ഉടമകളെല്ലാം ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു; ശപിക്കപ്പെട്ട ഫോണ്‍നമ്പര്‍ കമ്പനി തന്നെ സസ്‌പെന്‍ഡ് ചെയ്തു

മനുഷ്യരെ പേടിപ്പെടുത്തുന്ന പല കെട്ടുകഥകളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം എല്ലാ കാലത്തും ലോകത്ത് ഉണ്ടായിട്ടുണ്ട്. അവയില്‍ പലതിനും വിശദീകരണമോ ശാസ്ത്രീയ അടിത്തറയോ ഒന്നുമുണ്ടാകില്ല. എങ്കിലും മനുഷ്യര്‍ക്ക് പിടിതരാത്ത അജ്ഞാതമായ അല്ലെങ്കില്‍ നിഗൂഢമായ എന്തോ ഒന്ന് അതിന് പിന്നിലുണ്ടാകും. ലോകത്തിന്റെ പല ഭാഗങ്ങളിലും അത്തരത്തില്‍ അവിശ്വസിനീയമായ, വിശദീകരണങ്ങളില്ലാത്ത നിഗൂഢ സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

cursed mobile

രാത്രികാലങ്ങളില്‍ കേള്‍ക്കുന്ന അസാധാരണ ശബ്ദങ്ങള്‍, പ്രേതബാധയുള്ള വീടുകള്‍, ഭൂമിക്കുള്ളില്‍ നിന്ന് കേള്‍ക്കുന്ന അജ്ഞാത ശബ്ദങ്ങള്‍, അങ്ങനെയങ്ങനെ എണ്ണിയാല്‍ തീരാത്ത, നിഗൂഢത നിറഞ്ഞ കഥകള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മുളച്ചുപൊന്താറുണ്ട്. അത്തരം നിഗൂഢതകളെ പ്രമേയമാക്കിയുള്ള എത്രയോ സിനിമകള്‍ ആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട്.

അത്തരമൊരു കഥയാണ് പറയാന്‍ പോകുന്നത്. കെട്ടുകഥയല്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തൊരിടത്ത് നടന്ന ഒരു സംഭവം.

ജീവനെടുക്കുന്ന ഫോണ്‍നമ്പര്‍

ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച ആളുകളെല്ലാം അവിചാരിത സാഹചര്യത്തില്‍ മരണപ്പെടുന്നു. ആളുകള്‍ എന്നുപറയുമ്പോള്‍ ഒരുപാട് പേരല്ല, മൂന്നുപേര്‍. ആ ഫോണ്‍നമ്പറിന്റെ ഉടമകളായിരുന്ന മൂന്നുപേരും അസാധാരണമായി മരണപ്പെട്ടതിനെ തുടര്‍ന്ന് നമ്പറുമായി ബന്ധപ്പെട്ട സേവന ദാതാവ് ആ ഫോണ്‍ നമ്പര്‍ താത്കാലികമായി റദ്ദ് ചെയ്തു.

സിനിമാക്കഥയൊന്നുമല്ല. 2010-ല്‍ ഡെയ്‌ലി മെയില്‍ എന്ന മാധ്യമത്തില്‍ ഈ സംഭവത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. 0888 888 888 എന്ന നമ്പറാണ് ആളുകളുടെ ജീവനെടുക്കുന്ന ആ ഫോണ്‍നമ്പര്‍. ഈ നമ്പര്‍ ഉപയോഗിച്ച മൂന്ന് ആളുകളും ആ നമ്പര്‍ ഉപയോഗിക്കുന്നതിനിടെ മരണപ്പെട്ടു. ഇത് ശ്രദ്ധയില്‍ പെട്ട കമ്പനി നമ്പര്‍ താത്കാലികമായി റദ്ദ് ചെയ്യുകയായിരുന്നു.

ആദ്യ ദുരന്തം മൊബൈല്‍ കമ്പനി ഉടമക്ക് തന്നെ

ബള്‍ഗേറിയന്‍ മൊബൈല്‍ഫോണ്‍ കമ്പനിയായ മോബിടെല്ലിന്റെ മുന്‍ സിഇഒ ആയിരുന്ന വ്‌ളാദിമര്‍ ഗ്രഷ്‌ണോവ് ആണ് ആദ്യമായി ഈ നമ്പര്‍ ഉപയോഗിച്ചത്. 2001ല്‍ തന്റെ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ ഇദ്ദേഹം കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടു. ഗ്രഷണോവിന്റെ എതിരാളി റേഡിയോആക്ടീവ് വിഷബാധയിലൂടെ മനപ്പൂര്‍വ്വം ഗ്രഷണോവില്‍ കാന്‍സര്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാഫിയ ബോസും മരണത്തിന് കീഴടങ്ങി

ഗ്രഷണോവിന് ശേഷം ബള്‍ഗേറിയയിലെ മാഫിയ തലവന്‍ ആയിരുന്ന കോണ്‍സ്റ്റാന്റിന്‍ ദിമിത്രോവ് ആണ് 0888 888 888 എന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ചത്. പക്ഷേ ഏറെക്കാലം ദിമിത്രോവിന് ആ നമ്പര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. 2003ല്‍ നെതര്‍ലന്‍ഡില്‍ ഒരു യാത്രയ്ക്കിടെ അദ്ദേഹത്തെ ആരോ നവെടിവെച്ച് കൊലപ്പെടുത്തി. 500- മില്യണ്‍ പൗണ്ടിന്റെ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന ദിമിത്രോവിന് മരിക്കുമ്പോള്‍ 31 വയസ്സ് മാത്രമായിരുന്നു പ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസമയത്ത് അദ്ദേഹം ഉപയോഗിച്ച ഫോണ്‍ നമ്പര്‍ 0888 888 888 ആയിരുന്നു. ദിമിത്രോവിന്റെ മയക്കുമരുന്ന് കടത്തല്‍ ബിസിനസില്‍ അസൂയ പൂണ്ട റഷ്യന്‍ മാഫിയ തലവനാണ് മരണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒടുവിലത്തെ മരണം

ദിമിത്രോവിന് ശേഷം ഈ നിഗൂഢ ഫോണ്‍നമ്പര്‍ വന്നെത്തിയത് ബിസിനസുകാരനായ കോണ്‍സ്റ്റാന്റിന്‍ ദിഷ്‌ലീവിന്റെ കൈകളിലേക്കാണ്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2005ല്‍ അദ്ദേഹവും മരണപ്പെട്ടു. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിന് പുറത്ത് വെച്ച് ഇദ്ദേഹത്തെ ആരോ വെടിവെക്കുകയായിരുന്നു. ശപിക്കപ്പെട്ട ആ ഫോണ്‍ നമ്പര്‍ ഉപയോഗിക്കവെ തന്നെയാണ് അദ്ദേഹവും മരണപ്പെടുന്നത്. വന്‍കിട കൊക്കൈയ്ന്‍ കടത്തുകാരനായ ദിഷ്‌ലീവിന്റെ മരണത്തെ തുടര്‍ന്ന് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ കൊളംബിയയില്‍ നിന്നായി 130 മില്യണ്‍ പൗണ്ടിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു.

ശപിക്കപ്പെട്ട 0888 888 888 അങ്ങനെ നിശബ്ദമായി

ഇപ്പോള്‍ ഈ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഫോണ്‍ നമ്പര്‍ നെറ്റ്‌വര്‍ക്ക് കവറേജിന് പുറത്താണ് എന്ന റെക്കോഡ് ചെയ്ത സന്ദേശമാണ് കേള്‍ക്കാന്‍ കഴിയുക. ഈ നമ്പര്‍ താത്കാലികമായി റദ്ദ് ചെയ്‌തോ എന്ന ചോദ്യത്തിന് മൊബിടെല്‍ കമ്പനി അധികാരികളും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നില്ല. വ്യക്തിഗത നമ്പറുകളെ കുറിച്ച് തങ്ങള്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്നാണ് ഇവര്‍ പറയുന്നത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, May 6, 2024, 13:32 [IST]
X
Desktop Bottom Promotion