For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണുകാണലിനിടെ കള്ളത്തരം വേണ്ട

By Lakshmi
|

Wedding
പെണ്ണുകാണാന്‍ ചെല്ലുമ്പോഴാണ് ചിലരുടെയൊക്കെ കള്ളസ്വഭാവം വെളിയില്‍ച്ചാടാറുള്ളത് വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം കള്ളം പറഞ്ഞ് പെണ്‍വീട്ടുകാരെ കണ്ണുതള്ളിച്ച് കുഴിയില്‍ച്ചാടിക്കുന്ന വിരുതന്മാര്‍ കുറവല്ല.

സര്‍ക്കാര്‍ ജോലിയായാലും, സ്വകാര്യ കമ്പനിയിലെ ജോലിയായാലും പദവിയും ശംബളവുമെല്ലാം പെരുപ്പിച്ചാണ് പലരും തട്ടിവിടാറുള്ളത്. എന്നാല്‍ ഇനിയുള്ള കാലം ഈ കളി നടക്കില്ലെന്നാണ് പറഞ്ഞുവരുന്നത്.

പ്രത്യേകിച്ചും ഇത്തരത്തില്‍ കള്ളത്തരങ്ങള്‍ തട്ടിവിട്ട് കല്യാണം നടത്തുന്നത് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ തീര്‍ന്നുവെന്ന് പറഞ്ഞാല്‍ മതി, നിങ്ങളുടെ യഥാര്‍ത്ഥ ജോലി ഇതല്ലേ എന്ന ചോദ്യവും അതിന്റെ രേഖകളുമായി പെണ്‍വീട്ടുകാര്‍ വന്ന് തല്ലാനോങ്ങുമ്പോള്‍ മാത്രമായിരിക്കും പറഞ്ഞുപോയ കള്ളത്തരത്തെക്കുറിച്ച് കുണ്ഠിതപ്പെടുക.

വിവരാവകാശനിയമമാണ് ഇത്തരം കള്ളത്തരങ്ങള്‍ക്ക് തടയിടുന്നത്. ആര് ആവശ്യപ്പെട്ടാലും സര്‍്ക്കാര്‍ വകുപ്പില്‍ ജോലിചെയ്യുന്ന ഒരാളുടെ വിദ്യാഭ്യാസം, ശംബളം തുടങ്ങിയ കാര്യങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കും.

രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സാമുഹ്യപ്രവര്‍ത്തകരുമൊക്കെയാണ് സാധാരണയായി ഈ നിയമത്തിന്റെ സൗകര്യം ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ശക്തി തിരിച്ചറിഞ്ഞ സാധാരണക്കാരും ഇതുപയോഗിച്ച് തുടങ്ങിയിരിക്കുകയാണ്.

വരന്റെ അല്ലെങ്കില്‍ വധുവിന്റെ ജോലി സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വേണ്ടി ഇത്തരം അന്വേഷണങ്ങള്‍ നടക്കുന്നത് ഇപ്പോള്‍ വ്യാപകമാവുകയാണ്. കൂടുതലായും പെണ്‍കുട്ടികളുടെ വീട്ടുകാരാണ് ഈ ആവശ്യമുന്നയിച്ച് അപേക്ഷ നല്‍കുന്നത്്.

ഇത്തരത്തിലുള്ള ഏറ്റവുമധികം അന്വേഷണം വരുന്നത് റെയില്‍വേ ജീവനക്കാരെക്കുറിച്ചാണത്രേ. തസ്തിക, ജോലിയുടെ സ്വഭാവം, ശമ്പളം, സെക്യൂരിറ്റി ഡപ്പോസിറ്റ് തുക, പ്രൊവിഡന്റ് ഫണ്ടിന്റെ വിശദവിവരങ്ങള്‍, സര്‍വീസ് റെക്കോര്‍ഡ് എന്നിവയെക്കുറിച്ചാണ് അന്വേഷണങ്ങള്‍ ഏറെയും.

ജോലിക്കു നല്‍കിയ അപേക്ഷാഫോറത്തില്‍ മാരീഡ് എന്നാണോ സിംഗിള്‍ എന്നാണോ ചേര്‍ത്തിരിക്കുന്നത് എന്നുപോലും ചില മാതാപിതാക്കള്‍ വരനെക്കുറിച്ച് ചോദിക്കുന്നുണ്ടെന്ന് റെയില്‍വേ വക്താവ് അനുജ്ദയാല പറയുന്നു.

എന്നാല്‍ ജീവനക്കാരന്റെ സമ്മതമില്ലാതെ തങ്ങള്‍ അയാളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പക്ഷേ, ജീവനക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അയാളുടെ സമ്മതമാവശ്യമില്ലെന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി പറയുന്നത്.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള സര്‍വീസ് വിവരങ്ങള്‍ അയാളുടെ വ്യക്തിപരമായകാര്യമല്ല. അത് ചോദിച്ചറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ശമ്പളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ നിയമാനുസൃതം അപേക്ഷിച്ചാല്‍ നല്‍കാന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ബാധ്യസ്ഥരാണെന്നും ശൈലേഷ് ഗാന്ധി പറയുന്നു.

Story first published: Wednesday, May 26, 2010, 15:27 [IST]
X
Desktop Bottom Promotion