200 ഇരട്ടകളുള്ള ഗ്രാമം, പക്ഷികളുടെ കൂട്ട ആത്മഹത്യ; ഉത്തരം കിട്ടാത്ത പ്രകൃതി പ്രതിഭാസങ്ങള്‍

Mystery Facts: നിഗൂഢതകളുടെ ഒരു കലവറയാണ് ഭൂമി. ശാസ്ത്രം ഇത്ര വളര്‍ന്നിട്ടും ഇന്നും പിടതരാത്ത നിരവധി നിഗൂഢത നിറഞ്ഞ കാര്യങ്ങളും സംഭവങ്ങളുമെല്ലാം ഇന്ത്യയിലുണ്ട്. ഒരു അമ്പരപ്പോടെയല്ലാതെ അത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് കേട്ടിരിക്കാനാകില്ല. ചില സംഭവങ്ങളെക്കുറിച്ചറിഞ്ഞാല്‍ നിങ്ങളില്‍ ആശ്ചര്യവും ഭയവും ഉണ്ടാകുമെന്ന് ഉറപ്പാണ്. കാരണം അതെല്ലാം നിങ്ങള്‍ക്ക് ഒരു കെട്ടുകഥകളായി തോന്നിയേക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യമായ കാര്യങ്ങളായിരിക്കുമത്. അത്തരം ചില സംഭവങ്ങളിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോകുന്നത്. ഇന്ത്യയിലെ ചില ഉത്തരം കിട്ടാത്ത പ്രകൃതി പ്രതിഭാസങ്ങള്‍ ഇതാ.

Mystery Facts

ഷാനി ഷിംഗ്‌നാപൂര്‍ - പൂട്ടുകളും വാതിലുകളും ഇല്ലാത്ത ഗ്രാമം

മഹാരാഷ്ട്രയിലെ ഒരു ഗ്രാമമാണ് ഷാനി ഷിംഗ്‌നാപൂര്‍. ഒരുപക്ഷേ പൂട്ടുകളും വാതിലുകളുമില്ലാത്ത വീടുകളുള്ള രാജ്യത്തെ തന്നെ ഏക ഗ്രാമമാണിത്. ഇവിടെയുള്ള ജ്വല്ലറികള്‍ക്കും കടകള്‍ക്കും വരെ പൂട്ട് ഇല്ല! ആശ്ചര്യമായി തോന്നുന്നുവല്ലേ? കൊള്ളയടിക്കാനോ കവര്‍ച്ച ചെയ്യാനോ ലക്ഷ്യമിട്ട് ഗ്രാമത്തിനുള്ളില്‍ കയറുന്നവര്‍ ഈ ഗ്രാമത്തില്‍ വഴിതെറ്റിപ്പോവുകയും മനസ്സ് നഷ്ടപ്പെടുകയും ചെയ്യുമെന്ന് ഇവിടെയുള്ള നാട്ടുകാര്‍ വിശ്വസിക്കുന്നു. ശനിദേവന്‍ ഗ്രാമത്തെ സംരക്ഷിക്കുന്നുവെന്നും അതിനാലാണ് ഗ്രാമത്തിനോ ഗ്രാമവാസികള്‍ക്കോ ഒരു ദോഷവും സംഭവിക്കാത്തതെന്നും വിശ്വസിക്കപ്പെടുന്നു.

പക്ഷികളുടെ കൂട്ട ആത്മഹത്യ- ആസാം

മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നത് ഒരു വാര്‍ത്തയല്ല. എന്നാല്‍ പക്ഷികള്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കേട്ടാലോ?! അതെ, സത്യമാണ്. എല്ലാ വര്‍ഷവും മണ്‍സൂണ്‍ കാലത്തിന്റെ അവസാനത്തില്‍, അസമിലെ ജതിംഗയില്‍ പക്ഷികള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാമെത്തുന്നു. ഏതോ ദുരാത്മാവാണ് ഈ ക്രൂരമായ സംഭവത്തിന് കാരണമെന്ന് നേരത്തെ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കിംഗ്ഫിഷര്‍, പോണ്ട് ഹെറോണ്‍, ടൈഗര്‍ ബിറ്റേണ്‍ തുടങ്ങിയ പക്ഷികള്‍ ഇത്തരം വിചിത്രമായ പെരുമാറ്റത്തിന് വിധേയരായെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവിടെയെത്തുന്ന പക്ഷികള്‍ വഴിതെറ്റിയതായും മരങ്ങളിലും വിളക്കുകളിലും കെട്ടിടങ്ങളിലും ഇടിച്ചതായും പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷികളുടെ ഈ കൂട്ട ആത്മഹത്യയുടെ കാരണം ഇന്നും ദുരൂഹമാണ്.

കൊടിഞ്ഞി - ഇരട്ടകളുടെ ഗ്രാമം

ഒന്നും രണ്ടുമല്ല, 200ഓളം ഇരട്ടകളുള്ള ഒരു സ്ഥലമുണ്ട് കേരളത്തില്‍. മലപ്പുറത്തെ കൊടിഞ്ഞി എന്ന ഈ ഗ്രാമത്തില്‍ ഏകദേശം 200 ജോഡി ഇരട്ടകളാണുള്ളത്. അതായത് 400 പേര്‍. ലോകത്തിലെ തന്നെ വളരെ ഒറ്റപ്പെട്ട ഒരു സംഭവമായാണ് ഇതിനെ കാണുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ച് നിരവധി തരം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ ഗ്രാമത്തില്‍ അസാധാരണമാംവിധം ഇരട്ടകള്‍ ഉണ്ടായതിന് പിന്നിലെ കാരണം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു.

മണിപ്പൂരിലെ ഫ്‌ളോട്ടിംഗ് ദ്വീപുകള്‍

മണിപ്പൂരിലെ ലോക്തക് തടാകത്തില്‍ ഒഴുകുന്ന ദ്വീപുകളുടെ ഒരു കൂട്ടമുണ്ട്. സസ്യങ്ങള്‍, മണ്ണ്, ജൈവ പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന പിണ്ഡങ്ങളാല്‍ രൂപപ്പെട്ട ഈ ദ്വീപുകളെ ഫുംഡി എന്ന് വിളിക്കുന്നു. തടാകത്തിലെ ഏറ്റവും വലിയ ഫുംഡി ലോക്തക് തടാകത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

മാഗ്നനറ്റ് ഹില്‍

ശ്രീനഗര്‍ ലേ ഹൈവേയില്‍ ലഡാക്കിലെ ലേ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് മാഗ്‌നറ്റ് ഹില്‍. ചിലര്‍ മാഗ്‌നെറ്റിക് ഹില്ലിനെക്കുറിച്ച് ബോധവാന്മാരല്ല. അതിലൂടെയാണ് തങ്ങള്‍ യാത്ര ചെയ്യുന്നതെന്ന് അറിയാതെ കടന്നുപോകുന്നു. എന്നാല്‍ ഈ കുന്നിനെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കുമ്പോഴോ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ കാണുമ്പോഴോ അവര്‍ അമ്പരക്കുന്നു. ഈ മലയോരപാത യഥാര്‍ത്ഥത്തില്‍ ഒരു കയറ്റമുള്ള റോഡാണ്. ഈ പാതയെ വ്യത്യസ്ഥമാക്കുന്നത് ഇവിടത്തെ ഗുരുത്വാകര്‍ഷണ ബലമാണ്.

കുന്നിന്‍ മുകളിലുള്ള വസ്തുക്കളും കാറുകളും ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച് താഴേക്ക് പോകുന്നതിന് പകരം മുകളിലേക്ക് ഉരുളുന്നു! ഈ നിഗൂഢ പ്രതിഭാസത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കാറുകളെ പോലും മുകളിലേക്ക് വലിക്കാന്‍ കഴിയുന്നത്ര ശക്തമായ ഒരു കാന്തിക ശക്തിയാണ്. ഈ പ്രദേശത്തിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ പോലും കാന്തികശക്തി ഒഴിവാക്കുന്നതിനായി അവയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രദേശത്ത് നിങ്ങള്‍ കാര്‍ എഞ്ചിന്‍ ഓഫ് ചെയ്ത് ന്യൂട്രലിലേക്ക് വച്ചാല്‍, മാഗ്നറ്റ് ഹില്ലിന്റെ മാന്ത്രികത നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കാര്‍ പതുക്കെ മുകളിലേക്ക് നീങ്ങാന്‍ തുടങ്ങും. ഒരിക്കല്‍ സ്വര്‍ഗത്തിലേക്കുള്ള ഒരു പാത ഇവിടെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.

Story first published: Tuesday, June 4, 2024, 10:06 [IST]
X
Desktop Bottom Promotion