For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ക്ക് ദില്ലിയൊരു പേടിസ്വപ്നം

By Staff
|

Women Fear Sexual Harassment
ദില്ലി: സ്ത്രീകള്‍ക്ക് രാജ്യതലസ്ഥാനമായ ദില്ലി നഗരം പേടിസ്വപ്‌നമാകുന്നതായി പഠനറിപ്പോര്‍ട്ട്. അടുത്തിടെ ഒരു എന്‍ജിഒ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.

സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 96ശതമാനം സ്ത്രീകളും ദില്ലി നഗരത്തിലെ ചതിക്കുഴികളെ ഭയപ്പെടുന്നവരാണ്. സെന്റര്‍ ഫോര്‍ എക്വിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ എന്ന എന്‍ജിഒ ആണ് ദില്ലിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന പദ്ധതിയുടെ ഭാഗമായി സര്‍വ്വേ നടത്തിയത്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 82 ശതാനം സ്ത്രീകളും പറഞ്ഞത് ദില്ലിയില്‍ ബസ് യാത്രയാണ് ഒട്ടും സുരക്ഷിതത്വമില്ലാത്തതെന്നാണ്. ദില്ലി നഗരത്തില്‍ തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീതിയുമായാണ് സ്ത്രീകള്‍ സഞ്ചരിക്കുന്നത്.

പത്ത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് ലൈംഗികപീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇരകളാവാന്‍ സാധ്യതയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 60ശതമാനം പേരും കരുതുന്നു. പൊതുസ്ഥലത്ത് നിന്നും പീഡനമേല്‍ക്കേണ്ടിവന്നാല്‍ കൂടെയുള്ളവരില്‍ നിന്നും യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് 84ശതമാനം പേരും പറഞ്ഞത്.

പീഡനത്തിനിരയായാല്‍ പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന് 19ശതമാനം പേര്‍മാത്രമേ കരുതുന്നുള്ളു. നീതിന്യായവ്യവസ്ഥ പോലും തങ്ങള്‍ക്കെതിരാണെന്ന തീര്‍ത്തും അരക്ഷിതമായ ചിന്തകളാണ് തലസ്ഥാനത്തെ സംഭവങ്ങല്‍ സ്ത്രീകളില്‍ വളര്‍ത്തുന്നത്.

ദില്ലിയില്‍ ലൈംഗിക പീഡനം സാധാരണമാണെന്നും അതിന് സാമ്പത്തിക നിലയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നും എന്‍ജിഒ ഡയറക്ടര്‍ ലോറ പ്രഭു പറയുന്നു. ഇവിടെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ക്ക് സുരക്ഷിതത്വബോധമില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം 12നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു. റേഡിയോ ടിവി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും പോസ്റ്ററുകള്‍ സ്ഥാപിച്ചും ദില്ലിയില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്താനും സ്ത്രീകള്‍ക്കുള്ളിലെ അരക്ഷിത ബോധം മാറ്റാനുമുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ് സെന്റര്‍ ഫോര്‍ എക്വിറ്റി ആന്റ് ഇന്‍ക്ലൂഷന്‍.

പുരുഷന്മാരുടെ മനസ്സില്‍ സ്ത്രീകളെക്കുറിച്ച് ബഹുമാനം വളര്‍ത്തി അവരെ ആക്രമിക്കാനും ചൂഷണം ചെയ്യാനുമുള്ള മാനസികാവസ്ഥ ഇല്ലാതാക്കുകയെന്ന രീതിയും പരീക്ഷണാര്‍ത്ഥം ഇവര്‍ അവലംബിക്കുന്നുണ്ട്.

Story first published: Monday, January 18, 2010, 15:30 [IST]
X
Desktop Bottom Promotion