പറക്കും തളികയും അന്യഗ്രഹജീവികളും, അമേരിക്കയിലെ നിഗൂഢതാവളം; ഏരിയ 51-ന്റെ രഹസ്യം

Area 51: സാധാരണക്കാര്‍ക്ക് പോകാന്‍ അനുവാദമല്ലാത്ത നിരവധി സ്ഥലങ്ങള്‍ ലോകത്ത് ഉണ്ട്. അത്തരത്തിലുള്ള ഒരു അതീവ സുരക്ഷാ സ്ഥലമാണ് ഏരിയ-51. അമേരിക്കയിലെ ഈ നിഗൂഢമായമായ സ്ഥലത്ത് എന്താണ് ഉള്ളത്? ഇതിനെക്കുറിച്ച് ആര്‍ക്കും അറിയില്ല! എന്നാല്‍ ഈ സ്ഥലത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. അന്യഗ്രഹജീവികള്‍ നിരന്തരം ഇവിടെയെത്തുകയും രഹസ്യമായ പല വിവരങ്ങളും അറിവുകളുമെല്ലാം അമേരിക്കയ്ക്ക് കൈമാറുന്നുണ്ടുമെന്നുമാണ് പറഞ്ഞുകേള്‍ക്കുന്ന ഒരു ഊഹാപോഹം.

ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഈയൊരു വാദം തള്ളിക്കളയാനാകില്ല. കാരണം, അത്ര രഹസ്യമായാണ് ഏരിയ 51 എന്ന സ്ഥലത്തെ അമേരിക്ക കൈകാര്യം ചെയ്യുന്നത്. ഉയര്‍ന്ന സുരക്ഷയും രഹസ്യാത്മകതയും കാരണം, ഏരിയ 51നെക്കുറിച്ച് നിരവധി ഗൂഢസിദ്ധാന്തങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

Mystery Of Area 51

ഏരിയ 51-ന്റെ രഹസ്യം

കോടിക്കണക്കിന് താരാപഥങ്ങള്‍ നിറഞ്ഞുകിടക്കുന്ന ഈ അനന്തമായ പ്രപഞ്ചത്തില്‍ മനുഷ്യര്‍ ഒറ്റയ്ക്കല്ലെന്ന വാദം പണ്ടുകാലം മുതല്‍ക്കേ നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ജീവന്‍ നിലനില്‍ക്കുന്ന നിരവധി സ്ഥലങ്ങള്‍ ഉണ്ടായിരിക്കണം. അന്യഗ്രഹത്തിലെ ജീവന്റെ ആ രൂപം എങ്ങനെയായിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നത് ശ്രദ്ധേയമാണ്. അന്യഗ്രഹ ജീവികളുടെ പേടകങ്ങള്‍ ഇറക്കാനുള്ള സ്ഥമാണ് ഏരിയ 51 എന്നാണ് പലരും പറയുന്നത്. അമേരിക്കന്‍ സൈന്യവും നാസയും ഈ സ്ഥലത്ത് അന്യഗ്രഹജീവികളെയും അവരുടെ പേടകങ്ങളെയും തടവിലാക്കിയിട്ടുണ്ടെന്നും ഗവേഷണങ്ങള്‍ നത്തുന്നുണ്ടെന്നുമാണ് മറ്റൊരു തിയറി. പൊതുജനങ്ങള്‍ക്ക് ഒരിക്കലും ഏരിയ 51ലേക്ക് പ്രവേശനം നല്‍കിയിരുന്നില്ല. ഇടയ്ക്കിടെ, ഏരിയ 51 സംബന്ധിച്ച് വിവിധ കോണ്‍സ്പിരസി തിയറികള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലാകാറുണ്ട്.

ഏരിയ 51 ന് ചുറ്റും അന്യഗ്രഹജീവികളെയും അവരുടെ പറക്കും തളികകളും കണ്ടതായി അവകാശപ്പെടുന്ന നിരവധി വീഡിയോകള്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ കണ്ടെത്താനാകും. എന്നിരുന്നാലും, ഈ വീഡിയോകളില്‍ യാഥാര്‍ത്ഥ്യം എന്താണെന്നത് ഇന്നും നിഗൂഢമാണ്. യുഎസിലെ നെവാഡയില്‍ മരുഭൂമിയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സൈനിക പരീക്ഷണ സൈറ്റാണ് ഏരിയ 51. 40 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്ന എയര്‍പോര്‍ട്ട് പോലുള്ള സ്ഥലമാണിത്.

ഗൂഢാലോചന സിദ്ധാന്തം പ്രകാരം അമേരിക്ക അന്യഗ്രഹജീവികളെ പിടികൂടി ഇവിടെ ഗവേഷണം നടത്തുകയാണ്. അടുത്തിടെ, യുഎസ് കോണ്‍ഗ്രസിലെ ഒരു ചോദ്യം ചെയ്യലില്‍, രണ്ട് യുഎസ് നേവി ഉദ്യോഗസ്ഥരും ഒരു മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥനും അന്യഗ്രഹജീവികളുടെ മൃതദേഹങ്ങളെക്കുറിച്ച് അതിശയിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. മുന്‍ എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് ഓഫീസര്‍ ഡേവിഡ് ഗ്രഷ് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്, 1930 മുതല്‍ അമേരിക്കയില്‍ ചില സാങ്കേതിക വിദ്യകള്‍ ഉണ്ടെന്നാണ്.

ഇവരുടെ വാദങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ പ്രയാസമാണെങ്കിലും, ഈ വെളിപ്പെടുത്തല്‍ ഏരിയ 51-ന്റെയും അന്യഗ്രഹജീവികളുടെയും ഗൂഢാലോചന സിദ്ധാന്തത്തിന് വീണ്ടും ശക്തിപകരുന്നു. 24 മണിക്കൂറും അമേരിക്കന്‍ സൈനികരുടെ നിരീക്ഷണത്തിലുള്ള ഒരു സ്ഥലമാണ് ഏരിയ 51. പുറത്തുനിന്നുള്ളവര്‍ ഈ സ്ഥലത്തേക്ക് വരുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ പ്രത്യേക സ്ഥലത്തിന് മുകളിലൂടെ വിമാനങ്ങള്‍ പറത്തുന്നതിന് വരെ വിലക്കുണ്ട്.

അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എ ഉദ്യോഗസ്ഥര്‍ക്കും ഇവിടെ ജോലി ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും മാത്രമാണ് ഏരിയ 51ലേക്ക് പ്രവേശനമുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന് വരെ ഇവിടെ കയറുന്നതില്‍ ചില നിരോധനങ്ങളുണ്ട്. 1955ലാണ് യുഎസ് എയര്‍ഫോഴ്സ് ഈ സ്ഥലം ഏറ്റെടുത്തത്. 2013 വരെ ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് സി.ഐ.എ അംഗീകരിച്ചിട്ടില്ലായിരുന്നു. 2005-ല്‍ വിവരാവകാശ രേഖ പ്രകാരം നല്‍കിയ ഒരു അപേക്ഷയ്ക്ക് മറുപടിയായി അവസാനം അവര്‍ക്ക് ഏരിയ 51 നിലവിലുണ്ടെന്ന് സമ്മതിക്കേണ്ടതായി വരികയായിരുന്നു.

1950-കളിലെ ആദ്യത്തെ U2, പിന്നീട് B2 സ്റ്റെല്‍ത്ത് ബോംബര്‍ എന്നിവയുടെ പരീക്ഷണ കേന്ദ്രമായിരുന്നു ഈ ബേസ്. ഇത് യഥാര്‍ത്ഥത്തില്‍ ആര്‍മി എയര്‍ കോര്‍പ്‌സ് പൈലറ്റുമാരുടെ ആയുധ പരീക്ഷണ കേന്ദ്രമായിരുന്നുവെന്ന് രേഖകള്‍ പറയുന്നു. ഉയര്‍ന്ന ഉയരത്തിലുള്ള U2 ചാരവിമാനവും ആയുധ സംവിധാനങ്ങളും ശീതയുദ്ധകാലത്ത് ഇവിടെ പരീക്ഷിക്കപ്പെട്ടിരുന്നു. നിഗൂഢമായ ഏരിയ-51 നെവാഡ ടെസ്റ്റ് റേഞ്ചിന്റെ ഭാഗമാണ്. യുഎഫ്ഒകളുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളുടെ കേന്ദ്രമാണിത്.

ഏരിയ-51-നെ കുറിച്ച് ആളുകള്‍ക്ക് ഇപ്പോഴും പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമല്ല. എന്തിനാണ് ഏരിയ-51 എന്ന് വിളിക്കുന്നതെന്ന് പോലും ആളുകള്‍ക്ക് അറിയില്ല. അമേരിക്കന്‍ ഗവണ്‍മെന്റ് തങ്ങളുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. 1947 ല്‍ ന്യൂ മെക്‌സിക്കോയില്‍ ഒരു അന്യഗ്രഹ പേടകം തകര്‍ന്നു വീണു. അതിലെ അന്യഗ്രഹ ജീവിയായ പൈലറ്റും ആ പേടകവും ഏരിയ 51ല്‍ പിടിച്ചുവച്ച് ഇപ്പോഴും ഗവേഷണങ്ങള്‍ നടത്തുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ അവകാശവാദം.

Story first published: Tuesday, June 4, 2024, 9:00 [IST]
X
Desktop Bottom Promotion