വയസ്സ് 74, കയ്യിലുള്ളത് 12 ലൈസന്‍സ്, ബസ് മുതല്‍ ജെസിബി വരെ പുഷ്പം പോലെ ഓടിക്കും; ഇത് രാധാമണിയുടെ കഥ

ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിംഗ് ആയ ഒരു മുത്തശ്ശിയുണ്ട്! ഇന്നത്തെ ചെറുപ്പക്കാര്‍ പോലും ഈ മുത്തശ്ശിയുടെ റീല്‍സ് കണ്ടാല്‍ 'wow' എന്ന് അറിയാതെ പറഞ്ഞുപോകും. കാരണം, എല്ലാവരും ടൂവീലും, ഫോര്‍വീലറും പഠിക്കുമ്പോള്‍ ഈ 74 കാരി രാധാമണി(ഇന്റഗ്രാമില്‍ മണിയമ്മ)യുടെ കയ്യിലിരിക്കുന്നത് 12 ലൈസന്‍സാണ്. അതും ടു വീലര്‍ മുതല്‍ ജെസിബി വരെ ഓടിക്കാന്‍ ഈ മുത്തശ്ശിയ്ക്ക് അറിയാം. വണ്ടികളോടുള്ള താല്‍പര്യം വര്‍ദ്ധിച്ചതിനെക്കുറിച്ചും, എങ്ങനെ ഡ്രൈവിംഗ് പഠിച്ചു എന്നതിനെക്കുറിച്ചുമെല്ലാം ബോള്‍ഡ്സ്‌കൈ മലയാളത്തിനോട് മനസ്സ് തുറക്കുകയാണ് രാധാമണിയമ്മ.

RADHAMANI

ഡ്രൈവിംഗിലേയ്ക്ക് എത്തിപ്പെട്ടത്

എന്റെ ഭര്‍ത്താവ് തന്നെയാണ് എന്നെ വണ്ടി ഓടിപ്പിക്കാന്‍ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ പേര് ലാലന്‍ എന്നാണ്. ഞാന്‍ എന്റെ 17-ാംമത്തെ വയസ്സിലാണ് വിവാഹം കഴിച്ച് കൊച്ചിയില്‍ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് വരുന്നത്. എന്റെ വീട് വരുന്നത് അരൂകുറ്റിയിലാണ്. അന്നത്തെ എന്റെ പ്രായത്തില്‍ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. മക്കളായതിനുശേഷം ഭര്‍ത്താവ് നിര്‍ബന്ധിച്ച് വണ്ടിയോടിക്കാന്‍ പഠിപ്പിച്ച് ലൈസന്‍സ് എടുക്കുകയാണ് ചെയ്തത്. അന്ന് ഞങ്ങള്‍ക്ക് സ്വന്തമായി ടൂറിസ്റ്റ് ടാക്സിയായി ഉപയോഗിച്ചിരുന്ന ഒരു അംബാസഡര്‍ കാര്‍ ഉണ്ടായിരുന്നു. അതിലാണ് ആദ്യമായി ഡ്രൈവിംഗ് പഠിക്കുന്നത്. കൂടാതെ, അന്നുകാലത്ത് തന്നെ ഞങ്ങള്‍ക്ക് ഹെവി ഡ്രൈവിംഗ് സ്‌കൂള്‍ ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് ഹെവി ഡ്രൈവിംഗ് നാട്ടില്‍ പഠിപ്പിക്കാം എങ്കിലും ലൈസന്‍സ് എടുക്കണമെങ്കില്‍ മംഗലാപുരത്ത് പോകണമായിരുന്നു. ഇവിടെ ഈ കൊച്ചിയില്‍ തുറമുഖമെല്ലാം അടുത്തുള്ളതിനാല്‍, ട്രാന്‍സ്പോര്‍ട്ടിംഗ് എല്ലാം ധാരാളം നടക്കുന്ന കാലമായിരുന്നു. ആ സമയത്ത് ഹെവി ഡ്രൈവേഴ്സിന് ആവശ്യവും കൂടുതലായിരുന്നു. അന്നേരം എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ഒരു ഡ്രൈവിംഗ് സ്‌കൂള്‍ അനുവദിച്ചുകൂടാ എന്ന് ചിന്തിച്ച് ഭര്‍ത്താവ് അതിനായി മുന്നിട്ടിറങ്ങി. കുറേ കാലം ഇതിനായി നടന്നു. അവസാനം ഒന്നും സാധിക്കാതെ വന്നപ്പോള്‍ ഒരു കേസ് ഫയല്‍ ചെയ്തു. സ്ത്രീകള്‍ക്ക് സംവരണം ഉള്ളതിനാല്‍ ഭര്‍ത്താവ് എന്റെ പേരിലും, സഹോദരന്റെ പേരിലുമാണ് കൊടുത്തത്. അവസാനം എന്റെ പേരില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിക്കാന്‍ അംഗീകാരം ലഭിച്ചു. അതിനുശേഷം, ഏകദേശം രണ്ട് വര്‍ഷത്തിനിപ്പുറമാണ് ഞാന്‍ ലൈസന്‍സ് എടുക്കുന്നത്. ഞാന്‍ ആദ്യത്തെ ലൈസന്‍സ് എടുക്കുന്നത് 1981ലാണ്. അതും എന്റെ മുപ്പത്തിയൊന്നാമത്തെ വയസ്സിലാണ് ആദ്യത്തെ ലൈസന്‍സ് ലഭിക്കുന്നത്. ഇതിനെല്ലാം മുന്‍പേ ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ചിരുന്നു.

വഴികാട്ടിയായ ഭര്‍ത്താവ്

ഭര്‍ത്താവാണ് എല്ലാ കാര്യത്തിനും മുന്‍കൈ എടുത്തത്. എന്നെ മാത്രമല്ല, എല്ലാ മക്കളെയും ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിലേയ്ക്ക് എത്തിച്ചത് ഭര്‍ത്താവാണ്. എനിക്ക് ഒരു മകളുണ്ട്. ആദ്യമായി കേരളത്തില്‍ ഓട്ടോമൊബൈല്‍ ഡിപ്ലോമ കരസ്ഥമാക്കിയ പെണ്‍കുട്ടികൂടിയാണ് മകള്‍. അതിന്റെയെല്ലാം പിറകില്‍ പിന്തുണയായി നിന്നത് ഭര്‍ത്താവാണ്. ആണ്‍മക്കള്‍ ഉണ്ടായിരുന്നെങ്കിലും, അന്നത്തെ കാലത്ത് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിന് അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ എസ്എസ്എല്‍സിയ്ക്ക് 400 മുകളില്‍ മാര്‍ക്ക് വേണം. അതിനാല്‍, ആണ്‍മക്കളെ ഡിഗ്രിയ്ക്ക് പഠിക്കാന്‍ വിടുകളും, മകളെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് വിടുകയും ചെയ്തു. ഇന്ന് മക്കള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമെല്ലാം എല്ലാ വണ്ടികളും ഓടിക്കാനുള്ള ലൈസന്‍സും ഉണ്ട്.

ലൈസന്‍സുള്ളത് ഏതിനെല്ലാം

നിലവില്‍ 12 ലൈസന്‍സാണ് ഉള്ളത്. ഫോര്‍വീലര്‍, ടൂവീലര്‍, ത്രീവീലര്‍, ബസ്, ലോറി, ട്രെയ്ലര്‍, റോഡ്റോളര്‍, ട്രാക്ടര്‍, ക്രെയ്ന്‍, ഫോര്‍ക്ക് ലിഫ്റ്റ്, ജെസിബി, ഹസാര്‍ഡസ്സ് എന്നിങ്ങനെ 12 ഓളം ലൈസന്‍സ് ഉണ്ട്. ഭര്‍ത്താവിന്റെ മരണശേഷം ഏകദേശം 2014 ആയപ്പോഴാണ് റോഡ്റോളര്‍, ക്രെയിന്‍, ഫോര്‍ക്ക്ലിഫ്റ്റ് എന്നിവയുടെയെല്ലാം ലൈസന്‍സ് എടുത്തത്. ഭര്‍ത്താവ് ഉള്ളപ്പോള്‍ ടുവീലര്‍, ഫോര്‍വീലര്‍, ത്രീവീലര്‍, ഹെവി വെഹിക്കിള്‍സ് ഓടിക്കാനുള്ള ലൈസന്‍സ് എടുത്തിരുന്നു.

RADHAMANI

കാലഘട്ടത്തെ മറികടന്ന വിജയം

ഞാന്‍ ലൈസന്‍സ് എടുക്കുന്ന കാലത്ത് സ്ത്രീകള്‍ വണ്ടിയോടിച്ച് പുറത്തേയ്ക്ക് കടക്കുന്നത് അസാധാരണമായ ഒരു സംഭവമാണ്. ആ കാലഘട്ടത്തിലാണ് ഞാന്‍ ബസ് ഓടിച്ച് ചേര്‍ത്തലവരെ പോയിട്ടുള്ളത്. അതുപോലെ, ട്രെയ്ലര്‍ ഓടിച്ച് ആലപ്പുഴ വരെയും ഞാന്‍ പോയിട്ടുണ്ട്. അന്ന് എന്നെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാര്യം ആരെയും അറിയിച്ചിരുന്നില്ല. ഫോര്‍വീലര്‍ ലൈസന്‍സ് എടുക്കുന്നത് വളരെ കുറച്ച് വ്യക്തികള്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. കാരണം, കൂടുതല്‍ ആള്‍ക്കാര്‍ അറിഞ്ഞ്, ആരെങ്കിലും എന്തെങ്കിലും മുടക്ക് പറഞ്ഞാല്‍ അത് ചെയ്യാന്‍ സാധിക്കുകയില്ല. ഈ ലൈസന്‍സ് എടുക്കുന്നത് ഭാവിയില്‍ ഉപകാരപ്പെടും എന്ന ഭര്‍ത്താവിന്റെ കാഴ്ചപ്പാടാണ് എന്നെ ലൈസന്‍സ് എടുപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ച ഘടകവും. അതുകൊണ്ട്, ആരോടും ഇക്കാര്യങ്ങള്‍ തുടക്കത്തില്‍ പറഞ്ഞിരുന്നില്ല.

ആദ്യം പഠിക്കാന്‍ പറഞ്ഞ സമയത്ത് എനിക്ക് പ്രത്യേകിച്ച് എതിര്‍പ്പും ഉണ്ടായിരുന്നില്ല. കാരണം, അന്നത്തെ കാലത്ത് അനുസരിക്കുക എന്നുള്ളത് മാത്രമാണ്. ഇപ്പോഴത്തെ കുട്ടികളെപ്പോലെ ഇന്നത് ചെയ്യൂ എന്ന് പറഞ്ഞാല്‍ ഞാനത് ചെയ്യില്ല, എനിക്കതല്ല ആഗ്രഹം എന്ന് പറയാനുള്ള ധൈര്യമോ കാഴ്ചപ്പാടോ അന്നൊന്നും എനിക്കില്ല. അവരെന്ത് പറയുന്നു, ആ വഴിക്ക് നീങ്ങുക എന്നതാണ് ചെയ്തിരുന്നത്. അതിനുവേണ്ട എല്ലാ പിന്തുണയും ഞാന്‍ എന്റെഭാഗത്ത് നിന്നും നല്‍കിയിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂള്‍ ഉണ്ടായിരുന്ന കാലത്ത് വണ്ടികള്‍ കഴുകാന്‍ മുതല്‍ പല കാര്യത്തിനും ഞാന്‍ പിന്തുണച്ചിരുന്നു. ഇന്നിപ്പോള്‍ ഓഫീസ് വര്‍ക്കെല്ലാം കംപ്യൂട്ടര്‍ വഴി ആയതിനാല്‍ ആ പണി ലാഭമായെന്നു മാത്രം. എന്നിരുന്നാലും, ഇന്നും എന്റെ ഭാഗത്ത് നിന്നും പൂര്‍ണ്ണ പിന്തുണ എല്ലാ കാര്യത്തിനും നല്‍കുന്നുണ്ട്.

സ്ത്രീകള്‍ക്ക് നല്‍കിയ പരിഗണന

തുടക്കകാലത്ത് സ്ത്രീകളും ഡ്രൈവിംഗ് പഠിക്കാന്‍ മുന്നോട്ടുവരാനായി പലതരത്തിലുള്ള പബ്ലിസിറ്റിയും നല്‍കിയിരുന്നു. കൂടാതെ, അന്ന് പെണ്‍കുട്ടികള്‍ക്ക് ടൂവീലര്‍ ഫ്രീയായി പഠിപ്പിച്ചിരുന്നു. ഓട്ടോറിക്ഷ ഓടിക്കാന്‍ സ്ത്രീകളെ ഫ്രീയായി പഠിപ്പിച്ചിരുന്നു. അതുപോലെ, പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പല ആനുകൂല്യങ്ങളും നല്‍കിയിരുന്നു. കാരണം, സ്ത്രീകളെ മുന്നിലോട്ട് കൊണ്ടുവരിക എന്നത് എന്റെ ഭര്‍ത്താവിന്റെ ഒരു ആഗ്രഹമായിരുന്നു. കൊച്ചിയില്‍ തന്നെ ആദ്യമായി സ്ത്രീകളെ ഓട്ടോറിക്ഷ പഠിപ്പിച്ച് ലൈസന്‍സ് എടുത്ത് കൊടുത്തത് ഞങ്ങളാണ്.

ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

നിലവില്‍ ഡ്രൈവിംഗ് പഠിക്കല്‍ മാത്രമല്ല, കോഴ്സുകളും നല്‍കുന്ന ഒരു ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് നടത്തുന്നത്. വലിയ വണ്ടി മുതല്‍ ചെറിയ വണ്ടി വരെ പഠിപ്പിക്കുന്ന ഒരു വര്‍ഷത്തെ കോഴ്സ്, മൂന്ന് മാസത്തെ കോഴ്സ്, ആറ് മാസത്തെ കോഴ്സ് എന്നിവ ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നല്‍കുന്നുണ്ട്.

മുന്നിലുള്ള ആഗ്രഹങ്ങള്‍

ഇനിയങ്ങോട്ട് പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ എന്നൊന്നും പറയാനില്ല. എന്നിരുന്നാലും ഈ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു എഞ്ചിനീയറിംഗ് കോളജാക്കി മാറ്റണമെന്ന് ഒരാഗ്രഹം ഉണ്ട്. ഞങ്ങള്‍ക്ക് കണ്‍സ്ട്രക്ഷന്റെ വര്‍ക്കും ഉള്ളതിനാല്‍, ധാരാളം വണ്ടികളും ലഭ്യമാണ്. അതെല്ലാം മക്കള്‍ക്കും, പേരമക്കള്‍ക്കും നിലനിര്‍ത്താന്‍ സാധിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. കാരണം, എല്ലാവരുടെയും കധിനധ്വാനം ഇതിനു പുറകിലുണ്ട്. നിലവില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് എന്ന ഒരു വര്‍ഷത്തെ കോഴ്സ് ഞങ്ങള്‍ നല്‍കുന്നുണ്ട്. 23 വയസ്സുവരെയുള്ളവര്‍ക്കാണ് ഈ കോഴ്സ് പ്രധാനമായയും നല്‍കുന്നത്. ഒപ്പം പ്ലേയ്സമെന്റും നല്‍കുന്നുണ്ട്. കൂടാതെ, ഇവര്‍ക്ക് ടൂവീലര്‍ ഒഴിച്ച് ബാക്കിയുള്ള വാഹനങ്ങളുടെ ലൈസന്‍സും നല്‍കുന്നുണ്ട്. പിന്നെയുള്ളത് 6 മാസത്തെ കോഴ്സ് ആണ്. ഇതേപോലെ എക്യുപ്മെന്റ്സിന്റെ കോഴ്സാണ്. പിന്നെ മൂന്ന് മാസത്തെ കോഴ്സും നല്‍കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ കോഴ്സും, ആറ് മാസത്തെ കോഴ്സെല്ലാം പഠിപ്പിക്കാന്‍ വരുന്നതും എഞ്ചിനീയറിംഗ് ബിരുദമുള്ളവരാണ്. ഡ്രൈവിംഗ് പഠിപ്പിക്കുന്നത് ആ മേഖലയില്‍ ഡിപ്ലോമ എടുത്തവരാണ്. പണ്ട് ഡ്രൈവിംഗ് എന്നാല്‍, ഒരു മോശം കാര്യമായി കണക്കാക്കിയിരുന്നു. ഇന്ന് ഇപ്പോള്‍ അങ്ങനെയല്ല. ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ വരെ, ഡ്രൈംവിംഗ് കോഴ്സുകള്‍ ചെയ്യാന്‍ വരുന്നുണ്ട്. കാരണം, പുറത്ത് ഇതിന് നല്ല സാധ്യതകള്‍ ഉണ്ട്. നിലവില്‍ ഞങ്ങള്‍ ടൗണില്‍ തന്നെ ആയതിനാല്‍, സ്ഥലപരിമിതി മാത്രമാണ് ഒരു പ്രശ്നം. പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തത് ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് നല്ലരീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കണമെന്നാണ് ആഗ്രഹം.

X
Desktop Bottom Promotion