Just In
Don't Miss
- Movies
മോഹന്‍ലാലിന് സര്‍പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില്‍ പിറന്നാള്‍ ആഘോഷം, ചിത്രം കാണാം
- Automobiles
അടുത്ത പർച്ചേസ് വിൻഡോയും ആരംഭിച്ച് Ola, S1 പ്രോ ഇലക്ട്രിക്കിന്റെ വിലയും വർധിപ്പിച്ചു; കൂടുതൽ അറിയാം
- News
'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
- Sports
IPL 2022: കപ്പില്‍ മാത്രമല്ല, തോല്‍വിയിലും മുമ്പന്മാര്, നാണംകെട്ട് മുംബൈയും സിഎസ്കെയും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്‍...ജപ്പാന് മുതല്‍ ഡാര്‍ജലിങ് വരെ
സ്വാതന്ത്ര്യ വാതില്‍ തുറന്ന പോരാട്ടങ്ങള്‍
ബ്രിട്ടീഷ് കോളനിവാഴ്ചയുടെ കറുത്ത അദ്ധ്യായങ്ങള്‍ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്ര്യയായതോടെ അവസാനിച്ചു. ഈ സ്വാതന്ത്ര്യപോരാട്ടത്തിനു പിന്നില്‍ ഒരു ജനതയുടെ മുഴുവന്‍ പോരാട്ടവീര്യവും ആയിരക്കണക്കിനു പേരുടെ രക്തസാക്ഷിത്വവുമുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം വളരെ ശ്രദ്ധേയമാണ്. എന്തെന്നാല്‍ ഇന്ത്യയില്‍ നടന്ന സമരങ്ങള്‍ ഏറെയും സമാധാനപരമായിരുന്നു എന്നതാണ്. ഫ്രാന്‍സിലേയും അമേരിക്കയിലേയും ചൈനയിലേയുമൊക്കെ പോലെ വിപ്ലവങ്ങളിലൂടെ മാത്രം നേടിയെടുത്തതായിരുന്നില്ല ഇന്ത്യയുടെ സ്വാതന്ത്ര്യം. അതിലേറെയും സഹന സമരങ്ങള്‍ ആയിരുന്നു എന്നതും പ്രത്യേകതയാണ്.
Most
read:
ഗുഞ്ചന്
സക്സേന;
കാര്‍ഗിലിലെ
പെണ്‍പോരാളി
ഒരു ചെറിയ വിഭാഗം ഇന്ത്യന്‍ വിപ്ലവകാരികള്‍ മാത്രമാണ് സായുധ പോരാട്ടമാണ് ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗമെന്ന് വിശ്വസിച്ചിരുന്നത്. മിക്ക ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളും പിന്തുടര്ന്നത് മഹാത്മാഗാന്ധിയുടെ അഹിംസാത്മക ചെറുത്തുനില്‍പ്പിന്റെ തത്വങ്ങള്‍ തന്നെയായിരുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയത് 1915ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയതിനു ശേഷമായിരുന്നു. വലുതും ചെറുതുമായ ആയിരക്കണക്കിന് സംഭവങ്ങളും ദുരന്തങ്ങളും പ്രചാരണങ്ങളും പ്രസ്ഥാനങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. അതില്‍ ചിലത് വേറിട്ടുനില്ക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ വഴിത്തിരിവായ അത്തരം ചില പ്രധാന ചരിത്ര സംഭവങ്ങള്‍ ഇവിടെ വായിക്കാം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണം
1884 ഡിസംബറില്‍ ബ്രിട്ടീഷ് സിവില്‍ സര്‍വന്റ് അലന് ഒക്ടാവിയന് ഹ്യൂം മദ്രാസില്‍ 17 പേരുമായി ഒരു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഈ യോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (ഐ.എന്‍.സി) ഉത്ഭവമായിരുന്നു. 1885 ഡിസംബര്‍ 28ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായി. പരിമിതമായ ഈ പരിധിയില്‍ നിന്ന് അത് ക്രമേണ ഒരു ബഹുജന പ്രസ്ഥാനമായി മാറി. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ കടന്നുവരവോടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാര്‍ട്ടിയായി മാറി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

നിസ്സഹകരണ പ്രസ്ഥാനം
'സ്വരാജ്' എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി ആരംഭിച്ച ആദ്യത്തെ ബഹുജന പ്രസ്ഥാനങ്ങളിലൊന്നാണ് നിസ്സഹകരണ പ്രസ്ഥാനം (1920-22). സത്യാഗ്രഹത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ആശയങ്ങളായിരുന്നു ഇതിന്റെ ആണിക്കല്ല്. ബ്രിട്ടീഷ് സ്ഥാപനങ്ങളും ഉത്പന്നങ്ങളും ബഹിഷ്കരിക്കാനും നികുതി നല്കാന് വിസമ്മതിക്കാനും ആഹ്വാനം ചെയ്തു. അത് അതിന്റെ എല്ലാ ലക്ഷ്യങ്ങളും പാലിച്ചില്ലെങ്കിലും, ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനം എങ്ങനെയാണെന്ന് ആദ്യമായി ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞു. ഇന്ത്യക്കാര്‍ക്കിടയില്‍ ഇത് ആവേശത്തിന്റെ ഒരു തരംഗം തന്നെ സൃഷ്ടിച്ചു.
Most
read:സ്വാതന്ത്ര്യ
പോരാട്ടത്തിലെ
സ്ത്രീ
ജ്വാലകള്‍

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍ വച്ച് നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയുമടക്കം നിരവധി പേരെ ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവച്ചു കൊലപ്പെടുത്തിയത് രാജ്യത്തെ ഞെട്ടിച്ചു. ബ്രിട്ടീഷ് രാജ് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് തുറന്നുകാട്ടുന്നതായിരുന്നു ഈ പ്രവൃത്തി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന നീരസം ഉണ്ടായിരുന്നു. സാമ്രാജ്യശക്തിയായ ബ്രിട്ടണ് ഇന്ത്യക്കാര്‍ക്ക് അധികാരം കൈമാറാന്‍ തയ്യാറായിരുന്നില്ല. 1919 ഏപ്രില്‍ 13ന് അമൃത്സറിലെ ജാലിയന്‍വാലബാഗില്‍ ഒത്തുചേര്‍ന്ന പതിനായിരത്തോളം സാധാരണക്കാര്‍ക്കെതിരേ ബ്രിഗേഡിയര്‍ ജനറല്‍ ആര്.എച്ച് ഡയര്‍ ഉള്‍പ്പെടുന്ന പട്ടാളസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ബ്രിട്ടീഷ് കണക്കുപ്രകാരം മരണസംഖ്യ നൂറുകണക്കിന് ആളുകളായിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ടായിരത്തോളം പേര് മരിച്ചുവെന്ന് പറയപ്പെടുന്നു. ഈ സംഭവം വ്യാപകമായ ബ്രിട്ടീഷ് വിരോധത്തിന് കാരണമായി.

ഉപ്പ് സത്യാഗ്രഹം
ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള മഹാത്മാഗാന്ധിയുടെ മറ്റൊരു പ്രധാന സഹന പോരാട്ടമായിരുന്നു ദണ്ഡി യാത്ര. 1930 മാര്‍ച്ച് 12ന് ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് തീരദേശ ഗ്രാമമായ ദണ്ഡിയിലേക്ക് ഈ ചരിത്രപരമായ യാത്ര ആരംഭിച്ചു. ഉപ്പിന് ചുമത്തിയ നികുതിയെ എതിര്‍ക്കുന്നതിനായി ദണ്ഡി കടപ്പുറത്തുനിന്ന് ഉപ്പുകുറുക്കി സമരസംഘം പ്രതിഷേധിച്ചു. 24 ദിവസത്തെ മാര്‍ച്ചില്‍ പതിനായിരക്കണക്കിന് ആളുകള്‍ ഗാന്ധിജിയുടെ പിന്നില്‍ അണചേര്ന്നു. ലോകം അറിഞ്ഞ ഏറ്റവും വലിയ നിസ്സഹകരണ പ്രസ്ഥാനങ്ങളിലൊന്നായി ഇത് മാറി.

ക്വിറ്റ് ഇന്ത്യ സമരം
ക്രിപ്സ് മിഷന്റെ പരാജയത്തോടെ 1942 ഓഗസ്റ്റില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. ബ്രിട്ടീഷുകാരെ ഇന്ത്യ വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കുന്നതിനായി 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം രാജ്യത്താകെ അലയടിച്ചു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരേ ഇന്ത്യക്കാര്‍ സ്വയം മുന്നിട്ടിറങ്ങി. ബ്രിട്ടിഷ് പട്ടാളം ഭീകരമായി തന്നെ സമരത്തെ നേരിട്ടു. കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളെയും പെട്ടെന്നു തന്നെ അറസ്റ്റു ചെയ്തു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഗാന്ധിജിയും അറസ്റ്റിലായി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരമായിരുന്നെങ്കിലും റെയില്‍വേ സ്റ്റേഷനുകള്‍, ടെലിഗ്രാഫ് ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ വ്യാപകമായി ആക്രമിക്കപ്പെട്ടു. നേതാക്കള്‍ അറസ്റ്റിലായെങ്കിലും ജയപ്രകാശ് നാരായണന്, അരുണ ആസഫലി, എസ്.എം. ജോഷി, റാം മനോഹര്‍ ലോഹിയ തുടങ്ങിയവര്‍ സമരം തുടര്‍ന്നു. 1944 വരെ ക്വിറ്റ് ഇന്ത്യ സമരം തുടര്‍ന്നു.

ആസാദ് ഹിന്ദ് ഫൗജ്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രചോദനാത്മക വ്യക്തികളില്‍ ഒരാളാണ് സുഭാഷ് ചന്ദ്രബോസ്. ബ്രിട്ടീഷുകാര്‍ക്കെതിരേ സായുധ പോരാട്ടം നടത്താനായി 1942ല്‍ സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ചതാണ് ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യന്‍ നാഷണല്‍ ആര്‍മി(ഐ.എന്‍.എ). ബോസും അദ്ദേഹത്തിന്റെ ധീരന്മാരായ പോരാളികളും ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ ജപ്പാനുമായി കൈകോര്‍ത്തു. 40,000 പേരെയാണ് പോരാട്ടത്തിനായി ജപ്പാന്റെ സഹായത്തോടെ സുഭാഷ് ബോസ് പരിശീലിപ്പിച്ചെടുത്തത്. ജപ്പാന് സൈന്യത്തിന്റെ സഹായത്തോടെ സിംഗപ്പൂരിലും മ്യാന്മറിലും എത്തിയ ഐ.എന്‍.എ സൈന്യം ബ്രിട്ടണെതിരെ ശക്തമായി പോരാടി. എന്നാല്‍ അന്തിമ വിജയം ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. ബ്രിട്ടണ് സിംഗപ്പൂര്‍ പിടിച്ചെടുത്തതോടെ കീഴടങ്ങാതെ സുഭാഷ് ചന്ദ്രബോസ് രക്ഷപെടുകയായിരുന്നു. എന്നാല്‍ യാത്രക്കിടെ വിമാനാപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ബോസ് മരണമടഞ്ഞെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ മരണത്തെ ചുറ്റിപ്പറ്റി പല സംശയങ്ങളും അഭ്യൂഹങ്ങളും ഇന്നും നിലനില്ക്കുന്നു.