For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കരുത്തിന്റെ പ്രതീകം ഈ വീരപുത്രി

By Shabnam Aarif
|

ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വനിതയുടെ ജീവിതം ഒരു മാതൃകയാണ്‌; സ്‌ത്രീകള്‍ക്ക്‌ മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും. അവരുടെ ജീവിതം മുഴുവന്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. മരണത്തിലും അവര്‍ ആ ശീലം തുടര്‍ന്നു. മരിച്ച ഉടനെ അവരുടെകണ്ണുകള്‍ ദാനം ചെയ്‌തു. ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ ആഗ്രഹപ്രകാരം മൃതദേഹം കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനായി വിട്ടുകൊടുക്കും.

Captain Lakshmi

മലയാളി അടിവേരുകളുള്ള ലക്ഷ്‌മി 1914 ഒക്ടോബര്‍ 24ന്‌ പഴയ മദിരാശിയില്‍ ആണ്‌ ജനിച്ചത്‌. സ്വാതന്ത്ര്യ സമര സേനാനിയും എംഎല്‍എയും എംപിയുമെല്ലാം ആയിരുന്ന അമ്മു സ്വാമിനാഥന്റെ മകളാണ്‌ ലക്ഷ്‌മി. പിതാവ്‌ പ്രശസ്‌ത്‌ അഭിഭാഷകനായിരുന്ന ഡോ. എസ്‌ സ്വാമിനാഥന്‍.

പാവപ്പെട്ടവര്‍ക്കായി ആതുരസേവനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്‌ തന്റെ ജീവിത വഴിയായി വൈദ്യശാസ്‌ത്രം തിരഞ്ഞെടുക്കുന്നത്‌. ഉപരിപഠനത്തിനാണ്‌ ഡോ. ലക്ഷ്‌മി 1940ല്‍ സിങ്കപ്പൂരില്‍ എത്തിയത്‌. അവിടെ പാവപ്പെട്ടവര്‍ക്കായി ക്ലിനിക്ക്‌ തുറന്നാണ്‌ അവര്‍ ആതുരസേവനം തുടങ്ങുന്നത്‌. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കാണ്‌ അന്ന്‌ ഡോ.ലക്ഷ്‌മിയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെട്ടത്‌.

1942ല്‍ ജപ്പാന്‍ സിംഗപ്പൂരിനെ ബ്രിട്ടനില്‍ നിന്നും പിടിച്ചടക്കിയപ്പോള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിച്ച ഡോക്ടര്‍ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ പിടിയിലായി കുറച്ച്‌ കാലം തടവില്‍ കിടന്നു. 1943ലെ സുഭാഷ്‌ ചന്ദ്രബോസിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം ലക്ഷ്‌മിയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിലെത്തിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഒരു വനിതാ സേന രൂപികരിക്കുന്നതിനെ കുറിച്ച്‌ നേതാജി ആലോചിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്‌. ഝാന്‍സി റാണി റെജിമെന്റ്‌ എന്നറിയപ്പെട്ട ഈ വനിതാ സേനയുടെ നായക സ്ഥാനത്തേക്ക്‌ അദ്ദേഹം തിരഞ്ഞെടുത്തത്‌ ഈ പൊന്നാനിക്കാരിയെയായിരുന്നു.

അതോടെ ഡോക്ടര്‍ ലക്ഷ്‌മി ക്യാപ്‌റ്റന്‍ ലക്ഷ്‌മിയായി. വനിതകള്‍ മാത്രമായി ഇങ്ങനെയൊരു സേന ഏഷ്യയില്‍ തന്നെ അതാദ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ അച്ചുതണ്ട്‌ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന്‌ ബ്രിട്ടീഷ്‌ സേനയ്‌ക്കെതിരെ യുദ്ധം ചെയ്‌തിട്ടുണ്ട്‌ ക്യാപ്‌റ്റന്റെ നേതൃത്വത്തില്‍ ഈ വനിതാ ശക്തി.

1947ല്‍ ഐഎന്‍എയില്‍ തന്റെ സഹപ്രവര്‍ത്തകനായ പ്രേം കുമാര്‍ സെഗളിനെ വിവാഹം കഴിച്ച ക്യാപ്‌റ്റന്‍ കാണ്‍പൂരിലെ സാധാരണക്കാര്‍ക്കിടയില്‍ ആതുരസേവനത്തില്‍ ഏര്‍പ്പെട്ടു. പതിയെ ഇടുതുപക്ഷ രാഷ്ട്രീയ ആശയങ്ങളോട്‌ അടുത്ത ക്യാപ്‌റ്റന്‍ 1971ല്‍ സിപിഎം അംഗമായി.

പാര്‍ട്ടിയെ പ്രതിനിധാകരിച്ച്‌ രാജ്യസഭാംഗമാവുകയും ചെയ്‌തു. 2002ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ എപിജെ അബ്ദുല്‍ കലാമിനെതിരായി ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.

മരിണമടയുന്നതിന്റെ കുറച്ചു നാളുകള്‍ക്ക്‌ മുമ്പുവരെ കാണ്‍പൂരിലെ പാവപ്പെട്ടവരെ ചികിത്സിച്ച്‌, ഒരു ആശ്വാസവും തണലുമായി അവര്‍ക്കിടയില്‍ത്തന്നെ ഉണ്ടായിരുന്നു അവരുടെ പ്രിയപ്പെട്ട മമ്മീജി.

തന്റെ നീണ്ട 97 വര്‍ഷത്തെ ജീവിതത്തിലെ ഓരോ മിടിപ്പും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സമര്‍പ്പിച്ച ഈ ധീര, വിപ്ലവ വനിതയുടെ ജീവ ചരിത്രം നമുക്കോരോരുത്തര്‍ക്കും കരുത്തു പകരട്ടെ.

English summary

Captain Lakshmi, Woman, Social Service, CPM, Symbol, Womanood, ക്യാപ്‌റ്റന്‍ ലക്ഷ്‌മി, സ്‌ത്രീ, സാമൂഹ്യസേവനം, സിപിഎം, പ്രതീകം, പെണ്‍കരുത്ത്‌

Captain Lakshmi's life is a role model, not only to women but also to every human being.
X
Desktop Bottom Promotion