നാട്ടുകാര്‍ക്ക് ദൈവത്തിന് തുല്യം; സ്വന്തം പേരില്‍ അമ്പലമുള്ള രാഷ്ട്രീയ നേതാക്കള്‍

നമ്മള്‍ ഇന്ത്യക്കാര്‍ വളരെ വൈകാരിക പ്രകൃതമുള്ള ആളുകളാണ്. അതിനാല്‍ത്തന്നെ പലര്‍ക്കും ജനമനസുകളെ എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കും. അങ്ങനെ ജനമനസില്‍ കുടിയേറിയ ചില നേതാക്കളുണ്ട്. ജനങ്ങളുടെ വീരാരാധനയിലൂടെ നാട്ടുകാരുടെ നേതാവായ ചിലരുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് എം.ജി.ആര്‍. സിനിമയിലൂടെ വന്ന് ആളുകളുടെ മനസില്‍ ഇടംനേടി രാഷ്ട്രീയത്തിലിറങ്ങി മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ നേതാവാണ് അദ്ദേഹം.

എം.ജി.ആര്‍ മാത്രമല്ല പല നേതാക്കളും ഇന്ത്യയിലെ ഒരു വലിയ വിഭാഗം ആളുകള്‍ക്കിടയില്‍ ദൈവത്തിന് തുല്യമാണ്. അതിനാലാണ് അവരുടെ പേരുകളിലെല്ലാം ക്ഷേത്രങ്ങളുമുള്ളത്. കടുത്ത ആരാധകര്‍ സിനിമാ താരങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാരും ഒട്ടും പിന്നിലല്ല. സ്വന്തം പേരില്‍ അമ്പലമുള്ള ചില രാഷ്ട്രീയക്കാരെ ഈ ലേഖനത്തില്‍ നമുക്ക് പരിചയപ്പെടാം.

temples dedicated to indian politicians

സോണിയ ഗാന്ധി

ആധുനിക കാലത്തെ ഏറ്റവും ജനപ്രീതിയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് സോണിയ ഗാന്ധി. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്കൊരു ക്ഷേത്രം പണിതതില്‍ അതിശയിക്കാനില്ല. തെലങ്കാനയിലെ കരിംനഗറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനുള്ളില്‍ സോണിയയുടെ ഒരു പ്രതിമയും ഉണ്ട്. 2014ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. സോണിയ ഗാന്ധിയുടെ മാര്‍ബിള്‍ പ്രതിമയും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള അവരുടെ കുടുംബാംഗങ്ങളുടെ ഛായാചിത്രങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.

നരേന്ദ്ര മോദി

ജനസമ്മിതിയില്‍ മുന്നില്‍ നില്‍ക്കുന്ന നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായി അദ്ദേഹത്തെ കണക്കാക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ശക്തരായ നേതാക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് നരേന്ദ്രമോദി. വികസനത്തില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കാനായി വളരെയധികം കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ വെറുമൊരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ദൈവികമായ ഗുണങ്ങളുള്ള വ്യക്തിയായി കാണുന്നവരുമുണ്ട്. അതുകൊണ്ടാണ് സ്വന്തം നാടായ ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊത്താരിയ ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രം തന്നെ അനുയായികള്‍ പണിതത്. ഇത് മാത്രമല്ല, ഉത്തര്‍പ്രദേശിലും നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രമുണ്ട്.

എം.ജി.ആര്‍

തമിഴ്നാടിന്റെ ചരിത്രം തന്നെ തിരുത്തിയ നേതാവായിരുന്നു എം.ജി.ആര്‍ എന്ന എം.ജി രാമചന്ദ്രന്‍. അദ്ദേഹം ഒരു ഒരു സിനമാ നടനും സംവിധായകനും നിര്‍മ്മാതാവും രാഷ്ട്രീയ നേതാവും ആയിരുന്നു. മൂന്ന് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ജീവിതകാലത്തും ജീവിതത്തിന് ശേഷവും അദ്ദേഹത്തിന് ഒരു ദൈവതുല്യ പദവി തന്നെ ജനമനസുകളില്‍ ഉണ്ടായിരുന്നു. ഒരു ദശാബ്ദം മുമ്പ്, തന്റെ നിത്യഹരിത നായകന് ഒരു വിശ്രമസ്ഥലം വേണമെന്ന് ആഗ്രഹിച്ചാണ് കലൈവാണന്‍ എന്ന വ്യക്തി എംജിആറിനായി ക്ഷേത്രം പണിതത്. ചെന്നൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ തിരുവള്ളൂരിലെ അരുള്‍മിഗു എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. എം.ജി.ആര്‍ മരിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ എംജിആര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു.

മായാവതി

ദളിത് സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രബലയായ നേതാക്കളില്‍ ഒരാളാണ് മായാവതി. ദശലക്ഷക്കണക്കിന് അനുയായികളുള്ള ഒരു വ്യക്തിത്വമാണ് അവരുടേത്. ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന മായാവതിക്ക് വേണ്ടി അവരുടെ അനുയായികള്‍ ഒരു ക്ഷേത്രം പണിതിട്ടുണ്ട്. 2010ലാണ് ബുന്ദേല്‍ഖണ്ഡില്‍ മായാവതിക്ക് ക്ഷേത്രം പണിയാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി നേതാക്കള്‍ തീരുമാനിച്ചത്.

മഹാത്മാ ഗാന്ധി

ഒഡീഷയിലെ സംബല്‍പൂരിനടുത്തുള്ള ഭത്ര എന്ന ചെറിയ ഗ്രാമത്തില്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. 1970 കളില്‍ സാമുദായിക സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍മ്മിച്ച ഈ ക്ഷേത്രം എല്ലാ മതത്തിലും ജാതിയിലും പെട്ട ആളുകള്‍ സന്ദര്‍ശിക്കുന്നു. തൊട്ടുകൂടായ്മയുടെ പേരില്‍ മറ്റ് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ദളിതര്‍ക്ക് ക്ഷേത്രം വേണമെന്ന മുന്‍ എം.എല്‍.എ അഭിമന്യു കുമാറിന്റെ ആശയത്തിന്റെ ചുവടുപിടിച്ചാണ് ഈ ക്ഷേത്രം പിറന്നത്. 1974-ല്‍ അന്നത്തെ ഒഡീഷ മുഖ്യമന്ത്രി നന്ദിനി സത്പതി ഔപചാരികമായി ഈ ക്ഷേത്രം രാഷ്ട്രത്തിന് സമര്‍പിച്ചു. ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ആരതി നടത്തുന്ന പ്രധാന പൂജാരി ദളിതനാണ്. ഗ്രാമവാസികള്‍ മറ്റേതൊരു ദൈവത്തെയും ആരാധിക്കുന്നത് പോലെയാണ് ഗാന്ധിയെ ആരാധിക്കുന്നത്. ക്ഷേത്രത്തില്‍ ദിവസവും ഗാന്ധിജിയുടെ സന്ദേശങ്ങളും പഠിപ്പിക്കുന്നുണ്ട്.

രാജീവ് ഗാന്ധി

സോണിയാഗാന്ധിക്കായി ഇതിനകം ക്ഷേത്രം നിലവിലുള്ളപ്പോള്‍ അവരുടെ ഭര്‍ത്താവായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും ഒരു ക്ഷേത്രം ഒരുങ്ങുന്നുണ്ട്. ബിഹാറിലെ ഒരു കോണ്‍ഗ്രസ് നേതാവായ മൃതുഞ്ജയ് റായി ആണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ക്ഷേത്രം പണിയില്ലെന്ന് ഉറപ്പിച്ച അദ്ദേഹം ഇതിനകം ഭൂമി പൂജ നടത്തി ക്ഷേത്ര നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകുന്നു.

ഖുശ്ബു

90കളില്‍ തമിഴ് സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായിരുന്നു ഖുശ്ബു. ഒരു പൊതു വ്യക്തിയുടെ ഉയര്‍ച്ചയും തകര്‍ച്ചയും കാണിക്കുന്ന നടി ഖുശ്ബു സുന്ദറിന്റെ കഥയാണ് കന്നഡ ചിത്രം ആന്റി പ്രീത്സെ. 90 കളില്‍ ഖുശ്ബു തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയിലായിരുന്നു. പിന്നീട് രാഷ്ടീയത്തിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു. അതിനാലാണ് അവരുടെ ആരാധകര്‍ 2001 ല്‍ തിരുച്ചിറപ്പള്ളിയില്‍ അവര്‍ക്കായി ഒരു ക്ഷേത്രം പണിതത്. സ്വന്തം പേരില്‍ ക്ഷേത്രം ഉയര്‍ന്ന ആദ്യ ഇന്ത്യന്‍ നടിയാണ് ഖുശ്ബു. തമിഴ് സിനിമയിലെ തന്റെ സുവര്‍ണ കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ പല ഫുഡ് സ്റ്റാളുകളിലും റസ്റ്റോറന്റ് മെനുകളിലും നിരവധി വിഭവങ്ങള്‍ക്ക് നടി ഖുശ്ബുവിന്റെ പേരായിരുന്നു എന്നതും അമ്പരപ്പിക്കുന്ന ഒരു വസ്തുതയാണ്.

Story first published: Sunday, March 24, 2024, 10:54 [IST]
X
Desktop Bottom Promotion