2025-ല്‍ സമ്പന്നരാകണോ, ചാണക്യന്റെ ഈ തന്ത്രങ്ങള്‍ പയറ്റിനോക്കാം

Financial Success 2025:ജീവിതത്തില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതിരിക്കുക എന്നത് ഒരു അനുഗ്രഹമാണ്. പക്ഷേ വളരെ കുറച്ച് ആളുകളൊഴിച്ചാല്‍ മറ്റുള്ളവര്‍ക്ക് ജീവിതത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സാമ്പത്തികക്ലേശം അനുഭവിക്കേണ്ടി വന്നിരിക്കും. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ക്ക് എങ്ങനെയെങ്കിലും അതില്‍ നിന്ന് രക്ഷപ്പെടണമെന്നതും സാമ്പത്തികമായി അഭിവൃദ്ധിപ്പെടണമെന്നതും ജീവിതലക്ഷ്യമായിരിക്കും.

financial success

പണ്ഡിതനും ഭാരതം കണ്ട മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാണക്യന്‍ ജീവിതത്തില്‍ മുന്നേറാനും വിജയം നേടാനും അനവധി ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചാണക്യനീതിയും അര്‍ത്ഥശാസ്ത്രവും ഏറ്റവും മികച്ച ജീവിതദര്‍ശനങ്ങളും ഭരണനയങ്ങളും സാമ്പത്തികതന്ത്രങ്ങളും കൊണ്ട് സമ്പന്നമാണ്. പണ്ടുകാലത്ത് രാജാക്കന്മാരെയും അധികാരികളെയും സഹായിക്കാനാണ് ചാണക്യന്‍ ഇവ എഴുതിയതെങ്കിലും ആധുനികകാലത്തും അവ പ്രസക്തമാണ്. സാമ്പത്തികസ്ഥിത ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ചാണക്യന്റെ സാമ്പത്തിക തന്ത്രങ്ങളിലൂടെ സമ്പത്ത് ആര്‍ജ്ജിക്കാന്‍ കഴിയും.

2025-ല്‍ സാമ്പത്തികമായി മുന്നേറണമെന്നും സാമ്പത്തിക പ്രയാസങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന ചില ചാണക്യ തന്ത്രങ്ങള്‍ നോക്കാം.

പദ്ധതിയോടെ ആരംഭിക്കുക

എനിക്ക് സമ്പന്നനാകണം എന്ന ലക്ഷ്യം മാത്രം പോര അതിനായി വളരെ കൃത്യമായ, വ്യക്തമായി ആസൂത്രണം ചെയ്ത ഒരു പദ്ധതി ഉണ്ടായിരിക്കണം. ആ പദ്ധതി തയ്യാറാക്കിയിട്ട് വേണം അതിന് വേണ്ടി പരിശ്രമിക്കാന്‍. നിങ്ങളുടെ വരുമാനം, ചിലവുകള്‍, സമ്പാദ്യം എന്നിവ കൃത്യമായി കണക്കുകൂട്ടി വളരെ വിശദമായ ഒരു ബഡ്ജറ്റ് തയ്യാറാക്കുക. ശേഷം പെട്ടെന്ന് നേടേണ്ടതും (ഹ്രസ്വകാല) അന്തിമമായി നേടേണ്ടമായ (ദീര്‍ഘകാല) സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയുക. ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാകണം പിന്നീടുള്ള പരിശ്രമങ്ങള്‍.

ബുദ്ധിപരമായ സമ്പാദ്യം, നിക്ഷേപം

മിച്ചം വരുന്ന പണം ബാങ്കില്‍ കൊണ്ട് ഇട്ടത് കൊണ്ട് സമ്പന്നനാകാം എന്ന ചിന്ത തെറ്റാണ്. നമ്മുടെ നിലവിലെ സമ്പത്ത് സംരക്ഷിക്കുന്നതും കാലക്രമേണ അത് വര്‍ധിപ്പിക്കാന്‍ കഴിയുന്നതുമായ നിക്ഷേപങ്ങള്‍ കണ്ടത്തേണ്ടത് സാമ്പത്തികസ്ഥിരത നേടുന്നതില്‍ പ്രധാനമാണെന്ന് ചാണക്യന്‍ പറയുന്നു. മിച്ചം വരുന്നത് സമ്പാദ്യമാക്കി മാറ്റാതെ പതിവായി വരുമാനത്തിന്റെ ഒരു പങ്ക് സമ്പാദ്യമായി നീക്കിവെക്കുക. ഒരു രീതിയിലുള്ള നിക്ഷേപത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ പല മേഖലകളിലായി നിക്ഷേപിക്കുക. റിസ്‌ക് കുറയ്ക്കാനും പല നിക്ഷേപസാധ്യതകളുടെ നേട്ടം സ്വന്തമാക്കാനും അത് സഹായിക്കും.

സമ്പത്ത് സംരക്ഷിക്കുക

ചിലയാളുകള്‍ ബിസിനസ് തുടങ്ങാനും മറ്റ് പദ്ധതികള്‍ക്കുമായി സമ്പത്ത് കളഞ്ഞുകുളിക്കും. പിന്നീടവര്‍ക്ക് പഴയ അവസ്ഥയിലേക്ക് എത്താന്‍ കഴിഞ്ഞെന്നും വരില്ല. അനാവശ്യ ചിലവുകളില്‍ നിന്നും ദുരുപയോഗത്തില്‍ നിന്നും നിലവിലെ സമ്പത്തിനെ പരിരക്ഷിക്കണമെന്നാണ് ചാണക്യന്‍ പറയുന്നത്. എടുത്തുചാടിയും ചിന്തിക്കാതെയുമുള്ള ചിലവിടല്‍ നിയന്ത്രിക്കണം. എപ്പോഴും ബഡ്ജറ്റില്‍ നിന്നുകൊണ്ട് ചിലവിടുക. അവിചാരിത റിസ്‌കുകളില്‍ നിന്നും രക്ഷനേടാന്‍ എല്ലാ ആസ്തികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുക.

അപ്രതീക്ഷിത ചിലവുകളെ കരുതിയിരിക്കുക

ജീവിതം പ്രവചനാതീതമാണ്. അപ്രതീക്ഷിത സംഭവങ്ങള്‍ ജീവിതത്തിന്റെ താളം തെറ്റിച്ചേക്കാം. അതുകൊണ്ട് എപ്പോഴും ഒരു അടിയന്തര ഫണ്ട് തയ്യാറാക്കി വെച്ചേക്കുക. സാധാരണ ആവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കാതിരിക്കുക. 6-12 മാസത്തെ ചിലവ് അടിയന്തര ഫണ്ടായി നീക്കിവെക്കുന്നത് നല്ലതാണ്. അതുപോലെ നിക്ഷേപങ്ങളില്‍ നിന്നും നഷ്ടമുണ്ടാകാതിരിക്കാന്‍ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് അറിവുളളവരായിരിക്കുക, എപ്പോഴും കാലത്തിനൊത്ത് സാമ്പത്തികതന്ത്രങ്ങള്‍ പരിഷ്‌കരിക്കുക.

അറിവാണ് സമ്പത്ത്

വിദ്യാഭ്യാസവും അറിവുമാണ് ഏറ്റവും വലിയ ആസ്തി എന്ന് വിശ്വസിച്ച ആളാണ് ചാണക്യന്‍. എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുള്ള ആള്‍ക്ക് ഏറ്റവും മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. അതുകൊണ്ട് സമ്പത്തിനെ കുറിച്ചും നിക്ഷേപതന്ത്രങ്ങളെ കുറിച്ചും സാമ്പത്തിക അവസ്ഥകളെ കുറിച്ചും പഠിക്കുക, അറിവുള്ളവരായിരിക്കുക. ആവശ്യമുള്ളപ്പോള്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക. കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക.

ലളിതജീവിതം

സന്തുലിതവും ലളിതവുമായ ജീവിതശൈലിയിലൂടെ അനാവശ്യചിലവുകളെ മറികടക്കാം. ആഡംബരവും ആസക്തികളും സാമ്പത്തികമായി നമ്മളെ തകര്‍ക്കും. ലളിതജീവിതം ജീവിതത്തിന് അച്ചടക്കവും സ്ഥിരതയും നല്‍കും. എന്തെല്ലാമാണ് നമ്മുടെ അത്യാവശ്യങ്ങളെന്ന് തിരിച്ചറിയുക, അനാവശ്യമായി കടം വാങ്ങാതിരിക്കുക. പെട്ടെന്ന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി അധികം പണം ചിലവഴിക്കാതിരിക്കുക. പകരം ദീര്‍ഘകാല സാമ്പത്തിക സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക.

സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്തുക

സാമ്പത്തികസുരക്ഷയില്‍ നമ്മുടെ ബന്ധങ്ങള്‍ വളരെ പ്രധാനമാണ്. സാമ്പത്തികമായി ഉപദേശങ്ങള്‍ നല്‍കാനും മികച്ച സാമ്പത്തികശീലങ്ങള്‍ തുടങ്ങാനും സഹായിക്കുന്ന സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കുക. സാമ്പത്തികമായി മുന്നേറണമെന്ന് ആഗ്രഹിക്കുന്നവരുമായി നിക്ഷേപകാര്യങ്ങളിലും സംരംഭങ്ങളിലും പങ്കാളിത്തം ആരംഭിക്കുക.

സമ്പത്ത് ഒരു ഉപാധിയാണ്, ലക്ഷ്യമല്ല

സമ്പത്ത് അല്ലെങ്കില്‍ പണമാണ് എല്ലാമെന്ന ചിന്ത വെടിയുക. നമ്മുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഉപാധി മാത്രമാണ് അതെന്ന് തിരിച്ചറിയുക. സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഒരു വഴിയായി അത് വിനിയോഗിക്കുക. സാമ്പത്തിക ലക്ഷ്യങ്ങള്‍ അതിരുകടക്കാതിരിക്കുക. എപ്പോഴും സമ്പത്തിന്റെ ഒരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുക.

Story first published: Sunday, January 5, 2025, 13:00 [IST]
X
Desktop Bottom Promotion