മരണാനന്തരം പാപികളുടെ ലോകം; 9 തരം നരകങ്ങള്‍, ഓരോന്നിലും ശിക്ഷ വ്യത്യസ്തം

ഹിന്ദുമതത്തില്‍, മരണാനന്തര ജീവിതം എന്ന ആശയത്തില്‍ സ്വര്‍ഗ്ഗവും നരകവും ഉള്‍പ്പെടെയുള്ള പല മേഖലകളും ഉള്‍പ്പെടുന്നു. ഹിന്ദുമതത്തില്‍ നരകം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ജീവിതത്തില്‍ ഒരാള്‍ ചെയ്യുന്ന ദോഷ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടുന്ന സ്ഥലമായാണ്. മരണത്തിന്റെ ദേവനായ യമന്റെ വാസസ്ഥലമായും നരകം കണക്കാക്കപ്പെടുന്നു. ഒരാള്‍ മരിക്കുമ്പോള്‍ യമദൂതന്മാര്‍ അവരുടെ ആത്മാവിനെ യമലോകത്തിലേക്ക് കൊണ്ടുപോകുന്നു.

യമദേവന്‍ അവരുടെ പാപങ്ങളും സദ്പ്രവൃത്തികളും അളക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സദ്വൃത്തരെ സ്വര്‍ഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും അയയ്ക്കുന്നു. സ്വര്‍ഗത്തിലോ നരകത്തിലോ ഒരു ആത്മാവ് താല്‍ക്കാലികമായി മാത്രമേ വസിക്കൂ. നരകത്തിലെത്തുന്നവര്‍ അവരുടെ പാപത്തിന്റെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം, അവരുടെ മുന്‍ജന്‍മ പ്രവൃത്തികള്‍ക്കനുസരിച്ച് പുനര്‍ജനിക്കുന്നു.(Different Types Of Narakas)

പല ഹൈന്ദവ ഗ്രന്ഥങ്ങളിലും നരകത്തെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. പല പുരാണഗ്രന്ഥങ്ങളും പറയുന്നത് വിവിധ തരം നരകങ്ങളുണ്ടെന്നാണ്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന ദോഷപ്രവൃത്തികള്‍ പല തരത്തില്‍ വിഭജിക്കുകയും ഓരോ പാപത്തിനും ഓരോ നരകത്തില്‍ പോയി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പറയുന്നു. (types of hell) ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന 9 തരം നരകത്തെക്കുറിച്ചും അവയില്‍ ഓരോന്നിലും എന്തൊക്കെ ശിക്ഷയാണ് ലഭിക്കുന്നതെന്നും അറിയാന്‍ ലേഖനം വായിക്കൂ.

different types of narakas according to hindu religion

പുരാണഗ്രന്ഥങ്ങളില്‍ പറയുന്ന നരകം

* പ്രപഞ്ചത്തിലെ ഏറ്റവും താഴ്ന്ന ബിന്ദുവായ ഗര്‍ഭോദക സമുദ്രത്തിന് ഇടയിലാണ് നരകം സ്ഥിതി ചെയ്യുന്നതെന്ന് ഭാഗവത പുരാണത്തില്‍ പറയുന്നു. ഈ മണ്ഡലം പ്രപഞ്ചത്തിന്റെ തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അവിടെയാണ് നരകത്തിന്റെ നാഥനായ യമദേവന്‍ തന്റെ സഹായികളോടൊപ്പം വസിക്കുന്നത്.
* ദേവീഭാഗവത പുരാണത്തിലെ 2.52-ാം അധ്യായത്തില്‍ നരകം ഭൂമിക്ക് താഴെയാണ് സ്ഥിതി ചെയ്യുന്നതെന്നും എന്നാല്‍ പ്രപഞ്ചത്തിന്റെ തെക്ക് ഭാഗത്ത് പാതാളത്തിന് മുകളിലാണെന്നും വിശദീകരിക്കുന്നു.
* വിഷ്ണു പുരാണത്തിലെ നാലാം അധ്യായത്തില്‍, പ്രപഞ്ചത്തിന്റെ അടിത്തട്ടിലാണ് നരകം സ്ഥിതി ചെയ്യുന്നതെന്ന് വിവരിക്കുന്നു.
* നരകന്‍ തെക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്നതായി ചില മഹാകാവ്യങ്ങള്‍ പ്രസ്താവിക്കുന്നു. ഈ ദിശ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിശയെ ഭരിക്കുന്നത് യമദേവനാണ്. പിതൃലോകം യമന്റെ തലസ്ഥാനമായി കണക്കാക്കപ്പെടുന്നു. അവിടെ നിന്നാണ് അദ്ദേഹം നീതി നടപ്പാക്കുന്നത്.

ഹിന്ദു ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന 9 തരം നരകങ്ങള്‍

തമിസ്ര

കൂരാക്കൂരിരുട്ട് നിറഞ്ഞ ഒരു നരകമാണ് തമിസ്ര. മറ്റുള്ളവരുടെ സമ്പത്ത് അപഹരിക്കുന്ന ആളുകളെ യമദേവന്റെ സൈന്യം കയറുകൊണ്ട് ബന്ധിക്കുകയും തല്ലുകയും ചെയ്യുന്നു. ഈ നരകത്തിലെത്തുന്ന ആത്മാക്കള്‍ അഗാധമായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അനുഭവിക്കും.

അന്ധതമിശ്ര

അന്ധതമിശ്ര എന്നത് തമിസ്രയുടെ ഒരു വിപുലീകരണമാണ്. അവിടെ ഇരുട്ട് ആത്മാക്കളെ അന്ധരാക്കും. സ്വന്തം ഇണയെ ലാഭത്തിനായി ഉപയോഗിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ അല്ലെങ്കില്‍ മറ്റൊരാളുടെ സ്വത്ത് അപഹരിക്കുന്ന ആളുകളോ അന്ധതമിസ്രയിലേക്ക് എത്തുന്നു.

രൗരവ

മറ്റുള്ളവരെ വഞ്ചിക്കുന്നവരോ അവരുടെ അവകാശങ്ങള്‍ കൈക്കലാക്കുന്നവരോ രൗരവത്തിലേക്ക് എറിയപ്പെടുന്നു. അവര്‍ വഞ്ചിക്കുന്ന ആളുകള്‍ രുരു എന്ന സര്‍പ്പത്തിന്റെ രൂപമെടുക്കുന്നു. അവര്‍ അവരെ ചുറ്റിപ്പിടിക്കുകയും തുടര്‍ച്ചയായി കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ അവര്‍ ഭൂമിയില്‍ ദ്രോഹിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്ത ഇരകള്‍ അനുഭവിച്ച വേദന ഈ നരകത്തില്‍ അനുഭവിക്കുന്നു.

മഹാരൗരവ

രൗരവയ്ക്ക് സമാനമായി, മഹാരൗരവ എന്നത് നരകത്തിന്റെ ഒരു കഠിനമായ പതിപ്പാണ്. മഹാരൗരവയിലെ ശിക്ഷ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്തുകൊണ്ട് സ്വന്തം ജീവിതം നയിക്കുന്നവര്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഈ നരക മണ്ഡലത്തിനുള്ളില്‍, ക്രവ്യാദ എന്ന് വിളിക്കപ്പെടുന്ന രുരു ജീവികള്‍ ആത്മാക്കളുടെ മാംസം ഭക്ഷിച്ച് അവരെ പീഡിപ്പിക്കുന്നു.

കുംഭീപാകം

കുംഭീപാകം എന്നത് മറ്റൊരു നരകമാണ്. അവിടെ ആത്മാക്കളെ തിളയ്ക്കുന്ന എണ്ണയില്‍ പാകം ചെയ്യുന്നു. ജീവനുള്ള മൃഗങ്ങളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവരെ കുംഭീപാകത്തിലേക്ക് അയയ്ക്കുന്നു.

കാലസൂത്രം

അത്യന്തം ചൂടുള്ള ഒരു നരകമാണ് കാലസൂത്രം. മറ്റുള്ളവരെ, പ്രത്യേകിച്ച് മുതിര്‍ന്നവരെയും കുട്ടികളെയും അനാദരിക്കുന്നവരെ അവരുടെ മരണശേഷം അയയ്ക്കുന്ന സ്ഥലമാണ് കാലസൂത്രം. ബ്രാഹ്‌മണരോട് അനാദരവ് കാണിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവരെ കാലസൂത്രത്തിലേക്ക് അയക്കും.

അസിപത്രാവനം

തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിച്ച് ഓടിയൊളിക്കുന്ന ആളുകള്‍ അസിപത്രവണത്തിന് വിധിക്കപ്പെടുന്നു. ഇവിടെ അവര്‍ മുള്ളുള്ള ചാട്ടവാര്‍ കൊണ്ട് അടിയേറ്റ് ശിക്ഷിക്കപ്പെടുന്നു.

ശൂകരമുഖം

തങ്ങളുടെ പ്രജകളെ വഞ്ചിക്കുന്ന ഭരണാധികാരികള്‍ക്കോ അധികാരികള്‍ക്കോ വേണ്ടിയുള്ളതാണ് ഈ നരകം. കര്‍ത്തവ്യങ്ങള്‍ അവഗണിക്കുകയും ദുര്‍ഭരണം നടത്തുകയും ചെയ്യുന്ന ഭരണാധികാരികളെ ശൂകരമുഖത്തേക്ക് അയയ്ക്കുന്നു. യമദേവന്റെ കിങ്കരന്‍മാര്‍ അവരെ ബോധം നഷ്ടപ്പെടുന്നതുവരെ പീഡിപ്പിക്കുന്നു.

അന്ധകൂപം

എല്ലാവിധ സമ്പത്തും ഉണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാന്‍ വിസമ്മതിക്കുന്ന ആളുകളെ അന്ധകൂപത്തിലേക്ക് അയയ്ക്കുന്നു, അവിടെ അവര്‍ മൃഗങ്ങളുടെയും പ്രാണികളുടെയും പീഢനം സഹിക്കുന്നു. മറ്റാരെയെങ്കിലും വേദനിപ്പിക്കുന്നവരും അന്ധകൂപത്തിന് വിധേയരാകുന്നു.

Story first published: Sunday, May 19, 2024, 14:18 [IST]
X
Desktop Bottom Promotion