വീട്ടിലിരുന്നും കാശുണ്ടാക്കാം, വീട്ടമ്മമാര്‍ക്ക് പണം സമ്പാദിക്കാനുള്ള എളുപ്പവഴികള്‍

വീട്ടുകാര്യങ്ങള്‍ മാനേജ് ചെയ്യുക എന്നത് നിസ്സാരജോലിയല്ല. മിക്ക വീടുകളിലും ആ ഉത്തരവാദിത്തം വീട്ടമ്മമാര്‍ക്കായിരിക്കും. ചില അവസരങ്ങളില്‍ വീട്ടിലെ ചിലവുകള്‍ കൈകാര്യം ചെയ്യുന്നതും വീട്ടമ്മമാരായിരിക്കും. ഇങ്ങനെ പല ഉത്തരവാദിത്തങ്ങള്‍ക്കിടങ്ങള്‍ക്കിടയില്‍ ജോലി ചെയ്ത് വരുമാനമുണ്ടാക്കാനോ സമ്പാദ്യം ഉണ്ടാക്കാനോ വീട്ടമ്മമാര്‍ക്ക് സാധിക്കാറില്ല. പക്ഷേ സ്വന്തമായി സമ്പാദ്യമുണ്ടായിരിക്കുക എന്നത് ഏതൊരു സ്ത്രീയ്ക്കും വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. സ്വന്തം ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമായി കയ്യില്‍ ഒരു തുകയുണ്ടാകുക എന്നത് വളരെ അടിസ്ഥാനമായ കാര്യങ്ങളില്‍ ഒന്നാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നത് സ്ത്രീകളില്‍ അഭിമാനം വളര്‍ത്തുകയും ചെയ്യും.

savings

വീട്ടിലെ ചിലവുകള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും പരമാവധി സമ്പാദിക്കാനും സ്ത്രീകള്‍ ശ്രമിക്കണം. ഭര്‍ത്താവിനെയോ വീട്ടിലെ മറ്റ് അംഗങ്ങളെയോ ആശ്രയിക്കാതെ സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അത് സ്ത്രീകളെ പ്രാപ്തരാക്കും. സോഷ്യല്‍ മീഡിയയുടെയും ഡിജിറ്റല്‍ മാധ്യമങ്ങളുടെയും ഇന്നത്തെ കാലത്ത് ഫ്രീലാന്‍സ് ആയി ജോലി ചെയ്തും ഹോബികള്‍ വരുമാനമാക്കി മാറ്റിയും പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ സ്ഥിരം ജോലികള്‍ ചെയ്യാത്ത വീട്ടമ്മമാര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ അതൊന്നും അല്ലാതെ വളരെ സിംപിളായി പണം സമ്പാദിക്കാനുള്ള എളുപ്പവഴികള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ബജറ്റ് തയ്യാറാക്കുക

വീട്ടിലെ വരവുചിലവുകള്‍ ഉള്‍ക്കൊള്ളിച്ച് കൃത്യമായൊരു ബജറ്റ് തയ്യാറാക്കുക. ചിലവുകള്‍ വെവ്വേറെയായി തരംതിരിക്കുക. ഇങ്ങനെയൊരു ബജറ്റ് ഉണ്ടെങ്കില്‍ സാമ്പത്തികസ്ഥിതി സംബന്ധിച്ച് കൃത്യമായൊരു ബോധ്യം കൈവരും. ഇത് വിലയിരുത്തിയാല്‍ ഏതൊക്കെ ചിലവുകള്‍ കുറയ്ക്കാമെന്നും അതിലൂടെ എത്ര പണം ലാഭിക്കാമെന്നും അത് സമ്പാദ്യമാക്കി മാറ്റാമെന്നും അറിയാന്‍ കഴിയും.

ഭക്ഷണച്ചിലവുകള്‍

തയ്യാറാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായൊരു രൂപരേഖ ഉണ്ടെങ്കില്‍ അനാവശ്യസാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാനും അതിലൂടെ പണം ചിലവാകുന്നത് തടയാനും കഴിയും. ഒരാഴ്ചയില്‍ ഓരോ നേരവും എന്തൊക്കെ ഭക്ഷണങ്ങളാണ് തയ്യാറാക്കുന്നതെന്ന് മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കുക. അതിനനുസരിച്ച് ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കി സാധനങ്ങള്‍ വാങ്ങുക.

കൂപ്പണുകളും ക്യാഷ്ബാക്കും

പലപ്പോഴും നമ്മള്‍ അവഗണിക്കുന്ന, എന്നാല്‍ ചെറുതാണെങ്കിലും ചിലവുകള്‍ കുറയ്ക്കുന്ന സംഗതിയാണെന്ന് കൂപ്പണ്‍, ക്യാഷ്ബാക്ക്,ഡിസ്‌കൗണ്ട് തുടങ്ങിയ ഓഫറുകള്‍. വീട്ടുസാധനങ്ങളും പലചരക്ക് സാധനങ്ങളും വാങ്ങുമ്പോള്‍ ഇവ ഉപയോഗപ്പെടുത്തി കയ്യില്‍ നിന്ന് പണം ചിലവാകുന്നത് കുറയ്ക്കുക. പല കടകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഇത്തരം ഓഫറുകള്‍ ഉണ്ടാകാറുണ്ട്. ഒരു മാസം ഇതുവഴി ചെറിയ തുകയേ സമ്പാദിക്കാന്‍ കഴിയുകയുള്ളുവെങ്കിലും വര്‍ഷാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഇതിലൂടെ നല്ലൊരു തുക ലാഭിക്കാന്‍ കഴിയും.

കറന്റ്, വാട്ടര്‍ ബില്ലുകള്‍ കുറയ്ക്കുക

അശ്രദ്ധ കാരണം മാത്രം വൈദ്യുതി ബില്ലില്‍ വലിയൊരു തുക അധികമായി വരാം. ആവശ്യമില്ലാത്തപ്പോള്‍ ഉപകരണങ്ങള്‍ അണ്‍പ്ലഗ് ചെയ്യുക, വൈദ്യുതി അധികം ചിലവാകാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുക, സൗരോര്‍ജ്ജ സാധ്യതകളും മറ്റ് ഊര്‍ജ്ജ സാധ്യതകളും ഉപയോഗപ്പെടുത്തുക. വാട്ടര്‍ബില്‍, ഇന്റെര്‍നെറ്റ് ബില്‍ എന്നിവയിലെ ചിലവും കുറയ്ക്കാന്‍ ശ്രമിക്കുക.

സ്വന്തമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ പണം ചിലവിടാതിരിക്കുക

വീട്ടില്‍ സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുകയും അതിനായി പണം ചിലവഴിക്കുകയും ചെയ്യുന്ന പ്രവണത കുറയ്ക്കുക. ഉദാഹരണത്തിന് ആരോഗ്യം അനുവദിക്കുന്നുവെങ്കില്‍ വീട്ടുജോലികള്‍, ക്ലീനീംഗ്, ഗാര്‍ഡനിംഗ് എന്നിവയെല്ലാം സമയം കൈകാര്യം ചെയ്ത് സ്വയം ചെയ്യുക.

സാധനങ്ങള്‍ വാങ്ങുമ്പോള്‍ കരുതല്‍

തുണി, ഫര്‍ണിച്ചര്‍, അത്യാവശ്യമല്ലാത്ത മറ്റ് സാധനങ്ങള്‍ എന്നിവ വാങ്ങുമ്പോള്‍ കരുതല്‍ ഉണ്ടായിരിക്കുക. ഡിസ്‌കൗണ്ടുകാലം ഉപയോഗപ്പെടുത്തുക, സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പ്രയോജനപ്പെടുത്തുക, വിലകള്‍ താരതമ്യം ചെയ്ത് ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ നടത്തുക എന്നിവ ശീലമാക്കുക.

എമര്‍ജന്‍സി ഫണ്ട്

എപ്പോഴും എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കുക. അപ്രതീക്ഷിതമായ ചിലവുകള്‍ക്ക് വേണ്ടി അത്തരമൊരു സമ്പാദ്യനിധി ഉണ്ടെങ്കില്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ കടമെടുക്കാതെ കാര്യങ്ങള്‍ സാധിക്കാം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, June 28, 2024, 21:15 [IST]
X
Desktop Bottom Promotion