For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Sethu Lakshmi: അന്താരാഷ്ട്ര വനിതാ ദിനം: കരുത്തോടെ പൊരുതി ക്യാന്‍സറിനെ തോല്‍പ്പിച്ച് സേതുലക്ഷ്മി

|

ക്യാന്‍സര്‍ എന്നത് ഏതൊരാള്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു രോഗമായാണ് ഈ അടുത്ത കാലം വരെ കണ്ടിരുന്നത്. ക്യാന്‍സര്‍ ബാധിച്ചവരെല്ലാം മരിച്ച് പോവും അവര്‍ക്കിനി ജീവിതമില്ല എന്നായിരുന്നു പൊതുവേയുള്ള ധാരണ. അതുകൊണ്ട് തന്നെ രോഗം ബാധിച്ചവരെ വളരെയധികം സഹാനുഭൂതിയോടെയായിരുന്നു നമ്മുടെ സമൂഹം കണ്ടിരുന്നത്. പക്ഷേ മെഡിക്കല്‍ സയന്‍സ് ഇത്രയധികം വളര്‍ന്ന് കഴിഞ്ഞ ഒരു സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞതു പോലെയുള്ള ചിന്തകള്‍ അര്‍ത്ഥശൂന്യമാണ് എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാം അറിയേണ്ടത് ക്യാന്‍സര്‍ ഒന്നും തനിക്ക് മുന്നില്‍ ഒന്നുമല്ല ഇനിയുമേറെ ദൂരം പോവാനുണ്ട് എന്ന് ധൈര്യത്തോടെ പറഞ്ഞ സേതുലക്ഷ്മി എന്ന പെണ്‍കുട്ടിയെ കുറിച്ചാണ്. ഇടുക്കിയിലെ കട്ടപ്പനയിലാണ് സേതു ലക്ഷ്മി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസവും കോട്ടയത്ത് ഡിഗ്രി പഠനവും പൂര്‍ത്തിയാക്കി ബിഎഡും പിജിയും എല്ലാം ചെയ്ത ശേഷം 2016-ല്‍ സരസ്വതി വിദ്യാപീഠത്തില്‍ ജോലി ചെയ്യുകയായിരുന്നു സേതുലക്ഷ്മി.

Interview With Entrepreneur Sethu Lakshmi

അധ്യാപികയായി ജോലി ചെയ്യവേ 2018- ഓഗസ്റ്റ് 30-ന് വിദേശത്ത് ജോലി ചെയ്തിരുന്ന പ്രവീണുമായായിരുന്നു സേതുലക്ഷ്മിയുടെ വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്ത് ജോലിക്ക് വേണ്ടിയും ശ്രമിച്ചു. എല്ലാം ശരിയാക്കി ഭര്‍ത്താവിനടുത്തേക്ക് സേതുലക്ഷ്മി എത്തി. അവിടെ നിന്നാണ് സേതുലക്ഷ്മിയുടെ ജീവിതം മാറ്റി മറിച്ച പലതും സംഭവിച്ചത്. 2019-ല്‍ ജൂണ്‍ 9-ല്‍ അബുദാബിയിലെത്തിയ സേതുലക്ഷ്മിയെ വരവേറ്റത് ചെറുതായി വന്നും പോയും കൊണ്ടിരുന്ന കൈവേദനയായിരുന്നു. ഈ വേദന പിന്നെ ഷോള്‍ഡറിലേക്ക് മാറി. അസഹനീയമായപ്പോള്‍ അവിടെ തന്നെ ഉണ്ടായിരുന്ന ഡോക്ടറെ കാണുകയും എക്‌സറേ എടുക്കുകയും ചെയ്തു. അവിടെ വെച്ചാണ് ശ്വാസകോശത്തിന് താഴെ ചെറിയ ഒരു ഗ്രോത്ത് ഉള്ളതായി കണ്ടെത്തിയത്.

Interview With Entrepreneur Sethu Lakshmi

നമുക്കാര്‍ക്കും അങ്ങനെയൊന്നും സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് നാം ഓരോരുത്തരും ഓരോ ദിവസവും എഴുന്നേല്‍ക്കുന്നത്. എന്നാല്‍ സേതുലക്ഷ്മിയുടെ ജീവിതത്തില്‍ വിധി മാറ്റങ്ങള്‍ വരുത്തിയത് ഈ ദിനത്തിലാണ്. ഡോക്ടര്‍ ചെറുതായി ശരീരത്തിലുള്ള ക്യാന്‍സര്‍ സാധ്യതയെക്കുറിച്ച് സൂചിപ്പിച്ചുവെങ്കിലും അത് വിശ്വസിക്കുക എന്നത് സേതുവിനെ സംബന്ധിച്ചിടത്തോളം ആദ്യം അല്‍പം പ്രയാസമുണ്ടാക്കിയിരുന്നു. ചികിത്സക്കും മറ്റു കാര്യങ്ങള്‍ക്കുമായി സേതുലക്ഷ്മി ജൂണ്‍ 27ന് തന്നെ നാട്ടിലേക്ക് തിരിച്ചിറങ്ങി. മനസ്സ് നിറയെ ആശങ്കകളുമായി സേതുലക്ഷ്മിയും കുടുംബവും കോട്ടയത്തെ പ്രശസ്തമായ ഒരു ആശുപത്രിയിലേക്ക് എത്തുകയും ഡോക്ടറെ കാണുകയും ചെയ്തു. ഇവിടെ വരെ ഏതൊരു സാധാരണ മനുഷ്യനും അനുഭവിച്ച ആശങ്കയും അങ്കലാപ്പും സേതുവിനേയും ബാധിച്ചിരുന്നു. എന്നാല്‍ തനിക്ക് ലിംഫോബ്ലാസ്റ്റിക് ലിംഫോമ എന്ന രോഗാവസ്ഥയാണ് എന്ന് ഡോക്ടര്‍ പറഞ്ഞതിനപ്പുറം ധൈര്യത്തോടെ എന്തിനേയും താന്‍ നേരിടും എന്ന നിശ്ചയദാര്‍ഢ്യം തന്നെ സേതുവിനുണ്ടായി.

Interview With Entrepreneur Sethu Lakshmi

സ്വന്തം അച്ഛനും അമ്മയും ഇല്ലെങ്കില്‍ താനില്ല എന്ന് ഉറപ്പിച്ചും ആവര്‍ത്തിച്ചും പറയുന്നുണ്ട് സേതുലക്ഷ്മി തന്റെ ഓരോ വാക്കിലും. വീട്ടുകാരും കൂടപ്പിറപ്പും ഭര്‍ത്താവും നല്‍കിയ പിന്തുണയും കരുതലും സ്‌നേഹവും എന്തൊക്കെ തിരിച്ച് നല്‍കിയാലും തീരില്ല എന്ന് തന്നെയാണ് സേതു ചിരിയോടെ പറയുന്നത്. ജൂലൈ 6-ന് ബയോപ്സി റിസള്‍ട്ട് വരുന്നു. ജ്യോതിലക്ഷ്മി എന്ന തന്റെ കൂടപ്പിറപ്പില്ലെങ്കില്‍ താന്‍ തളര്‍ന്ന് പോയിരുന്നു എന്നും ചേച്ചിയുടെ സപ്പോര്‍ട്ട് തന്നെ പുതിയ ജീവിതത്തിലേക്കാണ് എത്തിച്ചത് എന്നും സേതു പറയുന്നു. എന്തായാലും റിസള്‍ട്ട് വന്നതോടെ അടുത്ത ചിന്ത ട്രീറ്റ്‌മെന്റ് എവിടെ തുടങ്ങണം എന്നുള്ളതായിരുന്നു. അങ്ങനെ ജൂണ്‍ 8-ന് ആര്‍സിസിയിലെ ഡോ. ശ്രീജിത് എസ് നായര്‍ എന്ന ഡോക്ടറുടെ അടുത്തേക്ക് അല്ല സേതുലക്ഷ്മിയുടെ വാക്കില്‍ പറഞ്ഞാല്‍ ദൈവത്തിന്റെ അടുത്തേക്ക് അവരെത്തി.

Interview With Entrepreneur Sethu Lakshmi

International Women's Day 2022: സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഈ രോഗാവസ്ഥകള്‍International Women's Day 2022: സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഈ രോഗാവസ്ഥകള്‍

വെറും ആറ്മാസം കൊണ്ട് തന്നെ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കും എന്ന ഡോക്ടറുടെ ഉറപ്പ് തനിക്ക് നല്‍കിയ ഊര്‍ജ്ജവും പ്രതീക്ഷയും നിസ്സാരമല്ല എന്ന് ഇപ്പോഴും ഓര്‍ക്കുന്നു സേതു. 'പ്രതീക്ഷ എന്ന് പറഞ്ഞാല്‍ എന്താണെന്നത് ഈ ഡോക്ടറുടെ അടുത്ത് നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്' സേതു പറയുന്നു. ട്രീറ്റ്‌മെന്റിന്റെ ഏറ്റവും കഠിനമായ ഭാഗം തന്നെയായിരുന്നു കീമോതെറാപ്പി. മുടി കൊഴിയാന്‍ കാത്തു നില്‍ക്കാതെ തന്നെ മുടി ക്രോപ്പ് ചെയ്യുകയും പിന്നീട് മൊട്ടയടിക്കുകയും ചെയ്തു ആ ബ്രേവ്‌ഗേള്‍. എന്നാല്‍ കീമോയുടെ പാര്‍ശ്വഫലങ്ങളായ കോണ്‍സ്റ്റിപേഷന്‍,
ശരീരത്തിന്റെ നിറം മാറ്റം, ചൊറിച്ചില്‍, ഛര്‍ദ്ദി, വയറിളക്കം, നാക്കും വായും മുഴുവന്‍ പൊള്ളിയ അവസ്ഥ എന്നിവയെല്ലാം ജീവിക്കാനുള്ള ആര്‍ജ്ജവം സേതുലക്ഷ്മിയില്‍ കുത്തി നിറച്ച് കൊണ്ടിരുന്നു. ഏകദേശം 10 മാസത്തോളം ചികിത്സക്ക് മാത്രമായി എടുത്തു. അച്ഛനും അമ്മയും തന്ന ധൈര്യത്തിന് കീഴില്‍ നില്‍ക്കാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ നേട്ടം എന്ന് തന്നെയാണ് സേതു ഉറപ്പിച്ച് പറയുന്നത്. ഈ സമയം ഭര്‍ത്താവ് നല്‍കിയ പിന്തുണയും നിസ്സാരമല്ല. ആദ്യ വിവാഹ വാര്‍ഷികം പോലും ക്യാന്‍സര്‍ വാര്‍ഡില്‍ ആഘോഷിക്കേണ്ടി വന്നു എന്നത് മാത്രമായിരുന്നു സേതുവിനെ സംബന്ധിച്ചിടത്തോളം അല്‍പം സങ്കടമുണ്ടാക്കിയ കാര്യം. 2020-ല്‍ ട്രീറ്റ്മെന്റ് കഴിഞ്ഞ് വീട്ടിലെത്തിയ സേതുലക്ഷ്മി ഇനി തന്നെ ആരും തോല്‍പ്പിക്കില്ല എന്ന് ദൃഢനിശ്ചയത്തോടെയാണ് എത്തിയത്.

Interview With Entrepreneur Sethu Lakshmi

വിജയം എന്നത് എന്താണെന്ന് സേതുവിന്റെ ജീവിതം നമുക്ക് കാണിച്ച് തരും. എന്തെങ്കിലും ചെറിയ അസുഖം വന്നാല്‍ പോലും തളര്‍ന്ന് വീഴുന്നവര്‍ കണ്ട് പഠിക്കണം സേതുവിന്റെ ജീവിതത്തെ. ഈ വലിയ വെല്ലുവിളികള്‍ക്കിടയിലും തനിക്ക് എന്തെങ്കിലും ചെയ്യണം എന്ന ചിന്ത തന്നെയാണ് കേക്ക് ഉണ്ടാക്കുക എന്ന ദൗത്യത്തിലേക്ക് ഇവരെ എത്തിച്ചതും. രോഗമുക്തിക്ക് ശേഷം ഇടക്കിടെയുണ്ടാവുന്ന ചെറിയ പരിശോധനകളും മറ്റും മതിയെന്ന ഡോക്ടറുടെ ഉറപ്പില്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍ വരെ എത്തി സേതുവിന്റെ പേര്. എല്‍പിഎസ് പരീക്ഷയില്‍ മികച്ച റാങ്ക് കരസ്ഥമാക്കി നിയമനത്തിന് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് കേക്ക് എന്ന് ആശയത്തിലേക്ക് എത്തിയത്. അതിനും കാരണക്കാരിയായത് ചേച്ചിയും അടുത്ത വീട്ടിലെ ചേച്ചിയും തന്നെയാണ്. എന്നാല്‍ പിന്നെ അതിലൊരു പരീക്ഷണം എന്ന നിലക്ക് കുക്കറില്‍ കേക്ക് ഉണ്ടാക്കി നോക്കി. ആദ്യത്തെ സംരംഭം വലിയ വിജയമായിരുന്നു, എന്നാല്‍ പിന്നീട് അല്‍പം ഫ്‌ളോപ്പ് ആയി പോയി. പക്ഷേ അവിടേയും തളരാതെ മുന്നോട്ട് തന്നെ കുതിച്ചു സേതുവെന്ന പെണ്‍കുട്ടി. കേക്കിനെക്കുറിച്ച് മികച്ച അഭിപ്രായം ലഭിച്ചതോടെ എന്നാല്‍ എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കിക്കൂടാ എന്ന ചിന്തയും വന്നു. പിന്നീട് ഓര്‍ഡറുകള്‍ നിരവധി ലഭിക്കുകയും ചെയ്തു. ക്രിസ്മസ് കാലത്ത് ഉണ്ടാക്കിയ പ്ലംകേക്ക് തന്നെയാണ് ഇപ്പോഴും സ്റ്റാര്‍.

Interview With Entrepreneur Sethu Lakshmi

സ്ത്രീകള്‍ ഓരോ പ്രായത്തിലും നടത്തേണ്ട പരിശോധനകള്‍സ്ത്രീകള്‍ ഓരോ പ്രായത്തിലും നടത്തേണ്ട പരിശോധനകള്‍

അസാധ്യമായത് ഒന്നുമില്ല എന്ന് തന്നെയാണ് സേതുവിന്റെ ജീവിതം നമുക്ക് കാണിച്ച് തരുന്നത്. പുതിയ ജീവിതത്തിലേക്ക് പിച്ച വെച്ച് നടക്കുമ്പോള്‍ തന്റെ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവരേയും കൈ ചേര്‍ത്ത് പിടിച്ചവരേയും സേതുലക്ഷ്മി സ്മരിക്കും. എന്നാല്‍ തന്റെ ദുരിത കാലങ്ങളില്‍ കൈവിട്ടവരോടും യാതൊരു പരിഭവവും സേതുവിനില്ല. എത്രയും വേഗം താന്‍ സ്വപ്‌നം കണ്ടതു പോലൊരു ജീവിതം യാഥാര്‍ത്ഥ്യമാക്കി എടുക്കാനാണ് സേതുലക്ഷ്മിയുടെ ആഗ്രഹം. ഉള്‍ക്കരുത്തില്‍ കെടാതെ നില്‍ക്കുന്ന സേതുലക്ഷ്മിക്ക് മലയാളം ബോള്‍ഡ് സ്‌കൈയുടെ വനിതാ ദിനാശംസകള്‍.

English summary

Women's Day Special : Interview With Entrepreneur Sethu Lakshmi

International Women's Day 2022: Here is the exclusive interview with entrepreneur and 30-year-old cancer Survivor Sethu lakshmi from Idukki, Kerala . Read on.
X
Desktop Bottom Promotion