Womens Day 2025: ആയുര്‍വേദത്തിലെ രഹസ്യക്കൂട്ടുകള്‍ സാധാരണക്കാരിലേക്ക്, ദേവദാരുവിലൂടെ ഡോ. ആതിര കാണുന്ന സ്വപ്‌നം

Womens Day 2025: മുഖക്കുരു മാറാനും മുഖകാന്തി വര്‍ധിക്കാനും മുടി നീളാനും താരനില്ലാതാക്കാനുമെല്ലാം പലതരത്തിലുള്ള ലേപനങ്ങളും എണ്ണകളും വാങ്ങിക്കൂട്ടുന്നവരാണ് നമ്മളില്‍ പലരും. അതില്‍ എന്തെല്ലാമാണ് ചേര്‍ക്കുന്നത് എന്നും പോലും അറിയാതെ ഉപയോഗിക്കുകയും ചെയ്യും. പണ്ടുകാലത്ത് മിക്ക വീടുകളിലും എണ്ണ കാച്ചിയിരുന്നു. ആയുര്‍വേദ വിധിപ്രകാരം ഔഷധങ്ങള്‍ ചേര്‍ത്ത് കൃത്യമായ പാകത്തില്‍ കാച്ചിയെടുത്ത എണ്ണ തേച്ചിരുന്നവര്‍ക്ക് ഇന്നത്തെ പോലെ താരനോ മുടി കൊഴിച്ചിലോ അകാലനരയോ ഒന്നും ഉണ്ടായിരുന്നില്ല. അതുപോലെ മഞ്ഞളും രക്തചന്ദനവും വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ചര്‍മ്മകാന്തിക്കുള്ള കൂട്ടുകളും മതിയായിരുന്നു അക്കാലത്ത് സൗന്ദര്യപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍. പക്ഷേ ഇന്ന് അത്തരം അറിവുകളെല്ലാം നമുക്ക് കൈമോശം വന്നിരിക്കുന്നു. മുഖക്കുരുവോ, ചര്‍മ്മത്തില്‍ കറുത്ത കലകളോ വന്നാല്‍ ഇന്ന് നമ്മള്‍ ഡോക്ടറുടെ അടുത്തേക്ക് ഓടും. അല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് പല ലേപനങ്ങളും വാങ്ങി പുരട്ടും. മുടി വളരാനും താരന്‍ മാറാനുമെല്ലാം പരസ്യങ്ങളില്‍ കാണുന്ന, ചേരുവകള്‍ പോലും എന്താണെന്ന് അറിയാത്ത എണ്ണകള്‍ വാങ്ങിത്തേക്കും. അവിടെയാണ് ദേവദാരുവിന്റെ പ്രസക്തി.

ദേവദാരു

devadaru

ആയുര്‍വേദത്തിലെ സവിശേഷമായ കൂട്ടുകള്‍ കലര്‍പ്പില്ലാതെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ദേവദാരു എന്ന സംരംഭത്തിന്റെ ലക്ഷ്യം. ആയുര്‍വേദ ഡോക്ടറായ ആതിര നാരായണനാണ് ദേവദാരുവിന്റെ അമരക്കാരി. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ഹോബി പോലെ ആണ് ആതിര ദേവദാരു എന്ന ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നത്. ആദ്യമൊക്കെ നമ്മുടെ പരിസരങ്ങളില്‍ കാണുന്ന ഔഷധച്ചെടികള്‍ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ ആണ് ചെയ്തത്. അതിന് ജനങ്ങളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചതാണ് പേജ് തുടരാനുള്ള പ്രചോദനം ആയതെന്ന് ഡോ. ആതിര പറയുന്നു.

നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള മിക്ക സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങളും വളരെയധികം കെമിക്കലുകള്‍ അടങ്ങിയതാണ്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കടുത്ത രീതിയില്‍ മുഖക്കുരു വന്ന ഒരാള്‍ ചികിത്സയ്ക്കായി തന്റെ അടുക്കല്‍ എത്തിയ ശേഷമാണ് എല്ലാവര്‍ക്കും എളുപത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന, ചിലവ് കുറഞ്ഞ സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിന്റെ വീഡിയോകള്‍ ഡോക്ടര്‍ ദേവദാരു എന്ന പേജിലൂടെ പരിചയപ്പെടുത്താന്‍ തുടങ്ങിയത്.

ഇപ്പോള്‍ ദേവദാരു തുടങ്ങിയിട്ട് 2 വര്‍ഷമായി, മേക്കിങ് വീഡിയോയും, ആയുര്‍വേദ പോഡ്കാസ്റ്റ് ഷോയും എല്ലാം ഇപ്പോള്‍ പേജില്‍ പോസ്റ്റ് ചെയ്യാറുണ്ട്. സമയ പരിമിതിയും ജോലിത്തിരക്കും കാരണം ആഴ്ചയില്‍ ഒരു വീഡിയോ എന്ന രീതിയില്‍ ആണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. വീീഡിയോ കണ്ട് ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണോ എന്ന് പലരും ചോദിക്കാറുണ്. അതുകൊണ്ട് രാസവസ്തുക്കള്‍ ഒട്ടും ചേര്‍ക്കാത്ത , ആര്‍ക്കും താങ്ങാവുന്ന ഒരു ബ്രാന്‍ഡ് ആയി ദേവദാരു ലോഞ്ച് ചെയ്യണം എന്നാണ് ഡോ. ആതിര ആഗ്രഹിക്കുന്നത് .ഡോക്ടറുടെ വീഡിയോകള്‍ കണ്ട് അത് വീട്ടില്‍ അതേപടി തയ്യാറാക്കി ഉപയോഗിച്ച് ഫലം ലഭിച്ച നിരവധി പേര്‍ ആ സന്തോഷം പങ്കുവെക്കാറുണ്ട്. ഒരുപാടുപേരുടെ ജീവിതത്തില്‍ ചെറിയ രീതിയിലെങ്കിലും തന്നാല്‍ കഴിയുന്ന മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് ദേവദാരു തുടങ്ങിയതിലെ ഏറ്റവും വലിയ സന്തോഷമെന്ന് ഡോക്ടര്‍ പറയുന്നു.

dr athira

വനിത ദിനത്തിന്റെ ഭാഗമായി മുഖകാന്തിക്കും ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സ്ത്രീകള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന ചില ചര്‍മ്മസംരക്ഷണ ശീലങ്ങളും ഉല്‍പ്പന്നങ്ങളും ഡോ. ആതിര ബോള്‍ഡ്‌സ്‌കൈയിലൂടെ പരിചയപ്പെടുത്തുന്നു.

ശരീരപ്രകൃതം അനുസരിച്ച് ചര്‍മ്മസംരക്ഷണം

ആയുര്‍വേദം അനുസരിച്ച്, വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സവിശേഷ പ്രകൃതി (ശരീരഘടന) ഓരോ വ്യക്തിക്കും ഉണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ പ്രകൃതി മനസ്സിലാക്കുന്നത് ശരിയായ ആയുര്‍വേദ ചര്‍മ്മസംരക്ഷണ ദിനചര്യ തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

വരണ്ടതും ഈര്‍പ്പമില്ലാത്തതുമായ ചര്‍മ്മമാണ് വാത-പ്രകൃതി ഉള്ള ആളുകള്‍ക്ക്. ഇവര്‍ക്ക് ചര്‍മത്തില്‍ എളുപ്പം വരകളും ചുളിവുകളും വരാം. അതിനാല്‍ത്തന്നെ ഇവര്‍ ചര്‍മ്മം എപ്പോഴും ഈര്‍പ്പമുള്ളതാക്കി വെക്കാന്‍ ശ്രദ്ധിക്കണം. മൃദുവും സ്വാഭാവികമായി തിളക്കമുള്ളതുമായ ചര്‍മ്മമാണ് പിത്ത പ്രകൃതിക്കാര്‍ക്കുള്ളത്. ഇവര്‍ സൂര്യപ്രകാശത്തിനും ചൂടിനും സെന്‍സിറ്റീവായതിനാല്‍ പെട്ടെന്ന് മുഖം ചുവക്കുകയും എളുപ്പത്തില്‍ പുള്ളികളും കലകളും ഉണ്ടാകാന്‍ സാധ്യതയുള്ളവരുമാണ്. എണ്ണമയമുള്ള ചര്‍മ്മമായതിനാല്‍ മുഖക്കുരുവും ചിലരെ ബാധിക്കാറുണ്ട്. എണ്ണമയമുള്ളതും ജലാംശമുള്ളതുമായ ചര്‍മ്മമാണ് കഫ പ്രകൃതിക്കാരുടേത്. ഇവര്‍ക്ക് മുഖക്കുരുവും ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ധാരാളമായി കാണപ്പെടുന്നു.

ചര്‍മ്മ സംരക്ഷണം

1. Face cleansing

വരണ്ട ചര്‍മ്മക്കാര്‍ക്ക് ചര്‍മ്മത്തിലെ ഈര്‍പ്പം നീക്കം ചെയ്യാതെ സൗമ്യമായി cleanse ചെയ്യുന്നതിനായി കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നതും കടല പൊടി, പാല്‍, മഞ്ഞള്‍ എന്നിവ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതും നല്ലതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ത്രിഫലാദി ചൂര്‍ണം തേനില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് മുഖക്കുരുവും മുഖത്തെ കറുത്തപാടുകളും മാറാന്‍ സഹായിക്കും.
അധിക എണ്ണ നീക്കം ചെയ്യാനായി മുള്‍ട്ടാണി മിട്ടി, ആര്യവേപ്പ്, റോസ് വാട്ടര്‍ എന്നിവ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

2.Moisturising

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് തിളക്കമാര്‍ന്ന ചര്‍മ്മത്തിന് അനിവാര്യമാണ്. ഇതിനായി കുങ്കുമാദി തൈലം, നാല്‍പ്പാമരാദി തൈലം പോലുള്ള എണ്ണകള്‍ ഉപയോഗിച്ച് ദിവസവും മുഖം മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മമാണെങ്കില്‍ ടീ ട്രീ ഓയില്‍ അല്ലെങ്കില്‍ ആര്യവേപ്പ് ചേര്‍ത്ത എണ്ണ തിരഞ്ഞെടുക്കുക.

3.Face-mask

മഞ്ഞളും തൈരും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും പിഗ്മെന്റേഷന്‍ കുറയ്ക്കുകയും ചെയ്യുന്നു. ചന്ദനവും റോസ് വാട്ടറും മിക്‌സ് ചെയ്തുപയോഗിക്കുന്നത് സെന്‍സിറ്റീവ് ചര്‍മ്മക്കാര്‍ക്ക് നല്ലതാണ്. 2 ടേബിള്‍സ്പൂണ്‍ ആല്‍മണ്ട് പിസിന്‍, ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടീസ്പൂണ്‍ നാല്‍പ്പാമരാദി ചൂര്‍ണം, ആവശ്യത്തിന് പാല്‍ എന്നിവ അരച്ച് മുഖത്ത് തേക്കുന്നത് കരുവാളിപ്പ് മാറാനും സ്‌കിന്‍ മൃദുവാക്കാനും സഹായിക്കുന്നു.

4.ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിനുള്ള ആയുര്‍വേദ ഭക്ഷണക്രമം

വിഷവസ്തുക്കളെ പുറന്തള്ളാന്‍ രാവിലെ എണീറ്റയുടനെ ചെറുചൂടുള്ള വെള്ളം കുടിക്കുക.
ആന്റിഓക്സിഡന്റുകള്‍ക്ക് അടങ്ങിയ മാതളനാരങ്ങ, പപ്പായ, അവോക്കാഡോ, ബ്രോക്കോലി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ജലാംശത്തിനായി നെയ്യ്, ബദാം, ഫ്‌ളാക്‌സ് സീഡുകള്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്‍പ്പെടുത്തുക.
തുളസി, മഞ്ഞള്‍, പെരുംജീരകം തുടങ്ങിയ ഹെര്‍ബല്‍ ടീകള്‍ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കുന്നു.
അമിതമായ പഞ്ചസാര, വറുത്ത ഭക്ഷണങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക, ഇത് മുഖക്കുരുവിന് കാരണമാകും.

നീണ്ടുനില്‍ക്കുന്ന തിളക്കത്തിനായി ആയുര്‍വേദ ജീവിതശൈലി ശീലമാക്കൂ.

ഒരു ദൈനംദിന ദിനചര്യ പിന്തുടരുക.കൃത്യസമയത്ത് ഉണരുകയും ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മെച്ചപ്പെട്ട രക്തചംക്രമണത്തിനുമായി പ്രാണായാമം, സര്‍വാംഗാസനം പോലുള്ള യോഗാസനങ്ങള്‍ പരിശീലിക്കുക.
ആയുര്‍വേദ എണ്ണകള്‍ ഉപയോഗിച്ച് പതിവായി തലയിലും ശരീരത്തിലും മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു.
രാത്രിയില്‍ നിങ്ങളുടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ 7-8 മണിക്കൂറെങ്കിലും ഉറങ്ങുക.

ഈ വനിതാ ദിനത്തില്‍, ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിനായി ആയുര്‍വേദത്തിന്റെ ശക്തി സ്വീകരിച്ച് സ്വയം ആഘോഷിക്കൂ. പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുകയും ശ്രദ്ധാലുവായ ഒരു ജീവിതശൈലി പിന്തുടരുകയും ചെയ്യുമ്പോള്‍, സൗന്ദര്യം ഉള്ളില്‍ നിന്ന് അനായാസമായി പ്രസരിക്കുന്നു.

Story first published: Wednesday, March 5, 2025, 19:48 [IST]
X
Desktop Bottom Promotion