Earth Day 2025: ഇന്നു തന്നെ വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ, ദീർഘകാലം ആരോ​ഗ്യത്തോടെ ജീവിക്കാം,ഭൂമിയെ കാക്കാം

നമ്മൾ ദിവസേന ഓരോ വസ്തുക്കൾ എടുക്കുമ്പോഴും അതിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടുവരാറുണ്ട്. നിലവിലെ പഠനങ്ങൾ അനുസരിച്ച് മുലപ്പാലിൽ പോലും പ്ലാസ്റ്റിക്കിന്റെ അംശം ഉണ്ടെന്നാണ് കണ്ടെത്തൽ, നമ്മളുടെ അടുക്കള മുതൽ ചുറ്റുപാടും നോക്കിയാൽ പ്ലാസ്റ്റിക്കില്ലാതെ ഒരു വസ്തുപോലും കണ്ടെടുക്കാൻ സാധിക്കുകയില്ല. പ്ലാസ്റ്റിക്ക് മാത്രമല്ല, ഒരൊറ്റ ഉപയോ​ഗത്തിനുശേഷം വലിച്ചെറിയപ്പെടുന്ന അനവധി വസ്തുക്കൾ നമുക്ക് ചുറ്റിലുണ്ട്. ഇവ മണ്ണിൽ ലയിക്കാതെ കിടക്കുന്നത് പ്രകൃതിയ്ക്കും ദോഷകരമാണ്. ഒപ്പം മനുഷ്യ ജീവനും ആപത്താണ്.

Earth Day 2025 Eco-Friendly Living Tips for a Sustainable Future Details Inside
Photo Credit: AI

ഇത്തരത്തിൽ ഒരു വട്ടം ഉപയോ​ഗിക്കാൻ സാധിക്കുന്ന സാധനങ്ങൾക്കു പകരം, ജൈവികമായതും, എന്നാൽ, വീണ്ടും വീണ്ടും ഉപയോ​ഗിക്കാൻ സാധിക്കുന്നതും, ആരോ​ഗ്യപ്രദവുമായ ചില വസ്തുക്കളെ നമുക്ക് പരിചയപ്പെടാം. ഇത്തരത്തിൽ ആരോ​ഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നത് നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കും. ഒപ്പം ഭൂമിയുടെ നിലനിൽപ്പ് നമുക്ക് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്.

പാത്രങ്ങൾ

പ്ലാസ്റ്റിക്ക് പാത്രങ്ങൾ മനുഷ്യന്റെ ആരോ​ഗ്യത്തിന് നിരവധി ദോഷങ്ങളാണ് വരുത്തി വെയ്ക്കുന്നത്. നമ്മൾ ചൂടുള്ള ആഹാരങ്ങൾ ഇവയിലേയ്ക്ക് നിക്ഷേപിക്കുമ്പോൾ പ്ലാസ്റ്റിക്കിന്റെ അംശം ആഹാരത്തോടൊപ്പം നമ്മുടെ ശരീരത്തിലേയ്ക്കും പ്രവേശിക്കുന്നു. ഇത്തരത്തിൽ പ്രവേശിക്കുന്നത് കാൻസർ പോലെയുള്ള അനവധി ആരോ​ഗ്യ പ്രശ്നങ്ങളിലേയ്ക്കാണ് ഒരു വ്യക്തിയെ നയിക്കുന്നത്. അതിനാൽ, പ്ലാസ്റ്റിക്ക് പാത്രങ്ങൾ, തവികൾ എന്നിവയ്ക്ക് പകരം, സ്റ്റീൽ പാത്രങ്ങൾ ഉപയോ​ഗിക്കാവുന്നതാണ്. കേടാകാനുള്ള സാധ്യതയും കുറവാണ്. കൂടാതെ, ദീർഘകാലം ഉപയോ​ഗിക്കാൻ സാധിക്കും. സ്റ്റീൽ പോലെ തന്നെ, മൺ പാത്രങ്ങൾ ഉപയോ​ഗിക്കാവുന്നതാണ്. കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോ​ഗിക്കുന്നതും നല്ലതാണ്. തവികളായി മരത്തിന്റെ തവികൾ ഉപയോ​ഗിക്കാം. അതുപോലെ, സെറാമിക് ഉപയോ​ഗിച്ച് തയ്യാറാക്കുന്ന തവികളും, സ്റ്റീൽ തവികളും ഇന്ന് ലഭ്യമാണ്. ഇവ ഉപയോ​ഗിക്കാവുന്നതാണ്.

ആഹാരം തയ്യാറാക്കുന്നതിൽ മാത്രമല്ല, അടുക്കളയിൽ പലചരക്ക് സാധനങ്ങൾ സൂക്ഷിക്കാനും പ്ലാസ്റ്റിക്ക് പാത്രങ്ങൾ പരമാവധി ഉഫയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കാം. പ്ലാസ്റ്റിക്ക് ഉപയോ​ഗിക്കുകയാണെങ്കിൽ ദീർഘകാലം നിലനിൽക്കുന്ന പ്ലാസ്റ്റിക്ക് ഉപയോ​ഗിക്കുക. പ്ലാസ്റ്റിക്കിനു പകരം, ചില്ലുകുപ്പികൾ, ഭരണികൾ എന്നിവ ഉപയോ​ഗിക്കുന്നത് വളരെ ഫലപ്രദമായിരിക്കും. അതുപോലെ, ചിലർ, പ്ലാസ്റ്റിക്ക് സഞ്ചികളിൽ അരിപോലെയുള്ള പലചരക്ക് സാധനങ്ങൾ സൂക്ഷിക്കാറുണ്ട്. ഇവയ്ക്ക് പകരം, ചണ ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ചാക്കുകൾ, അല്ലെങ്കിൽ സ‍ഞ്ചികൾ എന്നിവ ഉപയോ​ഗിക്കാവുന്നതാണ്. അതുപലെ, ഷോപ്പിം​ഗ് പോകുമ്പോൾ കയ്യിൽ സാധനങ്ങൾ വാങ്ങാൻ കവർ കരുതുന്നതും നല്ലതാണ്. പ്രത്യേകിച്ച്, തുണികൊണ്ട് തയ്യാറാക്കിയ കവർ എന്നിവ കരുതാവുന്നതാണ്.

വസ്ത്രങ്ങൾ

നമ്മൾ ഉപയോ​ഗിക്കുന്ന പല വസ്ത്രങ്ങളിലേയും ഫാബ്രിക്കുകൾ മണ്ണിൽ ലയിക്കണമെന്നില്ല. അവ ദീർഘകാലം മണ്ണിൽ തന്നെ കിടക്കും. ചിലർ വസ്ത്രങ്ങൾ പഴകിയാൽ കത്തിച്ചുകളയുന്നത് കാണാം. എന്നാൽ പഴയ വസ്ത്രങ്ങളെ റീയൂസ് ചെയ്യുന്ന രീതി വളരെ നല്ലതായിരിക്കും. ആവശ്യത്തിന് മാത്രം വസ്ത്രങ്ങൾ വാങ്ങിക്കുക. വാങ്ങിയ വസ്ത്രങ്ങൾ പരമാവധി ഉപയോ​ഗിച്ചതിനുശേഷം മാത്രം ഉപേക്ഷിക്കാൻ ശ്രദ്ധിക്കുക. പഴയ വസ്ത്രങ്ങൾ കത്തിച്ചു കളയുന്നതിന് പകരം, വീട്ടിലെ ബെഡിന് കവർ തൈച്ച് ഉപയോ​ഗിച്ചാവുന്നതാണ്. അതുപോലെ, ജീൻസ് പഴകിയാൽ അവ ഉപയോ​ഗിച്ച് ബാ​ഗ് തയ്യാറാക്കി ഉപയോ​ഗിക്കാൻ സാധിക്കും. പഴയ വസ്ത്രങ്ങൾ കൊണ്ട് പലതരത്തിൽ ബാ​ഗ് തയ്യാറാക്കാൻ സാധിക്കും. ചവിട്ടി തയ്യാറാക്കി ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെ, വീട്ടിലെ കർട്ടൺ, പില്ലോ കവർ എന്നിവയായും പഴയ വസ്ത്രങ്ങളെ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും.

ജൈവ മാലിന്യങ്ങൾ

മാലിന്യം എന്നും മാലിന്യം തന്നെയാണ്. ജൈവ മാലിന്യങ്ങളും ശരിയായ വിധത്തിൽ സംസ്കരിച്ചില്ലെങ്കിൽ ദോഷകരമാണ്. അത്തരത്തിൽ നോക്കിയാൽ വീട്ടിൽ പഴം പച്ചക്കറികൾ ഉപയോ​ഗിച്ചതിനുശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങൾ നിങ്ങൾക്ക് ചെടികൾക്ക് വളമായി ഉപയോ​ഗിക്കാവുന്നതാണ്. അതുമല്ലെങ്കിൽ കംബോസ്റ്റ് തയ്യാറാക്കി ഉപയോ​ഗിക്കാവുന്നതാണ്. അതുമല്ലെങ്കിൽ ഇവ കഞ്ഞിവെള്ളത്തിൽ ഇട്ട്, പുളിപ്പിച്ച് വളമാക്കി മാറ്റിയെടുക്കാവുന്നതാണ്. പച്ചക്കറികൾ ഇത്തരത്തിൽ വളമാക്കുന്നത് ചെടികൾക്കും നല്ലതാണ്.

ചെടികളും മരങ്ങളും

നമ്മുടെ ഭൂമിയുടെ ജീവൻ നിലനിൽക്കണമെങ്കിൽ മരങ്ങൾ അനിവാര്യമാണ്. അതിനാൽ, വീടിന് ചുറഅറിലും ചെറിയ രീതിയിലെങ്കിലും ചെടികളും മരങ്ങളും നട്ടുപ്പിടിപ്പിക്കുക. വീടിനോട് ചേർന്ന്, സ്വന്തം വീട്ടിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നതും നല്ലതാണ്. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ബാൽക്കണിയിൽ ഇത്തരത്തിൽ ചെറിയ കൃഷികൾ ചെയ്യാവുന്നതാണ്.

X
Desktop Bottom Promotion