സൂക്ഷിക്കുക, ഈ വിനോദങ്ങള്‍ ലഹരിയായി മാറാം

By Super

നമുക്ക്‌ എല്ലാവര്‍ക്കും അവരവരുടേതായ ചില ഇഷ്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇവയില്‍ ചിലത്‌ ലഹരിയായി മാറാം.

ഇത്തരത്തില്‍ ലഹരിയായി മാറാന്‍ സാധ്യതയുള്ള 10 വിനോദങ്ങളെ പരിചയപ്പെടാം.

ഇന്റര്‍നെറ്റ്‌

ഇന്റര്‍നെറ്റ്‌

ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം നിങ്ങള്‍ക്കൊരു നേരമ്പോക്ക്‌ മാത്രമാകാം. എന്നാല്‍ മയുക്കുമരുന്ന്‌- മദ്യം ലഹരിക്ക്‌ സമാനമാണ്‌ ഇതെന്ന്‌ ചൈനയിലെ ഗവേഷകര്‍ പറയുന്നു. ഇന്റര്‍നെറ്റിനോടുള്ള ഈ അമിതഭ്രമം ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ ഡിസോഡര്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. ഈ പ്രശ്‌നം ഉള്ളവര്‍ക്ക്‌ വിടവാങ്ങല്‍ ലക്ഷണങ്ങള്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങളും ഇന്റര്‍നെറ്റ്‌ ഭ്രമത്തെ ശരിവയ്‌ക്കുന്നതാണ്‌. ഇവര്‍ക്ക്‌ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്‌തതായും റിംഗ്‌ ചെയ്‌തതായും തോന്നുക സാധാരണയാണ്‌. മെസ്സേജിന്‌ വേണ്ടിയുള്ള അമിതമായ ആകാംക്ഷയാണ്‌ ഫാന്റം വൈബ്രേഷന്‍സ്‌ എന്ന്‌ അറിയപ്പെടുന്ന ഈ തോന്നലിന്‌ കാരണമെന്നും ഗവേഷകര്‍ പറയുന്നു.

പ്രണയം

പ്രണയം

പ്രണയത്തില്‍ നിന്ന്‌ പ്രണയത്തിലേക്ക്‌ ഒഴുകി നടക്കുന്നവരെ കണ്ടിട്ടില്ലേ? ഇതും ഒരുതരം ലഹരിയാണ്‌. പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോഴും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുമ്പോഴും തലച്ചോറില്‍ നടക്കുന്ന പ്രവര്‍ത്തനം സമാനമാണെന്ന്‌ പ്രശസ്‌ത മന:ശാസ്‌ത്രജ്ഞനായ ആര്‍തര്‍ ആറോണ്‍ പറയുന്നു. അതുകൊണ്ട്‌ തന്നെ ഒരു പ്രണയം മടുക്കുമ്പോള്‍ അടുത്തതിനായി പ്രണയ രോഗികളുടെ മനസ്സ്‌ പിടയ്‌ക്കും.

പഞ്ചസാര

പഞ്ചസാര

മധുരപലഹാരങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാകില്ല. എന്നാല്‍ ഇതും ഒരു ലഹരിയായി മാറാമെന്നതാണ്‌ വസ്‌തുത. നാം മധുരപലഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഒപോയ്‌ഡ്‌സ്‌ എന്ന രാസവസ്‌തു തലച്ചോറില്‍ ഉത്‌പാദിപ്പിക്കപ്പെടും. ഇത്‌ നമ്മില്‍ സന്തോഷകരമായ അനുഭവം ഉണ്ടാക്കും. പഞ്ചസാരയും മധുരപലഹാരങ്ങളും നമുക്ക്‌ ഹരമായി മാറാനുള്ള പ്രധാന കാരണം ഒപോയ്‌ഡ്‌സ്‌ ആണ്‌. എന്നാല്‍ മദ്യം, സിഗരറ്റ്‌ എന്നിവ പോലെ അപകടകരമാണ്‌ പഞ്ചസാരയുമെന്ന്‌ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ടാറ്റുവും പിയേഴ്‌സിംഗുകളും

ടാറ്റുവും പിയേഴ്‌സിംഗുകളും

ദേഹത്ത്‌ ടാറ്റുവും പുരികത്തും മറ്റും കമ്മലുകള്‍ പോലുള്ള ആഭരണങ്ങളും അണിഞ്ഞ്‌ നടക്കുന്നത്‌ ഇപ്പോഴൊരു ട്രെന്‍ഡാണ്‌. പലരും ഒരു ടാറ്റുവും ഒരു കമ്മലും അണിഞ്ഞുകളയാം എന്നാവും ആദ്യം കരുതുക. എന്നാല്‍ ഒരുതവണ ഇവ ദേഹത്ത്‌ അണിഞ്ഞു കഴിഞ്ഞാല്‍ പിന്നെയും വേണം എന്ന തോന്നല്‍ ഉണ്ടാകും. സാവധാനം ഇതൊരു ലഹരിയായി മാറുകയും ചെയ്യും. ഇതിനെയൊക്കെ എങ്ങനെ ലഹരിയായി കരുതുമെന്ന്‌ സംശയം തോന്നാം. സംശയം വേണ്ട, പലര്‍ക്കും ഇത്‌ വലിയ ലഹരി തന്നെയാണ്‌. ടാറ്റു കുത്തുമ്പോള്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്‌തു ഉത്‌പാദിപ്പിക്കപ്പെടും. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്ന രാസവസ്‌തുവാണ്‌. അതായത്‌ ടാറ്റു കുത്തുമ്പോള്‍ ഉണ്ടാകുന്ന വേദനയോടൊപ്പം ചെറിയൊരു സുഖം കൂടി ലഭിക്കുമെന്ന്‌ ചുരുക്കം.

ജോലി

ജോലി

വാരാന്ത്യം വരുന്നതും കാത്ത്‌ ഓഫീസില്‍ പോകുന്നവരാണ്‌ നമ്മളില്‍ അധികവും. ജോലിയുടെ തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞ്‌ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന സമയമാണല്ലോ അവധി ദിവസങ്ങള്‍. എന്നാല്‍ ചിലര്‍ക്ക്‌ അവധി ദിവസങ്ങളെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും കഴിയില്ല. എപ്പോഴും ഓഫീസില്‍ ഫയലുകള്‍ക്കിടയില്‍ ഇരിക്കാനായിരിക്കും ഇത്തരക്കാര്‍ക്ക്‌ കൂടുതല്‍ ഇഷ്ടം. ജോലിയോടുള്ള ഈ അമിതഭ്രമം ആരോഗ്യത്തെയും വ്യക്തി ബന്ധങ്ങളെയും തകര്‍ക്കുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. സ്‌പെയിനില്‍ നടത്തിയ ഒരു പഠനം അനുസരിച്ച്‌ അവിടെ 100ല്‍ 12 പേര്‍ ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്ന്‌ കണ്ടെത്തി. അമിതജോലി മൂലം ജപ്പാനില്‍ വര്‍ഷം ആയിരം പേര്‍ മരിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌.

ടാനിംഗ്‌

ടാനിംഗ്‌

അമിതമായി അള്‍ട്രാ വയലറ്റ്‌ രശ്‌മികള്‍ ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട്‌ അഡിക്ഷന്‍ ബയോളജി എന്ന ജേണലില്‍ ഒരു ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. അമിതമായി വെയിലേല്‍ക്കുന്നതിലൂടെയോ ടാന്നിംഗ്‌ ബെഡ്ഡിലൂടെയോ ആണ്‌ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ അമിതമായി ശരീരത്തില്‍ പതിക്കുന്നത്‌. അമിതമായി അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ഏല്‍ക്കുന്നത്‌, മയക്കുമരുന്ന്‌ ലഹരിക്ക്‌ സമാനമാണെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. മയക്കുമരുന്നിന്‌ അടിമകളായവരുടെ തലച്ചോറില്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക്‌ സമാനമാണ്‌ അമിതമായി വെയില്‍ ഏല്‍ക്കുന്നവരുടെ തലച്ചോറില്‍ നടക്കുന്ന മാറ്റങ്ങളുമെന്ന്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ. ബൈറോണ്‍ അഡിനോഫ്‌ പറയുന്നു. ടാനോറെക്‌സിയ എന്നാണ്‌ ഈ ഭ്രമം അറിയപ്പെടുന്നത്‌. ഇത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വീഡിയോ ഗെയിം

വീഡിയോ ഗെയിം

ലോകമെമ്പാടുമുള്ള കൗമാരക്കാരുടെ ഇഷ്ട വിനോദമാണ്‌ വീഡിയോ ഗെയിം. എന്നാല്‍ ഇത്‌ കാണുന്നത്ര നിസ്സാരമല്ല. പലരിലും ഇതൊരു ലഹരിയായി മാറാം. ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നവരില്‍ 12 ശതമാനം ഇത്തരം ലഹരികള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന്‌ 2006ല്‍ ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പറയുന്നു. ചില രാജ്യങ്ങള്‍ പുതിയ ഈ ലഹരി ചികിത്സിക്കുന്നതിനുള്ള കേന്ദ്രങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഗെയിം ഭ്രമം മറ്റേതൊരു ലഹരിയും പോലെ നിങ്ങളുടെ ആരോഗ്യവും വ്യക്തി ബന്ധങ്ങളും തകര്‍ക്കും. അമിതമായ ഗെയിമിംഗിനെ തുടര്‍ന്ന്‌ ആരോഗ്യം നശിച്ച്‌ മരണത്തിന്‌ കീഴടങ്ങിയവര്‍ പോലുമുണ്ട്‌.

ഷോപ്പിംഗ്‌

ഷോപ്പിംഗ്‌

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനും സുഹൃത്തുക്കള്‍ക്കും മറ്റും നല്‍കുന്നതിനായി സമ്മാനങ്ങള്‍ വാങ്ങാനും നമ്മള്‍ ഷോപ്പിംഗ്‌ മാളുകളില്‍ പോകാറുണ്ട്‌. ഇത്‌ സര്‍വ്വസാധാരണവുമാണ്‌. എന്നാല്‍ ചിലരില്‍ ഷോപ്പിംഗ്‌ ഒരു ലഹരിയായി വളരാം. ഷോപ്പിംഗ്‌ ഭ്രമം ഒമ്‌നിയോമാനിയ എന്ന്‌ അറിയപ്പെടുന്നു. ഷോപ്പിംഗ്‌ നടത്തുമ്പോള്‍ ഇത്തരക്കാരില്‍ എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ മുതലായ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കപ്പെടും. അതുകൊണ്ട്‌ തന്നെ ഇവര്‍ക്ക്‌ ഈ സമയത്ത്‌ താത്‌ക്കാലികമായ ആനന്ദം അുഭവപ്പെടുകയും ചെയ്യും. ഇതോടെ ഷോപ്പിംഗ്‌ ഇവര്‍ക്കൊരു ഭ്രമമായി മാറും. ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന്‌ ഒളിച്ചോടാന്‍ ഷോപ്പിംഗ്‌ ആയുധമാക്കുന്നവരുണ്ട്‌. ഈ ഭ്രമം സാമ്പത്തികമായും വൈകാരികമായും നമ്മെ തകര്‍ക്കുമെന്ന കാര്യം മറക്കാതിരിക്കുക.

ലിപ്‌ ബാം

ലിപ്‌ ബാം

മദ്യം, സിഗരറ്റ്‌ എന്നിവയുടെ അമിത ഉപയോഗം പോലെ അല്ലെങ്കിലും ലിപ്‌ ബാം ഉപയോഗം കാലക്രമേണ ഒഴിവാക്കാനാകാത്ത ശീലമായി മാറാം. വരണ്ട ചുണ്ടുകള്‍ക്ക്‌ താത്‌ക്കാലികമായി ഈര്‍പ്പം നല്‍കാന്‍ ലിപ്‌ ബാമിന്‌ കഴിയും. എന്നാല്‍ സ്വാഭാവികമായി ചുണ്ടുകളില്‍ ഈര്‍പ്പം ഉണ്ടാകുന്നതിനെ ഇത്‌ തടയും. ഇതോടെ ചുണ്ടുകളുടെ ഈര്‍പ്പം നിലനിര്‍ത്താനായി ലിപ്‌ ബാമിനെ ആശ്രയിക്കേണ്ട സ്ഥിതി വരും. ആരോഗ്യത്തിന്‌ ഭീഷണി ഉയര്‍ത്തുന്ന ഒരു ശീലമല്ലെങ്കില്‍ പോലും ഇതൊരു വലിയ പ്രശ്‌നമായി മാറികൊണ്ടിരിക്കുകയാണെന്ന്‌ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു.

സംഗീതം

സംഗീതം

ഇഷ്ടപ്പെട്ട പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നത്‌ ലഹരിയാണോ? ആണെന്നാണ്‌ മക്‌ഗില്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്‌. പ്രിയപ്പെട്ട പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഡോപാമൈന്‍ ഉത്‌പാദിപ്പിക്കപ്പെടും. മയക്കുമരുന്നുകള്‍, ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ എന്നിവ കഴിക്കുമ്പോഴാണ്‌ സാധാരണഗതിയില്‍ ഡോപാമൈന്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഈ ഡോപാമൈനാണ്‌ ഇഷ്ടപ്പെട്ട പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

X
Desktop Bottom Promotion