ഗാന്ധിജി മുതല്‍ നേതാജി വരെ, സ്വാതന്ത്ര്യസമരകാലത്തെ സുവര്‍ണ്ണലിപിയില്‍ എഴുതിയ പുസ്തകങ്ങള്‍

സമാനതകളില്ലാത്ത പോരാട്ടമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. ലോകചരിത്രത്തിലെ തന്നെ വ്യത്യസ്തമായ പോരാട്ടം. സ്വാതന്ത്ര്യം എന്ന ഒരൊറ്റ വാക്കായിരുന്നു അന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ഉള്ളില്‍. സ്വാതന്ത്ര്യത്തിനായി കയ്യും മെയ്യും മറന്ന് അവര്‍ ഒന്നായി. ഓരോ വിഭാഗങ്ങളെയും മുന്നില്‍ നിന്ന് നയിക്കാന്‍ നേതാക്കന്മാര്‍ പുതിയ ആശയങ്ങളുമായി മുന്നോട്ടുവന്നു. ഇവരുടെ ആശയങ്ങള്‍ക്ക് പിന്നിലായി ജനങ്ങള്‍ അണിനിരന്നു, സ്വാതന്ത്ര്യം കിട്ടുവോളം.

books by freedom fighters

ഇന്ത്യ കണ്ട ഏറ്റവും മികച്ച ദാര്‍ശനികരും എഴുത്തുകാരും സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ആശയങ്ങളാല്‍ സമ്പന്നമായിരുന്ന അവരുടെ എഴുത്തുകളും പുസ്തകങ്ങളും ദശാബ്ദങ്ങള്‍ക്കിപ്പുറവും നമുക്ക് ആവേശം നല്‍കുന്നു. അവരുടെ ചിന്തകളും ദര്‍ശനങ്ങളും അനുഭവങ്ങളും ഇന്നും നമ്മളെ പ്രചോദിപ്പിക്കുന്നു. മഹാത്മാഗാന്ധി മുതല്‍ സുഭാഷ് ചന്ദ്രബോസ് വരെ ഇന്ത്യയുടെ സ്വാതന്ത്യത്തിനായി അക്ഷീണം പ്രയത്‌നിച്ച അഞ്ച് നേതാക്കളുടെ പ്രശസ്തമായ പുസ്തകങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഹിന്ദ് സ്വരാജ് - മഹാത്മാഗാന്ധി

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെന്ന മഹാത്മജിയുടെ ആത്മകഥ നമുക്കെല്ലാം പരിചിതമാണ്. അതുപോലെ തന്നെ ഗാന്ധിജിയുടെ മറ്റൊരു പ്രശസ്തമായ പുസ്തകമാണ് ഹിന്ദ് സ്വരാജ്. 1909ലാണ് ഗാന്ധിജി ഇത് എഴുതുന്നത്. സ്വതന്ത്ര ഇന്ത്യയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളാണ് ഈ പുസ്തകത്തില്‍ ഗാന്ധിജി വായനക്കാരുമായി പങ്കുവെക്കുന്നത്. അഹിംസയെ കുറിച്ചും സ്വരാജിനെ കുറിച്ചുമുള്ള ആശയങ്ങളും ഈ പുസ്തകത്തില്‍ ഗാന്ധിജി മുന്നോട്ടുവെക്കുന്നുണ്ട്. ആധുനിക സംസ്‌കാരങ്ങളെയും വ്യാവസായികവല്‍ക്കരണത്തെയും ഈ പുസ്തകത്തില്‍ ഗാന്ധിജി വിമര്‍ശിക്കുന്നുണ്ട്.

ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി - ഭഗത് സിംഗ്

1930-ല്‍ ജയിലില്‍ കഴിയുമ്പോഴാണ് ഭഗത് സിംഗ് 'Why I am an Atheist' എന്ന പുസ്‌കതം എഴുതുന്നത്. ദൈവമെന്ന സങ്കല്‍പ്പത്തിനെതിരായ പക്വമായ വാദങ്ങളാണ് ഈ പുസ്തകത്തില്‍ ഭഗത് സിംഗ് നടത്തുന്നത്. നിരീശ്വവാദത്തിലേക്കുള്ള തന്റെ യാത്രയെ കുറിച്ചും വിശദമായി അദ്ദേഹം ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ത്യക്കാരെ ആവേശം കൊള്ളിക്കുന്ന ഭഗത് സിംഗ് എന്ന സ്വാതന്ത്ര്യ പോരാളിയുടെ ഉള്ളിലെ വിപ്ലവാത്മക ചിന്താഗതിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ പുസ്തകം. ഭഗത് സിംഗിന്റെ തന്റേടവും വിവേകവും അദ്ദേഹത്തിന്റെ എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ആനന്ദമഠം- ബങ്കിം ചന്ദ്ര ചാറ്റര്‍ജി

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നോവലായിരുന്നു ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം. 1882ലാണ് അദ്ദേഹം അത് എഴുതുന്നത്. ബംഗാളില്‍ നടന്ന സന്യാസി-ഫക്കീര്‍ ലഹളയുടെ പശ്ചാത്തലത്തിലാണ് ഈ നോവല്‍ രചിച്ചിട്ടുള്ളത്. 'വന്ദേ മാതര'മെന്ന ഗാനത്തിന് നിദാനമായതും ഈ പുസ്തകമാണ്. ഇന്ത്യന്‍ വിമോചനസമരനായകരുടെ അന്നത്തെ ദേശീയഗാനമായിരുന്നു വന്ദേമാതരം. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടമായിരുന്നു ആനന്ദമഠത്തിന്റെ ഇതിവൃത്തം.

ദ ഇന്ത്യന്‍ സ്ട്രഗിള്‍ - നേതാജി സുഭാഷ് ചന്ദ്രബോസ്

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 'The Indian Struggle' എന്ന പുസ്തകം 1920 മുതല്‍ 1942 വരെയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നേര്‍ചിത്രമാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുമുള്ള പരിപൂര്‍ണ്ണ മോചനത്തിനായി പോരാടിയ നേതാജി, അക്കാലത്തെ പല രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങളെ കുറിച്ച് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ത്യയെ കുറിച്ചുള്ള നേതാജിയുടെ കാഴ്ചപ്പാട് എന്തായിരുന്നുവെന്നും സ്വാതന്ത്യം നേടിയെടുക്കുന്നതിന് സായുധ പോരാട്ടം ആവശ്യമാണെന്ന അദ്ദേഹത്തെ വിശ്വാസത്തെ കുറിച്ചുമെല്ലാം ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വേദപുസ്തകമാണ് നേതാജിയുടെ ദ ഇന്ത്യന്‍ സ്ട്രഗ്ഗിള്‍ എന്ന് നിസ്സംശയം പറയാം.

അസന്തുഷ്ടമായ ഇന്ത്യ - ലാലാ ലജ്പത് റായി

പഞ്ചാബ് സിംഹം എന്ന് അറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ കണിശക്കാരനായ ദേശീയവാദിയും പ്രധാന നേതാക്കളില്‍ ഒരാളുമായിരുന്നു. 'Unhappy India' എന്ന അദ്ദേഹത്തിന്റെ പുസ്തകം കാതറിന്‍ മായോയുടെ 'Mother India' എന്ന പുസ്തകത്തിനുള്ള ചുട്ട മറുപടി ആയിരുന്നു. ഇന്ത്യക്കാരെ മോശമായി ചിത്രീകരിച്ച പുസ്തകമായിരുന്നു മദര്‍ ഇന്ത്യ. ഇന്ത്യക്കാരുടെ ശക്തിയും സ്വാശ്രയത്വവും കഴിവും ഉയര്‍ത്തിക്കാട്ടുന്ന അണ്‍ഹാപ്പി ഇന്ത്യയില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന പാശ്ചാത്യരോടുള്ള ലജ്പത് റായിയുടെ രോഷം വ്യക്തമായി കാണാം. ഇന്ത്യയില്‍ അഭിമാനം കൊള്ളണമെന്നും ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒന്നിക്കണമെന്നുമുള്ള ഇന്ത്യക്കാര്‍ക്കുള്ള ഉദ്‌ഘോഷവും ആ പുസ്തകത്തിലുണ്ട്.

X
Desktop Bottom Promotion