For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാതന്ത്ര്യ പോരാട്ടത്തിലെ സ്ത്രീ ജ്വാലകള്‍

|

ലോകചരിത്രത്തില്‍ തന്നെ ഇടംപിടിച്ചതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. 1600ല്‍ കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ ക്രമേണ ഇന്ത്യയുടെ ഭരണാധികാരികളായി മാറി. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യന്‍ സമൂഹം അടിച്ചമര്‍ത്തലുകളുടെയും പീഢനങ്ങളുടെയും നാളുകളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ഒട്ടേറെ പേരുടെ ജീവത്യാഗവും പ്രയത്‌നവുമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, നെഹ്‌റു എന്നിങ്ങനെ ഒട്ടേറെ അറിയപ്പെടുന്ന പേരുകള്‍ നാം കേട്ടിട്ടുണ്ട്.

Niranjana Exclusive Interview | Oneindia Malayalam

Most read: ആനയോളം സ്‌നേഹം; ഇന്ന് ലോക ആന ദിനം

എന്നാല്‍ ഈ പേരുകള്‍ കൂടാതെ അധികം അറിയപ്പെടാത്ത നിരവധി ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളും ഇന്ത്യന്‍ ചരിത്രത്തിലുണ്ട്. സ്വാതന്ത്ര്യത്തിനായി സ്ത്രീകള്‍ നല്‍കിയ സംഭാവനകളും ഒഴിച്ചുകൂടാനാവാത്തതാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഝാന്‍സി റാണി ലക്ഷ്മിഭായിയില്‍ തുടങ്ങിയ വിപ്ലവജ്വാല സ്വാതന്ത്ര്യം നേടുന്നതുവരെ ഇന്ത്യന്‍ സ്ത്രീകളില്‍ പടര്‍ന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ നമ്മുടെ രാജ്യത്തെ ഏറ്റവും മഹത്തായ ചില സ്ത്രീകളെ നമുക്ക് ഈ സ്വാതന്ത്ര്യ ദിന വേളയില്‍ ഓര്‍ക്കാം.

ഝാന്‍സി റാണി ലക്ഷ്മീഭായ്

ഝാന്‍സി റാണി ലക്ഷ്മീഭായ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്താളുകളില്‍ തങ്കലിപികളാല്‍ കുറിച്ചിട്ട പേരാണ് ഝാന്‍സി റാണി ലക്ഷ്മീഭായ്. ദേശസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും വീരതയുടെയും ആള്‍രൂപമായിരുന്നു അവര്‍. 1835 നവംബര്‍ 19ന് കാശിയില്‍ ജനിച്ച ലക്ഷ്മീഭായിയുടെ ആദ്യകാല നാമം മണികര്‍ണിക എന്നായിരുന്നു. 1842ല്‍ ഝാന്‍സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിനെ വിവാഹം കഴിച്ചു. 1853ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ഝാന്‍സിയുടെ ഭരണച്ചുമതല റാണി ലക്ഷ്മിഭായിയുടെ കൈകളിലെത്തി. 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ഝാന്‍സി ഒരു പ്രധാന കലാപ കേന്ദ്രമായി മാറി. അന്ന് ബ്രിട്ടീഷുകാരെ സധൈര്യം നേരിട്ട റാണി ലക്ഷ്മിബായിക്ക് 1858 മാര്‍ച്ചില്‍ ബ്രിട്ടീഷ് സൈന്യത്തിന് കീഴടങ്ങേണ്ടിവന്നു. ദത്തുപുത്രനായ ദാമോദര്‍ റാവുവിനൊപ്പം രക്ഷപ്പെട്ട അവര്‍ 1858 ജൂണ്‍ 18ന് അന്തരിച്ചു.

ബീഗം ഹസ്രത്ത് മഹല്‍

ബീഗം ഹസ്രത്ത് മഹല്‍

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ വീരോചിതമായ പോരാട്ടം നടത്തിയ വനിതയായിരുന്നു ബീഗം ഹസ്രത്ത് മഹല്‍. 1857ലെ ഒന്നാം സ്വാതന്ത്ര്യസരത്തിന്റെ പ്രധാന മുന്നണിപ്പോരാളികളില്‍ ഒരാള്‍. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരില്‍ നിന്നും ലക്‌നൗ പിടിച്ചെടുത്തത് അവരുടെ പോരാട്ടത്തിന്റെ ഫലമായായിരുന്നു. എന്നാല്‍ 1858ല്‍ ബ്രിട്ടീഷ് സൈന്യം യുദ്ധത്തിലൂടെ ലക്‌നൗ തിരിച്ചു പിടിച്ചതോടെ ബീഗം ഹസ്രത്ത് മഹലിന് നേപ്പാളിലേക്ക് നാടു വിടേണ്ടി വന്നു. 1879 ഏപ്രില്‍ 7ന് അവിടെവച്ച് അവര്‍ അന്തരിച്ചു. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള സെന്റര്‍ പാര്‍ക്കിലാണ് ബീഗം ഹസ്രത്ത് മഹലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ അവരുടെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരത സര്‍ക്കാര്‍ 1962 ഓഗസ്റ്റ് 15ന് ബീഗത്തെ മരണാനന്തരം ആദരിച്ചു. 1984ല്‍ ബീഗത്തിന്റെ സ്മരണാര്‍ത്ഥം ഒരു സ്റ്റാംപും പുറത്തിറക്കി.

Most read:സ്വാതന്ത്ര്യ ദിനം; 74-ാം വര്‍ഷം ഓര്‍ക്കേണ്ടത്‌

ആനി ബെസന്റ്

ആനി ബെസന്റ്

ഇന്ത്യന്‍ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനുമായി പ്രവര്‍ത്തിച്ച വിദേശ വനിതയായിരുന്നു ആനി ബസന്റ്. 1847 ഒക്ടോബര്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ആനിബന്റ് ജനിച്ചത്. 1867ല്‍ ആനി ഒരു പുരോഹിതനായിരുന്ന ഫ്രാങ്ക് ബെസന്റിനെ വിവാഹം കഴിച്ചു. എന്നാല്‍ ആനിയുടെ മതവിരുദ്ധ വീക്ഷണങ്ങള്‍ കാരണം 1873ല്‍ അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞു. പിന്നീട് നാഷണല്‍ സെക്യുലര്‍ സൊസൈറ്റിയിലും പ്രശസ്ത സോഷ്യലിസ്റ്റ് സംഘടനയായ ഫാബിയന്‍ സൊസൈറ്റിയിലും ബെസന്റ് അംഗമായി. നിരവധി സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. 1875ല്‍ ഹിന്ദു ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള തിയോസോഫിക്കല്‍ സൊസൈറ്റിയില്‍ അംഗമാവുകയും തിയോസോഫിക്കല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അതിന്റ നേതാവായി ഇന്ത്യയില്‍ എത്തുകയും ചെയ്തു. 1893ല്‍ ബെസന്റ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചു. പിന്നീട് അവരുടെ കര്‍മ്മമണ്ഡലം ഇന്ത്യയായിരുന്നു. 1916 ല്‍ അവര്‍ ഇന്ത്യന്‍ ഹോം റൂള്‍ ലീഗ് സ്ഥാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഒരു പ്രധാന അംഗം കൂടിയായിരുന്നു അവര്‍. 1933 സെപ്റ്റംബര്‍ 20ന് ബെസന്റ് ഇന്ത്യയില്‍ വച്ച് അന്തരിച്ചു.

കസ്തൂര്‍ബ ഗാന്ധി

കസ്തൂര്‍ബ ഗാന്ധി

മഹാത്മാ ഗാന്ധിയുടെ പത്‌നിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു കസ്തൂര്‍ബാ ഗാന്ധി. 1869 ഏപ്രില്‍ 11ന് പോര്‍ബന്ദറില്‍ ജനിച്ച കസ്തൂര്‍ബ പതിമൂന്നാമത്തെ വയസിലാണ് ഗാന്ധിജിയുടെ പത്‌നിയാവുന്നത്. വിവാഹശേഷമാണ് കസ്തൂര്‍ബ എഴുത്തും വായനയും ഇംഗ്ലീഷ് ഭാഷയുമൊക്കെ പഠിച്ചത്. ഡര്‍ബനില്‍ ഗാന്ധിജിയുടെ ഫീനിക്‌സ് സെറ്റില്‍മെന്റിലൂടെ കസ്തൂര്‍ബ പൊതുജീവിതത്തിലിറിങ്ങി. ഉപ്പുസത്യാഗ്രഹത്തെത്തുടര്‍ന്ന് ഗാന്ധിജി ജയിലിലായപ്പോള്‍ സമരപോരാളികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതതില്‍ മുന്നില്‍ നിന്നു നയിച്ചത് കസ്തൂര്‍ബയായിരുന്നു. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിലും അവര്‍ പങ്കാളിയായി. 1944 ഫെബ്രുവരി 22ന് പൂനെയിലെ ആഗാഘാന്‍ കൊട്ടാരത്തില്‍ തടവിലിരിക്കെ അവര്‍ മരണമടഞ്ഞു.

Most read:ചങ്കാണ് എന്റെ ചങ്ങായി

സരോജിനി നായിഡു

സരോജിനി നായിഡു

'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന സരോജിനി നായിഡു സ്വാതന്ത്ര്യസമര സേനാനി, ഭരണാധികാരി, കവയിത്രി എന്നീ നിലകളില്‍ പ്രശസ്തയായ വ്യക്തിത്വമാണ്. 1879ല്‍ ഹൈദരാബാദില്‍ ജനിച്ച അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറുമായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ മദ്രാസ് സര്‍വകലാശാലയില്‍ പ്രവേശിച്ച അവര്‍ ലണ്ടനിലെ കിംഗ്‌സ് കോളേജിലും പിന്നീട് കേംബ്രിഡ്ജിലെ ഗിര്‍ട്ടണ്‍ കോളേജിലും പഠിച്ചു. ഇംഗ്ലണ്ടിലെ വോട്ടവകാശ പ്രചാരണത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഇന്ത്യയുടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്കും മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിലേക്കും അവര്‍ ആകര്‍ഷിക്കപ്പെട്ടു. 1931ല്‍ അവര്‍ ഗാന്ധിജിക്കൊപ്പം ലണ്ടനില്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കാളിയായി. 1947ല്‍ സ്വാതന്ത്ര്യലബ്ദിക്കു ശേഷം അവര്‍ യുണൈറ്റഡ് പ്രവിശ്യകളുടെ (ഇപ്പോള്‍ ഉത്തര്‍പ്രദേശ്) ഗവര്‍ണറായി. 1949ല്‍ മരണം വരെ അവര്‍ ആ പദവി തുടര്‍ന്നു. സജീവമായ ഒരു സാഹിത്യ ജീവിതം നയിച്ച സരോജിനി നായിഡു നിരവധി പ്രസിദ്ധമായ കൃതികളും രചിച്ചിട്ടുണ്ട്.

വിജയലക്ഷ്മി പണ്ഡിറ്റ്

വിജയലക്ഷ്മി പണ്ഡിറ്റ്

യു.എന്‍ ജനറല്‍ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റ്. 1900 ഓഗസ്റ്റ് 18ന് ജനിച്ച അവര്‍ 35ാമത്തെ വയസില്‍ അലഹബാദ് മുനിസിപ്പല്‍ ബോര്‍ഡ് പ്രസിഡന്റായി ജനസേവന ജീവിതം ആരംഭിച്ചു. സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമായി നിരവധി തവണ ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. അമേരിക്കയിലെ പസഫിക് റിലേഷന്‍സ് കോണ്‍ഫറന്‍സിലുള്ള ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് 1944ലായിരുന്നു നയതന്ത്രരംഗത്തുള്ള അവരുടെ അരങ്ങേറ്റം. ഐക്യരാഷ്ട്രസഭ സ്ഥാപിക്കാന്‍ 1945ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന സാര്‍വദേശീയ സമ്മേളനത്തില്‍ അമേരിക്കയിലെ ഇന്ത്യാലീഗ്, നാഷനല്‍ കമ്മിറ്റി എന്നിവയുടെ പ്രതിനിധിയായി പങ്കെടുക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യപ്രമേയം അവതരിപ്പിക്കുകയും ചെയ്തു. 1953 സെപ്റ്റംബര്‍ 15ന് യു.എന്‍ ജനറല്‍ അസംബ്‌ളിയുടെ പ്രസിഡന്റായി. ആ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയും പ്രഥമ ഇന്ത്യനും വിജയലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലും സജീവമായിരുന്ന അവര്‍ 1990ല്‍ മരണപ്പെട്ടു.

Most read:മഹാമാരിയുടെ മുന്നണി പോരാളികള്‍; ഡോക്ടേഴ്‌സ് ഡേ

സാവിത്രിബായ് ഫൂലെ

സാവിത്രിബായ് ഫൂലെ

ഇന്ത്യന്‍ ഫെമിനിസത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന വനിത. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും പ്രവര്‍ത്തിച്ച വനിതയാണ് സാവിത്രിബായ് ഫൂലെ. ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടങ്ങളിലും നവോത്ഥാന പ്രസ്ഥാനങ്ങളിലും മഹത്തായ പങ്കുവഹിച്ചു. ഇന്ത്യയില്‍ ആദ്യമായി ദളിത് സമുദായത്തില്‍ നിന്നടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ ആരംഭിച്ചത് സാവിത്രി ബായ് ഫൂലെയായിരുന്നു. 1873 ല്‍ ഭര്‍ത്താവ് ജ്യോതിറാവു ഫൂലെ സത്യശോധക് സമാജ് ആരംഭിച്ചപ്പോള്‍ സാവിത്രിയും അതിന്റെ പ്രവര്‍ത്തകയായി. ഈ സംഘടനയുടെ ഭാഗമായി സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചു. സമൂഹത്തില്‍ വലിയ എതിര്‍പ്പുകളെ അതിജീവിച്ച് പ്രവര്‍ത്തിച്ച അവര്‍ 1897 മാര്‍ച്ച് 10ന് അന്തരിച്ചു.

അരുണ അസഫലി

അരുണ അസഫലി

ബ്രിട്ടീഷ് ഭരണത്തിനെതിരായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ മുന്നണി പ്രവര്‍ത്തകയായ ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകയാണ് അരുണ ഗാംഗുലി ആസഫ് അലി. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിനിടെ ബോംബെ ഗൊവാളിയ ടാങ്ക് മൈതാനിയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് അരുണ അസഫലിയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു. ദില്ലി മേയറായി സേവനമനുഷ്ടിക്കുകയും ചെയ്ത അവര്‍ 1996ല്‍ മരണപ്പെട്ടു.

Most read:വീട്ടിലെ ഈ സ്ഥലങ്ങളില്‍ ക്ലോക്ക് പാടില്ല; ആപത്ത്

സുചേത കൃപലാനി

സുചേത കൃപലാനി

ഇന്ത്യയുടെ മികച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു സുചേത കൃപലാനി. ഇന്ത്യാ വിഭജന കലാപസമയത്ത് സുചേത മഹാത്മാഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1946ല്‍ അവര്‍ അദ്ദേഹത്തോടൊപ്പം നോഖാലിയിലേക്ക് പോയി. ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്ത്രീകളില്‍ ഒരാളായിരുന്നു അവര്‍. ഇന്ത്യന്‍ ഭരണഘടനയുടെ ചാര്‍ട്ടര്‍ സമര്‍പ്പിക്കാനുള്ള ചുമതല കൈമാറിയ ഉപസമിതിയുടെ ഭാഗമായി. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍, ഭരണഘടനാ അസംബ്ലിയുടെ സ്വാതന്ത്ര്യ സെഷനില്‍ വന്ദേമാതരം എന്ന ദേശീയ ഗാനം ആലപിച്ചു. 1963 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദവി വഹിച്ച ആദ്യ വനിതയായി.

English summary

Independence Day 2020 : Famous Women Freedom Fighters of India

74th Independence Day: Here is a list of famous Indian women freedom fighters. Take a look.
X
Desktop Bottom Promotion