For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടുവേല ഒരു തൊഴിലല്ലേ?

By Lakshmi
|

Women
ദില്ലി: കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച ജോലിസ്ഥലത്തെ ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് അറ്റ് വര്‍ക്ക് പ്ലേസ് 2010 എന്ന ബില്ലിനെതിരെ പരാതി ഉയരുന്നു.

ബില്ലിന്റെ പരിധിയില്‍ ഗാര്‍ഹിക ജോലിചെയ്യുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് പരാതിയുടെ അടിസ്ഥാനം.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്ത് ആണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചത്. എന്നാല്‍, 2ജി അഴിമതിയെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം നടക്കുന്ന സമയത്ത് ബില്ല് കൊണ്ടുവന്നതിലൂടെ സുപ്രധാന ബില്ലിന്‍മേലുള്ള ചര്‍ച്ച നിഷേധിക്കാനാണ് ഭരണകക്ഷിയുടെ ശ്രമമെന്ന് ബിജെപി കുറ്റപ്പെടുത്തി.

ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകാവുന്ന ലൈംഗികാതിക്രമങ്ങളെ തടയുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ബില്ലിന് രൂപം കൊടുത്തിട്ടുള്ളത്. ലൈംഗിക ബന്ധം നടത്താനുള്ള ലക്ഷ്യത്തോടെ സ്ത്രീകള്‍ക്ക് തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതും സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയുമെന്ന ഭീഷണി മുഴക്കുന്നതും പീഡനത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും ജോലിക്കാര്‍ക്ക് പുറമെ അവിടെയെത്തുന്ന വിദ്യാര്‍ത്ഥിനികള്‍, ഗവേഷകര്‍, അപ്രന്റീസുകള്‍, സന്ദര്‍ശകര്‍, മറ്റുസ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതാണ് ബില്ല്.

സ്വന്തം സ്ഥാപനങ്ങളില്‍ നിയമം നടപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്നും പത്തില്‍ കൂടുതല്‍ വനിതാ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ പറയുന്നു. ഇത് അനുസരിക്കാത്ത തൊഴിലുടമകള്‍ക്ക് 50,000 രൂപ വരെ പിഴ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.

അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. എന്നാല്‍ ബില്ലില്‍ ഗാര്‍ഹിക തൊഴിലാളികളെ ഉള്‍പ്പെടുത്താത്തതിനാല്‍ ഇതിന്റെ ആനകൂല്യം ഇവര്‍ക്ക് ലഭ്യമാകില്ല.

2010ല്‍ ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ കരട് ബില്ലില്‍ ഗാര്‍ഹിക തൊഴിലാളികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ക്യാബിനറ്റ് പാസ്സാക്കിയ കരട് ബില്ലില്‍ ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കി.

ജോലി സ്ഥലത്ത് ലൈംഗിക പീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ഒരു നിയമം നിലവില്‍ വരുമ്പോള്‍ അതിന്റെ പരിധിയില്‍ നിന്നും ഒരു വലിയ വിഭാഗം സ്ത്രീകളെ ഒഴിവാക്കിനിര്‍ത്തുന്നത് അനീതിയാകുമെന്നാണു വിമര്‍ശനം.

English summary

Sexual Harassment at Work place, Sexual Harassment, Domestic Workers, Parliament, Women, സ്ത്രീ, തൊഴില്‍, പീഡനം, ലൈംഗിക പീഡനം, നിയമം, പാര്‍ലമെന്റ്, ദില്ലി

The Government introduced the much-awaited and much debated Protection of Women Against Sexual Harassment at Work Place Bill in the Lok Sabha to ensure a safe working environment for every woman, fixing the responsibility on the employer and district authorities. But The legislation, however, excludes the domestic workers from its purview.
Story first published: Wednesday, December 8, 2010, 15:13 [IST]
X
Desktop Bottom Promotion