ഒളിഞ്ഞിരിക്കുന്ന നിഗൂഢത, ശാസ്ത്രത്തെപ്പോലും ഉത്തരം മുട്ടിച്ച ഇന്ത്യയിലെ ചുരുളഴിയാത്ത രഹസ്യങ്ങള്‍

Unsolved Mysteries Of India: ഒട്ടനവധി ചരിത്രങ്ങള്‍ ഉറങ്ങുന്ന നാടാണ് ഇന്ത്യ. അതിപുരാതന കാലം മുതല്‍ക്കേ ഇന്ത്യയില്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും പുരാതന നാഗരികതകളുമെല്ലാം നിലനിന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിസ്തൃതമായ വലിപ്പം, സാംസ്‌കാരിക ഘടന, പുരാണങ്ങള്‍ എന്നിവയെല്ലാം ഇന്ത്യയെ വിചിത്രതകള്‍ നിറഞ്ഞ നാടാക്കി മാറ്റുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ കഥകള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്.

ഇവയെല്ലാം കെട്ടുകഥകളാണെന്ന് പലരും പറയുമെങ്കിലും പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഉത്തരം തേടുന്ന പല നിഗൂഢതകളും ഇന്ത്യയിലുണ്ട്. ശാസ്ത്രീയമായ ഒരു ന്യായവാദത്തിനും ഈ കാര്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. (unrevealed secrets of india) നൂറ്റാണ്ടുകളായി ചരിത്രകാരന്മാരെയും പുരാവസ്തു ഗവേഷകരെയും അമ്പരപ്പിച്ച, അത്തരം ചില ചുരുളഴിയാത്ത രഹസ്യങ്ങള്‍ ഇതാ.

Unsolved Mysteries Of India

സിന്ധുനദീതട സംസ്‌കാരത്തിന്റെ പതനം

ലോകത്തിലെ ഏറ്റവും പഴയ നഗര സംസ്‌കാരങ്ങളിലൊന്നായിരുന്നു സിന്ധുനദീതട സംസ്‌കാരം. 3300 BC മുതല്‍ 1300 BC വരെ സിന്ധുനദീതട സംസ്‌കാരം നിലനിന്നിരുന്നതായി പറയപ്പെടുന്നു. നൂതന നഗരാസൂത്രണം, സങ്കീര്‍ണ്ണമായ ഡ്രെയിനേജ് സംവിധാനങ്ങള്‍, നിഗൂഢമായ ലിപി എന്നിവയ്ക്ക് പേരുകേട്ട ഈ സംസാകരം തകര്‍ന്നതിന് കാരണം ഇന്നും ഗവേഷകര്‍ക്ക് പോലും പിടികിട്ടാത്ത രഹസ്യമായി തുടരുന്നു. നിരവധി ഉത്ഖനനങ്ങളും പഠനങ്ങളും നടത്തിയിട്ടും സിന്ധുനദീതട സംസ്‌കാരത്തിന്റെ തകര്‍ച്ചയുടെ പിന്നിലെ കാരണങ്ങള്‍ നിഗൂഢതയില്‍ മറഞ്ഞിരിക്കുന്നു. പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അധിനിവേശമോ ആയിരുന്നോ അവരുടെ തകര്‍ച്ചയിലേക്ക് നയിച്ചത്? സിദ്ധാന്തങ്ങള്‍ ധാരാളമുണ്ട്, പക്ഷേ കൃത്യമായ ഉത്തരങ്ങള്‍ ഇന്നും വെളിവായിട്ടില്ല.

ഡല്‍ഹിയിലെ ഇരുമ്പ് സ്തംഭം

ഡല്‍ഹിയിലെ ഖുതുബ് സമുച്ചയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗുപ്ത കാലഘട്ടത്തിലെ (ഏകദേശം 400 AD) ഇരുമ്പ് സ്തംഭമാണ് മറ്റൊരു രഹസ്യം. 7 മീറ്ററിലധികം ഉയരവും 6 ടണ്ണിലധികം ഭാരവുമുള്ള ഈ സ്തംഭം, 1,600 വര്‍ഷത്തിലേറെയായി കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നു. ഇത്രയും കാലം കഠിനമായ കാലാവസ്ഥയ്ക്ക് വിധേയമായിട്ടും ഈ സ്തംഭത്തിന് ഒരു പോറല്‍ പോലുമില്ല. ഈ ഇരുമ്പ് സ്തംഭത്തിന്റെ ഘടനയും ലോഹസങ്കരവും ശാസ്ത്രജ്ഞരെയും ചരിത്രകാരന്മാരെയും ഒരുപോലെ അമ്പരപ്പിക്കുന്നു.

സരസ്വതി നദി

പുരാണങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന നദിയാണ് സരസ്വതി നദി. ഇത് ഇന്ത്യയുടെ വടക്കുഭാഗത്തുകൂടി ഒഴുകിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചിലര്‍ ഇത് പുരാണമായി കണക്കാക്കുമ്പോള്‍, മറ്റുള്ളവര്‍ ഇത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന നദിയാണെന്ന് പറയുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പഠനങ്ങള്‍ നടത്തിയ ഗവേഷകര്‍ സരസ്വതി നദീതടത്തിന്റെ സൂചനകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സരസ്വതി ഒരു യഥാര്‍ത്ഥ നദിയായിരുന്നോ? അങ്ങനെയെങ്കില്‍, പുരാതന ഇന്ത്യന്‍ നാഗരികതകളെ രൂപപ്പെടുത്തുന്നതില്‍ ഈ നദി എന്ത് പങ്കാണ് വഹിച്ചത് എന്നതെല്ലാം ഇന്നും ഒരു രഹസ്യമായി തുടരുന്നു.

ലഡാക്കിലെ കോങ്ക് ലാ ചുരം

ഇന്ത്യയുടെയും ചൈനയുടെയും തര്‍ക്ക അതിര്‍ത്തിയിലാണ് കോങ്ക് ലാ ചുരം സ്ഥിതിചെയ്യുന്നത്. 1962-ല്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ ഇവിടെ കനത്ത ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഇതിനുശേഷം ചൈനയും ഇന്ത്യയും ഒരു കരാറില്‍ ഏര്‍പ്പെട്ടു. അതനുസരിച്ച് ഈ പ്രദേശത്ത് പട്രോളിംഗ് നടത്താന്‍ ആരെയും അനുവദിക്കില്ല. എന്നാല്‍ അകലെ നിന്ന് ഈ സ്ഥലം നിരീക്ഷിക്കാം. ഇതിനുശേഷം, ലഡാക്കിലെ കോങ്ക്‌ലാ പാസ് യുഎഫ്ഒകളുടെ കേന്ദ്രമായെന്ന ഒരു വിശ്വാസം ഉയര്‍ന്നുവന്നു. ഈ പ്രദേശം എന്നെന്നേക്കുമായി ആളില്ലാത്ത സ്ഥലമായി ഇന്നും തുടരുന്നു. അതിനാലാണ് യുഎഫ്ഒകള്‍ ഇത് അവരുടെ പ്രവര്‍ത്തനത്തിനായുള്ള സ്ഥലമായി തിരഞ്ഞെടുത്തത് എന്നാണ് വിശ്വാസം. പലരും ഈ പ്രദേശത്ത് യുഎഫ്ഒകള്‍ കണ്ടിട്ടുണ്ടെന്നും ഇന്ത്യന്‍, ചൈനീസ് സര്‍ക്കാരുകള്‍ക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങള്‍ ഇന്നും നിഗൂഢമായി തുടരുന്നു.

സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖനായ നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും നിഗൂഢമായി തുടരുന്നു. 1945-ല്‍ ദുരൂഹമായി അദ്ദേഹം അപ്രത്യക്ഷനാകുകയായിരുന്നു. തായ്വാനിലെ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതിന് കൃത്യമായ തെളിവുകളൊന്നും ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ല. നിരവധി ഏജന്‍സികള്‍ അന്വേഷം നടത്തിയിട്ടും അദ്ദേഹത്തിന്റെ തിരോധാനം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും ചരിത്ര രഹസ്യങ്ങളിലൊന്നായി തുടരുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രഹസ്യ അറ

കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയാണ് മറ്റൊരു ചുരുളഴിയാത്ത രഹസ്യം. ക്ഷേത്രത്തിന്റെ മറ്റ് അറകള്‍ തുറന്നപ്പോള്‍ വലിയ നിധിശേഖരം കണ്ടെത്തിയിരുന്നു. എന്നാല്‍ അവസാന നിലവറയായ ബി നിലവറ ഇതുവരെ തുറന്നിട്ടില്ല. ഈ നിലവറ തുറന്നാല്‍ നാട് കടലിനടിയിലാകുമെന്നും സര്‍വ്വനാശത്തിന് കാരണമാകുമെന്നും പറയപ്പെടുന്നു. ഈ അറയ്ക്കുള്ളില്‍ എന്താണ് കിടക്കുന്നത്? അത് നിധിയാണോ, പുരാതന പുരാവസ്തുക്കളാണോ, നിഗൂഢമായ മറ്റെന്തെങ്കിലും ആണോ? അതോ വിശ്വാസങ്ങള്‍ പോലെ നാടിനെ നശിപ്പിക്കാന്‍ ശക്തിയുള്ള എന്തെങ്കിലുമാണോ എന്ന കാര്യങ്ങള്‍ ഇന്നും ഒരു രഹസ്യമായി തുടരുന്നു.

രൂപ്കുണ്ഡ് തടാകത്തിലെ അസ്ഥികൂടം

ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകം വിചിത്രവും ഭീകരവുമായ ഒരു സ്ഥലമാണ്. നൂറുകണക്കിന് മനുഷ്യ അസ്ഥികൂടങ്ങളാണ് ഈ തടാകത്തില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ഈ അവശിഷ്ടങ്ങള്‍ ഒമ്പതാം നൂറ്റാണ്ടിലേതാണെന്നും അത് ഒരു ദുരന്തത്തിന്റെ ഫലമായിരിക്കാം എന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ അസ്ഥികൂടങ്ങളുടെ ഐഡന്റിറ്റിയും ഈ തടാകത്തിലെ കൂട്ടമരണത്തിന് പിന്നിലെ കഥയും ശാസ്ത്രജ്ഞരെയും ചരിത്രകാരന്മാരെയും ഇന്നും അമ്പരപ്പിക്കുന്ന ഒരു രഹസ്യമാണ്.

Story first published: Thursday, May 23, 2024, 15:30 [IST]
X
Desktop Bottom Promotion