For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലമ്പൂര്‍ സ്ത്രീധനത്തെ നാടുകടത്തി

By Lakshmi
|

Marriage
ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തീര്‍ത്തും വ്യത്യസ്തരായ ഒരു സമൂഹമായി മാറുകയാണ് നിലമ്പൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍.

മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് സ്ത്രീധനമില്ലാതെ വിവാഹം എന്നത് പതുവേ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ തീര്‍ത്തും ദരിദ്രരായ മാതാപിതാക്കളും അവരുടെ പെണ്‍കുട്ടികളും കാണുന്ന ഒരു സ്വപ്‌നം മാത്രമാണ്. സ്ത്രീധനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടുമ്പോഴും കേരളത്തില്‍, പ്രത്യേകിച്ചും മലപ്പുറം പോലുള്ള ജില്ലകളില്‍ സ്ത്രീധനം വാങ്ങുന്നവരുടെയും നല്‍കുന്നവരുടെയും എണ്ണം കൂടിവരുകയാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇനി നിലമ്പൂര്‍കാര്‍ക്ക് ഒറ്റ തീരുമാനമേയുള്ള സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യാതിരിക്കുക. ഈ തീരുമാനം നടപ്പാക്കാന്‍ വേണ്ടി അവര്‍ കണ്ടെത്തിയ ദിവസമാകട്ടെ വനിതാ ദിനമായ മാര്‍ച്ച് എട്ടാം തിയതി.

ധീരമായ ഈ തീരമാനത്തോടെ രാജ്യത്തെ ആദ്യത്തെ സ്ത്രീധനവിമുക്ത പഞ്ചായത്ത് ആവുകയാണ് നിലമ്പൂര്‍. സ്ത്രീധനം വാങ്ങാതെയും നല്‍കാതെയും വിവാഹം എളുപ്പമാക്കാനായി ഇവര്‍ ഒരു വെബ് സൈറ്റും തയ്യാറാക്കിക്കഴിഞ്ഞു.

ഇതിന്റെ ഔദ്യോഗിക ഉത്ഘാടനം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച വൈകീട്ട് നിര്‍വ്വഹിക്കും. നിലമ്പൂരിലെ സ്ത്രീധന വിമുക്തമാക്കാനും സ്ത്രീധനമില്ലാത്ത വിവാഹങ്ങള്‍ സുഗമമാക്കാനും വേണ്ടിയുള്ള പ്രവര്ത്തനം കഴിഞ്ഞവര്‍ഷം തന്നെ തുടങ്ങിയതാണെന്ന് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സംവിധായകനുമായ ആര്യാടന്‍ ഷൗക്കത്ത് പറയുന്നു.

ഇവിടത്തെ 85ശതമാനം വിവാഹങ്ങളും സ്ത്രീധനം നല്‍കിയാണ് നടക്കുന്നത്. 2009 ജനുവരിമുതലാണ് ഇതനെതിരെയുള്ള കാംപെയിന്‍ തുടങ്ങിയത്. ഇപ്പോള്‍ 85ശതമാനമെന്നത് 40ശതമാനം എന്നായി കുറഞ്ഞിട്ടുണ്ട്. സ്ത്രീധന വിമുക്ത വിവാഹത്തിനായി തയ്യാറാക്കിയ വെബ്‌സൈറ്റില്‍ ഇപ്പോള്‍ത്തന്നെ 1600 യുവതീയുവാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്- ഷൗക്കത്ത് പറയുന്നു.

മെയ് മാസത്തില്‍ സ്ത്രീധനവിമുക്തമായ ഒരു സമൂഹവിവാഹം നടത്താനും പഞ്ചായത്ത് തീരുമാനിച്ചു. എവിടെയും സ്ത്രീധനം വാങ്ങുന്നും നല്‍കുന്നുമില്ലെന്നും ഉറപ്പാക്കാന്‍ ഒരു മോണിറ്ററിങ് കമ്മിറ്റിയെയും പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് നടപ്പിലാക്കിയ ഒരു ഭവനനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍വ്വേയിലാണ് സ്ത്രീധനത്തിന്റെ ഏറ്റവു മോശമായ വശം പുറത്തുവന്നത്. പല കുടുംബങ്ങളും പെണ്‍കുട്ടികളെ വിവാഹം ചെയ്തുവിടാനായി സ്വന്തമായുള്ള വീടും പുരയിടവും വില്‍ക്കുകയാണ് ചെയ്യുന്നത്.

പ്രതിവര്‍ഷം ഇത്തരത്തില്‍ നൂറോളം പാവപ്പെട്ടവര്‍ക്കാണത്രേ വീട് നഷ്ടമാകുന്നത്. സര്‍വ്വേ നടക്കുന്ന സമയത്ത് ഒരു മാസത്തിനുള്ളില്‍ വന്‍ സ്ത്രീധനം നല്‍കി 60 വിവാഹങ്ങളാണത്രേ പഞ്ചായത്തില്‍ നടന്നത്, ഇതില്‍ ഭൂരിഭാഗവും 3.5 ലക്ഷത്തോളം ചെലവഴിച്ച് നടത്തിയവയായിരുന്നു.

എന്തായാലും സ്ത്രീധനമെന്ന പൈശാചികത്വത്തെ പടിയടച്ച് പിണ്ഡം വയ്ക്കാന്‍ നിലമ്പൂര്‍ പഞ്ചായത്തുകാര്‍ മനസുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെ നിലമ്പൂര്‍ ഔദ്യോഗികമായി സ്ത്രീധനമുക്ത പഞ്ചായത്ത് ആയി മാറും.

Story first published: Tuesday, March 9, 2010, 14:47 [IST]
X
Desktop Bottom Promotion