മണ്ണില്‍ പുതഞ്ഞ കിരീടം മുതല്‍ സ്വര്‍ണ്ണ മൂങ്ങ വരെ; ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത നിഗൂഢ നിധികള്‍

മറഞ്ഞിരിക്കുന്ന നിധികൾ എന്നും മനുഷ്യരെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതകളാണ്. അതുകൊണ്ട് തന്നെ മുത്തശ്ശി കഥകൾ മുതൽ ഹോളിവുഡ് സിനിമകൾ വരെ ഇതേ വിഷയത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നമ്മെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ കഥകൾ കേൾക്കുവാൻ നമ്മളിന്നും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നു. മറഞ്ഞിരിക്കുന്ന നിധിയുടെ വസ്തുതകളും യാഥാർഥ്യങ്ങളും എത്രത്തോളം വിശ്വാസനീയമാണെന്നു പോലും നോക്കാതെ തന്നെ.

എന്നാൽ ഇവയിൽ ചിലവ യാഥാർഥ്യമാണെന്ന് നിങ്ങൾക്കറിയാമോ ? അവയിൽ ചിലത് ഇതുവരെ ആരാലും കണ്ടെത്തപ്പെടാതെ മറഞ്ഞിരിക്കുന്നവയുമാണെന്ന വസ്തുത നിങ്ങളെ ഞെട്ടിക്കുന്നുണ്ടോ ? അതെ, വർഷങ്ങളായി പലരും തിരഞ്ഞിട്ടും കിട്ടാതെ, ഒളിഞ്ഞിരിക്കുന്ന ആ വലിയ നിധികളെ കുറിച്ചുള്ള കഥകൾ ഇവിടെ വായിക്കുക.

List Of Mysterious Treasures

ഡച്ച്മാന്‍ സ്വർണ്ണ ഖനി :

അരിസോണയിലെ സൗത്ത് പാർക്കിലെ നിഘൂഢ പർവതനിരകളിൽ നഷ്ടപ്പെട്ടതായി സംശയിക്കുന്ന, ഡച്ചുകാരുടെ സ്വർണ്ണ ഖനിയിൽ വലിയ സമ്പത്ത് മറഞ്ഞിരിക്കുന്നു എന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു. ഇപ്പോഴും വർഷാവർഷം പലരും തിരച്ചിൽ നടത്തിയിട്ടും ഖനിയുടെ സ്ഥാനം അജ്ഞാതമാണ്. എന്നാൽ നിധി വേട്ടക്കാർ ഈ സ്ഥലത്തെ വിട്ടുപോകുന്നില്ല എന്നതാണ് വാസ്തവം. അതിനാല്‍ ഇപ്പോഴും പലരും ഈ നിധിക്ക് വേണ്ടി തിരഞ്ഞുകൊണ്ടേയിരിക്കുന്നു.

ഫെന്നിന്റെ നിധി :

2010-ൽ, ആർട്ട് ഡീലറും എഴുത്തുകാരനുമായ ഫോറസ്റ്റ് ഫെൻ, റോക്കി പർവതനിരകളിൽ എവിടെയോ സ്വർണ്ണവും വിലപിടിപ്പുള്ള പുരാവസ്തുക്കളും നിറച്ച ഒരു പേടകം ഒളിപ്പിച്ചതായി അവകാശപ്പെട്ടു. നിധിയുടെ സ്ഥാനത്തെക്കുറിച്ചുള്ള സൂചനകൾ അടങ്ങിയ ഒരു കവിതയും ഫെൻ പ്രസിദ്ധീകരിച്ചു. ഈ പെട്ടകം 2020 ൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്, എന്നാൽ ഈ നിധിയുടെ കൃത്യമായ സ്ഥാനവും ഉള്ളടക്കവും ഇന്നും ദുരൂഹമായി തുടരുന്നു.

നൈറ്റ്സ് ടെംപ്ലർ നിധി :

സ്കോട്ട്ലൻഡിലെ റോസ്ലിൻ ചാപ്പൽ, നോവ സ്കോട്ടിയയിലെ ഓക്ക് ദ്വീപ്, കാനഡ, ഇസ്രായേലിലെ ഏക്കർ തുടങ്ങിയ സ്ഥലങ്ങളിൽ ഹോളി ഗ്രെയ്ൽ, ഉടമ്പടിയുടെ പെട്ടകം എന്നിവയുൾപ്പെടെ അവിശ്വസനീയമായ നിധികൾ നൈറ്റ്സ് ടെംപ്ലർ മറച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.

സ്വർണ്ണ മൂങ്ങ :

1993-ൽ ഫ്രാൻസിൽ മാക്സ് വാലന്റൈൻ കുഴിച്ചിട്ട ഒരു അതുല്യ നിധിയാണ് സ്വര്‍ണ്ണ മൂങ്ങ. 11 കടങ്കഥകളുള്ള ഒരു പുസ്തകത്തില്‍ നിധിയുടെ സ്ഥാനം സൂചിപ്പിച്ചിട്ടുണ്ട്. 1 ദശലക്ഷം ഫ്രാങ്ക് (അല്ലെങ്കിൽ ഏകദേശം $167,000) പ്രതിഫലമാണ് കണ്ടെത്തുന്നയാളെ കാത്തിരിക്കുന്നത്. 30 വർഷത്തിലേറെ പിന്നിട്ടിട്ടും ഇന്നും നിധി കണ്ടെത്താനാകാതെ മറഞ്ഞിരിക്കുകയാണ്. മാത്രമല്ല ഇത് തിരയുവാനായി ഇനും നിധി വേട്ടക്കാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

നാസികളുടെ സ്വര്‍ണ്ണം :

രണ്ടാം ലോകമഹായുദ്ധസമയത്ത്, നാസികൾ വിവിധ പ്രദേശങ്ങൾ കൈവശപ്പെടുത്തി ധാരാളം സ്വർണ്ണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. എന്നാല്‍ യുദ്ധത്തിൽ തോറ്റപ്പോൾ, അവർ ഈ നിധികൾ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചു. 1945-ൽ അമേരിക്കൻ സൈന്യം മെർക്കേഴ്‌സ് ഉപ്പ് ഖനിയിൽ നാസി സ്വർണ്ണത്തിന്റെ വലിയ കൂമ്പാരങ്ങളും മോഷ്ടിച്ച നിധികളും കണ്ടെത്തി. എന്നാല്‍ യൂറോപ്പിലെ ഓസ്ട്രിയയിലെ ടോപ്ലിറ്റ്സ് തടാകത്തിലേക്ക് നാസികൾ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണം ശത്രുക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ എറിഞ്ഞുവെന്ന ഐതിഹ്യമുണ്ട്. അതിനാല്‍ ഈ പ്രദേശം നിധി അന്വേഷകരുടെ പ്രധാന ഇടം കൂടിയാണ്.

ഉടമ്പടിയുടെ പെട്ടകം :

ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത, നഷ്ടപ്പെട്ടുപോയ ഒരു പ്രശസ്തമായ നിധിയാണ് ഉടമ്പടി പെട്ടകം. ഹീബ്രു ബൈബിൾ അനുസരിച്ച്, അത് സ്വർണ്ണം പൊതിഞ്ഞ ഒരു പെട്ടകം ആയിരുന്നു, മുകളിൽ രണ്ട് കെരൂബുകളുടെ പ്രതിമകൾ (ദൈവിക ചിഹ്നം) ഉണ്ടായിരുന്നു. അതിനുള്ളിൽ ദൈവം എഴുതിയ പത്തു കൽപ്പനകളുള്ള ശിലാഫലകങ്ങൾ മോശയ്ക്ക് നൽകിയിരുന്നു. ഒടുവിൽ, ഇസ്രായേലിൽ സോളമൻ രാജാവ് പണിത ഒരു മഹത്തായ ക്ഷേത്രത്തിൽ അത് സൂക്ഷിച്ചു. എന്നാല്‍ ഈ പെട്ടകം രണ്ടുതവണ പിടിച്ചെടുക്കപ്പെടുകയുണ്ടായി - ആദ്യം ഫിലിസ്‌ത്യരും പിന്നീട് നെബൂഖദ്‌നേസർ രണ്ടാമൻ രാജാവിന്റെ കീഴിലുള്ള ബാബിലോണിയരും, ബിസി 587-ൽ ജറുസലേമിനെ നശിപ്പിച്ച ശേഷം ബാബിലോണിലേക്ക് കൊണ്ടുപോയി. അതിനുശേഷം ഇന്ന് വരെ ഏകദേശ 2,500 വർഷത്തിലേറെയായി ഈ പെട്ടകത്തിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ നിഘൂഢമായി തുടരുന്നു.

ദി ലോസ്റ്റ് ഇൻക ഗോൾഡ് :

വളരെക്കാലം മുമ്പ്, സ്പാനിഷ് ഇൻക സാമ്രാജ്യത്തെ പരാജയപ്പെടുത്തി അവരുടെ രാജാവിനെ പിടികൂടി. മോചനത്തിന് ധാരാളം സ്വർണം ആവശ്യപ്പെടുകയും ചെയ്ത് രാജാവിനെ ഉപയോഗിച്ച് സമർത്ഥമായി വിലപേശാൻ ശ്രമിച്ചു. നിധിയുടെ സ്ഥാനം വെളിപ്പെടുത്താൻ അവർ രാജാവിനെ വശീകരിക്കുകയും പിന്നീട് അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. ഇൻക ജനങ്ങള്‍ ഇക്വഡോർ വനങ്ങളിൽ ഈ സ്വർണം ഒളിപ്പിച്ചുവച്ചു. ഇന്നും ലാംഗനേറ്റ്സ് പർവതനിരകളിലെ സ്വർണ്ണത്തിന്റെ സ്ഥാനം ഒരു രഹസ്യമായി തുടരുന്നു.

ഇംഗ്ലണ്ടിന്റെ നഷ്ടപ്പെട്ട കിരീടാഭരണങ്ങൾ :

1216-ൽ, ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ, ചെളി നിറഞ്ഞ വെള്ളത്തിൽ ഇംഗ്ലണ്ടിന്റെ കിരീടാഭരണങ്ങളും മറ്റ് നിധികളും ജോൺ രാജാവിന് നഷ്ടപ്പെട്ടു. നെനെ നദിയിൽ വച്ചാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു, എന്നാൽ ഇന്നും കോടികണക്കിന് രൂപ മൂഒല്യം വരുന്ന ആഭരണങ്ങൾ കണ്ടെത്താനായില്ല.

ഹോളി ഗ്രെയ്ൽ :

ക്രിസ്തുമതത്തിലെ വിലപ്പെട്ട നിധിയായി കണക്കാക്കപ്പെടുന്ന ഹോളി ഗ്രെയ്ൽ, അവസാനത്തെ അത്താഴ വേളയിൽ യേശു ഉപയോഗിച്ചതും പിന്നീട് അരിമത്തിയയിലെ ജോസഫ് യേശുവിന്റെ രക്തം ശേഖരിക്കാൻ ഉപയോഗിച്ചതുമായ പാനപാത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐതിഹാസികമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, ഹോളി ഗ്രെയ്ലിന്റെ സ്ഥാനം അജ്ഞാതമായി തുടരുന്നു, മുറിവുകൾ ഉണക്കുക, അമർത്യത നൽകുക തുടങ്ങിയ മാന്ത്രിക ശക്തികൾ അതിനുണ്ടെന്ന് പലരും വിശ്വസിക്കുന്നു. അതിനാല്‍ തന്നെ ഇത് കണ്ടെത്തുന്നതിനുള്ള തിരച്ചിലുകള്‍ ഇന്നും തുടരുകയാണ്.

Story first published: Monday, January 8, 2024, 10:00 [IST]
X
Desktop Bottom Promotion