For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരതരത്‌നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍

|

ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്നം. ജീവിതത്തില്‍ അസാധാരണമായ സേവനമോ പ്രകടനമോ രാജ്യത്തിനായി കാഴ്ചവച്ചവര്‍ക്കുള്ള അംഗീകാരമാണ് ഇത്. 1954 ലാണ് ആദ്യമായി ഭാരതരത്‌ന സമ്മാനിച്ചു തുടങ്ങിയത്. സി. രാജഗോപാലാചാരി, സര്‍വേപള്ളി രാധാകൃഷ്ണന്‍, സി.വി രാമന്‍ എന്നിവരാണ് ആദ്യത്തെ ഭാരതരത്‌ന ജേതാക്കള്‍.

Most read: അറിഞ്ഞിരിക്കൂ.. ഈ സ്ത്രീ സുരക്ഷാ നിയമങ്ങള്‍

ആരംഭിച്ച് 64 വര്‍ഷങ്ങള്‍ക്കകം നിരവധി മികച്ച സാമൂഹിക നേതാക്കള്‍ക്കും വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ക്കും ഭാരതരത്‌ന ബഹുമതി ലഭിച്ചു. ഇതുവരെ ആകെ 48 പേര്‍ക്ക് രാജ്യം ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുണ്ട്. അതില്‍ അഞ്ച് പേര്‍ മാത്രമാണ് സ്ത്രീകള്‍. മാര്‍ച്ച് 8ന് വനിതാദിനം ആഘോഷിക്കുന്ന വേളയില്‍ ഭാരതരത്‌ന ബഹുമതിക്ക് അര്‍ഹയായ വനിതകളെ നമുക്ക് പരിചയപ്പെടാം.

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് ഭാരതരത്‌നം ലഭിച്ചത് 1972ലാണ്. ഭാരതരത്‌ന ലഭിക്കുന്ന ആദ്യത്തെ വനിതയായും അവര്‍ മാറി. നെഹ്റു കുടുംബത്തില്‍ ജനിച്ച ഇന്ദിരാഗാന്ധിക്ക് ചെറുപ്പം മുതലേ രാഷ്ട്രീയ അന്തരീക്ഷം പരിചയമുണ്ടായിരുന്നു. 1959 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിതാവ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു ഇന്ദിര. 1966 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1971 ല്‍ ഒരു പ്രത്യേക രാഷ്ട്രമെന്ന നിലയില്‍ ബംഗ്ലാദേശിനെ വിമോചനത്തിന് സഹായിക്കുകയും ചെയ്തു. 1984 ഒക്ടോബര്‍ 31ന് അംഗരക്ഷകരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

മദര്‍ തെരേസ

മദര്‍ തെരേസ

നിസ്വാര്‍ത്ഥ സേവനത്തിലൂടെ അഗതികളുടെ അമ്മയായ വ്യക്തിത്വം. ഉപേക്ഷിക്കപ്പെട്ടവരെയും നിരാലംബരേയും ഗുരുതര രോഗികളുമായവരെ പരിചരിക്കുന്നതിനായി തന്റെ ജീവിതം മാറ്റി വച്ച അവര്‍ക്ക് 1980 ല്‍ ഭാരത്‌രത്ന അവാര്‍ഡ് ലഭിച്ചു. മാസിഡോണിയയില്‍ ജനിച്ച മദര്‍ തെരേസ പതിനെട്ടാം വയസ്സില്‍ അയര്‍ലണ്ടിലെ ഒരു കൂട്ടം കന്യാസ്ത്രീകളില്‍ ചേര്‍ന്നു. 1929 ല്‍ ഇന്ത്യയിലെത്തി അദ്ധ്യാപികയായി ജോലി ചെയ്തു. 1950 ല്‍ മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിക്കാന്‍ തീരുമാനിച്ചു, അവഗണിക്കപ്പെട്ടവര്‍ക്ക് പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഇതിനെ അന്താരാഷ്ട്ര മതകുടുംബമായി പ്രഖ്യാപിച്ചു. ഇന്ന്, മിഷനറീസ് ഓഫ് ചാരിറ്റിക്ക് ലോകമെമ്പാടും നിരവധി ശാഖകളുണ്ട്. 1979 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച മദര്‍ തനിക്ക് സമ്മാനമായി ലഭിച്ച 1,92,000 അമേരിക്കന്‍ ഡോളര്‍ മുഴുവനും ഇന്ത്യയിലെ അവശര്‍ക്കായി ചെലവഴിച്ചു.

Most read: ഫോബ്‌സ് പട്ടികയില്‍ ഇടംനേടിയ 4 ഇന്ത്യന്‍ വനിതകള്‍

അരുണ ആസഫ് അലി

അരുണ ആസഫ് അലി

1942 ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തി പ്രശസ്തയായ വനിതയാണ് അരുണ ആസഫ് അലി. വിവാഹത്തിനുശേഷം അരുണ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 1928 ല്‍ കോണ്‍ഗ്രസ് നേതാവായി. 1930 ല്‍ ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്തു. 1932 ല്‍ തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ടു. തടവുകാരോട് മോശമായി പെരുമാറിയതില്‍ പ്രതിഷേധിച്ച് അവിടെ നിരാഹാര സമരം നടത്തി. 1954 ല്‍ സിപിഐയുടെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) വനിതാ വിഭാഗമായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ രൂപീകരിക്കാന്‍ പങ്കുവഹിച്ചു. 1958 ല്‍ ദില്ലിയിലെ ആദ്യത്തെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ പരിശ്രമത്തിനും ധീരതയ്ക്കും ബഹുമതിയായി ഗ്രാന്‍ഡ് ഓള്‍ഡ് ലേഡി ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് മൂവ്മെന്റ് എന്ന് അറിയപ്പെടുന്നു. 1964ല്‍ ലെനിന്‍ പുരസ്‌കാരവും 1992-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. 1997 ല്‍ ഭാരതം അവര്‍ക്ക് മരണാനന്ത ബഹുമതിയായി ഭാരതരത്നം സമ്മാനിച്ചു.

എം.എസ് സുബ്ബലക്ഷ്മി

എം.എസ് സുബ്ബലക്ഷ്മി

കര്‍ണാടക സംഗീത ലോകത്തെ മുന്‍നിരക്കാരിയാണ് എം.എസ് സുബ്ബുലക്ഷ്മി. 1998 ല്‍ ഭാരതരത്‌ന ലഭിച്ചപ്പോള്‍ അവാര്‍ഡ് ലഭിച്ച ആദ്യത്തെ സംഗീതജ്ഞയായി മാറി അവര്‍. തമിഴ്നാട്ടിലെ സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച എം.എസ് സുബ്ബലക്ഷ്മി തന്റെ 11-ാം വയസ്സില്‍ തിരുച്ചിറപ്പള്ളിയിലെ റോക്ക്‌ഫോര്‍ട്ട് ക്ഷേത്രത്തില്‍ ആദ്യമായി പൊതുപ്രകടനം നടത്തി. 1929 ല്‍ മദ്രാസ് മ്യൂസിക് അക്കാദമിയില്‍ വെറും 13 വയസ്സുള്ളപ്പോള്‍ കര്‍ണാടക സംഗീതത്തിലെ നിരവധി മഹാന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. 17ാം വയസ്സില്‍ത്തന്നെ സുബ്ബലക്ഷ്മിയുടെ പ്രശസ്തി നാട് അറിഞ്ഞിരുന്നു. 1963 ല്‍ എഡിന്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ വിവിധ വിദേശ ഫെസ്റ്റിവലുകളില്‍ മ്യൂസിക്കല്‍ ഐക്കണായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തുടങ്ങി. ന്യൂയോര്‍ക്കിലെ കാര്‍നെഗി ഹാളിലും ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലും അവര്‍ പ്രകടനം നടത്തി. റഷ്യ, കാനഡ, കിഴക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും കര്‍ണാടക സംഗീതത്തിന്റെ ശബ്ദങ്ങള്‍ അവര്‍ പരിചയപ്പെടുത്തി.

Most read: 2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്‌നങ്ങള്‍

ലതാ മങ്കേഷ്‌കര്‍

ലതാ മങ്കേഷ്‌കര്‍

മുപ്പതിലധികം ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ ആലപിച്ച റെക്കോഡിനുടമയാണ് ലതാ മങ്കേഷ്‌കര്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പിന്നണി ഗായികയായ അവര്‍ക്ക് 2001 ല്‍ ഭാരതരത്ന അവാര്‍ഡ് ലഭിച്ചു. 1942 ല്‍ മറാത്തി, ഹിന്ദി ചിത്രങ്ങളില്‍ അഭിനേതാവായാണ് ലതാ മങ്കേഷ്‌കര്‍ കരിയര്‍ ആരംഭിച്ചത്. 1945 ല്‍ 'ഗജാബാവു' എന്ന ചിത്രത്തിനായി തന്റെ ആദ്യത്തെ ഹിന്ദി പ്ലേബാക്ക് ഗാനം റെക്കോര്‍ഡുചെയ്തു. 1949 ല്‍ 'മഹല്‍' എന്ന സിനിമയിലൂടെയാണ് നടി മധുബാലയ്ക്ക് വേണ്ടി പാടിയത്. പ്രധാന സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ അവര്‍ നിരവധി സിനിമകള്‍ക്കായി പിന്നണി ആലപിച്ചു.

English summary

Women Who Have Been Awarded The Bharat Ratna

The Bharat Ratna has since been presented to 48 people in total, and only five of them are women. Lets see who they are.
X