Latest Updates
-
നക്ഷത്രഫലം: ഞായറാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
രാശിഫലം: ശനിയാഴ്ച ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ
വൃന്ദാവനത്തിലെ കണ്ണന്, മലയാളികള്‍ ഹൃദയത്തിലേറ്റിയ ആള്: മനസ്സ് തുറന്ന് അനീഷ്
സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ഒരുപോലെ ആസ്വദിച്ച റീല്‍ ഏതാണെന്ന് ചോദിച്ചാല്‍ അതില്‍ ആദ്യത്തെ ലിസ്റ്റിലുണ്ടാവും വൃന്ദാവനം കണ്ടെത്തിയ കൃഷ്ണന്. എന്നാല്‍ ഈ ഡയലോഗ് ഇത്രയധികം ഹിറ്റായതിന് പിന്നിലെ ശബ്ദത്തിന്റെ ഉടമ, അനീഷ് പി നായരാണ്. 2018-ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ച 'കണ്ണന്റെ രാധ'യെന്ന മൊഴിമാറ്റ സീരിയലിന് ഇത്രയധികം ആരാധകരുണ്ടായെങ്കില് അതിന് പിന്നില്‍ കണ്ണനും രാധയ്ക്കും ശബ്ദം നല്കിയ അനീഷും സൂര്യയും തന്നെയാണ്. കണ്ണന്റെ രാധയിലെ കൃഷ്ണനെ ചിന്തിക്കുമ്പോള്‍ ഈ ശബ്ദമല്ലാതെ മറ്റൊന്നും ചേരില്ല എന്ന അവസ്ഥയിലേക്ക് പ്രേക്ഷനെ എത്തിച്ചെങ്കില്‍ അതിന് പിന്നില്‍ ഇദ്ദേഹത്തിന്റെ കഷ്ടപ്പാട് എത്രത്തോളമെന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കും.
തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയാണ് അനീഷ്. നിരവധി ഓഡിഷനുകള്‍ക്ക് ശേഷമാണ് കണ്ണന്റെ ശബ്ദമാകാന്‍ അനീഷിന് സാധിച്ചത്. അഭിനയമാണോ ഡബ്ബിംങ് ആണോ ഇഷ്ടമേഖലയെന്ന ചോദ്യത്തിന് രണ്ടിനും അതിന്റേതായ ഇഷ്ടങ്ങളും താല്‍പ്പര്യവും ഉണ്ട് എന്ന ഉത്തരം പറഞ്ഞെങ്കിലും അതില്‍ ഒരു പൊടിക്ക് ഇഷ്ടക്കൂടുതല് അനീഷിന് അഭിനയം തന്നെയാണ്. കൂടുതല്‍ വിശേഷങ്ങള്‍ മലയാളം ബോള്‍ഡ്സ്കൈയുമായി പങ്ക് വെക്കുന്നു.

കണ്ണന്റെ ശബ്ദമാവാന്‍ ഭാഗ്യം
ഏറ്റവും ഭാഗ്യം എന്ന് കണക്കാക്കുന്ന ഒരു കാര്യമാണ് കണ്ണന്റെ ശബ്ദമാവാന്‍ സാധിച്ചത് എന്ന് മുഖത്തൊരു പുഞ്ചിരിയോടെ അനീഷ് പറയുന്നു. നിരവധി ഓഡിഷനുകള്‍ക്ക് ശേഷമാണ് അവസരം ലഭിക്കുന്നത്. ശരിക്കും ആകസ്മികമായി സംഭവിച്ച ചില കാര്യങ്ങള്‍ ഇപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ടിവി ചാനല്‍ മാറ്റുന്നതിനിടെ കണ്ട രാധയും കണ്ണനും ഊഞ്ഞാലാടുന്ന സീനില്‍ ഇതുപോലെ ഒരു കഥാപാത്രത്തിന് ശബ്ദം നല്കാന് സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈശ്വരനിശ്ചയം എന്ന പോലെ തന്നെ തേടി അതേ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ ഉള്ള അവസരം വന്നെത്തി എന്നത് ഇന്നും അത്ഭുതത്തോടെയാണ് അനീഷ് ഓര്ക്കു്ന്നത്.
ഡബ്ബിംഗിന്റെ തുടക്കം
അഭിനയമായിരുന്നു എപ്പോഴും പാഷന്, അതിന് വേണ്ടി തന്നെയാണ് കാത്തിരുന്നത്. ഏഷ്യാനെറ്റിലെ ബെസ്റ്റ് എഫ്എം 95-ല്‍ റേഡിയോ ജോക്കിയായി തുടക്കം. പിന്നീടാണ് ചിത്രശലഭങ്ങളുടെ വീട് എന്ന സിനിമയിലൂടെ ഡബ്ബിംഗിലേക്ക് എത്തിയത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ പലര്‍ക്കും അനീഷ് ശബ്ദം നല്‍കിയിട്ടുണ്ട്. സ്പൈഡര്മാന് ഉള്‍പ്പടെയുള്ള മൊഴിമാറ്റ ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. കൂടാതെ ജെയിംസ് ബോണ്ടിലെ പ്രധാന വില്ലനും അനീഷിന്റെ ശബ്ദമെന്നത് നിസ്സാരമല്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും ഡബ്ബ് ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പരസ്യ ചിത്രങ്ങള്‍ക്കും ഷോര്ട്ഫിലിംസിന് വേണ്ടിയും ശബ്ദം നല്കാന് ഇദ്ദേഹത്തിന് സാധിച്ചു.

കെജിഎഫ് എന്ന നഷ്ടം
കൊവിഡ് എല്ലാവരുടേയും ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത് പോലെ അനീഷിനും ഒരു നഷ്ടത്തെ സമ്മാനിച്ചാണ് വിടവാങ്ങിയത്. കെജിഎഫ് ചാപ്റ്റര്‍ 2വില്‍ ഡബ്ബ് ചെയ്യാന്‍ കിട്ടിയ മികച്ച അവസരം കൊവിഡ് യാത്രാ വിലക്കില്‍ മുങ്ങിപ്പോയി. സിനിമയിലും സീരിയലുകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് അനീഷ്. ഇനിയും നിരവധി അവസരങ്ങള്‍ ഈ ശബ്ദത്തിനായി കാത്തിരിക്കുന്നു. കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ ആയ ലില്ലിയില്‍ പീറ്റര്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്കിയതും ഇദ്ദേഹമാണ്.
വെല്ലുവിളികള്‍
'ഡബ്ബിംങ് എന്നത് കുറച്ച് കൂടുതല്‍ എഫര്‍ട്ട് ഇട്ട് ചെയ്യേണ്ട കാര്യമാണ്. അവിടെ ഒരു വ്യക്തിക്ക് അല്ലെങ്കില്‍ കഥാപാത്രത്തിന് ശബ്ദം നല്‍കുക മാത്രമല്ല നല്ലൊരു അഭിനേതാവായി മാറുക കൂടിയാണ് നമ്മള്. പുരാണ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പ്രത്യേകിച്ച് നല്ല അക്ഷരശുദ്ധിയും സ്ഫുടതയും അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇമോഷണല്‍ സീനുകളില്‍ എല്ലാം ഡബ്ബ് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുകയും കഷ്ടപ്പെടുകയും വേണം. രാധയെ പിരിയുന്ന ഘട്ടത്തില്‍ കണ്ണന് കരയുന്ന സീന്‍ എല്ലാം അത്തരത്തിലുള്ളവയാണ്. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ശബ്ദത്തില്‍ മാറ്റം വരുത്താന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കണ്ണന് ശബ്ദം നല്കിയ സമയത്ത് തന്നെയായിരുന്നു സ്വാമി അയ്യപ്പനിലെ അയ്യപ്പനും ശബ്ദം നല്‍കിയത്. എന്നാല്‍ അയ്യപ്പന്റെ ശബ്ദത്തിന് അല്പം കൂടി ഗാംഭീര്യം ആവശ്യമായിരുന്നു. അതുമാത്രമല്ല സ്വാമി അയ്യപ്പന് സീരിയലില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ എനിക്ക് ശബ്ദം നല്‍കിയത് മറ്റൊരാളായിരുന്നു എന്നതാണ് രസകരം.'

റീല്‍ കണ്ടപ്പോള്‍ വിഷമം
'ട്രെന്‍ഡ് ആയിക്കൊണ്ടിരുന്ന റീല്‍ കണ്ടപ്പോള്‍ ആദ്യം വിഷമമുണ്ടായി. കാരണം ഇതൊരു ട്രോള്‍ മോഡിലാണോ പ്രേക്ഷകര്‍ സ്വീകരിച്ചത് എന്നൊരു സങ്കടമുണ്ടായി. എന്നാല്‍ പിന്നീട് ആളുകള്‍ ആ ഡയലോഗ് എല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു, അതും പരമ്പര അവസാനിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും എന്നത് സന്തോഷം നല്കി. കണ്ണന്റേയും രാധയുടേയും ശബ്ദത്തെ ഇത്രയധികം അംഗീകരിച്ച പ്രേക്ഷകരോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല' . നിലവില്‍ ദൂരദര്‍ശനിലും ആകാശവാണിയിലുമായി ഏകദേശം പത്ത് വര്‍ഷത്തോളമായി ക്യാഷ്വല്‍ അനൗണ്‍സറായി ജോലി ചെയ്യുകയാണ് അനീഷ്.



Click it and Unblock the Notifications
