For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നോട്ടം? മടിക്കേണ്ട എസ്എംഎസ് ചെയ്യൂ

By Lakshmi
|

Girls
വായ്‌നോട്ടക്കാര്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് കേരളം. തുണിയുരിക്കുന്ന രീതിയില്‍ പെണ്ണുങ്ങളെ നോക്കുകയും പറ്റിയാല്‍ തൊടുകയും പിച്ചുകയും ചെയ്യുന്നവരും എല്ലാമുണ്ട് ചുറ്റിലും.

ബസിലായാലും റയില്‍വേസ്റ്റേഷനിലായാലും ഇത്തരക്കാരുടെ ശല്യം അനുദിനം ഏറിവരുകയാണ്. വായ്‌നോട്ടക്കാരില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാനായി ഇതാ വനിതാ കമ്മീഷന്റെ ഒരു നൂതന വിദ്യ.

സ്ത്രീകളുടെ സഹായത്തിനായി ഒരു എസ്എംഎസ് പരാതി സംവിധാനത്തിന് രൂപം കൊടുക്കുകയാണ് കമ്മീഷന്‍. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും മൊബൈലില്‍ നിന്നും ചുരുങ്ങിയവാക്കുകള്‍ എസ്എംഎസ് അയച്ചാല്‍മതി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്നും പരാതിക്കാരിയ്ക്ക് ഉടന്‍ സഹായം ലഭിയ്ക്കും.

വനിത എന്ന് ഇംഗ്ലീഷില്‍ എഴുതി സ്‌പേസ് ഇട്ടശേഷം പരാതി എന്താണെന്ന് ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേയ്ക്ക് അയച്ചാല്‍ മതി. പരാതി ഉടന്‍തന്നെ വനിതാ കമ്മീഷന്റെ കേന്ദ്രഓഫീസിലെ പ്രധാന സെര്‍വറിലേയ്ക്കും ചെയര്‍മാന്റെ മൊബൈല്‍ ഫോണിലേയ്ക്കും ഒപ്പം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ മൊബൈലിലേയ്ക്കും പറക്കും.

എവിടെയാണോ പരാതിക്കാരി നില്‍ക്കുന്നത് അവിടേക്ക് സഹായവുമായി പൊലീസ് പറന്നെത്തും. മാര്‍ച്ച് മാസം പകുതിയോടെ പദ്ധതി നടപ്പാക്കാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. രണ്ടുരൂപയാണ് സന്ദേശം അയക്കാന്‍ പരാതിക്കാര്‍ ചെലവാക്കേണ്ടത്.

ഇതുകൂടാതെ കേസിന്റെ വിവരങ്ങള്‍ നേരത്തേ അറിയുന്നതിനും ഓണ്‍ലൈന്‍ വഴി പരാതി നല്‍കുന്നതിനുമെല്ലാം ഉടന്‍തന്നെ സൗകര്യങ്ങള്‍ നിലവില്‍വരും. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം സമൂഹത്തിലെ എല്ലാതലങ്ങളിലുമുള്ളവര്‍ക്ക് പ്രാപ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ നടപ്പാക്കുന്നത്.

Story first published: Tuesday, March 2, 2010, 15:47 [IST]
X
Desktop Bottom Promotion