For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

By ടീന തോമസ്‌
|

Rape
പിച്ചവയ്ക്കുന്ന പ്രായം,കൊച്ചരിപ്പല്ല് മുളയ്ക്കുന്ന പ്രായം, കൊഞ്ചിച്ചിരിക്കുന്ന പ്രായം, പറയാന്‍ പഠിക്കുന്ന പ്രായം. ഈ പ്രായത്തിലാണ് അവള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടത്, ആരുടെയോ കയ്യില്‍ എത്തപ്പെട്ടത്, ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്, മരണത്തിന് വഴിപ്പെട്ടത്. ഫലക് വെറുമൊരു പെണ്‍കുഞ്ഞ് മാത്രമായിരുന്നു. ചോരയും നീരുമുള്ള പെണ്‍കുഞ്ഞ്, ഉറക്കെ കരയാന്‍ മാത്രം അറിയുന്ന പെണ്‍കുഞ്ഞ്, തെളിമയും വെണ്മയും ഉള്ള പെണ്‍കുഞ്ഞ്, സംരക്ഷിക്കാന്‍ ആരുമില്ലാതിരുന്ന പെണ്‍കുഞ്ഞ്, ആരൊക്കെയോ ചേര്‍ന്ന് ആക്രമിച്ച പെണ്‍കുഞ്ഞ്! കഴുകന്‍കണ്ണുകള്‍ തന്റെ മേലെ പതിച്ചപ്പോള്‍ മഞ്ഞിന്റെ ശോഭയോടെ അവള്‍ മോണകാട്ടി ചിരിച്ചിട്ടുണ്ടാവണം, കൂര്‍ത്തനഖങ്ങള്‍ ആഴ്ന്നിറങ്ങിയപ്പോള്‍ അവള്‍ വാവിട്ട് കരഞ്ഞിട്ടുണ്ടാവണം, ക്രൂര ധംഷ്ട്രകള്‍ കടിച്ചമര്‍ത്തിയപ്പോള്‍ അവളുടെ കുഞ്ഞിപ്പല്ലുകള്‍ തരിച്ചിട്ടുണ്ടാവണം, മരണത്തെ മുന്നില്‍ കണ്ടപ്പോള്‍ മുലപ്പാലിനായി ദാഹിച്ചിട്ടുണ്ടാവണം. ഫലക് പോയി, ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായി, വാര്‍ത്തയില്‍ മറ്റൊരു ബലിമൃഗമായി...

പതിനഞ്ചു വയസ്സ് വരെ അവള്‍ അച്ഛന്റെ കൂടെയായിരുന്നു, പേടിപ്പെടുത്തുന്ന അച്ഛന്റെ കൂടെ, ദ്രോഹിച്ചിരുന്ന അച്ഛന്റെ കൂടെ, പീഡിപ്പിച്ച അച്ഛന്റെ കൂടെ. ഒടുവില്‍ അവള്‍ ഓടി... അവളുടെ മോഹം, അവളുടെ മാനം, അവളുടെ ദേഹം ഒക്കെയും വില്‍ക്കപ്പെട്ടു. പഠിക്കേണ്ട പ്രായത്തില്‍, വളരുന്ന പ്രായത്തില്‍, കൗമാര പ്രായത്തില്‍ എണ്ണമറിയാത്ത തവണകള്‍, ഓര്‍ത്തെടുക്കാനാവാത്ത മുഖങ്ങള്‍! ജീവിതം വഴിമുട്ടിനിന്ന പതിനഞ്ചുകാരിയുടെ കൈകളില്‍ എങ്ങുനിന്നോ എത്തപ്പെട്ടത് രണ്ടു വയസ്സുകാരി, വാര്‍ത്തയാവുന്നതിനു തൊട്ടുമുന്‍പ് വരെ ഫലക് ഈ കൈകളില്‍ ആയിരുന്നു.

ഇരുപത്തിരണ്ടു വയസ്സിനുള്ളില്‍ അവള്‍ മൂന്നു കുരുന്നുകള്‍ക്ക് അമ്മയായി, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍. മൂവരെയും വിറ്റു കളയിപ്പിച്ചു ജന്മം കൊടുത്തവന്‍, താലി കെട്ടിയവന്‍, സിന്ദൂരം അണിയിച്ചവന്‍, സാക്ഷാല്‍ പതിപരമേശ്വരന്‍! അവന്‍ അവളെയും വിറ്റു, വീണ്ടും വീണ്ടും അവള്‍ വില്‍ക്കപ്പെട്ടു. ഒടുവിലായി അവള്‍ അറിഞ്ഞു തന്റെ പിഞ്ചോമനയും തന്നെപോലെ ദുഷ്ടകരങ്ങളില്‍ ഞെരിഞ്ഞമര്‍ന്നെന്ന്... ഫലക് ഇല്ലാതായെന്ന്!

'പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവ്വനെ
പുത്രാ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി '

ബോധം കാമത്തിന് വഴിമാറിയപ്പോള്‍ കാട്ടിക്കൂട്ടിയ ഈ നീചകൃത്യം ഏതു ബുദ്ധിഭ്രമത്തിന്റെ ആനുകൂല്യമാണ് അര്‍ഹിക്കുന്നത്? ഏതു വിവേകശൂന്യതയുടെ ഔദാര്യമാണ് കാംഷിക്കുന്നത്? വിശപ്പിന്റെ വിളിയില്‍, ചപ്പുചവറുകള്‍ക്കിടയില്‍ നിന്നും മനുഷ്യക്കുഞ്ഞുങ്ങളെ കടിച്ചുകീറുന്ന തെരുവുനായ്ക്കള്‍ എത്ര മടങ്ങ് ഭേദം? സ്വന്തം മക്കളില്‍ ചെറുമക്കള്‍ക്ക് ജന്മം കൊടുക്കുന്ന ബുദ്ധിശൂന്യരായ നാല്‍ക്കാലികള്‍ എത്രയോ ശ്രേഷ്ഠര്‍?

ഉപേക്ഷിച്ചു കളഞ്ഞ അച്ഛനോട് അവള്‍ക്ക് പരിഭവമുണ്ടായിരുന്നിരിക്കുമോ? നീറിനോവുന്ന ഹതഭാഗ്യയായ അമ്മയോട് സഹതാപമുണ്ടായിരുന്നിരിക്കുമോ? ആശുപത്രികിടക്കയില്‍ എത്തിച്ച ചേച്ചിയോട് നന്ദി തോന്നിയിരിക്കുമോ? കടിച്ചു നോവിച്ച മനുഷ്യനോട് വെറുപ്പ് തോന്നിയിട്ടുണ്ടാവുമോ? ഈ നിന്ദ്യലോകത്ത് പെണ്ണായി പിറന്നു പോയതിനു സ്വയം ശപിച്ചിട്ടുണ്ടാവുമോ?

നീതി യാചിച്ച് നിയമപീഠത്തിനു മുന്പിലെത്താന്‍ അവളിന്നില്ല, അവള്‍ക്കായി സംസാരിക്കാന്‍ വക്കീലുമാരുമില്ല. എങ്കിലും, പറന്നുയരും മുന്‍പേ ചിറകറ്റു പോയ പിഞ്ചുബാല്യത്തിന്റെ തേങ്ങലുകള്‍ക്കു മറുപടിയായി അവളെ നോവിച്ചവര്‍ക്ക് മരണശിക്ഷ നല്‍കി നിയമക്കൂട് കനിഞ്ഞാല്‍, അടയ്ക്കപ്പെട്ട മുറിയില്‍ അനുവാദമില്ലാതെ ശരീരം അപഹരിക്കപെടുന്ന ഒരു സ്ത്രീ എങ്കിലും ഇതിനാല്‍ മോചിതയായാല്‍, സ്ത്രീ ശരീരത്തെ മാംസപിണ്ഡമായി മാത്രം കണ്ട് വിറ്റു കാശാക്കുന്ന കാമജീവികളില്‍ ഒന്നിന് മനസ്താപമുണ്ടായാല്‍... ദൂരെയേതോ ലോകത്ത്, കാണാത്തൊരു മാനത്ത്, കുഞ്ഞിളം പല്ല്കാട്ടി ചിരിക്കുന്ന ഒരു മാലാഖക്കുഞ്ഞുണ്ടാവും, വ്രണങ്ങളുടെ നോവറിയാതെ, ജീവിച്ചു കൊതിതീരാതെ, നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു കുരുന്നു മാലാഖ...


'പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവ്വനെ
പുത്രാ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി '

സാക്ഷരതയുടെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചിട്ടില്ലാത്ത കാലത്ത് പോലും മനുഷ്യര്‍ സ്ത്രീകളെ ഇത്ര നികൃഷ്ടരായി കണ്ടിരുന്നില്ല, കുഞ്ഞുങ്ങളെ ചൂഷണം ചെയ്തിരുന്നുമില്ല. അറിവിന്റെ ഹിമാലയസാനുക്കളേറി അഹങ്കരിച്ചു നില്‍ക്കുന്ന പുതിയ മാനവന്‍ കാട്ടുന്ന ഈ തോന്ന്യാസങ്ങള്‍ക്ക് എന്താണ് ശിക്ഷ? ആരാണ് ശിക്ഷ നടപ്പാക്കുന്നവന്‍?

എവിടെയാണ് ഇന്ന് സ്ത്രീ സുരക്ഷിത? പൊതുനിരത്തില്‍? സ്വഗൃഹത്തില്‍? ആരാണ് അവളുടെ സംരക്ഷകന്‍? നിയമപാലകന്‍? സാമൂഹ്യപ്രവര്‍ത്തകന്‍? ഈശ്വരതുല്യന്‍ പതി? ജന്മം കൊടുത്ത താതന്‍?

'പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവ്വനെ
പുത്രാ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി '

English summary

Falak, Baby, Woman, Exploitation, Man, ഫലക്, കുഞ്ഞ്, സ്ത്രീ, ചൂഷണം, പുരുഷന്‍

Falak, the two-year-old battered baby girl, who had to undergo five painful surgeries,and fought against all odds for nearly two-months, finally lost the battle for life and passed away after she suffered a cardiac arrest on Thursday night
Story first published: Friday, March 30, 2012, 12:25 [IST]
X
Desktop Bottom Promotion