Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
'മൊട്ട ഗ്ലോബല്‍'; തല മൊട്ടയടിച്ച ഫ്രീക്കന്മാര്ക്ക് സംഘടനയായി! ബോഡി ഷെയിമിങ്ങ് നടത്തുന്നവര്‍ ഇനി ജാഗ്രതൈ
രണ്ടാഴ്ചകള്‍ക്ക് മുമ്പ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഒരു അപൂര്‍വ്വ സംഗമം നടന്നു. നീല ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ അവര്‍ക്ക് പൊതുവായി മറ്റൊന്ന് കൂടി ഉണ്ടായിരുന്നു. മൊട്ട!. അതെ, ലോകത്ത് തന്നെ തല മൊട്ടയടിച്ചവരുടെ ആദ്യത്തെ ഒത്തുചേരലായിരുന്നു അത്. മൊട്ടത്തലയന്മാരുടെ ആഗോള പ്രശ്നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്യുകയായിരുന്നില്ല അവരുടെ ലക്ഷ്യം. മൊട്ടത്തല ഉയര്‍ത്തിപ്പിടിച്ച് ചില നല്ല ലക്ഷ്യങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. 'മൊട്ട ഗ്ലോബല്‍' എന്ന് അവര്‍ അവരുടെ കൂട്ടായ്മയ്ക്ക് പേര് നല്കി. അങ്ങനെ അവിടെ മൊട്ടത്തലയുള്ളവരുടെ ആദ്യത്തെ ആഗോള സംഘടന രൂപീകരിക്കപ്പെട്ടു.

പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയനായ സജീഷ് കുട്ടനെല്ലൂര്‍ ആണ് മൊട്ട ഗ്ലോബലിന്റെ ഫൗണ്ടര്‍ പ്രസിഡന്റ്. ഇങ്ങനെയൊരു അപൂര്‍വ്വ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ചിരിയൊട്ടും കലര്‍ത്താതെ, വളരെ ഗൗരവത്തില്‍ സജീഷ് ബോള്‍ഡ്സ്കൈയുമായി സംസാരിക്കുന്നു.
ഇങ്ങനെയൊരു കൂട്ടായ്മയ്ക്ക് പിന്നിലെ പ്രചോദനം എന്താണ്?
'ന്യൂ ഇയറിന് തൃശ്ശൂര്‍ ശോഭസിറ്റിയില്‍ ഒരു പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച ഒരു ആശയം മനസ്സില്‍ വരുന്നത്. അന്ന് പരിപാടി അവതരിപ്പിച്ചപ്പോള്‍ കാണികള്‍ക്കിടയില്‍ രണ്ടോ മൂന്നോ മൊട്ടകളെ കണ്ടു. വെറുതെ ഒരു തോന്നലിന്റെ പുറത്ത് അവരെ വേദിയിലേക്ക് വിളിച്ചുകയറ്റി. ഞങ്ങള്‍ക്കൊപ്പം മനോജ് കമ്മത്ത് എന്ന ഗായകനും ഉണ്ടായിരുന്നു. അങ്ങനെ നാല് മൊട്ടകള് സ്റ്റേജില്‍ നിരന്നു. അത് കണ്ടതോടെ പ്രേക്ഷകരില്‍ വലിയ കൗതുകവും ചിരിയും നിറഞ്ഞു. അവിടെ മൊത്തത്തിലൊരു സന്തോഷ അവസ്ഥ ഉണ്ടായി. അപ്പോഴാണ് ഇത് കൊള്ളാമല്ലോയെന്നും കുറച്ച് മൊട്ടകള് ഒന്നിച്ചുവരുമ്പോള്‍ ഒരു പോസിറ്റീവ് വൈബ് ഉണ്ടാകുന്നുണ്ടല്ലോ എന്നും തോന്നലുണ്ടാകുന്നത്. അന്നെടുത്ത ഫോട്ടോയും പിന്നീട് രസകരമായി തോന്നി.
രണ്ടാമത്തെ കാര്യം, മുടി കൊഴിഞ്ഞവരെ കാണുമ്പോള്‍ കളിയാക്കുകയും ബോഡി ഷെയിമിംഗ് നടത്തുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ സമൂഹത്തിലുണ്ട്. മുടി കൊഴിഞ്ഞവരും മുടിയില്ലാത്ത അവസ്ഥയെ ഒരു നാണക്കേടായി കരുതുന്നു. അതിനുകാരണം സമൂഹത്തില്‍ നിന്നുമുള്ള പ്രതികരണമാണ്. ഇങ്ങനെയുള്ള മൊട്ടത്തലയന്മാര് ഒന്നിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് ഒരുപാടുകാര്യങ്ങള്‍ പറയാനുണ്ടാകും. കാരണം അവരിതുവരെ ഒന്നിച്ചിട്ടില്ല. അവരെല്ലാം ഒറ്റപ്പെട്ട തുരുത്തുകളാണ്. മുടി കൊഴിയുമ്പോള്‍ ആ അപകര്‍ഷതാബോധത്തില്‍ കഴിയുകയും പിന്നീട് വിഗ്ഗ് വെക്കുകയും ചെയ്യും. വിഗ്ഗ് വെച്ചാലും സമൂഹം അവരെ വെറുതെ വിടുന്നില്ല. ഇത് വിഗ്ഗല്ലേ എന്ന് ചോദിക്കും. പിന്നെ ചിലര്‍ മുടി ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കും. ഈയൊരു സാമൂഹിക പരിതസ്ഥിതിയിലാണ് മുടി കൊഴിച്ചിലുള്ള കുറച്ച് ആളുകള്‍ മുടി സധൈര്യം വടിക്കാന്‍ തീരുമാനിക്കുന്നത്. അവശേഷിക്കുന്ന മുടി കൂടി വടിച്ചുകളഞ്ഞ് സ്ഥിരം മൊട്ടയായി മാറുന്നതോടെ അവര്‍ സ്വതന്ത്രരായി. അങ്ങനെ മൊട്ടയടിച്ച് ശിരസ്സ് ഉയര്‍ത്തി നില്‍ക്കുന്നവര്‍ക്ക് ഒന്നിച്ച് കൂടാനും പ്രവര്‍ത്തിക്കാനും ഉള്ള ഒരു കൂട്ടായ്മ എന്ന നിലയിലാണ് 'മൊട്ട ഗ്ലോബല്‍ 'രൂപീകരിച്ചത്'.
അമേരിക്ക മുതല്‍ അരൂക്കുറ്റി വരെ
അമേരിക്ക മുതല്‍ അരൂക്കുറ്റി വരെയുള്ള ഇടങ്ങളില്‍ പ്രതിനിധികളുള്ള ഒരു ആഗോള സംഘടന, അതാണ് മൊട്ട ഗ്ലോബല്‍. മൊട്ടകളുടെ ആഗോളസംഘടന എന്നൊക്കെ പറയുമ്പോള്‍ ചിലരെങ്കിലും അത് തമാശയായി എടുക്കും. പക്ഷേ അത് സത്യമാണ്. അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലന്റ്, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ളവര്‍ ഈ കൂട്ടായ്മയില്‍ ഉണ്ട്. നിലവില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നാനൂറോളം പേരാണ് മൊട്ട ഗ്ലോബലില്‍ ഉള്ളത്. ദിനംപ്രതി അംഗങ്ങളുടെ എണ്ണം കൂടിവരുന്നു. എല്ലാ അംഗങ്ങളും വളരെ പോസിറ്റീവ് ആയാണ് ഈ കൂട്ടായ്മയെ കാണുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍, അഞ്ച് ഡോക്ടര്‍മാര്‍, വക്കീലന്മാര്, ബിസിനസ്സുകാര്‍ അടക്കം പല തൊഴില്‍മേഖലകളില്‍ നിന്നുള്ളവര്‍ ഈ കൂട്ടായ്മയിലുണ്ട്.
കഷണ്ടിയെന്ന പദം വേണ്ടേ വേണ്ട, മൊട്ട എന്നാല്‍ ഫ്രീക്കാണ്
കഷണ്ടിയോ മുടികൊഴിച്ചിലോ നേരിട്ടവരാണ് സംഘടനയില്‍ ഉള്ളതെങ്കിലും അവര്‍ ബാക്കിയുള്ള മുടി വടിച്ചുകളഞ്ഞ് മൊട്ടകളായി മാറിയവരാണ്. കഷണ്ടിക്ക് പൊതുവേ ഒരു നെഗറ്റീവ് പരിവേഷമാണ് ഉള്ളതെങ്കില്‍ മൊട്ട ഫ്രീക്ക് ലുക്കിന്റെ ലക്ഷണമാണ്. കഷണ്ടി കണ്ട് ചിരിക്കുന്നവര്‍ മൊട്ടത്തലയെ സ്റ്റൈല്‍ ആയാണ് കാണുന്നത്. അതുകൊണ്ട് തന്നെ മൊട്ട ലുക്കില്‍ അഭിമാനിക്കുന്നവരാണ് മൊട്ട ഗ്ലോബലില്‍ ഉള്ളവര്‍. മൊട്ട ലുക്ക് പൊളിയാണെന്നും തല മൊട്ടയടിച്ച് താടിയും കൂടി നീട്ടിയാല്‍ അത് മാസ് ലുക്കാണെന്നുമാണ് സജീഷിന്റെ അഭിപ്രായം.
ലക്ഷ്യങ്ങള്‍ വലുതാണ്
കുറച്ച് മൊട്ടത്തലയന്മാര് ഒന്നിച്ചുകൂടിയിട്ട് എന്തുചെയ്യാന്‍ പോകുന്നുവെന്ന് കരുതുന്നവര്‍ ഉണ്ടാകും. അവര്‍ക്ക് കൃത്യമായ മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ.സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ആഗോളതലത്തില്‍ തന്നെ വലിയ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ പ്രചോദനവും പോസിറ്റിവിറ്റിയും വളരുന്ന തരത്തില്‍ മൊട്ട കൂട്ടായ്മയെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ഇവരുടെ പദ്ധതി. അടുത്ത മാസം തന്നെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ക്യാംപെയിനുകള്‍ സംഘടിപ്പിക്കും.
ഇതൊരു കോമാളികളിയല്ല
ഒരിക്കലും ഒരു കോമാളികളിക്കുള്ള സംഘടനയായി മൊട്ട ഗ്ലോബല്‍ മാറില്ലെന്ന് സജീഷ് പറയുന്നു. ഇതിലെ ഓരോ അംഗങ്ങളും കൂട്ടായ്മയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. രാഷ്ട്രീയവും മതവും മാറ്റിനിര്‍ത്തി ശ്രദ്ധേയമായ സാമൂഹിക വിഷയങ്ങളില്‍ ഉറച്ച നിലപാടുകളുമായി ഇറങ്ങി പ്രവര്‍ത്തിക്കുക എന്നതാണ് അംഗങ്ങളുടെ പൊതുമനസ്സ്. സംഘടനയ്ക്ക് പുറത്തുനിന്നും കലാസാംസ്കാരിക മേഖലകളില്‍ നിന്നുമായി എണ്‍പതോളം പേര് കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഒരു സ്റ്റാന്‍ഡപ്പ് കൊമേഡിയനായ താന്‍ ഇപ്പോഴാണ് സീരിയസ് ആയി സംസാരിച്ച് തുടങ്ങിയതെന്ന് സജീഷ് പറയുന്നു. 'ചില ആശയങ്ങള്‍ നമ്മളിലേക്ക് വരുമ്പോള്‍ നമ്മള് അടിമുടി മാറും. 400 പേരുള്ള ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് നില്‍ക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സാധിക്കുന്നത് ഭരണസമിതിയുടെയും മെമ്പര്‍മാരുടെയും ഉറച്ച സപ്പോര്‍ട്ട് കൊണ്ട് കൂടെയാണ്'.



Click it and Unblock the Notifications