For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രിയപ്പെട്ടവര്‍ക്കായി ഈ ക്രിസ്മസ് സമ്മാനങ്ങള്‍

|

സമ്മാനങ്ങള്‍ എന്നും സന്തോഷം നല്‍കുന്നവയാണ്. ചില പ്രിയപ്പെട്ട ഓര്‍മ്മകളുടെ ഓര്‍മപ്പെടുത്തലോ അനുഭവങ്ങളോ ആണ്. ഉത്സവകാലങ്ങളില്‍ നമ്മള്‍ കൈമാറുന്ന സമ്മാനങ്ങള്‍ സ്വീകര്‍ത്താവിന് അത്രകണ്ടു പ്രിയപ്പെട്ടതായിരിക്കും. ഈ ക്രിസ്മസ് കാലം അത്തരത്തില്‍ അവിസ്മരണീയമാക്കാന്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ചില അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്.

Most read: സർവ്വാഭീഷ്ഠസിദ്ധിക്ക് ഗുരുവായൂർ ഏകാദശി വ്രതം

ദൈവപുത്രന്റെ തിരുപ്പിറവിയുടെ ആഘോഷത്തിലലിയുന്ന ക്രിസ്ത്യാനികള്‍ക്ക് ഈ ആഘോഷകാലത്ത് വാങ്ങാവുന്നതും മറ്റുള്ളവര്‍ക്ക് സമ്മാനിക്കാവുന്നതുമായ നിരവധി സാധനങ്ങള്‍ വിപണിയിലുണ്ട്. ഉത്സവകാലമായതുകൊണ്ട് അവയെല്ലാം നിങ്ങള്‍ക്ക് വിലക്കുറവില്‍ ലഭിക്കുകയും ചെയ്യും. അതില്‍ കേരളത്തിന്റെ തനതായ ഉത്പന്നങ്ങളും പാശ്ചാത്യന്‍ ഫാഷന്‍ സാധനങ്ങളും പെടും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്നതും നിങ്ങളുടെ വീട്ടാവശ്യത്തിന് ഉപയോഗിക്കാവുന്നതും അലങ്കാര വസ്തുക്കളും ശൈത്യകാലത്ത് ഉപകരിക്കാവുന്നതുമായ അത്തരം ചില സാധനങ്ങള്‍ നമുക്കു നോക്കാം.

സാരി

സാരി

മലയാളി സ്ത്രീകളുടെ സാംസ്‌കാരിക വസ്ത്രം. കേരളത്തിലെ സ്ത്രീകളെ ലോകത്തിനു മുന്നില്‍ വരച്ചുകാട്ടിയ വസ്ത്രം. ഒരിക്കല്‍ പോലും സാരിയുടുക്കാത്ത, ഉടുക്കാന്‍ ഇഷ്ടപ്പെടാത്ത മലയാളി സ്ത്രീയുണ്ടാവില്ല. അതിനാല്‍ തന്നെ ആര്‍ക്കും എപ്പോഴും നല്‍കാനാവുന്ന സമ്മാനം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഈ ക്രിസ്മസിന് സമ്മാനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സാരിയുടെ കാര്യം മറക്കേണ്ട.

കയര്‍ ഉത്പന്നങ്ങള്‍

കയര്‍ ഉത്പന്നങ്ങള്‍

കേരളത്തിലെ കയര്‍, കയര്‍ ഉത്പന്നങ്ങള്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് പറയപ്പെടുന്നു. ലോകമെമ്പാടുമുള്ള പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളിലേക്കുള്ള ചുവടുമാറ്റത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ പ്രത്യേകിച്ച് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ കേരളത്തിന്റെ കയര്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തിലൊരു ലോകോത്തര ബ്രാന്‍ഡ് എന്തായാലും നിങ്ങളുടെ വീടുകളിലെത്തിക്കാവുന്ന ഒന്നാണ്. ഈ ക്രിസ്മസിന് മറ്റുള്ളവര്‍ക്ക് അന്തസ്സോടെ നല്‍കാം ഏതെങ്കിലുമൊരു കയറുത്പന്നം.

ആറന്‍മുള കണ്ണാടി

ആറന്‍മുള കണ്ണാടി

കണ്ണാടി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ പല രൂപങ്ങളും വരും. അതില്‍ ആദ്യത്തെ രൂപമായിരിക്കും ലോകത്തിനുമുന്നില്‍ മലയാളികളുടെ മറ്റൊരു അടയാളമായ കേരളീയ പൈതൃകത്തിന്റെ മുതല്‍കൂട്ടായ ആറന്‍മുളക്കണ്ണാടി. ഭൗമസൂചികാ പദവി ഉള്‍പ്പെടെ നേടിയെടുത്ത ഈ പ്രൗഢിയേറിയ ഉത്പന്നം നിങ്ങള്‍ക്ക് ആര്‍ക്കും എപ്പോഴും എവിടേയും മടികൂടാതെ സമ്മാനിക്കാന്‍ പറ്റിയ ഒന്നാണ്. അല്‍പം വിലയേറിയാലും നിങ്ങളെ തലകുനിപ്പിക്കില്ല ഈ അത്ഭുത ഉത്പന്നം.

മ്യൂറല്‍ പെയിന്റിംഗ്

മ്യൂറല്‍ പെയിന്റിംഗ്

കേരളത്തിന്റെ മറ്റൊരടയാളമാണ് ഈ അത്ഭുതകരമായ വിഷ്വല്‍ ആര്‍ട്ട്. വലിയ വലിയ വ്യാപാരകേന്ദ്രങ്ങളും പൊതുസ്ഥാപനങ്ങളും എന്നുവേണ്ട വീടുകള്‍ വരെ പ്രൗഢിയോടെ അലങ്കരിക്കാന്‍ ഇന്ന് മ്യൂറല്‍ പെയിന്റിംഗുകളെ ആശ്രയിക്കുന്നു. നിങ്ങള്‍ക്കിവ കരകൗശല ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്നതോ അല്ലെങ്കില്‍ മ്യൂറല്‍ ആര്‍ട്ട് സ്രഷ്ടാക്കളില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ ചെയ്യാവുന്നതോ ആണ്. നിങ്ങള്‍ക്ക് സ്വന്തം ആവശ്യത്തിനായി വീടുകളിലേക്കോ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായോ ഈ ക്രിസ്മസ്‌കാലത്ത് മ്യൂറല്‍ പെയിന്റ്ംഗിനെ തിരഞ്ഞെടുക്കാവുന്നതാണ്.

ബോണ്‍സായ് ട്രീ കിറ്റ്

ബോണ്‍സായ് ട്രീ കിറ്റ്

പാശ്ചാത്യസംസ്‌കാരത്തില്‍ പിറവിടെയുത്ത സമ്മാനങ്ങളുടെ കൂട്ടത്തിലൊന്ന്. വീടുകള്‍ ആഢംബരമായി അലങ്കരിക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആരെയും അമ്പരപ്പിക്കുന്ന, ആകര്‍ഷിക്കുന്നതാണ് ബോണ്‍സായ് ട്രീ കിറ്റുകള്‍. നിങ്ങള്‍ ആര്‍ക്കെങ്കിലും ഒരു സമ്മാനം ഈ ക്രിസ്മസിന് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ബോണ്‍സായി ട്രീ കിറ്റുകള്‍ നിങ്ങള്‍ക്ക് മികച്ചൊരു തിരഞ്ഞെടുപ്പാവും.

പ്രിന്റഡ് മഗ്

പ്രിന്റഡ് മഗ്

ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്ഥിരം വസ്തുക്കള്‍ ഒഴിവാക്കി മികച്ചതൊന്ന് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പ്രിന്റഡ് മഗ്ഗുകള്‍. പുതിയകാലത്തെ ഈ സമ്മാനോത്പന്നം ഇന്ന് ജനപ്രീതിയാര്‍ജ്ജിച്ചുവരുന്നുണ്ട്. വിവിധതരം പ്രിന്റിംഗ് മഗ്ഗുകള്‍ ഇന്ന് വിപണിയില്‍ ലഭിക്കും. നിങ്ങള്‍ പറയുന്ന ഡിസൈനില്‍ ഫോട്ടോകള്‍ വച്ച് ഭംഗിയുള്ളതായി പ്രിന്റ് ചെയ്തു നല്‍കും. വിലയും അധികമാകില്ല എന്നതും പ്രിന്റഡ് മഗ്ഗുകളെ യുവാക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

ഫോട്ടോ ടൈംലൈന്‍

ഫോട്ടോ ടൈംലൈന്‍

പ്രിന്റഡ് മഗ്ഗ് പോലെത്തന്നെ യുവാക്കളുടെ പ്രിയപ്പെട്ട സമ്മാനം, ഫോട്ടോ ടൈംലൈന്‍. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍, അവര്‍ക്ക് കാലങ്ങളോളം സൂക്ഷിക്കാന്‍ പറ്റിയൊരു സമ്മാനമാകുമിത്. അവരോടൊത്തുള്ള സുന്ദരനിമിഷങ്ങളുടെ ചിത്രങ്ങള്‍ വിവിധ തരത്തില്‍ നിങ്ങള്‍ക്ക് ഫ്രെയിം ചെയ്‌തെടുക്കാവുന്നതാണ്. ഒരു സ്റ്റുഡിയോയിലോ ഓണ്‍ലൈനായോ വിവിധതരം ഫോട്ടോ ടൈംലൈനുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ഹാന്‍ഡ്‌റൈറ്റിംഗ് ബ്രേസ്‌ലറ്റ്

ഹാന്‍ഡ്‌റൈറ്റിംഗ് ബ്രേസ്‌ലറ്റ്

നിങ്ങളുടെ പങ്കാളിക്കോ പ്രിയപ്പെട്ടവര്‍ക്കോ മുന്നില്‍ നിങ്ങളുടെ സ്‌നേഹം തുറന്നുകാണിക്കാന്‍ സാധിപ്പിക്കുന്ന മറ്റൊരു സമ്മാനം, ഹാന്റ്‌റൈറ്റിംഗ് ബ്രേസ്‌ലറ്റ്. നിങ്ങള്‍ക്ക് അവരോട് പറയാവുന്ന സ്‌നേഹവാക്കുകള്‍ എന്തുതന്നെയായാലും അത് എന്നെന്നും ഓര്‍ത്തെടുക്കാന്‍ നിങ്ങലെ പ്രാപ്തരാക്കുന്ന സമ്മാനങ്ങളിലൊന്ന്. സ്വര്‍ണം, പ്ലാറ്റിനം, വെള്ളി അങ്ങനെ പല ലോഹങ്ങളിലും നിങ്ങള്‍ക്കിത് നിര്‍മ്മിക്കാവുന്നതാണ്. ഓണ്‍ലൈനായും ഫാന്‍സി സാധനങ്ങള്‍ ലഭ്യമാണ്. അല്‍പം വിലയുള്ളതുതന്നെ വേണമെന്നുണ്ടെങ്കില്‍ ഒരു ജ്വല്ലറി ഷോപ്പിനെ ആശ്രയിക്കാവുന്നതാണ്.

വളര്‍ത്തുമൃഗങ്ങള്‍

വളര്‍ത്തുമൃഗങ്ങള്‍

നിങ്ങളുടെ സുഹൃത്ത് മൃഗസ്‌നേഹിയാണെങ്കില്‍ ഈ ക്രിസ്മസിന് യാതൊരു സംശയവും കൂടാതെ നല്‍കാന്‍ പറ്റിയ സമ്മാനമാണിവ. നായയോ പൂച്ചയോ പക്ഷികളോ ഒക്കെയായി അവരുടെ ഇഷ്ടാനുസരണം നിങ്ങള്‍ വാങ്ങിനല്‍കാന്‍ പറ്റിയ ഒന്ന്. മൃഗസ്‌നേഹിയാണെങ്കില്‍ അവരെ സന്തോഷിപ്പിക്കുന്ന മറ്റൊരു സമ്മാനമുണ്ടാകില്ല.

വാച്ചുകള്‍

വാച്ചുകള്‍

ഏവരുടെയും മനസ്സില്‍ സമ്മാനങ്ങളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും ഒന്നാമതായി നില്‍ക്കുന്നതാണ് വാച്ചുകള്‍. എന്തുകൊണ്ട് വാച്ചുകള്‍ എന്നാണെങ്കില്‍, അവയുടെ എണ്ണിയാല്‍ തീരാത്ത കലക്ഷന്‍ തന്നെ. നൂറു രൂപയില്‍ തുടങ്ങി ലക്ഷക്കണക്കിനു രൂപ വരെ വിലയുള്ള വാച്ചുകള്‍ വിപണിയിലുണ്ട്. നിങ്ങളുടെ സന്ദര്‍ഭത്തിനനുയോജ്യമായി തെരഞ്ഞെടുക്കാവുന്നതാണ് വാച്ചുകള്‍. കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കെ സ്ത്രീകള്‍ക്കോ പുരുഷന്‍മാര്‍ക്കോ ആര്‍ക്കുമായിക്കോട്ടെ, അനേകം ബ്രാന്‍ഡുകളുടെ കലക്ഷനുകള്‍ നിങ്ങള്‍ക്കിന്ന് ലഭ്യമാണ്.

ഷൂസുകള്‍

ഷൂസുകള്‍

ഈ തണുത്ത ക്രിസ്മസ് കാലത്ത് നിങ്ങള്‍ക്ക് വാങ്ങാവുന്നതും നല്‍കാവുന്നതുമായ ഒന്നാണ് മികച്ച ഷൂസുകള്‍. യുവാക്കള്‍ക്കിടയില്‍ ഇന്ന് ട്രെന്‍ഡാണ് ബ്രാന്റഡ് ഷൂസുകള്‍. നിങ്ങളവര്‍ക്ക് സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മികച്ചൊരു തിരഞ്ഞെടുപ്പാണ് ഷൂസുകളും. ഓണ്‍ലൈനായി ഇപ്പോള്‍ അനേകം ബ്രാന്‍ഡുകളുടെ ഷൂകള്‍ വിവിധ വിലകളില്‍ ലഭ്യമാണ്.

ജാക്കറ്റുകള്‍

ജാക്കറ്റുകള്‍

ഡിസംബറിലെ തണുത്ത ക്രിസ്മസ് സായാഹ്നങ്ങള്‍ക്ക് ഊഷ്മളത പകരാന്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ പറ്റിയ മറ്റൊന്നാണ് ജാക്കറ്റുകള്‍. ഫാഷന്‍ പ്രേമിയായ ആര്‍ക്കെങ്കിലുമാണ് നിങ്ങളിത് സമ്മാനിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് സന്തോഷം നല്‍കുന്ന സമ്മാനമായിരിക്കുമിത്. വിവിധ ബ്രാന്റുകളില്‍ ധാരാളം വിന്റര്‍ ജാക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.

English summary

Best Christmas Gift Ideas

Here is the list of best christmas gifts for your loved ones. Take a look.
X