എല്ലാം ഒരു സ്വപ്‌നം പോലെ.. സ്റ്റാന്റപ് കോമഡിയില്‍ മലയാളികളുടെ മനസ് കവര്‍ന്ന ഹിന്ദിക്കാരി

Anu Abraham Interview: മലയാളം തെല്ലുപോലും വശമില്ലാതെ 2011ല്‍ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയപ്പോള്‍ മനസില്‍ പോലും അനു ചിന്തിച്ചിട്ടുണ്ടാവില്ല, തന്റെ തലവര മാറ്റാന്‍ പോകുന്ന മണ്ണാണ് ഇത് എന്ന്. ഒരു സാധാരണ വീട്ടമ്മയായിരുന്ന അനു ഇന്ന് കേരളത്തില്‍ സ്വന്തമായി മേല്‍വിലാസമുള്ള ഒരു സ്റ്റാന്റ് അപ് കൊമേഡിയനാണ്. മഴവില്‍ മനോരമയിലെ ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരി എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനുവിന് ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം ധാരാളം ആരാധകരുണ്ട്.

ചിരിവേദിയില്‍ സ്വന്തമായ ശൈലിയില്‍ വാതോരാതെ സംസാരിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതില്‍ ഈ ഹിന്ദിക്കാരി വിജയിച്ചു. കേരളത്തിലെ വീട്ടമ്മമാരുടെ നെഞ്ചില്‍ ഇടം നേടാന്‍ ഈ 'ഹിന്ദിക്കാരി മലയാളി'ക്ക് സാധിച്ചു. ഇന്ന് അനു ഹിന്ദിക്കാരിയല്ല, മലയാളം നല്ല പച്ചവെള്ളം പോലെ പറയുന്ന തൃശൂര്‍ക്കാരിയാണ്. ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന്, സെലബ്രിറ്റി സ്റ്റാന്റപ് കൊമേഡിയനിലേക്കുള്ള യാത്ര അനു എബ്രഹാം ഇവിടെ ബോള്‍ഡ് സ്‌കൈ വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു.

interview with celebrity anu abraham

ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരിയിലേക്കുള്ള യാത്ര

ഞാന്‍ ഒരു ആര്‍ട്ടിസ്‌റ്റേ അല്ലായിരുന്നു. ഒരു വീട്ടമ്മ മാത്രമായിരുന്നു ഞാന്‍. രണ്ട് വര്‍ഷം മുന്‍പ് മകളുടെ താല്‍പര്യപ്രകാരമാണ് ടിക് ടോക്കുകളില്‍ റീല്‍സ് ചെയ്ത് തുടങ്ങിയത്. ടിക് ടോക് നിരോധനം വന്നപ്പോള്‍ പിന്നീട് ഇന്‍സ്റ്റാഗ്രാമിലേക്ക് അഭിനയത്തിന്റെ റീല്‍സുമായി കളംമാറി. മകളുടെ ഇന്‍സ്റ്റാഗ്രാം പേജിലെ റീല്‍സുകള്‍ക്ക് പതിയെ റീച്ച് കിട്ടാന്‍ തുടങ്ങി. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വര്‍ഷം മഴവില്‍ മനോരമ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എന്ന പരിപാടിയിലേക്ക് ക്ഷണം വരുന്നത്. അവര്‍ മകളുടെ റീല്‍സ് കണ്ട് മകളെയായിരുന്നു പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ആ സംസാരം അവസാനിച്ചത് എന്നിലേക്കായിരുന്നു.

എന്റെ ഇന്‍സ്റ്റാഗ്രാം റീല്‍സ് കണ്ട് സംഘാടകര്‍ക്ക് മതിപ്പായി അന്ന് ഓക്കേ പറയുകയായിരുന്നു. ഞാനും മകളും കൂടി ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിയുടെ ഓഡീഷനില്‍ പങ്കെടുത്ത് സെലക്ട് ആയി. ആദ്യത്തെ സ്‌റ്റേജ് പെര്‍ഫോര്‍മന്‍സ് കഴിഞ്ഞപ്പോള്‍ തന്നെ എന്റെ സംസാരത്തില്‍ ജഡ്ജസ് ഇംപ്രസ് ആയി. പിന്നീടാണ് എന്തുകൊണ്ട് സ്റ്റാന്റ് അപ് കോമഡി ചെയ്തുകൂടാ എന്ന് പ്രോഗ്രാം ഡയറക്ടര്‍ ചോദിക്കുന്നത്. ആ ചോദ്യത്തിന്റെ ഉത്തരമാണ് പിന്നീട് പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു ആളാക്കി എന്നെ മാറ്റിയത്. സ്റ്റാന്റ് അപ് കോമഡികളിലെ എന്റെ ഈ 'ഹിന്ദിക്കാരി മല്ലു' സംസാരത്തിലൂടെ പ്രേക്ഷകരും എന്നെ പതിയെ ഇഷ്ടപ്പെട്ടുതുടങ്ങി.

വെല്ലുവിളികളിലൂടെ നേടിയ വിജയം

ഉത്തരേന്ത്യയില്‍ നിന്ന് വന്ന് ഒരു ഹിന്ദിക്കാരി മലയാളത്തില്‍ സ്റ്റാന്റ് അപ് കോമഡി അവതരിപ്പിക്കുന്നത് പൊതുവേ പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവമായിരുന്നു. അങ്ങനെ എന്റെ തന്നെ ജീവിത കഥ ആദ്യത്തെ പെര്‍ഫോര്‍മന്‍സില്‍ അവതരിപ്പിക്കുകയായിരുന്നു. ആദ്യത്തെ പെര്‍ഫോര്‍മന്‍സിന് തന്നെ വളരെധികം റീച്ച് കിട്ടി. ചാനലിലൂടെയും യൂ ട്യൂബിലൂടെയുമൊക്കെ പരിപാടി കണ്ട് എനിക്ക് കേരളത്തില്‍ നിന്ന് ധാരാളം പ്രേക്ഷകര്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് വിളിക്കാനും മെസേജ് അയക്കാനുമെല്ലാം തുടങ്ങി. അതില്‍ കൂടുതലും അമ്മമാരായിരുന്നു. അവരുടെ സ്‌നേഹം എനിക്ക് തന്ന സന്തോഷത്തിന് അളവില്ലായിരുന്നു.

interview with celebrity anu abraham

ഭര്‍ത്താവിന്റെ പിന്തുണ

പ്രോഗ്രാമിനു വേണ്ടി സ്‌ക്രീപ്റ്റ് തയാറാക്കുന്നത് ഞാന്‍ തന്നെയാണ്. എന്റെ ഭര്‍ത്താവ് വിപിനും കൂട്ടുകാരും ഒരു ചിരി സെറ്റിലെ പ്രവര്‍ത്തകരുമെല്ലാം സ്‌ക്രിപ്റ്റില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ സഹായിക്കും. ഇതുവരെ ഞാന്‍ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിയില്‍ 8 സ്റ്റാന്‍ അപ് കോമഡികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ എല്ലാത്തിലും തന്നെ പ്രേക്ഷകരുടെ നല്ല അഭിപ്രായം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ പ്രേക്ഷകര്‍ എന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

സ്റ്റേജിലെ വിശേഷങ്ങള്‍

ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരിയിലെ എല്ലാവരും തന്നെ എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജഡ്ജസുമായെല്ലാം പതിയെ പതിയെ ഞാന്‍ കമ്പനിയായി. സാബു, നസീര്‍ സംക്രാന്തി, മഞ്ജു പിള്ള എന്നിവരായിരുന്നു ആദ്യം ജഡ്ജസായി ഉണ്ടായിരുന്നത്. പിന്നീട് രമേഷ് പിഷാരടിയും വന്നു. എല്ലാവരും തന്നെ എന്നെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. എന്റെ മലയാളത്തിലെ തെറ്റുകളെല്ലാം അവര്‍ തിരുത്തിത്തന്നിരുന്നു. സ്റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ ആവശ്യമായ ടിപ്‌സുകള്‍ പറഞ്ഞ് തരുമായിരുന്നു. അങ്ങനെ പതിയെ പതിയെ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ എനിക്ക് സാധിച്ചു.

എനിക്ക് സ്റ്റാന്റ് അപ് കോമഡി ഒരുപാട് ഇഷ്ടമാണ്. കപില്‍ ശര്‍മയാണ് എന്റെ ഫേവറേറ്റ് സ്റ്റാന്റ് അപ് കൊമേഡിയന്‍. കപില്‍ ശര്‍മ ഷോ ഞാന്‍ മിസ് ചെയ്യാറേ ഇല്ല. സ്റ്റാന്റ് അപ് കോമഡിയിലെ എന്റെ റോള്‍ മോഡല്‍ തന്നെ അദ്ദേഹമാണ്. കപില്‍ ശര്‍മ ഷോ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ ആ പ്രോഗ്രാം സഹായിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക്

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സ്വന്തം സ്ഥലം. 2011ല്‍ എം.ബി.എ പഠനത്തിനായാണ് കേരളത്തില്‍ എത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കും കയറി. ആ സമയത്താണ് ഓഫീസിലെ തന്നെ തൃശൂര്‍ക്കാരനായ വിപിന്‍ വിന്‍സന്റിനെ പരിചയപ്പെടുന്നത്. ആ പരിചയം ഇഷ്ടത്തിലേക്ക് വഴിമാറുകയും പിന്നീട് വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ എത്തികയുമായിരുന്നു. 2015ലായിരുന്നു ഞങ്ങളുടെ വിവാഹം.

interview with celebrity anu abraham

കേരളത്തിന്റെ മരുമകള്‍

വിവാഹം ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. പ്രധാനമായും എന്റെ ഭാഷ തന്നെയായിരുന്നു പ്രശ്‌നം. പക്ഷേ വിപിന്‍ എന്നെ വളരെ സപ്പോര്‍ട്ട് ചെയ്തു. എന്റെ മനസ് വായിക്കുന്ന പങ്കാളിയാണ് വിപിന്‍. അതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ട്. വിപിന്റെ സപ്പോര്‍ട്ട് ഉള്ളത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു മാറ്റം എന്റെ ജീവിതത്തില്‍ വന്നത്. ഒരു ചിരി ബമ്പര്‍ ചിരിയില്‍ പെര്‍ഫോം ചെയ്യാന്‍ എന്നെ ഏറ്റവുമധികം പിന്തുണച്ചതും വിപിന്‍ തന്നെയാണ്. കുടുംബജീവിതം ഇപ്പോള്‍ വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.

വഴിമാറിയ കരിയര്‍

ഇങ്ങനെയൊരു ഫീല്‍ഡില്‍ ഞാന്‍ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലായിരുന്നു. ചെറുപ്പത്തില്‍ തന്നെ എഴുത്തിനോട് വലിയ താല്‍പര്യമുണ്ടായിരുന്നു. അന്നുതന്നെ ചെറിയ വ്‌ളോഗ് ഒക്കെ ചെയ്യുമായിരുന്നു. എനിക്ക് ഒരു മാധ്യമപ്രവര്‍ത്തക ആകാനായിരുന്നു താല്‍പര്യം. എന്നാല്‍ അമ്മയ്ക്ക് എന്റെ തീരുമാനത്തോട് കടുത്ത എതിര്‍പ്പായിരുന്നു. എല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു. ഇങ്ങനെയൊരു പ്ലാറ്റ് ഫോമിലൂടെ മലയാളികള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതില്‍ വളരെയേറെ സന്തോഷമുണ്ട്.

സാഹസികത ഏറെ ഇഷ്ടം

ചെറുപ്പം മുതല്‍ക്കേ സാഹസിക കാര്യങ്ങളോട് വളരെയേറെ താല്‍പര്യമുണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ അത് തീര്‍ച്ചയായും ഞാന്‍ ശ്രമിച്ചിരിക്കും. വിജയിച്ചില്ലെങ്കിലും പരിശ്രമിച്ചല്ലോ എന്ന ചാരിതാര്‍ത്ഥ്യം എന്റെ മനസിലുണ്ടാകും. മഴവില്‍ മനോരമയില്‍ എത്തിയപ്പോഴും അത് ഒരു വെല്ലുവിളി ആയി ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. കാരണം, മലയാളികള്‍ക്കിടയില്‍ നിന്നുകൊണ്ട് ഹിന്ദിക്കാരിയായ എനിക്ക് മലയാളം പറഞ്ഞുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാനായി എന്നത് വലിയൊരു കാര്യമായി ഞാന്‍ കരുതുന്നു. ഇവിടെ എത്തിയതോടെയാണ് എന്റെ മലയാളം കൂടുതല്‍ മെച്ചപ്പെട്ടത്. എന്റെ ഭയത്തെ മറികടക്കാന്‍ എനിക്ക് സാധിച്ചു. ഇപ്പോള്‍ എന്റെ ആത്മവിശ്വാസം കൂടുതല്‍ വര്‍ദ്ധിച്ചു.

ഭാവി സ്വപ്‌നങ്ങള്‍

ഒന്നരവര്‍ഷമേ ഞാന്‍ ആയുള്ളൂ സ്റ്റേജ് പെര്‍ഫോമന്‍സില്‍ എത്തിയിട്ട്. ഇപ്പോഴും ഞാന്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ അവസരങ്ങള്‍ തേടിവരുന്നതിനനുസരിച്ച് സ്റ്റാന്‍ അപ് കോമഡിയില്‍ എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ തന്നെ ഇനിയും മുന്നോട്ട് പോകാനാണ് ആഗ്രഹം.

Story first published: Saturday, June 22, 2024, 16:47 [IST]
X
Desktop Bottom Promotion