മലയാളിയുടെ സ്വകാര്യ അഹങ്കാരം, മലയാളത്തിന്റെ 'കംപ്ലീറ്റ് ആക്റ്റര്‍': മോഹന്‍ലാല്‍

മലയാള സിനിമ പൂര്‍ത്തിയാവണമെങ്കില്‍ അതില്‍ ആദ്യം ചേര്‍ത്ത് വായിക്കേണ്ട പേരുകളില്‍ ഒന്നാണ് മോഹന്‍ലാല്‍. ലോകത്തിലെ ആദ്യ പത്ത് മികച്ച നടന്‍മാരുടെ പേരുകള്‍ ചേര്‍ത്താല്‍ അതില്‍ ആദ്യം വരുന്ന പേരാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഒരിക്കലും താരതമ്യപ്പെടുത്താനാവാത്തതാണ് എന്നതില്‍ സംശയം വേണ്ട. തിരനോട്ടത്തില്‍ തുടങ്ങി ഇന്ന് തുടരും വരെ എത്തി നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഈ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങള്‍ മലയാളികളായ നാം ഓരോരുത്തരും അറിഞ്ഞിരിക്കണം.

ഇന്ന് 65-ാം വയസ്സിലേക്ക് കടക്കുമ്പോള്‍ മോഹന്‍ലാലെന്ന പേരിന് മാത്രമേ പ്രായം കൂടുന്നുള്ളൂ. പ്രതിഭാധനനായ ഈ താരത്തിന് പ്രേക്ഷകമനസ്സില്‍ നിന്നും ലാലേട്ടന്‍ എന്ന സ്ഥാനം തന്നെയാണ്. അദ്ദേഹത്തിന്റെ അംഗീകാരങ്ങളും നേട്ടങ്ങളും ഒരിക്കലും മലയാള സിനിമക്ക് പകരം വെയ്ക്കാന്‍ സാധിക്കാത്തതാണ്. 40 വര്‍ഷത്തിലധികമായി ഇന്നും സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍സ്റ്റാര്‍ ഭരത് മോഹന്‍ലാലിനെക്കുറിച്ച് ആര്‍ക്കും അറിയാത്ത ചുരുക്കം ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

Happy Birthday Mohanlal

അന്യഭാഷാ ബ്ലോക്ക്ബസ്റ്ററുകള്‍
മോഹന്‍ലാലിന്റെ കൈയ്യില്‍ ഏത് വേഷവും ഭദ്രമാണ്. അത് കോമഡിയാണെങ്കിലും സീരിയസ്‌റോളുകളാണെങ്കിലും എല്ലാം. സൂപ്പര്‍സ്റ്റാറിന്റെ നിരവധി കോമഡി ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകളായി മാറിയിട്ടുണ്ട്. മറ്റ് ഭാഷകളിലെ സംവിധായകര്‍ വരെ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മൊഴിമാറ്റം ചെയ്ത് സംവിധാനം ചെയ്തിട്ടുണ്ട്. പല സിനിമകളിം റിമേക്ക് ചെയ്യുന്നതില്‍ വിജയവും നേടിയിട്ടുണ്ട്. 'മണിച്ചിത്രത്താഴ്' (1993), 'ബോയിംഗ് ബോയിംഗ്' (1985), 'പൂച്ചക്കൊരു മൂക്കുത്തി' (1984), 'കിലുക്കം' (1991), 'തേന്മാവിന്‍ കൊമ്പത്ത്' (1994) തുടങ്ങി നിരവധി ചിത്രങ്ങളാണി ഹിന്ദിയിലേക്കും റിമേക്ക് ചെയ്യപ്പെട്ടത്.

ഓരോ 15 ദിവസത്തിലും പുതിയ റിലീസ്
80-90 കാലഘട്ടങ്ങളില്‍ മോഹന്‍ലാലിനെപ്പോലെ മലയാള സിനിമ അടക്കി ഭരിച്ച മറ്റൊരു താരം ഇല്ലെന്ന് തന്നെ പറയാം. 80-കളിലാണ് തന്റെ കരിയറിന് മോഹന്‍ലാല്‍ തുടക്കം കുറിച്ചത്. ഈ കാലഘട്ടങ്ങളില്‍ ഓരോ 15 ദിവസത്തിനിടയിലും അദ്ദേഹത്തിന്റെ സ്ിനിമകള്‍ തുടര്‍ച്ചയായി റിലീസ് ചെയ്തിരുന്നു എന്നതാണ് സത്യം. 1986 ല്‍ അദ്ദേഹത്തിന് ഏകദേശം 35 സിനിമകളാണ് റിലീസ് ചെയ്തത്. അതിനടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ 170 സിനിമകളാണ് റിലീസ് ചെയ്യപ്പെട്ടത്.

മോഹന്‍ലാല്‍, ഗുസ്തി ചാമ്പ്യന്‍
ലാലേട്ടന്‍ എന്നാല്‍ ഒരു താരം മാത്രമല്ല, നല്ലൊരു ഗുസ്തി ചാമ്പ്യന്‍ കൂടിയാണ്. 1977- 78 കാലങ്ങളില്‍ മോഹന്‍ലാലിനെ തേടി കായിക രംഗത്തെ നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നടക്കാനിരുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തെങ്കിലും ഫാസില്‍ സംവിധാനം ചെയ്ത ' മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയിലെ നരേന്ദ്രനാവാനായിരുന്നു അദ്ദേഹത്തിന്റെ യോഗം. എന്നാല്‍ പിന്നീടങ്ങോട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. അതിന് ശേഷം ലോകം കണ്ട ഏറ്റവും മികച്ച നടന്‍മാരിലേക്കുള്ള ലാലേട്ടന്റെ വളര്‍ച്ചയാണ് നമ്മള്‍ മലയാളികള്‍ കണ്ടത്.

Take a Poll

തൈക്വോണ്ടോയില്‍ 'ബ്ലാക്ക് ബെല്‍റ്റ്' നേടി.
2012-ല്‍, ദക്ഷിണ കൊറിയയിലെ സിയോളിലുള്ള വേള്‍ഡ് തൈക്വോണ്ടോ ആസ്ഥാനം മോഹന്‍ലാലിന് തായ്ക്വോണ്ടോയില്‍ 'ബ്ലാക്ക് ബെല്‍റ്റ്' ഓണററി പദവി നല്‍കി ആദരിക്കുകയുണ്ടായി. ഈ പദവിയില്‍ എത്തപ്പെടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. കായികപ്രേമിയായ ഇദ്ദേഹത്തിന് നിരവധി ആയോധനകലകള്‍ അഭ്യസിക്കുന്നതിലുള്ള താല്‍പ്പര്യം അദ്ദേഹത്തിന്റേ ഓരോ സിനിമകളില്‍ നിന്നും നമുക്ക് വ്യക്തമാവുന്നു.

സൈനിക ബഹുതി നേടുന്ന ആദ്യത്തെ താരം
2009-ലാണ് മോഹന്‍ലാലിനെ രാജ്യം ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഹോണററി ലെഫ്റ്റനന്റെ കേണല്‍ പദവി നല്‍കി ആദരിച്ചത്. ഇന്ത്യയില്‍ സൈനിക ബഹുമതി ലഭിക്കുന്ന ആദ്യത്തെ താരമാണ് ഇദ്ദേഹം. സകല കലാ വല്ലഭന്‍ എന്നും ഇദ്ദേഹത്തെ സംശയമില്ലാതെ വിളിക്കാവുന്നതാണ്. പ്രശസ്തമമജീഷ്യന്‍ ഗോപിനാഥ് മുതുകാടിനൊപ്പം ചേര്‍ന്ന് 2008-ല്‍ എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ് പരിശീലനവും അദ്ദേഹം നേടി. എന്നാല്‍ ഈ കാര്യം അപകടമാണെന്ന് ആരാധകരുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

ഐശ്വര്യ റായിയുടെ ആദ്യ നായകന്‍
മുന്‍ലോകസുന്ദരിയും താരവുമായ ഐശ്വര്യറായിയുടെ ആദ്യത്തെ നായകന്‍ ആയിരുന്നു മോഹന്‍ലാല്‍. 1997-ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ എംജിആര്‍ ആയി തമിഴ് സിനിമയിലും തന്റ െസാന്നിധ്യം അറിയിച്ചു മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയം ദൈവത്തിന് സമാനമാണ് എന്നാണ് ഐശ്വര്യറായി ഈ അവസരത്തില്‍ പറഞ്ഞത്. രണ്ട് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സിനിമയായിരുന്നു ഇരുവര്‍. ആദ്യ സിനിമയായ തിരനോട്ടത്തിനുമുണ്ട് പ്രത്യേകത. സെന്‍സര്‍ബോര്‍ഡ് സെന്‍സര്‍ ചെയ്ത ശേഷം ഈ സിനിമ 2013-ല്‍ അതായത് 25 വര്‍ഷത്തിന് ശേഷമാണ് റിലീസ് ചെയ്തത്.

ആദ്യ സംവിധാനം
തന്റെ ജീവിതത്തിലെ സിനിമാമേഖലയിലെ ആദ്യ സംവിധാനത്തിനും മോഹന്‍ലാല്‍ തുടക്കമിട്ടത് 2024-ലാണ്. ബറോസ് എന്ന 3D സിനിമ സംവിധാനം ചെയ്യുക വഴി സംവിധായകന്റെ കുപ്പായവും അദ്ദേഹം അണിഞ്ഞു. സിനിമാമേഖലയിലെ സൗഹൃദത്തില്‍ ആരാധകര്‍ എന്നും ഉറ്റുനോക്കിയിരുന്നതാണ് മോഹന്‍ലാല്‍ മമ്മുട്ടി കൂട്ടുകെട്ട്. 55-ലധികം ചിത്രങ്ങളിലാണ് ഇവര്‍ ഒന്നിച്ച് അഭിനയിച്ചത്. 1982-ല്‍ പടയോട്ടം എന്ന സിനിമയില്‍ തുടങ്ങിയ സൗഹൃദം ഇന്നും മങ്ങലേല്‍ക്കാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

വാച്ചുകള്‍ക്ക് പ്രിയതോഴന്‍
മോഹന്‍ലാലിനെ ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയില്‍ കാണുമ്പോള്‍ പലരും ആദ്യം ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ വാച്ച് ആണ്. അത്രയേറെ വിലയേറിയ വാച്ച് ശേഖരം തന്നെ അദ്ദേഹത്തിനുണ്ട് എന്നതില്‍ സംശയം വേണ്ട. നിരവധി വിലയേറിയ ബ്രാന്‍ഡുകളാണ് അദ്ദേഹത്തിന്റെ കൈകളിലുള്ളത്. പാഥെക് ഫിലിപ്പ്, റോലെക്‌സ്, ഓഡമാര്‍സ് പിഗ്വെ, ബ്രെഗ്യൂറ്റ്, മോണ്ബ്ലാങ്ക് തുടങ്ങിയ ബ്രാന്‍ഡുകളുടെ വാച്ചുകള്‍ ഇതില്‍ ചിലതാണ്.

ആരോഗ്യവും വ്യായാമവും
കരിയറിലും ജീവിതത്തിലും വിജയിച്ച് നില്‍ക്കുമ്പോഴും ആരോഗ്യത്തിനും വ്യായാമത്തിന്റെ കാര്യത്തിലും യാതൊരു വിട്ടു വീഴ്ചയും അദ്ദേഹം ചെയ്യാറില്ല എന്ന് തന്നെ പറയാം. ദിവസവും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സമയം അദ്ദേഹം വ്യായാമത്തിനായി മാറ്റി വെയ്ക്കാറുണ്ട്. അത് യാത്രയിലായാലും ഷൂട്ടിംങിനിടയായാലും അത്തരത്തില്‍ തന്നെയാണ് ദൈനംദിന ശീലങ്ങള്‍. തന്റെ 63 വയസ്സിനിടയിലും 100 കിലോ വരെ ഉയര്‍ത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകര്‍ക്കായി അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

4D ഫോര്‍മുല, എന്താണ്?
ഇന്നും അദ്ദേഹം പിന്തുടര്‍ന്ന് വരുന്നതാണ് 4D ഫോര്‍മുല. അതായത് Determination, Discipline, Dedication, and Diet എന്നിവ കൃത്യമായി പരിപാലിച്ച് കൊണ്ട് ആരോഗ്യത്തോടെ മുന്നോട്ട് പോവുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന ശീലങ്ങള്‍. പാചകം വളരെയധികം ഇഷ്ടപ്പെടുന്ന അദ്ദേഹം പക്ഷേ തന്റെ ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങേയറ്റം ശ്രദ്ധാലുവാണ്. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് മോഹന്‍ലാല്‍ എന്നും ലാലേട്ടനാണ്. കൂടാതെ ആത്മീയതയും മെഡിറ്റേഷനും എല്ലാം അദ്ദേഹത്തിന്റെ ശീലങ്ങളില്‍ ചിലതാണ്. ഇനിയുമേറെ കാലം മലയാളികളുടെ പ്രിയതാരം ലാലേട്ടനായി നമുക്കിടയില്‍ അദ്ദേഹമുണ്ടാവും, മലയാളം ബോള്‍ഡ്‌സ്‌കൈയുടെ പിറന്നാള്‍ ആശംസകള്‍

X
Desktop Bottom Promotion