ഐടി ജോലി ഉപേക്ഷിച്ച് കേരളത്തില്‍ നിന്നും നേപ്പാളിലേയ്ക്ക് സൈക്കിളില്‍ ഒരു യാത്ര; അനുഭവം പങ്കുവെച്ച് അഞ്ജു

Inspiring story: ഒരു ജോലി ഇല്ലാതെ എങ്ങനെ ജീവിക്കും? പലര്‍ക്കും സംശയമാണ്. ജോലി ഉപേക്ഷിച്ച് യാത്ര ചെയ്യുന്നവരെ കാണുമ്പോള്‍ മനസ്സില്‍ കൊതി തോന്നുമെങ്കിലും പലര്‍ക്കും ജോലി ഉപേക്ഷിച്ച് ആഹ്രഹങ്ങള്‍ക്ക് പിറകേ പോകാന്‍ ഭയമാണ്. എന്നാല്‍, ഈ ഭയമില്ലാതെ, താന്‍ ജീവിതത്തില്‍ എന്താണോ ആഗ്രഹിച്ചത്, അതേ സ്വപ്‌നങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ പെണ്‍കുട്ടിയാണ് അഞ്ജു. ഐടി മേഖലയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അഞ്ജുവിന് യാത്രകള്‍ പ്രിയപ്പെട്ടതായിരുന്നു.

Woman resigns IT job to cycle to Nepal inspiring story of Anju s adventure and self-discovery

ജീവിതത്തില്‍ എന്തെങ്കിലും പുതുമ നല്‍കുന്നതും, ഓര്‍മ്മകള്‍ സമ്മാനിക്കുന്നതുമായ ഒരു യാത്ര ചെയ്യണം എന്ന് തീരുമാനിക്കുന്നു. അങ്ങനെ കേരളത്തില്‍ നിന്നും ട്രെയ്ന്‍ കയറി. ഡെല്‍ഹിയില്‍ നിന്നും സൈക്കിളില്‍ നേപ്പാളിലേയ്ക്ക് ഒരു യാത്ര ആരംഭിച്ചും. ഒപ്പം വഴിക്കാട്ടിയായി ആത്മമിത്രത്തെയും കൂട്ടി. ഈ യാത്രകളുടെയും അഞ്ജുവിന്റെ അനുഭവങ്ങളുടെയും കഥകളിലേയ്ക്ക് നമുക്ക് പോകാം.

സൈക്കിള്‍ യാത്ര തിരഞ്ഞെടുത്തതിനു പിന്നില്‍

യാത്രകളോട് ചെറുപ്പം മുതല്‍ താല്‍പര്യം ഉണ്ടായിരുന്നു. പണ്ടുമുതല്‍ തന്നെ, ചെറിയ രീതിയില്‍ അടുത്തുള്ള സംസ്ഥാനങ്ങളിലും, പ്രദേശങ്ങളിലുമെല്ലാം യാത്രകള്‍ പോകാറുണ്ട്. ജീവിതത്തില്‍ ദീര്‍ഘദൂര യാത്ര ചെയ്യണം എന്നത് ഒരു ആഗ്രഹം തന്നെയായിരുന്നു. ഇതിനായി ആദ്യം ചെയ്തത് ജോലി ഉപേക്ഷിക്കുന്നതായിരുന്നു. പിന്നെ, എല്ലാവരും യാത്രചെയ്യുന്ന രീതി അല്ലാതെ എന്തെങ്കിലും വ്യത്യസ്തമായ രീതിയില്‍ യാത്ര ചെയ്യണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് നേപ്പാളിലേയ്ക്ക് സൈക്കിളില്‍ യാത്ര പോകുന്നുണ്ട് എന്ന് പറഞ്ഞത്. എങ്കില്‍ അങ്ങനെയാകാം എന്ന് ഞാനും കരുത്. യാത്ര പോകാന്‍ പദ്ധതിയിട്ടെങ്കിലും എനിക്ക് സൈക്കിള്‍ ചവിട്ടാന്‍ അറിയില്ല എന്നതായിരുന്നു സത്യം. യാത്ര ചെയ്യാന്‍ വേണ്ടി മാത്രം ഒരു സൈക്കിള്‍ വാങ്ങി, രണ്ട് മൂന്ന് മാസം കൊണ്ടും സൈക്കിള്‍ ചവിട്ടാനും ഞാന്‍ പഠിച്ചു.

കേരളത്തില്‍ നിന്നും ഡെല്‍ഹി വരെ ട്രെയ്‌നിലാണ് യാത്ര ചെയ്തത്. അവിടെ നിന്നാണ് സൈക്കിളില്‍ നേപ്പാളിലേയ്ക്ക് യാത്ര തിരിച്ചത്. ഏകദേശം മൂന്ന് മാസത്തോളം നേപ്പാളില്‍ യാത്ര ചെയ്ത് തങ്ങിയിരുന്നു.

സൈക്കിളില്‍ ഉള്ള യാത്ര എത്രത്തോളം മനോഹരമായിരുന്നു

സാധാരണ നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ഏത് സ്ഥലത്തേയ്ക്കാണോ പോകേണ്ടത് അവിടെ പോകുന്നു, പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കാണുന്നു തിരിച്ച് പോരുന്നു. ഇതാണ് നടക്കുക. എന്നാല്‍, സൈക്കിളില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചിട്ട് ഏകദേശം 6 മാസത്തോളമായി. വളരെ സാവധാനം മാത്രമാണ് നമുക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. ഓരോ പ്രദേശങ്ങള്‍ കണ്ട്, താമസിക്കാന്‍ ആ പ്രദേശത്തെ വീടുകള്‍ തന്നെയാണ് തിരഞ്ഞെടുക്കുക. അവര്‍ തയ്യാറാക്കി നല്‍കുന്ന ആഹാരം കഴിച്ച്, എല്ലാം അറിഞ്ഞും ആസ്വദിച്ചുമാണ് യാത്ര ചെയ്യുന്നത്. ഈ അനുഭവം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്.

നേപ്പാള്‍ നല്‍കിയ മറക്കാന്‍ പറ്റാത്ത അനുഭവം

നേപ്പാളിന്റെ ഏറ്റവും മലയോര മേഖലകളില്‍ എത്തിപ്പെട്ടാല്‍ ആള്‍ക്കാര്‍ വളരെ കുറവായിരിക്കും. വണ്ടി ഉണ്ടായിരിക്കുകയില്ല. അതുപോലെ, ഹോസ്പിറ്റല്‍ സൗകര്യങ്ങളും ഉണ്ടായിരിക്കുകയില്ല. അങ്ങനെ ഒരു യാത്രയില്‍ കയ്യിലെ പൈസ തീര്‍ന്നു. ഞങ്ങള്‍ ആ സമയത്ത് മലയുടെ മുകളിലുള്ള ഒരു സ്ഥലത്താണ് നില്‍ക്കുന്നത്. ഒരു എടിഎം കാണണമെങ്കില്‍ തിരിച്ച് ഏകദേശം 54 കിലോമീറ്ററോളം സഞ്ചരിക്കണം. കയ്യിലാണെങ്കില്‍ നേപ്പാളിന്റെ കറന്‍സി 300 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക്് ഭക്ഷണം കഴിക്കാന്‍ അത് തികയില്ല. എന്നിരുന്നാലും അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി, ഒരാള്‍ക്ക് മാത്രമുള്ള ആഹാരം പറഞ്ഞു. അപ്പോള്‍ ഹോട്ടലിന്റെ ഉടമസ്ഥന്‍ എന്താ ഇങ്ങനെ ആഹാരം കഴിക്കുന്നെ എന്ന് ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ പൈസ കുറവാണ്. ഇനി ടൗണില്‍ എത്തിയാല്‍ മാത്രമാണ് പൈസ എടുക്കാന്‍ സാധിക്കൂ എന്ന് പറഞ്ഞപ്പോള്‍, പൈസ ഒന്നും നോക്കണ്ട, മനുഷ്യബന്ധമല്ലേ നോക്കണ്ടൂ എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങള്‍ക്ക് ആഹാരമെല്ലാം തന്നു. ഇത് മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു.

താമസ സൗകര്യം ഈ വിധം

ഓരോ വീടുകളിലാണ് പ്രധാനമായും താമസ സൗകര്യം കണ്ടെത്തിയിരുന്നത്. തുടക്കത്തില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. നേപ്പാളില്‍ പകുതിയിലധികം ആള്‍ക്കാര്‍ക്കും നമ്മള്‍ കേരളത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍ അവര്‍ക്ക് അറിയാം. കാരണം, ജോലിക്കായി കുറേ ആളുകള്‍ കേരളത്തില്‍ വരുന്നുണ്ട്. നേപ്പാളിന്റെ മലമുകളില്‍ താമസിക്കുന്നവരില്‍ പോലും കേരളത്തില്‍ ജോലി ചെയ്യുന്നവരുണ്ട്. അതുപോലെ, നേപ്പാളില്‍ എവിടെ വേണേലും ടെന്റടിക്കാം. ആരും ഒന്നും ചോദിക്കില്ല. നാട്ടില്‍ ആണെങ്കില്‍ ആരാ? എന്താ? എന്നീ കാര്യങ്ങള്‍ ചോദിക്കും. നേപ്പാളില്‍ പക്ഷേ ഈ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു.

Woman resigns IT job to cycle to Nepal inspiring story of Anju s adventure and self-discovery

ഞങ്ങള്‍ കണ്ട നേപ്പാള്‍

നേപ്പാളില്‍ വീടുകളെല്ലാം വളരെ ചെറിയ വീടുകളായിരിക്കും. കണ്ടാല്‍ കുടിൽ പോലെയിരിക്കും. പക്ഷേ, അവിടത്തെ ബാത്ത്‌റൂം ഏറ്റവും വൃത്തിയുള്ളതായിരിക്കും. അത് പാവപ്പെട്ടവന്റെ ആയാലും പണക്കാരന്റെ ആയാലും ബാത്ത്‌റൂം വൃത്തിയുള്ളതാണ്. അതുപോലെ, ഓരോ വീടിനോട് ചേര്‍ന്നും ചെറിയ രീതിയില്‍ കൃഷിയും ഉണ്ടായിരിക്കും. ഈ പച്ചക്കറികളില്‍ കുറച്ച് ചിലപ്പോള്‍ നമുക്ക് തരും. എന്തെങ്കിലും ഭക്ഷണം തയ്യാറാക്കാന്‍. ഇല്ലെങ്കില്‍ അവര്‍ തന്നെ ആഹാരം തയ്യാറാക്കി നമുക്ക് നല്‍കുന്നതാണ്.

പൊതുവില്‍ നമ്മുടെ മനസ്സിലെല്ലാം നേപ്പാള്‍ എന്ന് കേള്‍ക്കുമ്പോള്‍ കുറേ മഞ്ഞുമലയും, ടിബറ്റിലെ ആള്‍ക്കാരെയുമെല്ലാമാണ് മനസ്സില്‍ വരിക. എന്നാല്‍ ഇതൊന്നുമല്ല നേപ്പാള്‍. ചില ടൗണ്‍ ഏരിയകളില്‍ പ്രത്യേകിച്ച്, കാഠ്്മണ്ഡു പോലെയുള്ള സ്ഥലങ്ങളില്‍ എത്തിയാല്‍ മാത്രമാണ് ടിബറ്റന്‍ ഫ്‌ലാഗ് കാണാന്‍ സാധിക്കൂ. അതുപോലെ നമ്മള്‍ ടിവിയില്‍ കാണുന്ന സംസ്‌കാരമേ അല്ല നേപ്പാളില്‍ ഉള്ളത്. ഏറ്റവും കൂടുതല്‍ പാവപ്പെട്ടവരാണ് നേപ്പാളില്‍ ഉള്ളത്. ഇവരുടെ കയ്യില്‍ ഒരൊറ്റ പൈസ ഉണ്ടാവുകയില്ല. പൈസക്കാരാണെങ്കില്‍ ഭയങ്കര പൈസകാരുമായിരിക്കും. ഈ മിഡില്‍ ക്ലാസ്സ് എന്ന വിഭാഗം നേപ്പാളില്‍ വളരെ കുറവാണ്. പ്രത്യേകിച്ച്, സിറ്റി ഏരിയകളില്‍ മാത്രമാണ് മിഡില്‍ ക്ലാസ്സും, പൈസക്കാരുമെല്ലാം ഉള്ളത്. ബാക്കിയെല്ലാം ഗ്രാമങ്ങളാണ്. പ്രത്യക്ഷത്തില്‍ കണ്ടാല്‍ ഇന്ത്യയുടെ ഏറ്റവും പഴയ വേര്‍ഷനായി നേപ്പാള്‍ തോന്നാം.

തുടക്കത്തില്‍ നേപ്പാളിലെ ആഹാരങ്ങള്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. അമിതമായി വേവിച്ച് ആഹാരം കഴിക്കുന്നവരല്ല അവര്‍. അതുപോലെ, അവിടെ കൃഷിയാണ് കൂടുതല്‍. അതിനാല്‍, രാവിലെ 8 മണിയാകുമ്പോഴേയ്ക്കും ഇവര്‍ ചോറുണ്ണും. ഉച്ചയ്ക്ക് ഒന്നും കഴിക്കില്ല. ഉച്ചയ്ക്ക് ചെറുതായിട്ട് എന്തെങ്കിലും സ്‌നാക്‌സ് പോലെ കഴിക്കൂ. അതിനുശേഷം അഞ്ചേ മുക്കാല്‍, ആറ് മണിയാകുമ്പോള്‍ രാത്രി ഭക്ഷണം കഴിക്കും. എട്ട് മണിയാകുമ്പോഴേയ്ക്കും ഉറങ്ങും. വേറെ ഒന്നും അവിടെ ചെയ്യാനില്ല. പിന്നെ ഒരു പ്രത്യേകതയായി തോന്നിയത് നേപ്പാളിലെ ഒട്ടുമിക്ക വീടുകളിലും വൈഫൈ ഉണ്ട്. എത്ര പാവപ്പെട്ട വീടാണെങ്കിലും കുടിക്കാന്‍ വെള്ളവും വൈഫൈയും ഉണ്ടായിരിക്കും. വെള്ളത്തിന്റെ ബുദ്ധിമുട്ടേ ഇല്ല. മലമുകൡ നിന്നും ഒഴുകി വരുന്ന ശുദ്ധമായ വെള്ളമായിരിക്കും എല്ലാ വീടുകളിലും. അതിനാല്‍ വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല. കൂടാതെ, 99 ശതമാനവും സഹായിക്കാന്‍ നല്ല മനസ്സുള്ള ആള്‍ക്കാരുള്ള സ്ഥലമാണ് നേപ്പാള്‍. നമുക്ക് ഒട്ടും പേടിക്കാതെ യാത്ര ചെയ്യാന്‍ സാധിക്കും. കള്ളുകുടിച്ചാല്‍ പോലും ആള്‍ക്കാര്‍ നമ്മളെ സഹായിക്കും. കാരണം, അവിടത്തെ പെട്ടിക്കടയില്‍ വരെ മദ്യം കിട്ടും. അതുകൊണ്ട് മദ്യപിക്കുന്നതൊന്നും ഒരു പ്രശ്‌നമായി അവര്‍ക്ക് തോന്നില്ല. അതുപോലെ, സ്ത്രീകളോടൊന്നും മോശമായി പെരുമാറുന്ന അനുഭവവും ഉണ്ടായിട്ടില്ല.

നേപ്പാളില്‍ നിന്നും അസമിലേയ്ക്ക്

ഓരോ സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് ആ സ്ഥലത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാവുക. പൊതുവേ അസം എന്നു കേള്‍ക്കുമ്പോള്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സ്ഥലം എന്നാണ് നമുക്ക് തോന്നുക. എന്നാല്‍, എല്ലാം വ്യത്യസ്തമാണ്. നേപ്പാളില്‍ നിന്നും അസമിൽ എത്തിനില്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുകളില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇവിടുത്തുകാര്‍ പറയുന്നത് ഒരു പ്രശ്‌നവും ഇല്ലെന്നാണ്. അസ്സം കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യേണ്ട സ്ഥലമാണ്. യാത്ര ചെയ്ത് ഓരോ യാത്രക്കാരെ പരിചയപ്പെടുമ്പോള്‍ അവരില്‍ നിന്നും പല സ്ഥലങ്ങളെക്കുറിച്ചും അറിയും. വഴികള്‍ ഇല്ലാത്ത സ്ഥലങ്ങളെക്കുറിച്ചും, ആള്‍ക്കാര്‍ ഇതുവരെ എത്തിപ്പെടാത്ത സ്ഥലങ്ങളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Woman resigns IT job to cycle to Nepal inspiring story of Anju s adventure and self-discovery

ഇനിയുള്ള ആഗ്രഹം

ഇതുപോലെ യാത്രകള്‍ തുടരണമെന്നാണ് ആഗ്രഹം. ഒരു പ്രദേശത്തെ എല്ലാ വൈവിധ്യങ്ങളും ആസ്വദിച്ച് യാത്ര ചെയ്യാന്‍ സാധിക്കണം. അതിനുള്ള ഒരുക്കമാണ് ഇനിയുള്ളത്.

X
Desktop Bottom Promotion