്കും മുന്നോട്ട് വരാം എന്ന് ബ്ലെസ്സി ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.

QBG-1

തുടക്കം വാട്‌സാപ്പ് ഗ്രൂപ്പിലൂടെ
ആദ്യം തുടങ്ങുന്നത് വാട്‌സാപ് ഗ്രൂപ്പാണ്. അതില്‍ നിരവധി സ്ത്രീകള്‍ അംഗളായതിന് ശേഷം ആത്മവിശ്വാസം വര്‍ദ്ധിച്ചു. പിന്നീടാണ് സന്ധ്യ സുഹൃത്തുക്കളായ രേണു, വിദ്യ, ശില്‍പ, ബ്ലെസ്സി തുടങ്ങിയവര്‍ ഒന്നിച്ച് ചേര്‍ന്ന് ഈ കൂട്ടായ്മയുടെ സാരഥ്യം ഏറ്റെടുത്തത്. ശേഷം ഫേസ്ബുക്ക് പേജ് തുടങ്ങുകയും പ്രായഭേദമന്യേ പല സ്ത്രീകളും ഇതില്‍ അംഗങ്ങളാവുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പിലെ നിയമാവലികള്‍ എല്ലാവര്‍ക്കും ഒരു പോലെ തന്നെ ബാധകമാണ്. അത് കൃത്യമായി പാലിക്കാത്തവര്‍ക്ക് അതിന്റേതായ ഫലങ്ങളും ഉണ്ടാവും. അതുകൊണ്ട് തന്നെ കൃത്യമായി അച്ചടക്കത്തോടെ ഗ്രൂപ്പ് കൊണ്ട് പോവുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം.

ഗ്രൂപ്പില്‍ അംഗമാവാന്‍
ഗ്രൂപ്പില്‍ അംഗമാവുന്നതിന് ചില നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് മാത്രമേ ഗ്രൂപ്പില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന് സാധിക്കുകയുള്ളൂ. പലരും സ്വന്തം ബ്രാന്‍ഡ് ആണ് വില്‍ക്കുന്നത്. റിസെല്ലേഴ്‌സിന് വേണ്ടി മറ്റൊരു ഗ്രൂപ്പും ഉണ്ട്. അത് മാത്രമല്ല ഒരു പ്രോഡക്റ്റിനെ കുറിച്ചുള്ള അന്വേഷണത്തില്‍ അതുമായി ബന്ധപ്പെട്ട സംരംഭകര്‍ മാത്രമേ മറുപടി കൊടുക്കുകയുള്ളൂ. അത്തരത്തില്‍ ചില അച്ചടക്കം ഗ്രൂപ്പില്‍ പാലിക്കപ്പെടുന്നുണ്ട്. പലര്‍ക്കും സോഷ്യല്‍ മീഡിയയുടെ ഉപയോഗം പോലും കൃത്യമായി അറിയണം എന്നില്ല. അവര്‍ക്ക് വേണ്ടി സഹായത്തിനും ആളുകളുണ്ട്. കൂടാതെ സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കുക, സ്വന്തം സമ്പാദ്യം എന്ന അവസ്ഥ സൃഷ്ടിച്ചെടുക്കുന്നതും ഇതിലൂടെ സാധ്യമാവുന്നു എന്നതില്‍ ഗ്രൂപ്പിന്റെ സാരഥികള്‍ക്കെല്ലാം തന്നെ വളരെയധികം സന്തോഷമുണ്ട്.

സ്ത്രീപുരുഷഭേദമന്യേ ഉപഭോക്താക്കള്‍
സ്ത്രീപുരുഷ ഭേദമന്യേ ഉപഭോക്താക്കള്‍ ഗ്രൂപ്പിനുണ്ട്. ഒരിക്കലും പുരുഷന്‍മാരെ മാറ്റി നിര്‍ത്തി സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഉള്ള ഒരു വിപണിയല്ല ഇവിടെ. മാത്രമല്ല കുടുംബത്തിന്റേയും പങ്കാളിയുടേയും പിന്തുണയെക്കുറിച്ചുള്ള കൃത്യമായ ധാരണയും ഈ അഞ്ച് പേര്‍ക്കും ഉണ്ട്. പങ്കാളിയുടെ പിന്തുണ തന്നെയാണ് ഇവരുടെ ഓരോ സംരംഭവും വിജയത്തിലേക്കെത്തിക്കുന്നതിന് പിന്നില്‍. എവിടെ എന്തൊക്കെ എങ്ങനെയെല്ലാം സാധ്യതകള്‍ ഉണ്ടെന്നത് പലര്‍ക്കും അറിയില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയത് കൊണ്ട് തന്നെ പരമാവധി അതിന്റെ സാധ്യതകള്‍ മനസ്സിലാക്കി മുന്നോട്ട് കൊണ്ട് പോവുക എന്നത് തന്നെയാണ് ഈ അഞ്ച് പേരുടേയും ലക്ഷ്യം.

വനിതാദിന സന്ദേശം
ഈ വനിതാ ദിനത്തില്‍ ഓരോ സ്ത്രീകളോടും ചില കാര്യങ്ങള്‍ ഈ അഞ്ച് പേര്‍ക്കും പറയാനുണ്ട്. സ്വന്തമായി വരുമാനം ഉണ്ടാവുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ആത്മവിശ്വാസം കൂടി വര്‍ദ്ധിപ്പിക്കുന്നതാണ്. കുടുംബത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍ താന്‍ കൂടി അധ്വാനിച്ചുണ്ടാക്കിയ പണം നല്‍കുമ്പോള്‍ അത് നല്‍കുന്ന സംതൃപ്തി അതൊന്ന് വേറെ തന്നെയാണ്. മാത്രമല്ല ജീവിതത്തില്‍ എന്തെങ്കിലും സ്വന്തമാക്കി എന്തൊക്കെയോ നേടി എടുത്തു എന്നതും സന്തോഷം നല്‍കുന്നതാണ്. കൂടാതെ സ്ത്രീശാക്തീകരണം ആരംഭിക്കുന്നത് വീട്ടില്‍ നിന്ന് തന്നെയാണ്. ഒരിക്കലും മറ്റുള്ളവരെ ആശ്രയിച്ച് അച്ഛന്‍ നോക്കും ഭര്‍ത്താവ് നോക്കും മക്കള്‍ നോക്കും എന്ന് ചിന്തിക്കാതെ സ്വന്തം കാര്യത്തിന് വേണ്ട സമ്പാദ്യം നേടിയെടുക്കുക അതിലൂടെ സ്വാതന്ത്ര്യം അനുഭവിക്കുക എന്നത് തന്നെയാണ് ഈ അഞ്ച് പേരും ഒരേ സ്വരത്തില്‍ പറയുന്നത്.

X
Desktop Bottom Promotion