Latest Updates
-
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട്
ശിങ്കാരിമേളത്തില്‍ ശ്രീപതിയുടെ പെണ്‍പട കൊട്ടിക്കയറുമ്പോള്‍ നിറയുന്നത് സനു കലാകാരന്റെ മനസ്സാണ്
ആനയും ആളാരവവും കൊണ്ട് ആവേശം നിറയുന്ന ഉത്സവാന്തരീക്ഷത്തില്‍ ചെണ്ടയില്‍ കോല് കൊണ്ട് വിസ്മയം തീര്‍ക്കുന്ന മഞ്ഞയും നീലയും ഉടുപ്പണിഞ്ഞ വനിതകള്‍. താളം മുറുകി മേളം കൊട്ടിക്കയറുമ്പോള്‍ ചുറ്റുമുള്ളവരും അതില്‍ ലയിച്ച് മറ്റൊരു ലോകത്തെത്തും. ശിങ്കാരിമേളത്തില്‍ ഫ്യൂഷന്‍ താളം കൊണ്ട് വിസ്മയിപ്പിക്കുകയാണ് ശ്രീപതി കളപ്പുര എന്ന ശിങ്കാരിമേള സംഘം. ഒരുകാലത്ത് പുരുഷന്‍മാരുടെ ആധിപത്യമായിരുന്ന ശിങ്കാരിമേളത്തില്‍ ഇന്ന് അവര്‍ക്കൊപ്പം തന്നെ ആവേശക്കൊട്ട് കൊട്ടുന്ന സ്ത്രീകളും ഉണ്ട്. അതില്‍ മുന്നിലാണ് ശ്രീപതി കളപ്പുരയുടെ പെണ്‍പുലികള്‍.

അവരുടെ കഴിവും ആഗ്രഹവും തിരിച്ചറിഞ്ഞ് മേളത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ആത്മാര്‍ത്ഥതയോടെ കൂടെ നില്‍ക്കുന്ന സനു കലാകാരനെന്ന മേള വിസ്മയമാണ് അവരുടെ കരുത്ത്. ശിങ്കാരിമേളത്തില്‍ സ്ത്രീകളുടെ ആഗ്രഹം തിരിച്ചറിയുകയും അവര്‍ക്ക് വേണ്ടവിധത്തിലുള്ള പരിശീലനം നല്‍കുകയും അങ്ങനെ ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും മികച്ച വനിത ശിങ്കാരി മേളം ടീമുകളിലൊന്നായി അവരെ വാര്‍ത്തെടുക്കുകയും ചെയ്ത സനു കലാകാരന്‍ എന്ന സനേഷ് ശിങ്കാരി മേളത്തില്‍ സ്ത്രീകള്‍ക്കുള്ള സാധ്യതകളെ കുറിച്ച് ബോള്‍ഡ്‌സ്‌കൈ മലയാളത്തോട് മനസ്സ് തുറക്കുന്നു.

എപ്പോഴാണ് സ്ത്രീകളെ ശിങ്കാരിമേളം പഠിപ്പിക്കണം എന്ന തോന്നല്‍ ഉണ്ടാകുന്നത്?
വളരെ ചെറുപ്പത്തില്‍ കൊട്ട് പഠിക്കണം എന്ന ആഗ്രഹം കൊണ്ട് ഈ കലയിലേത്ത് എത്തിയ ആളാണ് ഞാന്‍. ഇത്തരം കലകള്‍ പഠിക്കാനുള്ള അവസരങ്ങള്‍ ചെറുപ്പം മുതല്‍ക്കേ പുരുഷന്മാര്‍ക്ക് ലഭിക്കുണ്ട്. ഇപ്പോള്‍ പതിനാറ് വര്‍ഷമായി ശിങ്കാരിമേളം ചെയ്യുന്നു. നിലവില്‍ കലാകാരന്‍ നെല്ലുവായി എന്ന മുപ്പതോളം പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ഭാഗമാണ്. പലയിടങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കാന്‍ പോകുമ്പോള്‍ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും മേളം ആസ്വദിക്കുന്നത കണ്ടിട്ടുണ്ട്. കൊട്ടാന്‍ പഠിക്കണമെന്ന ആഗ്രഹം അവരുടെ ഉള്ളില്‍ ഉണ്ട്. പക്ഷേ പഠിപ്പിക്കാന്‍ ആരുമില്ലാത്തതിന്റെ പേരില്‍ അവര്‍ ആ ആഗ്രഹങ്ങള്‍ മണ്ണിട്ടുമൂടുകയാണ്. അങ്ങനെയാണ് സ്ത്രീകളെ ഈ കല പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഇപ്പോള്‍ രണ്ട് വര്‍ഷമായി വനിതകളെ ശിങ്കാരിമേളം പഠിപ്പിക്കുന്നുണ്ട്. ആദ്യം തൃശ്ശൂരില്‍ പതിനഞ്ചോളം കുടുംബശ്രീ പ്രവര്‍ത്തകരെയാണ് ശിങ്കാരിമേളം പഠിപ്പിച്ചത്. അവര്‍ വടക്കുംനാഥന്റെ മണ്ണില്‍ തന്നെ അരങ്ങേറി. ഇപ്പോള്‍ നിരവധി പരിപാടികള്‍ ചെയ്യുന്നുണ്ട്. അതുകൂടാതെ പെരിഞ്ഞനം ഭാഗത്ത് ശ്രീപതി കളപ്പുര എന്ന മറ്റൊരു സംഘത്തെയും പഠിപ്പിക്കുന്നുണ്ട്. ഇവരുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് അവര്‍ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ശിങ്കാരിമേളം ടീമുകളില്‍ ഒന്നാണ്. ശിങ്കാരിമേളത്തില്‍ ഫ്യൂഷനും ചേര്‍ത്ത് വളരെ വ്യത്യസ്തമായാണ് ഇവരെ പഠിപ്പിക്കുന്നത്. ഇവരും ഇന്ന് ഒരുപാട് പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
ഇവരുടെ നിരവധി വീഡിയോകള്‍ ഇന്ന് വൈറലാണ്. ചെറുപ്രായം മുതല്‍ പ്രായമുള്ളവര്‍ വരെ അവരുടെ കൂട്ടത്തില്‍ ഉണ്ട്. സാധാരാണയായി മേളം വായിക്കുന്നത് വനിതകള്‍ ആണെങ്കിലും അതിന്റെ താളം നിയന്ത്രിക്കുന്നത് പുരുഷന്മാര്‍ ആയിരിക്കും. പക്ഷേ ഈ ടീമില്‍ അതും വനിതകളാണ് ചെയ്യുന്നത്. കേരളത്തിനകത്തും പുറത്തും ഇവര്‍ക്ക് പരിപാടികള്‍ ഉണ്ട്.
ആര്‍ക്കും വങ്ങുന്ന കലയാണോ ശിങ്കാരിമേളം
അങ്ങനെ പറയാന്‍ പറ്റില്ല. പാട്ട് പഠിക്കണമെങ്കില്‍ സ്വരം നന്നാകണം, ഡാന്‍സ് പഠിക്കണമെങ്കില്‍ മെയ്‌വഴക്കവും കഴിവും വേണം എന്നത് പോലെ ഒരു നിബന്ധന ശിങ്കാരിമേളത്തിനില്ല. പക്ഷേ ശാരീരികമായും മാനസികമായും പരിശ്രമമവും അധ്വാനവും വേണ്ടിവരുന്ന കലയാണ്. സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് പുരുഷന്മാരേക്കാള്‍ പ്രയത്‌നം ആവശ്യമാണ്. അതിന് തയ്യാറാകുന്ന, ആഗ്രഹവും മനസ്സും ഉള്ള ഏതൊരു സ്ത്രീയ്ക്കും ഈ കലയില്‍ മുന്നേറാനാകും. നല്ലതുപോലെ ക്ഷമയും മനസ്സാന്നിധ്യവും ഈ കല പഠിക്കാന്‍ ആവശ്യമാണ്.
പഠിക്കുന്നവര്‍ക്ക് മാത്രമല്ല, അവരെ പഠിപ്പിക്കുന്നവര്‍ക്കും അങ്ങേയറ്റം ക്ഷമയും ഒട്ടും മടുപ്പില്ലാതെ പഠിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കാനുള്ള മനസ്സും ഉണ്ടാകണം. 5 വയസ്സ് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളെ പഠിപ്പിച്ചിട്ടുണ്ട്. എനിക്കതിന് സാധിക്കുമെന്ന് വിശ്വാസമുള്ളവര്‍ക്ക് വളരെ മേളം പഠിക്കാന്‍ കഴിയും. മടുപ്പില്ലാതെ പഠിക്കാനും പഠിപ്പിക്കാനും സാധിക്കണം. ചെണ്ടയില്‍ കൊട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ ആ ധൈര്യം അവര്‍ക്ക് നല്‍കാനാണ് ബുദ്ധിമുട്ട്.

നിലവില്‍ എന്റെ കീഴില്‍ പഠിക്കുന്നവരെല്ലാം കൈസാധകം ചെയ്ത് നല്ല കൈവഴക്കം വന്നവരാണ്. ചെണ്ട കൂടാതെ മറ്റ് പ്രോപ്പര്‍ട്ടികളും ഉപയോഗിച്ചാണ് അവര്‍ ശിങ്കാരിമേളം ചെയ്യുന്നത്. എല്ലാ ദിവസവും മുടങ്ങാതെ പരിശീലനം ഉണ്ട്. ഓരോ ദിവസവും പഠിക്കേണ്ടത് എന്താണ് എന്നത് കൃത്യമായി നോട്ട് തയ്യാറാക്കിയാണ് പഠിപ്പിക്കുന്നത്.
എത്ര വനിതകളെ ഇതിനകം ശിങ്കാരിമേളം പഠിപ്പിച്ചു
നിലവില്‍ നൂറിലധികം വനിതകളെ ശിങ്കാരിമേളം പഠിപ്പിച്ചു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം വൈറലായ വീഡിയോകള്‍ കണ്ട് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കേരളത്തിന് പുറത്തുനിന്നും പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേര്‍ ബന്ധപ്പെടാറുണ്ട്. പക്ഷേ ചെന്ന് പഠിപ്പിക്കാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ട് അതില്‍ പലതും നടക്കാറില്ല. കഴിഞ്ഞിടെ ആന്ധ്രാപ്രദേശില്‍ പോയി മുപ്പതോളം പേര്‍ക്ക് അഞ്ചുദിവസത്തെ പരിശീലനം കൊടുത്തു. കൊട്ടില്‍ യാതൊരു മുന്‍പരിചയം ഇല്ലാതിരുന്നിട്ടും, ഭാഷയുടെ തടസ്സം ഉണ്ടായിട്ടും അഞ്ചുദിവസത്തെ കഠിന പരിശീലനത്തിലൂടെ അവര്‍ക്ക് നല്ലരീതിയില്‍ ശിങ്കാരിമേളം ചെയ്യാന്‍ സാധിച്ചു. നിലവില്‍ അവര്‍ക്ക് ധാരാളം പരിപാടികള്‍ ലഭിക്കുന്നുണ്ട്. എല്ലാ മാസവും അഞ്ചുദിവസം അവര്‍ക്ക് പരിശീലനം നല്‍കാന്‍ പോകാറുണ്ട്.

നേരിട്ട് പഠിപ്പിക്കുന്നത് കൂടാതെ വിദേശത്തുള്ളവരെയും നേരിട്ട് വന്ന് പഠിക്കാന്‍ സാധിക്കാത്തവരെയും ഓണ്‍ലൈനായും ശിങ്കാരിമേളം പഠിപ്പിക്കുന്നുണ്ട്. പക്ഷേ ഓഫ്‌ലൈനായി പഠിക്കുന്നതാണ് കൂടുതല്‍ നല്ലത്. എങ്കിലേ പിഴവുകള്‍ കൃത്യമായി തിരുത്താനും താളം വ്യക്തമായി മനസ്സിലാക്കാനും സാധിക്കൂ. ഈ കല പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്ന് പഠിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങണമെന്നുള്ളത് ഒരു സ്വപ്‌നമാണ്. എപ്പോള്‍ സാധിക്കുമെന്ന് അറിയില്ല.
ശിങ്കാരിമേളത്തില്‍ ഫ്യൂഷന്‍ എന്ന് പറയുന്നത് എന്താണ്
സിനിമാഗാനങ്ങളും മറ്റ് ഗാനങ്ങളും ചെണ്ടയില്‍ വായിക്കുന്ന രീതിയാണ് ഫ്യൂഷന്‍ എന്നറിയപ്പെടുന്നത്. ശിങ്കാരിമേളത്തിലെ എല്ലാ താളങ്ങളും മേളങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഫ്യൂഷന്‍. ശിങ്കാരിമേളത്തിലെ എല്ലാ താളങ്ങളും അറിയുന്നവര്‍ക്ക് ഫ്യൂഷന്‍ അനായാസമായി വായിക്കാനാകും. സ്ത്രീകള്‍ക്ക് ഫ്യൂഷനിലും പരിശീലനം നല്‍കുന്നുണ്ട്. കാരണം ഒരേ രീതിയില്‍ എന്നും വായിക്കുന്നത് ആളുകളില്‍ മടുപ്പുണ്ടാക്കും. കല ആയാലും എപ്പോഴും പുതുമ കൊണ്ടുവന്നെങ്കിലേ ആളുകളുടെ ഇഷ്ടം നേടാനാകൂ. ശിങ്കാരിമേള സംഘത്തിന്റെ ഭാഗമായി ഇപ്പോള്‍ ഫ്യൂഷനൊത്ത് നൃത്തം വെക്കുന്നവരും ഉണ്ട്. പക്ഷേ ഫ്യൂഷന്‍ ഉള്‍പ്പടെ ശിങ്കാരിമേളം വലിയൊരു ടൂം വര്‍ക്കാണ്. ഫ്യൂഷന്‍ ആണെങ്കില്‍ എല്ലാവര്‍ക്കും ആ പാട്ട് അറിഞ്ഞിരിക്കണം. അതിന്റെ താളത്തിനൊത്ത് കൈ പോകാനുള്ള മനസ്സാന്നിധ്യം വേണം. ഒരു ചെറിയ താളപ്പിഴവ് വന്നാല്‍ മൊത്തം മേളത്തിന്റെയും താളം പോകും.

എല്ലാവര്‍ക്ക് പഠിക്കാന്‍ കഴിയുന്ന കലയാണ് ശിങ്കാരിമേളം. ആരോഗ്യമുള്ള, ഏതുപ്രായത്തിലുള്ളവര്‍ക്കും പഠിക്കാം. മാനസികമായും ശാരീരികമായും അതിന് ഒരുങ്ങുകയേ വേണ്ടൂ. ഈ കല പഠിക്കണം എന്നത് ഒരു ലക്ഷ്യമായി കണ്ട് പഠിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ശിങ്കാരിമേളം പഠിക്കാനും അതില്‍ കഴിവ് തെളിയിക്കാനും സാധിക്കുമെന്ന് സനു കലാകാരന്‍ ഉറപ്പിച്ച് പറയുന്നു. അതിന് തെളിവാണ് സനുവിന് കീഴില്‍ ഈ കല അഭ്യസിക്കുന്ന വനിതകള്‍. ചെണ്ട കയ്യിലെടുത്ത് കൊട്ട് തുടങ്ങുമ്പോള്‍ ജീവിതത്തിലെ മറ്റെല്ലാ പ്രയാസങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ജോലിയിലെ സമ്മര്‍ദ്ദങ്ങളുമെല്ലാം മാറ്റിവെച്ച് അവര്‍ ആ താളമേളലയത്തില്‍ ലയിച്ച് സ്വയം മറന്ന് കൊട്ടുന്നത് കാണേണ്ട കാഴ്ചയാണ്.



Click it and Unblock the Notifications












