വട്ടപ്പൂജ്യത്തില്‍ നിന്നും തുടങ്ങിയവര്‍, ലോകകോടീശ്വരന്മാരെ വിജയത്തിലെത്തിച്ചത് ഈ ശീലങ്ങള്‍

ലോകകോടീശ്വരന്മാരുടെ ജീവിതം സാധാരണക്കാര്‍ക്ക് എപ്പോഴും പ്രചോദനമാണ്. കാരണം ഇവരില്‍ മിക്കവരും സ്വന്തം കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും ആഗ്രഹിച്ച ജീവിതം എത്തിപ്പിടിച്ചവരാണ്. എന്നെങ്കിലും നമുക്കും സ്വപ്‌നങ്ങളില്‍ എത്തിച്ചേരാനാകുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് അവരുടെ ജീവിതം. അതുകൊണ്ടുതന്നെ ലോകസമ്പന്നരുടെ ജീവിതം മാതൃകയാക്കുന്നവര്‍ ഏറെയാണ്.

Bill Gates and Elone Musk

എല്ലാവര്‍ക്കും അറിയേണ്ടത് ഒരു കാര്യമാണ്. എന്താണ് അവരുടെ വിജയരഹസ്യം. സംരംഭകത്വത്തില്‍ അവര്‍ കാണിച്ച മികവോ റിസ്‌കുകള്‍ എടുക്കാന്‍ കാണിച്ച ധൈര്യമോ ആണോ അവരെ ശതകോടീശ്വരരാക്കി മാറ്റിയത്. ഉത്തരങ്ങള്‍ പലതാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്നത് മെറ്റ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് മുതല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് വരെ സമ്പന്നതയിലേക്ക് കുതിച്ചുയര്‍ന്നവരുടെ വിജയത്തിലെത്താന്‍ അവരെ സഹായിച്ച ചില ശീലങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തുക എന്നതാണ്.

വിവേകപൂര്‍വ്വമായ നിക്ഷേപങ്ങള്‍

അതിസമ്പന്നരുടെ ഏറ്റവും പൊതുവായ ഒരു ശീലം എന്നത് സാമ്പത്തികകാര്യങ്ങളിലെ അവരുടെ സാമാന്യബുദ്ധി ബിസിനസിന് പുറത്തേക്ക് നീളുന്നതാണ് എന്നതാണ്. അതായത് സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് കൃത്യമായ തന്ത്രങ്ങള്‍ ഇവര്‍ക്കുണ്ടാകും. വളരെ അച്ചടക്കത്തോടെയുള്ള ചിലവിടല്‍ മുതല്‍ കണക്ക് കൂട്ടിയുള്ള റിസ്‌കുകള്‍ വരെ കൃത്യമായ ആസൂത്രണത്തിലെടയാണ് അവരുടെ സാമ്പത്തികകാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. നിക്ഷേപകാര്യങ്ങളിലും അവര്‍ കുശാഗ്രബുദ്ധിയുള്ളവരാണ്. ഒരിക്കലും അവര്‍ നിക്ഷേപം ഒരിടത്ത് മാത്രമായി കേന്ദ്രീകരിക്കുകയില്ല. വൈവിധ്യാത്മക നിക്ഷേപങ്ങളാണ് അവരുടെ സമ്പത്തിന്റെ അടിത്തറ.

വരവില്‍ കുറഞ്ഞ ചിലവ് മാത്രം

കണക്കില്ലാത്ത സ്വത്തുക്കളും ആസ്തിയും വരുമാനവുമുണ്ടെങ്കിലും തോന്നിയത് പോലെ ആഡംബര ജീവിതം നയിക്കുന്നവരായിരിക്കില്ല ശതകോടീശ്വരര്‍. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ജീവിതം തന്നെ എടുക്കാം. വളരെ ലളിതമായ ജീവിതശൈലിയാണ് സക്കര്‍ബര്‍ഗിന്റേത്. ആഡംബരത്തേക്കാള്‍ ലളിതജീവിതത്തിന് അവര്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നത്. അദ്ദേഹത്തിന്റെ നിലയ്‌ക്കൊത്ത ആഡംബരക്കാറുകള്‍ ഒന്നുംതന്നെ സക്കര്‍ബര്‍ഗിനില്ല. സാധാരണമായ അക്യൂറ കാറാണ് അദ്ദേഹത്തിന്റേത്. മാത്രമല്ല, മിക്ക സമയങ്ങളിലും പ്ലെയിന്‍ ഗ്രേ ടീ ഷര്‍ട്ടാണ് അദ്ദേഹം ധരിക്കാറുള്ളത്. അതുപോലെ ലോകകോടീശ്വരന്മാരുടെ മുന്‍പന്തിയിലുള്ള വാറന്‍ ബഫറ്റും വളരെ ലളിതമായ ജീവിതത്തിനുടമയാണ്. 1958ല്‍ വാങ്ങിയ ലളിതമായ ഒരു വീട്ടിലാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്.

ജീവിതത്തില്‍ അധികചിലവുകള്‍ നിയന്ത്രിക്കേണ്ടതിന്റെയും ലളിതജീവിതത്തെ സ്വീകരിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഇവരുടെ ജീവിതം വ്യക്തമാക്കുന്നത്. വരുമാനം കൂടുന്നുവെന്ന് കരുതി ചിലവുകള്‍ കൂടാന്‍ അനുവദിക്കരുത്. അനാവശ്യമായി ആവശ്യങ്ങള്‍ വര്‍ധിപ്പിക്കാതിരിക്കുക.

പരിശ്രമം അവസാനിപ്പിക്കരുത്

ആഗ്രഹിക്കുന്ന സമ്പത്ത് കയ്യില്‍ വന്നുവെന്ന് കരുതി വെറുതെ ഇരിക്കരുത് എന്നതാണ് കോടീശ്വരന്മാരുടെ ജീവിതം നല്‍കുന്ന മറ്റൊരു പാഠം. ബില്‍ ഗേറ്റ്‌സിന്റെ വായനാശീലം പ്രശസ്തമാണ്. ജീവിതകാലം മുഴുവന്‍ പുതിയ കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടേയിരിക്കുക എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ഈ വായനാശീലം ഓര്‍മ്മിപ്പിക്കുന്നത്. ഈ വായനയാണ് അദ്ദേഹത്തെ പുതിയ ആശയങ്ങള്‍ കണ്ടെത്താനും കണ്ടുപിടിത്തങ്ങള്‍ക്കും സഹായിക്കുന്നത്.

അതുപോലെ പ്രശസ്ത മീഡിയ പേഴ്‌സണായ ഒപ്ര വിന്‍ഫ്രേയുടെ ജീവിതം ആശയവിനിമയം മിനുക്കിയെടുക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നു. വാര്‍ത്ത അവതാരക എന്നതില്‍ നിന്നും ലോകപ്രശസ്ത മീഡിയ താരമായി അവര്‍ മാറിയത് ഏറ്റവും മികച്ച ആശയവിനിമയയ ശേഷിയിലൂടെയാണ്. ആത്മവിശ്വാസവും ഫലപ്രദമായ ആശയവിനിമയ ശേഷികളുമാണ് തന്റെ വിജയരഹസ്യമെന്ന് അവര്‍ പറയുന്നു. ഈ വര്‍ഷങ്ങളിലുടനീളം പരിശ്രമത്തിലൂടെ അവര്‍ സ്വയത്തമാക്കിയതാണത്.

ഇക്കാര്യങ്ങള്‍ക്കൊന്നും പണച്ചിലവ് ഇല്ലെന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. വായിക്കാനും പുതിയ കഴിവുകള്‍ നേടാനും ആരോഗ്യം മെച്ചപ്പെടുത്താനും അറിവ് വര്‍ധിപ്പിക്കാനും അങ്ങനെ നമുക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ക്കായി നിക്ഷേപിക്കാന്‍ സമയവും മനസ്സും മാത്രമുണ്ടായാല്‍ മതി. എന്നാല്‍ അതിന്റെ ഫലം സമ്പത്തായി നമ്മിലേക്ക് എത്തുകയും ചെയ്യും.

കൂടുതല്‍ മേഖലകളില്‍ താല്‍പ്പര്യം ഉണ്ടായിരിക്കുക

ടെസ്ല കാറുകളില്‍ നിന്നും ഇലോണ്‍ മസ്‌കിന്റെ നിക്ഷേപവും താല്‍പ്പര്യങ്ങളും സ്‌പെയ്‌സ് എക്‌സ് എന്ന ബിഹിരാകാശ സ്ഥാപനത്തിലേക്കും എക്‌സ് (ട്വിറ്റര്‍) എന്ന മാധ്യമത്തിലേക്കും ചേക്കേറുന്നത് കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ കണ്ടതാണ്. ക്രിപ്‌റ്റോകറന്‍സി സംരംഭങ്ങളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക എന്ന ആശയമാണ് അദ്ദേഹം ഇവിടെ വ്യക്തമാക്കുന്നത്. അതുപോലെ ലോകകോടീശ്വരന്മാരില്‍ ഒരാളായ ജെഫ് ബെസോസും സാങ്കേതികം, ഹെല്‍ത്ത്‌കെയര്‍, ബഹിരാകാശം എന്നീ മേഖലകളിലായി തന്റെ നിക്ഷേപം വികസിപ്പിച്ചിട്ടുണ്ട്. പല നിക്ഷേപരംഗങ്ങളിലായി നിക്ഷേപം നടത്തുന്നത് റിസ്‌കുകള്‍ കുറയ്ക്കും, സ്ഥിരതയുള്ള തിരിച്ചുവരവ് ഉറപ്പാക്കും.

ഒരു പങ്ക് സമൂഹത്തിനും നല്‍കുക

തങ്ങള്‍ ഉണ്ടാക്കുന്ന സമ്പാദ്യത്തിന്റെ ഒരു പങ്ക് സമൂഹത്തിനും അവകാശപ്പെട്ടതാണെന്ന ബോധ്യം മിക്ക ശതകോടീശ്വരര്‍ക്കും ഉണ്ട്. സാമൂഹിക സേവനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം മാറ്റിവെക്കാറുണ്ട്. എഴുത്തുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മക്കന്‍സീ സ്‌കോട്ട് തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനകം തന്നെ ശതകോടികള്‍ അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ഐടി മേഖലയിലെ ലോകനിലവാരത്തിലേക്ക് പിടിച്ചുയര്‍ത്തിയ വിപ്രോയുടെ സ്ഥാപകന്‍ അസിം പ്രേംജിയും വിപ്ലോ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യത്തിനായി കോടികള്‍ ചിലവഴിക്കുന്നുണ്ട്.

ഇപ്പറഞ്ഞതില്‍ ചില ശീലങ്ങള്‍ ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ത്താല്‍ കോടീശ്വരര്‍ ആകാമെന്നല്ല, സാമ്പത്തികമായി കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്താമെന്നതില്‍ ഒരു സംശയവുമില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, August 20, 2024, 16:16 [IST]
X
Desktop Bottom Promotion