സാന്ത്വനത്തിലെ ജയന്തിയുടെ സേതുവേട്ടന്‍: നിങ്ങളറിയുന്ന ആളല്ല, ഇവിടെയുണ്ട് പുതുവിശേഷങ്ങളുമായി

സാന്ത്വനം' എന്ന സീരിയല്‍ എന്നും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ ആഗ്രഹിക്കുന്നതാണ്. ഒരു പിടി പ്രിയകഥാപാത്രങ്ങള്‍ ഒരിക്കലും മറക്കാതെ നമ്മോട് തന്നെ ചേര്‍ന്ന് നില്‍ക്കുന്നു, അതും നമ്മളില്‍ ഒരാളായി. ബാലേട്ടനും, ദേവിയേടത്തിയും, ജയന്തിയും, സേതുവും, ശിവനും അഞ്ജലിയും എന്ന് വേണ്ട ഒരുപാട് ആളുകള്‍ നമ്മുടെയെല്ലാം സ്വന്തക്കാരായി മാറി എന്ന് പറയുന്നതില്‍ തെറ്റില്ല. ദേവിയേടത്തി കരയുമ്പോള്‍ കൂടെകരയുകയും ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുകയും ചെയ്തവരായിരുന്നു നമ്മളില്‍ പലരും. സീരിയല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ഒരു മാറ്റത്തിലേക്ക് എത്തിച്ച പരമ്പരയാണ് സാന്ത്വനം എന്നതില്‍ ഒരു സംശയവും ഇല്ല.

ഇതിലേ സേതുവേട്ടനും നമുക്കേറെ പ്രിയപ്പെട്ടതാണ്. ടിക്ടോകിലൂടെ തന്റെ കഴിവുകള്‍ പുറത്തെടുക്കുകയും സിനിമാ -സീരിയല്‍ ലോകത്തേക്ക് എത്തുകയും ചെയ്ത പ്രിയതാരം സേതുവേട്ടന്‍, അഥവാ നമ്മുടെ ബിജേഷ് അവണൂര്‍. അറിയാം അദ്ദേഹത്തിന്റെ വിഷു- വിശേഷങ്ങളും പുതിയ സിനിമാ വിശേഷങ്ങളും.

BIJESH VISHU

വെള്ളിത്തിരയിലേക്ക്
ആഗ്രഹം തന്നെയാണ് ഒരു വ്യക്തിയെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. അതിന് വേണ്ടി എത്രയൊക്കെ കഷ്ടപ്പെട്ടാലും അത് താന്‍ നേടിയെടുക്കും എന്നതാണ് സത്യം. അഭിനയലോകത്തേക്കുള്ള യാത്രയെക്കുറിച്ച് ചോദിച്ചാല്‍ ബിജേഷ് ആദ്യം പറയുന്നത് ഈ മേഖലയിലേക്ക് വരാന്‍ എടുത്ത പ്രതിസന്ധികളും അതിന് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളും ആണ്. മലയാളികള്‍ അറിയുന്ന ഒരു താരമായി താന്‍ വളര്‍ന്നെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പ്രേക്ഷകര്‍ തിരിച്ചറിയുന്നതും സ്‌നേഹത്തോടെ ഓടിവരുന്നതും സംസാരിക്കുന്നതും അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ ഫലമെന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാം.

പലതരം ജോലികള്‍
ജീവിക്കാന്‍ ജോലിയും പണവും അത്യാവശ്യമാണെന്നിരിക്കേ, മാന്യമായ എന്ത് ജോലിയും ചെയ്യാന്‍ ബിജേഷ് തയ്യാറായിരുന്നു. ബാര്‍ബറായും ഫാഷന്‍ ഡിസൈനറായും ചിത്രകലാധ്യാപകനായും എല്ലാം ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നിയോഗം സാന്ത്വനത്തിലെ സേതുവേട്ടനായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവാനായിരുന്നു. ഏതൊരു സാധാരണക്കാരനായ വ്യക്തിയേയും പോലെ തന്നെ കഷ്ടപ്പാടുകളിലൂടെയും പ്രതിസന്ധികളിലൂടേയും കടന്ന് വന്ന വ്യക്തിയാണ് ബിജേഷ് അവണൂര്‍.

അവണൂര്‍ എന്ന കലാഗ്രാമം
തൃശ്ശൂര്‍ ജില്ലയിലെ അവണൂര്‍ എന്ന ഗ്രാമമാണ് ഇദ്ദേഹത്തിന്റേത്. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കിയ പഞ്ചായത്താണ് എന്നതും എടുത്ത് പറയേണ്ടതാണ്. കലാഗ്രാമം എന്ന് തന്നെ പറയാവുന്ന ഒരു ചെറിയ ഗ്രാമം. ചിത്രരചനയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് ബിജേഷ് എന്നത് ഒരു നിസ്സാര കാര്യമല്ല. സ്‌കൂള്‍ കലോത്സവത്തിലും സംസ്ഥാന തലത്തിലും പലപ്പോഴും മികച്ച നടനായി തിരഞ്ഞെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ പിന്തുണ തന്നെയായിരുന്നു അന്നും ഇന്നും തന്റെ ശക്തി എന്നും ബിജേഷ്.

പ്രവാസത്തിലേക്ക്
കേരള വര്‍മ്മയിലെ ബിരുദത്തിന് ശേഷം വിദേശത്ത് പോവുന്നതിന് അവസരം ലഭിക്കുകയും പഠനം അവസാനിപ്പിച്ച് പ്രവാസത്തിലേക്ക് കടക്കുകയും ചെയ്തു. എന്നാല്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വരേണ്ടി വന്നു. അഞ്ച് വര്‍ഷത്തോളം പ്രവാസത്തിലായിരുന്ന ബിജേഷ് അവിടെ നിന്നും നാട്ടിലേക്ക് തിരിക്കുകയും ചിത്രരചന അധ്യാപകന്‍, ബാര്‍ബര്‍ എന്നീങ്ങനെയുള്ള ജോലികള്‍ ചെയ്യുകയും ഉണ്ടായി.

ടിക്ടോകിലേക്ക്
ഒരു കാലത്ത് വളരെയധികം ട്രെന്‍ഡിംങ് ആയിരുന്ന ടിക്ടോക് തന്നെയാണ് ബിജേഷിന്റേയും ജീവിതം മാറ്റിയത് . തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഒരു വേദിയായിരുന്നു ബിജേഷിന് അത്. എന്നാല്‍ സാന്ത്വനത്തിലേക്ക് ഉള്ള എന്‍ട്രി തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതത്തെ ആകെമൊത്തം മാറ്റിയത്. സാന്ത്വനത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന സമയം ചിപ്പി രഞ്ജിത് ആണ് ഇദ്ദേഹത്തെ സാന്ത്വനത്തിലേക്ക് തിരഞ്ഞെടുത്തത്. ചിപ്പിയുടെ ചേട്ടന്റെ കഥാപാത്രമാണ് സേതുവേട്ടന്‍. ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായിരുന്നു ബിജേഷ്.

രഞ്ജിതിന്റെ നിര്‍ബന്ധം
സംവിധായകന്‍ പക്ഷേ ബിജേഷില്‍ തൃപ്തനല്ലായിരുന്നു, എന്നാല്‍ നിര്‍മ്മാതാവ് രഞ്ജിതിന്റെ നിര്‍ബന്ധപ്രകാരം ബിജേഷ് സേതുവേട്ടനാവുകയായിരുന്നു. പിന്നീട് സംവിധായകന്റെ മനസ്സിലുള്ള സേതുവായി പരകായപ്രവേശം ചെയ്യുകയായിരുന്നു ബിജേഷ്. രഞ്ജിത് സാറിന്റെ പുതിയ സീരിയയിലേക്ക് തന്നെ സെലക്റ്റ് ചെയ്‌തെന്ന കോള്‍ പക്ഷേ ബിജേഷ് വിശ്വസിച്ചില്ലായിരുന്നു. എന്നാല്‍ പ്രോഡക്ഷനില്‍ നിന്നുള്ള ഫോണ്‍ സത്യമാണെന്ന് മനസ്സിലാവുകയും പിന്നീട് ഇന്‍ട്രോ വീഡിയോ വഴിയില്‍ നിന്ന് ആ നിന്ന നില്‍പ്പില്‍ തന്നെ എടുത്ത് അയച്ച് കൊടുക്കുകയുമായിരുന്നു.

പക്വതയുള്ള കഥാപാത്രം
തുടക്കം പക്വതയുള്ള ഒരു കഥാപാത്രം ചെയ്യാന്‍ സാധിച്ചു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമായി ഇദ്ദേഹം കണക്കാക്കുന്നത്. സംവിധായകന്‍ ആദിത്യന്‍ സാിറിന്റെ മാത്രം കഴിവിലാണ് താന്‍ സേതുവേട്ടനായി മാറിയത് എന്ന് ബിജേഷ് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. അത് മാത്രമല്ല ആദിത്യന്‍ സാറിന്റെ വിയോഗം ജീവിതത്തില്‍ ഉണ്ടാക്കിയ ശൂന്യതയും വളരെ വലുതായിരുന്നു. സാന്ത്വനം കുടുംബത്തിലെ എല്ലാവരും ഇപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നതെല്ലാം വളരെ വലിയ കാര്യം തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഫാന്‍സ് അല്ല ഫ്രണ്ട്‌സ്
തനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടിട്ടുള്ളത് ഫാന്‍സ് തന്നെയാണ് എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇവര്‍ ഒരിക്കലും ഫാന്‍സ് എന്ന് പറയാന്‍ അദ്ദേഹം തയ്യാറല്ല. ഫ്രണ്ട്‌സ് എന്നാണ് ഇവരെ പറയുന്നതും. ഒരു അഭിനേതാവിന് ലഭിക്കുന്ന സ്‌നേഹമല്ല അവരുടെ കുടുംബത്തിലെ ഒരു വ്യക്തിയെപ്പോലെയാണ് എല്ലാവരും തന്നെ കാണുന്നതെന്നും ഇദ്ദേഹം പറയുന്നത്. പല വിധത്തിലുള്ള ഫാന്‍സ് പേജുകള്‍ മാത്രമാണ് തന്റെ ജീവിതത്തില്‍ ഇത്രയും വലിയ മാറ്റവും പ്രേക്ഷകരില്‍ ഇത്ര വലിയ സ്വാധീനവും ഉണ്ടാക്കിയത്. കണ്ണന്‍ ചൂളിശ്ശേരി എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹം നല്‍കിയ സ്‌നേഹത്തെക്കുറിച്ചും ഇദ്ദേഹം വളരെയധികം വാചാലനായി. കണ്ണന്റെ വിയോഗം ജീവിതത്തില്‍ വളരെ വലിയ നഷ്ടവും സങ്കടവുമാണ് ഉണ്ടാക്കിയത് എന്നും ഇദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു.

എന്റെ വിഷു
വിഷുവിന് ഇത് വരെ കണി വെക്കുകയോ കണി കാണുകയോ ചെയ്തിട്ടില്ല. എന്നാല്‍ വിഷു ആഘോഷങ്ങളില്‍ ബിജേഷ് സജീവമായി പങ്കെടുക്കും. ആഘോഷങ്ങള്‍ എല്ലാം തന്നെ ലോകം മുഴുവന്‍ നന്മയും സ്‌നേഹവും നിറക്കാന്‍ സാധിക്കട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നാണ് ബിജേഷ് പറയുന്നു.

കുടുംബം
അമ്മയും താനുമാണ് ഇപ്പോള്‍ കുടുംബത്തിലുള്ളത്. അച്ഛന്‍ ബാര്‍ബറായിരുന്നു, ചിദംബരന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. അമ്മ രചന, അനിയത്തി പ്രബിന, ഭര്‍ത്താവ് മനോജ്, രണ്ട് മക്കള്‍ മാനവും മൗനയും. കുടുംബത്തിന്റേയും നാട്ടുകാരുടേയും പിന്തുണയും സ്‌നേഹവും തന്നെയാണ് തന്നെ ബിജേഷ് അവണൂര്‍ എന്ന നടനാക്കി മാറ്റിയത്. ജീവിതത്തില്‍ എപ്പോഴും എല്ലാവരോടും കടപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് ഇദ്ദേഹത്തെ സിംപിളാക്കുന്നതും. എല്ലാ മലയാളികള്‍ക്കും ബിജേഷ് അവണൂരിന്റെ വിഷുദിനാശംസകള്‍..

Story first published: Sunday, April 14, 2024, 12:00 [IST]
X
Desktop Bottom Promotion