'വയലന്‍സ്, വയലന്‍സ്, വയലന്‍സ്' കേള്‍ക്കുന്നത്ര നിസ്സാരമല്ല: ഇത്രയും വേണോ? മുഹമ്മദ് ബിലാല്‍

സിനിമ കാണാന്‍ പലര്‍ക്കും ഇഷ്ടമാണ്. അതിലെ വിഷയം പ്രണയമോ ഹൊററോ കൊമഡിയോ കുടുംബ പശ്ചാത്തലമോ എന്തുമാകട്ടെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. ഈ അടുത്ത് പ്രദര്‍ശനത്തിനെത്തിയ മാര്‍ക്കോ അതിലെ വയലന്‍സ് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഗംഭീര ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമ ഇന്നേ വരെ കണ്ടതില്‍ വെച്ച് ഏറ്റവും അധികം അക്രമവും കൊലപാതകവും ചോരക്കളികളും കൊണ്ട് ഒന്നാമനായി നില്‍ക്കുകയാണ് മാര്‍ക്കോ.

ബോക്‌സോഫീസില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴും പലപ്പോഴും പല ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട് പല കോണില്‍ നിന്നും. സിനിമയില്‍ ഇത്രയും വയലന്‍സ് ആവശ്യമാണോ? സിനിമ വിജയിക്കണമെങ്കില്‍ ഈ വയലന്‍സ് നിര്‍ബന്ധമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉള്ളത്. പലരുടേയും ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ വരെ സിനിമയ്ക്ക് സൃഷ്ടിക്കാന്‍ സാധിച്ചു.

Exclusive Interview with Psychologist Mohamed Bilal

മാര്‍ക്കോ കണ്ട് ഛര്‍ദ്ദിച്ചു, തലചുറ്റി വീണു തുടങ്ങി നിരവധി പോസ്റ്റുകളും നമ്മള്‍ ദിനവും കാണുന്നു. ഇതൊരു മാര്‍ക്കോയുടെ മാത്രം കഥയല്ല, പണി, മുറ, കള, ജയിലര്‍, അനിമല്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇതാവര്‍ത്തിക്കുന്നു. മനുഷ്യന്റെ മനസ്സിനെ എത്രത്തോളം ഈ വയലന്‍സ് സ്വാധീനിക്കുന്നു എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജീവനി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ബിലാല്‍ (Industrial Organizational Psychologist) മലയാളം ബോള്‍ഡ്സ്‌കൈയോട് സംസാരിക്കുന്നു.

എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു ചര്‍ച്ച?
വയലന്‍സ് എപ്പോഴും കഥപറച്ചിലിന്റെ അല്ലെങ്കില്‍ സിനിമയുടെ ഒരു ഭാഗമായിരുന്നു. സദയം പോലുള്ള സിനിമകളില്‍ വയലന്‍സ് ഉണ്ടായിരുന്നെങ്കിലും അന്നുള്ളതിനേക്കാള്‍ തീവ്രത ഇന്ന് പല സിനിമകളിലും നമുക്ക് കാണാന്‍ സാധിക്കുന്നു. എന്നാല്‍ ലോകസിനിമ വളരുന്നതിന് അനുസരിച്ച് മലയാള സിനിമയും വളര്‍ന്ന് വരുന്നതിന്റെ ഭാഗമാണ് ഇത്തരം കാര്യങ്ങള്‍ എന്നാണ് സിനിമാ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉയര്‍ന്ന മൂല്യം നേടിയ സിനിമകളില്‍ പലതിലും വയലന്‍സ് തന്നെയാണ് പ്രമേയം.

സിനിമകളിലെ വയലന്‍സ് ഏതൊക്കെ തരത്തില്‍?
മൂന്ന് തരത്തിലാണ് സിനിമയില്‍ വയലന്‍സ് ഉള്ളത്. അതില്‍ ഒന്ന് തീവ്രത അനുസരിച്ചും രണ്ടാമത്തേത് സിനിമയുടെ കഥ അനുസരിച്ചും മൂന്നാമത്തേത് ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലും ആണ്. ഇതില്‍ തീവ്രതയനുസരിച്ച് വരുന്ന സിനിമകളില്‍ പലപ്പോഴും ചെറിയ രീതിയിലാണ് വയലന്‍സ് ഉണ്ടായിരിക്കുക. അത് വളരെയധികം തമാശരൂപേണ പ്രേക്ഷകന് മുന്നിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പറക്കും തളിക, പഞ്ചാബി ഹൗസ് തുടങ്ങിയ സിനിമകള്‍ ഇതിനെല്ലാം ഉദാഹരണം. എന്നാല്‍ കഥയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ ഇത്തരം വയലന്‍സിനെ തരം തിരിക്കുമ്പോള്‍ പലപ്പോഴും അത് കഥയുടെ അനിവാര്യതക്ക് അനുസരിച്ച് മാറുന്നു.

കഥ മുന്നോട്ട് പോവാന്‍ വയലന്‍സ്
പലപ്പോഴും സിനിമയില്‍ കഥ മുന്നോട്ട് പോവുക എന്നത് വളരെയധികം ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്. ദൃശ്യം പോലുള്ള സിനിമകളില്‍ കഥയാണ് അതിന്റെ ആത്മാവ്. അതിന് വേണ്ടി വയലന്‍സ് ചിത്രീകരിക്കപ്പെടുന്നു. അത് കൂടാതെ അതിശയോക്തി കാണിക്കുന്നതിന് വേണ്ടി ചിത്രീകരിക്കപ്പെടുന്ന വയലന്‍സുകളും സിനിമകളില്‍ ധാരാളമുണ്ട്.

ത്രസിപ്പിക്കുന്ന രീതിയിലുള്ള അക്രമം
പലപ്പോഴും സിനിമയുടെ 'ഷോക്ക് വാല്യൂ' വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അഥവാ ആളുകളെ ത്രസിപ്പിക്കുന്നതിന് വേണ്ടി വയലന്‍സ് സിനിമകളില്‍ ഉള്‍പ്പെടുത്തുന്നു. ഇതിനെ സെന്‍സേഷണല്‍ വയലന്‍സ് എന്നാണ് പറയുന്നത്. ഇത് കൂടാതെ ആളുകളെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള സൈക്കോളജിക്കല്‍ വയലന്‍സ് ആണ് മറ്റൊന്ന്. ഇതെല്ലാം സിനിമയില്‍ വളരെയധികം സാധാരണമായാണ് കാണിക്കുന്നതും. 'ഗ്ലോറിഫൈഡ് വയലന്‍സ്' വിഭാഗത്തില്‍ വരുന്ന ഭീഷ്മപര്‍വ്വം പോലുള്ള സിനിമകള്‍ പലപ്പോഴും വയലന്‍സ് എങ്കിലും നായകനെ ന്യായീകരിക്കുന്ന തരത്തിലുള്ളതായിരുന്നു.

കുട്ടികളെ ബാധിക്കുമ്പോള്‍
സ്‌റ്റൈലൈസ്ഡ് വയലന്‍സ് വിഭാഗത്തില്‍ പെടുത്താവുന്ന സിനിമകള്‍ പലപ്പോഴും കുട്ടികളെ മാനസികാരോഗ്യത്തെ എപ്രകാരം ബാധിക്കുന്നു? ഓരോ വ്യക്തികളും വ്യത്യസ്തരാണെങ്കില്‍ പോലും അത് കുട്ടികളെ മോശമായി തന്നെ ബാധിക്കുന്നു. ഉദാഹരണത്തിന് നാം സിനിമയില്‍ കാണുന്ന സ്ഥിരമായുള്ള ഒരു അക്രമം നേരിട്ട് നമ്മുടെ ജീവിതത്തില്‍ കാണുന്ന സാഹചര്യത്തില്‍ അത് നമ്മളെ ബുദ്ധിമുട്ടില്ലാതെ കടന്നു പോവുന്ന അവസ്ഥയിലേക്ക് എത്തുന്നു. മുതിര്‍ന്ന വ്യക്തികള്‍ എങ്ങനെയാണോ പെരുമാറുന്നത് അത് കുട്ടി കണ്ട് പഠിക്കുകയും അത് ആവര്‍ത്തിക്കാന്‍ കുട്ടി ശീലിക്കുകയും ചെയ്യുന്നു.

സിംപതിയും എംപതിയും
മാനസികമായി പ്രതിസന്ധിയിലാവുന്ന ഒരു വ്യക്തിയോട് നമുക്ക് ഉണ്ടായിരിക്കേണ്ട സിംപതിയും എംപതിയും വരെ ഇവിടെ നഷ്ടപ്പെടുന്നു. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിക്ക് തോന്നുന്ന സിംപതിയും എംപതിയും എല്ലാം മനുഷ്യര്‍ മനസ്സിലാക്കേണ്ടത് തന്നെയാണ്. നമുക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന ഒരു വിഷമത്തെയാണ് സിംപതി എന്ന് പറയുന്നത്, എന്നാല്‍ അത് എംപതിയാവുമ്പോള്‍ ആ വ്യക്തിയുടെ മനസ്സിലിരുന്ന് അതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നു.

സിനിമയെ അനുകരിക്കുന്നവര്‍
പലപ്പോഴും സിനിമയെ അനുകരിക്കുന്നത് വഴി അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ആളുകളുടെ മനസ്സില്‍ ഉണ്ടാക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പലരും നിസ്സാരമായി കണക്കാക്കുന്നു. കുട്ടികളുടെ കാര്യത്തിലും ഇത് തന്നെ ആവര്‍ത്തിക്കുന്നു. പ്രളയം പോലുള്ള ദുരന്തങ്ങള്‍ കാണുന്ന കുട്ടികളിലും ഇതേ മാറ്റങ്ങള്‍ സംഭവിക്കുന്നു. അവരുടെ വളര്‍ന്ന് വരുന്ന മാനസികാരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. എന്താണ് സിനിമ മുന്നോട്ട് വെയ്ക്കുന്ന ആശയം എന്നത് വ്യക്തമായിരിക്കണം.

അവസാനിക്കാത്ത ചോദ്യങ്ങള്‍
സിനിമയും വയലന്‍സും ബന്ധപ്പെടുത്തുമ്പോള്‍ മൂന്ന് ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

1. ഈ സിനിമയില്‍ വയലന്‍സിനുള്ള ഉദ്ദേശം എന്താണ്?
2. ഈ സിനിമ വയലന്‍സിനെ ന്യായീകരിക്കുന്നതാണോ?
3. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ അതെങ്ങനെ നിങ്ങളെ ബാധിക്കുന്നു? അത് ഏത് സിനിമകള്‍ ആണെങ്കിലും ഈ മൂന്ന് ചോദ്യങ്ങള്‍ തന്നോട് തന്നെ ചോദിച്ചാല്‍ ഉത്തരം ലഭിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വേറെ ലെവലാണ്.

Story first published: Sunday, December 29, 2024, 19:26 [IST]
X
Desktop Bottom Promotion